സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക.…

സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "സ്വർഗത്തിൽ പ്രവേശിക്കുന്ന ആദ്യത്തെ സംഘം പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ രൂപത്തിലായിരിക്കും ഉണ്ടാവുക. പിന്നീടുള്ളവർ ഏറ്റവും ശക്തമായി തിളങ്ങുന്ന ആകാശത്തിലെ നക്ഷത്രത്തെ പോലെയും. (സ്വർഗത്തിൽ) അവർക്ക് മൂത്രമൊഴിക്കലോ വിസർജ്യം കളയലോ തുപ്പേണ്ടി വരുകയോ മൂക്കിള നീക്കുകയോ ചെയ്യേണ്ടി വരില്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണത്തിൻ്റേതും, വിയർപ്പ് കസ്തൂരിയുമായിരിക്കും. അവരുടെ ധൂപക്കുറ്റി സുഗന്ധപൂരിതമായ ഊദായിരിക്കും. അവരുടെ ഇണകൾ ഹൂറുൽ ഈനും. അവരെല്ലാം ഒരേ സൃഷ്ടിപ്രകൃതത്തിലായിരിക്കും; അവരുടെ പിതാവായ ആദമിൻ്റെ രൂപത്തിൽ, അറുപതടി മുഴം നീളമുള്ളവരായി."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുഅ്മിനീങ്ങളിലെ ആദ്യമായി സ്വർഗത്തിൽ പ്രവേശിക്കുന്ന കൂട്ടർ പൂർണ്ണനിലാവുള്ള രാത്രിയിലെ ചന്ദ്രൻ്റെ തിളക്കമുള്ള മുഖത്തോടെയായിരിക്കും സ്വർഗത്തിൽ പ്രവേശിക്കുക. അവർക്ക് ശേഷമുള്ളവർ ഏറ്റവും ശക്തിയായി പ്രകാശിപ്പിക്കുന്ന നക്ഷത്രത്തിൻ്റെ തിളക്കത്തോടെയും. എല്ലാ പൂർണ്ണതയുടെ വിശേഷണങ്ങളും അവരിലുണ്ടായിരിക്കും. അവർ മൂത്രമൊഴിക്കുകയോ വിസർജ്ജിക്കുകയോ ചെയ്യുന്നവരായിരിക്കില്ല. അവർക്ക് തുപ്പേണ്ടി വരികയോ മൂക്കിൽ നിന്ന് കഫം നീക്കേണ്ടി വരികയോ ഇല്ല. അവരുടെ ചീർപ്പുകൾ സ്വർണ്ണം കൊണ്ടുള്ളതും അവരുടെ വിയർപ്പുതുള്ളികൾ കസ്തൂരിയുടെ സുഗന്ധമുള്ളതുമായിരിക്കും. അവരുടെ ബുഖൂറിൻ്റെ (ധൂമക്കുറ്റി) ഉള്ളിൽ ഏറ്റവും പരിശുദ്ധവും അതിസുഗന്ധമുള്ളതുമായ ഊദായിരിക്കും പുകയ്ക്കുക. അവരുടെ ഇണകൾ ഹൂറുൽ ഈനുമായിരിക്കും. സ്വർഗവാസികളെല്ലാം ഒരു മനുഷ്യൻ്റെ സൃഷ്ടിപ്രകൃതത്തിലായിരിക്കും. അവരെല്ലാം രൂപത്തിലും നീളത്തിലും അവരുടെ പിതാവായ ആദം (അ) ൻ്റെ രൂപത്തിലായിരിക്കും. അവരുടെ ശരീരത്തിൻ്റെ നീളം അറുപത് മുഴവുമായിരിക്കും.

فوائد الحديث

സ്വർഗക്കാരുടെ വിശേഷണങ്ങളാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടത്. അവരുടെ പദവികളിലും പ്രവർത്തനങ്ങളിലുമുള്ള ഏറ്റക്കുറച്ചിലുകൾക്ക് അനുസരിച്ച് സ്വർഗത്തിലും അവർക്കിടയിൽ വ്യത്യാസങ്ങളുണ്ടായിരിക്കും.

ആശയങ്ങൾ എളുപ്പത്തിൽ മനസ്സിലാവാനും വിശദീകരിക്കുന്നതിനും വേണ്ടി അവയോട് സാദൃശ്യമുള്ള പരിചിതമായ വസ്തുക്കൾ പറയുക എന്ന രീതി ഉപയോഗിക്കാവുന്നതാണ്.

ഖുർത്വുബി (رحمه الله) പറയുന്നു: "സ്വർഗവാസികൾക്ക് താടിയുണ്ടായിരിക്കില്ല എന്നതും, അവരുടെ മുടി വൃത്തികേടാവുകയില്ല എന്നതും പരിഗണിക്കുമ്പോൾ എന്തിനാണ് അവർക്ക് ചീർപ്പിൻ്റെ ആവശ്യം എന്ന് ചിലർ പറഞ്ഞേക്കാം. അതു പോലെ, അവരുടെ വിയർപ്പ് തന്നെ കസ്തൂരിയേക്കാൾ സുഗന്ധമുള്ളതാണെന്നിരിക്കെ അവർക്ക് സുഗന്ധം പുകക്കേണ്ട ആവശ്യമുണ്ടോ എന്നും ചിലർ ചോദിച്ചേക്കാം.

അതിനുള്ള ഉത്തരം: സ്വർഗക്കാർ ഭക്ഷണം കഴിക്കുന്നതോ വെള്ളം കുടിക്കുന്നതോ വസ്ത്രം ധരിക്കുന്നതോ സുഗന്ധം പുരട്ടുന്നതോ വിശപ്പിൻ്റെ വേദന ശമിപ്പിക്കുന്നതിനോ നഗ്നത മറക്കുന്നതിനോ മണം മോശമാകുന്നത് കൊണ്ടോ അല്ല. മറിച്ച്, അതെല്ലാം അനുഗ്രഹങ്ങൾക്ക് മേൽ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നതിൻ്റെയും തുടർച്ചയായി ലഭിച്ചു കൊണ്ടിരിക്കുന്ന സുഖാസ്വാദനങ്ങളുടെയും ഭാഗമായി മാത്രമാണ്. ഇഹലോകത്ത് ആസ്വദിക്കാറുണ്ടായിരുന്നത് പോലുള്ള ആസ്വാദനം പരലോകത്തും ഉണ്ടായിരിക്കുക എന്ന ലക്ഷ്യവും അതിന് പിന്നിലുണ്ട്."

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, മരണാനന്തര ജീവിതം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ