നിസ്സാരമാക്കപ്പെടുന്ന തിന്മകളെ നിങ്ങൾ സൂക്ഷിക്കുക

നിസ്സാരമാക്കപ്പെടുന്ന തിന്മകളെ നിങ്ങൾ സൂക്ഷിക്കുക

സഹ്ൽ ബ്‌നു സഅ്ദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിസ്സാരമാക്കപ്പെടുന്ന തിന്മകളെ നിങ്ങൾ സൂക്ഷിക്കുക. നിസ്സാരമാക്കപ്പെടുന്ന തിന്മകളുടെ ഉപമ ഒരു താഴ്‌വാരത്തിൽ തമ്പടിച്ച ഒരു കൂട്ടരുടെ ഉപമയാണ്. അവരിൽ ഒരാൾ ഒരു ചെറുകമ്പ് കൊണ്ടുവരികയും, മറ്റൊരാൾ വേറൊരു കമ്പ് കൊണ്ടുവരികയും അങ്ങനെ അവർ തങ്ങളുടെ റൊട്ടി അതിൽ പാചകം ചെയ്തെടുക്കുകയും ചെയ്തു. നിസ്സാരമാക്കപ്പെടുന്ന ഇത്തരം തിന്മകളിൽ ഒരാൾ പിടികൂടപ്പെട്ടാൽ അവ അയാളെ നശിപ്പിക്കുന്നതാണ്."

[സ്വഹീഹ്] [അഹ്മദ് ഉദ്ധരിച്ചത്]

الشرح

ചെറുപാപങ്ങൾ ചെയ്യുന്നതും അത് അധികരിപ്പിക്കുന്നതും നിസ്സാരമായി കാണരുതെന്ന് നബി -ﷺ- താക്കീത് നൽകുന്നു. കാരണം അവ ഒരുമിച്ചു ചേർന്നാൽ മനുഷ്യനെ നശിപ്പിക്കാൻ മതിയാകുന്നത്ര ഭീകരമാകുന്നതാണ്. അതിനുള്ള ഉദാഹരണമായി ഒരു താഴ്വാരത്തിൽ തമ്പടിച്ച ഒരു യാത്രാസംഘത്തെ നബി -ﷺ- ഉദാഹരിക്കുന്നു. അവർ ഓരോരുത്തരും ചെറിയ കമ്പുകളുമായി വന്നെത്തുകയും, തങ്ങളുടെ റൊട്ടി ആ വിറക് കത്തിച്ചു കൊണ്ട് അവർ പാചകം ചെയ്യുകയും ചെയ്തു. ഇതു പോലെ, ചെറുപാപങ്ങൾ ഒരാളെ ബാധിക്കുകയും, അവൻ അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങാതെയും, അല്ലാഹു അവന് പൊറുത്തു കൊടുക്കാതെയുമിരുന്നാൽ അവൻ്റെ നാശത്തിന് അത് മതിയാകുന്നതാണ്.

فوائد الحديث

കാര്യങ്ങൾ ഗ്രഹിക്കുന്നതിനും വിശദീകരിക്കുന്നതിനും വേണ്ടി ഉദാഹരണങ്ങൾ വിവരിക്കുക എന്നത് നബി -ﷺ- യുടെ രീതിയിൽ പെട്ടതായിരുന്നു.

നിസ്സാരമായി ഗണിക്കപ്പെടാറുള്ള ചെറുതിന്മകളിൽ നിന്നുള്ള താക്കീതും, അവക്ക് പ്രായശ്ചിത്തം ചെയ്യുന്നത് വൈകിപ്പിക്കരുതെന്ന ഓർമ്മപ്പെടുത്തലും.

നിസ്സാരമാക്കപ്പെടുന്ന തിന്മകൾ എന്നത് കൊണ്ട് വ്യത്യസ്ത കാര്യങ്ങൾ ഉദ്ദേശിക്കപ്പെടാം.

ഒന്ന്: മനുഷ്യൻ ചെറുപാപമാണെന്ന ധാരണയിൽ ചെയ്യുന്ന തിന്മകൾ; എന്നാൽ അല്ലാഹുവിങ്കൽ അത് വൻപാപങ്ങളായിരിക്കും.

രണ്ട്: യാതൊരു ഗൗരവവും കൽപ്പിക്കാതെയും പശ്ചാത്തപിച്ചു മടങ്ങാതെയും ഒരാൾ ചെയ്തു കൂട്ടുന്ന ചെറുപാപങ്ങൾ. ഇവ ധാരാളമായി കുന്നുകൂടിയാൽ അത് അവനെ നശിപ്പിക്കുന്നതാണ്.

മൂന്ന്: മനുഷ്യൻ ചെയ്യുന്ന ചെറുപാപങ്ങൾ അവ നിസ്സാരമായി കാണാൻ തുടങ്ങിയാൽ പിന്നീട് നാശകരമായ വൻപാപങ്ങളിലേക്ക് ആപതിക്കുന്നതിലേക്ക് അത് അവനെ എത്തിച്ചേക്കാം.

التصنيفات

തിന്മകൾക്കുള്ള ആക്ഷേപം