തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്

തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്

അബുദ്ദർദാഅ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തൻ്റെ രണ്ട് ചുമലുകൾക്ക് മുകളിൽ ഒന്നുമില്ലാതെ, ഒരൊറ്റ വസ്ത്രത്തിൽ നിങ്ങളിലൊരാളും നിസ്കരിക്കരുത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരൊറ്റ വസ്ത്രത്തിൽ നിസ്കരിക്കുന്ന വ്യക്തി തൻ്റെ തോളിനും കഴുത്തിനും ഇടയിൽ യാതൊരു വസ്ത്രവുമില്ലാത്ത നിലയിൽ നിസ്കരിക്കുന്നത് നബി -ﷺ- വിലക്കുന്നു. രണ്ട് ചുമലുകൾ ഔറത്തല്ലായെങ്കിലും അവ രണ്ടും മറക്കുന്നത് നിസ്കാരത്തിലെ ഔറത്ത് മറക്കാൻ കൂടുതൽ സഹായകമാണ്. നിസ്കാരത്തിൽ അല്ലാഹുവിൻ്റെ മുൻപിൽ നിൽക്കുമ്പോൾ പാലിച്ചിരിക്കേണ്ട അല്ലാഹുവിനോടുള്ള ആദരവിൻ്റെയും ബഹുമാനത്തിൻ്റെയും രീതിയോട് ഏറ്റവും അടുത്തു നിൽക്കുന്നതും ഈ രീതിയാണ്.

فوائد الحديث

നിർബന്ധമായും മറക്കേണ്ട ഭാഗങ്ങൾ മറച്ചു കൊണ്ടാണുള്ളത് എങ്കിൽ ഒരൊറ്റ വസ്ത്രത്തിൽ നിസ്കരിക്കുന്നത് അനുവദനീയമാണ്.

രണ്ട് വസ്ത്രങ്ങളിലായി കൊണ്ട് നിസ്കരിക്കുന്നത് അനുവദനീയമാണ്. ഒന്ന് ശരീരത്തിൻ്റെ മേൽഭാഗം മറക്കുന്നതിനും, മറ്റൊന്ന് താഴ്ഭാഗം മറക്കുന്നതിനും ഉപയോഗിച്ചു കൊണ്ട് അപ്രകാരം നിസ്കരിക്കാം.

നിസ്കരിക്കുന്ന വ്യക്തി നല്ല രൂപത്തിലും വസ്ത്രധാരണത്തിലുമായിരിക്കണം നിസ്കരിക്കേണ്ടത്.

നിസ്കാരത്തിൽ രണ്ട് ചുമലുകളുമോ ഒരു ചുമലെങ്കിലുമോ മറച്ചു കൊണ്ട് നിസ്കരിക്കുക എന്നത് -സാധ്യമാണെങ്കിൽ- നിർബന്ധമാണ്. ഹദീഥിൽ ഇക്കാര്യം വിലക്കിയത് കറാഹത്ത് (ഉപേക്ഷിക്കലാണ് നല്ലത്) എന്ന അർത്ഥത്തിലാണെന്നും ചില പണ്ഡിതന്മാർക്ക് അഭിപ്രായമുണ്ട്.

സ്വഹാബികളുടെ പക്കൽ വളരെ കുറച്ച് സമ്പാദ്യം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവരിൽ ചിലർക്ക് രണ്ട് വസ്ത്രങ്ങൾ പോലും സ്വന്തമായി ഇല്ലായിരുന്നു.

ഇമാം നവവി -رَحِمَهُ اللَّهُ- ഈ ഹദീഥിൻ്റെ വിശദീകരണത്തിൽ പറയുന്നു: "നിസ്കരിക്കുമ്പോൾ ഒരാൾ മുണ്ട് മാത്രം ഉടുക്കുകയും, അവൻ്റെ തോളിൽ യാതൊന്നും ഇല്ലാതിരിക്കുകയും ചെയ്താൽ അയാളുടെ ഔറത്ത് (മറക്കേണ്ട ഭാഗങ്ങൾ) വെളിവാകാൻ സാധ്യതയുണ്ട്. എന്നാൽ വസ്ത്രത്തിൻ്റെ കുറച്ച് ഭാഗം തോളിൽ കൂടെയുണ്ടെങ്കിൽ ഇത് ഉണ്ടാവുകയില്ല. മുണ്ട് മാത്രം ഉടുത്തു നിൽക്കുന്ന അവസ്ഥയിൽ ഒരു കൈ കൊണ്ടോ രണ്ട് കൈകളും കൊണ്ടോ വസ്ത്രം പിടിച്ചു വെക്കേണ്ട ആവശ്യവും അവനുണ്ടായേക്കാം. ഇതിലൂടെ തൻ്റെ നെഞ്ചിന് താഴെ കൈകൾ വെക്കുകയും, വലതു കൈ ഇടതു കയ്യിൻ്റെ മുകളിൽ വെക്കുകയും, കൈ ഉയർത്തേണ്ട സന്ദർഭങ്ങളിൽ അവ ഉയർത്തുകയും ചെയ്യുക എന്ന സുന്നത്തുകളും അവന് നഷ്ടമാകുന്നതാണ്. ശരീരത്തിൻ്റെ മേൽഭാഗവും ഭംഗിയുടെ സ്ഥാനവും മറക്കുക എന്നതും തോളുകളിൽ വസ്ത്രമില്ലെങ്കിൽ സാധിക്കുന്നതല്ല. അല്ലാഹു പറയുന്നു: "എല്ലാ നിസ്കാര സ്ഥലങ്ങളിലും നിങ്ങളുടെ അലങ്കാരം നിങ്ങൾ സ്വീകരിക്കുക." (അഅ്റാഫ്: 31)

التصنيفات

നിസ്കാരത്തിൻ്റെ നിബന്ധനകൾ