നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്‌കാരത്തെക്കുറിച്ച് ചോദിച്ചു:…

നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്‌കാരത്തെക്കുറിച്ച് ചോദിച്ചു: "രാത്രി നിസ്‌കാരത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വീതം (റക്അത്തുകൾ) ആയിട്ടാണ് (രാത്രി നിസ്കരിക്കേണ്ടത്)

അബ്ദുല്ലാഹി ബ്‌നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി (ﷺ) മിമ്പറിന് മേലായിരിക്കുന്ന വേളയിൽ അവിടുത്തോട് ഒരു മനുഷ്യൻ രാത്രി നിസ്‌കാരത്തെക്കുറിച്ച് ചോദിച്ചു: "രാത്രി നിസ്‌കാരത്തെക്കുറിച്ച് അങ്ങയുടെ അഭിപ്രായമെന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വീതം (റക്അത്തുകൾ) ആയിട്ടാണ് (രാത്രി നിസ്കരിക്കേണ്ടത്). സുബ്ഹാകും എന്ന് ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്‌കരിക്കുക. എങ്കിൽ അതുവരെ നിസ്‌കരിച്ചതിനെ അത് വിത്ർ (ഒറ്റ) ആക്കിത്തീർക്കും." നബി (ﷺ) പറയുമായിരുന്നു: "നിങ്ങളുടെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ ആക്കുക." കാരണം, നബി (ﷺ) അത് കൽപ്പിച്ചിട്ടുണ്ട്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി (ﷺ) മിമ്പറിൽ ഖുതുബ നിർവ്വഹിക്കുമ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, രാത്രി നിസ്കാരം എങ്ങനെയാണ് നിർവഹിക്കേണ്ടതെന്ന് എന്നെ പഠിപ്പിക്കാമോ?" അപ്പോൾ നബി (ﷺ) പറഞ്ഞു: "ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും നീ സലാം വീട്ടുക. പുലരി ആകുമെന്ന് നീ ഭയപ്പെട്ടാൽ, ഒരു റക്അത്ത് നിസ്കരിക്കുക. എങ്കിൽ നീ ഇതു വരെ നിസ്കരിച്ചതിനെ അത് ഒറ്റയാക്കിത്തീർക്കും." നബി (ﷺ) രാത്രിയിലെ നിസ്‌കാരത്തിൽ അവസാനത്തേത് വിത്ർ (ഒറ്റയാക്കാൻ) ആക്കാൻ ഉപദേശിക്കാറുണ്ടായിരുന്നു.

فوائد الحديث

രാത്രി നിസ്കാരത്തിന്റെ അടിസ്ഥാന രൂപം, ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും സലാം വീട്ടുക എന്നതാണ്. വിത്റിൽ മാത്രമാണ് ഇത് ബാധകമല്ലാത്തത്.

രാത്രി നിസ്‌കാരത്തിന് നിശ്ചിത എണ്ണം ഇല്ല; നബി (ﷺ) 'ഈരണ്ട് വീതം റക്അത്തുകൾ നിസ്കരിക്കുക' എന്ന് പറയുകയും, ഒരു പരിധി നിശ്ചയിക്കുകയും ചെയ്യാത്തതിൽ നിന്ന് അതാണ് മനസ്സിലാകുന്നത്.

ഇമാം നവവി പറഞ്ഞു: "രാത്രിയിലെയും പകലിലെയും നിസ്‌കാരം രണ്ട് വീതമാണ്" എന്ന ഹദീസ്; ഈ നിസ്കാരങ്ങളുടെ ഏറ്റവും ശ്രേഷ്ഠമായ രീതിയാണ് അറിയിക്കുന്നത്. അതായത്, ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും സലാം വീട്ടുകയാണ് വേണ്ടത് എന്നർത്ഥം. രാത്രിയിലെയും പകലിലെയും ഐച്ഛിക നിസ്കാരങ്ങളിൽ ഓരോ രണ്ട് റക്അത്തുകൾ കഴിയുമ്പോഴും സലാം വീട്ടുന്നതാണ് അഭികാമ്യം."

ഇമാം നവവി പറഞ്ഞു: രാത്രി നിസ്‌കാരത്തിൻ്റെ അവസാനത്തിൽ വിത്ർ നിസ്കരിക്കുന്നതാണ് സുന്നത്ത് എന്നും, പുലരിയുടെ ഉദയത്തോടെ അതിന്റെ സമയം അവസാനിക്കുമെന്നും ഈ ഹദീസ് അറിയിക്കുന്നു. ഇതാണ് നമ്മുടെ മദ്ഹബിലെ (ശാഫിഈ) പ്രസിദ്ധമായ അഭിപ്രായം. ഭൂരിപക്ഷം പണ്ഡിതന്മാരും ഈ അഭിപ്രായക്കാരാണ്."

التصنيفات

രാത്രി നിസ്കാരം