നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും…

നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും ഒരു കുന്തവും വഹിച്ചു നിൽക്കുമായിരുന്നു. അവിടുന്ന് ആ വെള്ളത്തിൽ നിന്നായിരുന്നു ശുദ്ധി വരുത്തിയിരുന്നത്

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പ്രവേശിക്കുമ്പോൾ ഞാനും എന്നെ പോലുള്ള മറ്റൊരു കുട്ടിയും ഒരു പാത്രത്തിൽ വെള്ളവും ഒരു കുന്തവും വഹിച്ചു നിൽക്കുമായിരുന്നു. അവിടുന്ന് ആ വെള്ളത്തിൽ നിന്നായിരുന്നു ശുദ്ധി വരുത്തിയിരുന്നത്.

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- വിസർജ്ജന സ്ഥലത്തേക്ക് പോകുന്നത് കണ്ടാൽ അനസ് ബ്നു മാലിക് -رَضِيَ اللَّهُ عَنْهُ- വും അദ്ദേഹത്തെ പോലുള്ള മറ്റൊരു കുട്ടിയും നബി -ﷺ- യെ സേവിക്കുന്നതിനായി അവിടുത്തെ പിന്തുടരാറുണ്ടായിരുന്നു എന്ന് അനസ് -رَضِيَ اللَّهُ عَنْهُ- അറിയിക്കുന്നു. അവർ രണ്ടു പേരും ഒരു തോൽപ്പാത്രത്തിൽ കുറച്ച് വെള്ളം നിറച്ചു വെക്കും. അതോടൊപ്പം കുത്തി നിർത്താൻ കഴിയുന്ന തരത്തിൽ, കുന്തം പോലുള്ള ഒരു വടിയും അവർ കയ്യിൽ കരുതും; അത് മണ്ണിൽ കുത്തി നിർത്തിയ ശേഷം അതിൻ്റെ മേൽ മൂത്രമൊഴിക്കുമ്പോൾ മറ സ്വീകരിക്കുന്നതിന് ഒരു തുണിയോ മറ്റോ തൂക്കിയിടും. നിസ്കാരത്തിനും അത് മറയായി സ്വീകരിക്കാറുണ്ടായിരുന്നു. നബി -ﷺ- തൻ്റെ പ്രാഥമികാവശ്യം നിർവ്വഹിച്ചു കഴിഞ്ഞാൽ അവരിൽ ഒരാൾ അവിടുത്തേക്ക് വെള്ളത്തിൻ്റെ പാത്രം നീട്ടിക്കൊടുക്കുകയും, അവിടുന്ന് വെള്ളം കൊണ്ട് ശുദ്ധി വരുത്തുകയും ചെയ്യുമായിരുന്നു.

فوائد الحديث

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്ന സന്ദർഭങ്ങളിൽ തനിക്ക് ശുദ്ധി വരുത്താനുള്ള കാര്യങ്ങൾ കൂടെ തയ്യാറാക്കി വെക്കാം. ശുദ്ധി വരുത്താതെ എഴുന്നേൽക്കേണ്ടി വരുന്നത് വിസർജ്യം പരക്കാൻ കാരണമാകുന്നതാണ്.

പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുമ്പോൾ ഔറത്ത് (ഗുഹ്യസ്ഥാനം) മറക്കുക എന്നതും, ഒരാൾക്ക് അവിടേക്ക് നോക്കാൻ സാധിക്കില്ല എന്നതും ശ്രദ്ധിക്കണം. കാരണം ഔറത്തിലേക്ക് നോക്കുക എന്നത് നിഷിദ്ധമാണ്. നബി -ﷺ- അതു കൊണ്ടാണ് ഒരു വടി കുത്തിനിർത്തുകയും, അതിൻ്റെ മേൽ ഒരു വസ്ത്രം കെട്ടിവെച്ച ശേഷം മറ സ്വീകരിക്കുകയും ചെയ്തിരുന്നത്.

ചെറിയ കുട്ടികളെ ഇസ്‌ലാമിക മര്യാദകൾ പഠിപ്പിക്കുകയും, അവരെ ആ മാർഗത്തിലായി കൊണ്ട് വളർത്തുകയും ചെയ്യണം. അതിലൂടെ അവർ ഈ നന്മകൾ ഭാവി തലമുറകൾക്ക് കൈമാറുന്നതാണ്.

التصنيفات

സ്വഹാബികളുടെ ശ്രേഷ്ഠതകൾ, നബി -ﷺ- യുടെ വേലക്കാർ, നജസുകൾ നീക്കം ചെയ്യൽ, മലമൂത്ര വിസർജ്ജന മര്യാദകൾ, ശുദ്ധീകരിക്കുന്നതിലെ നബി -ﷺ- യുടെ മാർഗം