അല്ലാഹുവിൻ്റെ റസൂലേ! ഒരാൾ എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാൽ ഞാൻ എന്തു ചെയ്യണം?

അല്ലാഹുവിൻ്റെ റസൂലേ! ഒരാൾ എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാൽ ഞാൻ എന്തു ചെയ്യണം?

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഒരാൾ എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ വന്നാൽ ഞാൻ എന്തു ചെയ്യണം?" നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് നീ അയാൾക്ക് കൊടുക്കരുത്." അയാൾ ചോദിച്ചു: "അവൻ എന്നോട് അതിന് വേണ്ടി പോരടിച്ചാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീയും അവനോട് പോരടിക്കുക." അയാൾ ചോദിച്ചു: "അയാൾ എന്നെ കൊലപ്പെടുത്തിയാലോ?!" അവിടുന്ന് പറഞ്ഞു: "എങ്കിൽ നീ രക്തസാക്ഷിയാകും." അയാൾ ചോദിച്ചു: "ഞാനാണ് അയാളെ കൊലപ്പെടുത്തുന്നതെങ്കിലോ?!" നബി -ﷺ- പറഞ്ഞു: "അവൻ നരകത്തിലായിരിക്കും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരിക്കൽ നബി -ﷺ- യുടെ അടുത്ത് ഒരാൾ വന്നു കൊണ്ട് ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, എൻ്റെ സമ്പത്ത് കവർന്നെടുക്കാനുള്ള ഉദ്ദേശ്യത്തോടെ ഒരാൾ വന്നെത്തിയാൽ ഞാൻ എന്തു ചെയ്യണം? നബി -ﷺ- പറഞ്ഞു: "നിൻ്റെ സമ്പത്ത് അയാൾക്ക് നൽകാനോ ഏൽപ്പിക്കാനോ നീ ബാധ്യസ്ഥനല്ല." അയാൾ ചോദിച്ചു: അയാൾ എന്നോട് അതിൻ്റെ പേരിൽ പോരടിക്കുകയാണെങ്കിലോ?! നബി -ﷺ- പറഞ്ഞു: അയാളോട് പോരടിക്കാൻ നിനക്ക് അനുവാദമുണ്ട്. അയാൾ ചോദിച്ചു: അയാൾ എന്നെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: എങ്കിൽ നീ ശഹീദാണ് (രക്തസാക്ഷി). അയാൾ ചോദിച്ചു: ഞാൻ അയാളെ കൊലപ്പെടുത്തുകയാണെങ്കിലോ? നബി -ﷺ- പറഞ്ഞു: "എങ്കിൽ അന്ത്യനാളിൽ നരകശിക്ഷക്ക് അർഹനായിരിക്കും അയാൾ."

فوائد الحديث

അല്ലാമഃ നവവി -رَحِمَهُ اللَّهُ- പറയുന്നു: "സ്ത്രീയുടെ അഭിമാനത്തിന് വേണ്ടി പ്രതിരോധിക്കുക എന്നത് നിർബന്ധമാണെന്നതിൽ അഭിപ്രായവ്യത്യാസമില്ല. സ്വന്തം ജീവൻ സംരക്ഷിക്കുന്നതിന് വേണ്ടി പോരടിക്കുന്നതിൻ്റെ വിധി എന്താണെന്നതിൽ നമ്മുടെ മദ്ഹബിലും മറ്റു മദ്ഹബുകളിലും അഭിപ്രായവ്യത്യാസമുണ്ട്. സമ്പത്ത് പ്രതിരോധിച്ചു കൊണ്ട് പോരടിക്കുന്നത് അനുവദനീയമാണ്; നിർബന്ധമുള്ള കാര്യമല്ല."

പ്രവർത്തിക്കുന്നതിന് മുൻപ് അറിവ് നേടിയിരിക്കണം എന്നതിന് ഈ ഹദീഥ് തെളിവാണ്. കാരണം ഹദീഥിൽ പരാമർശിക്കപ്പെട്ട സാഹചര്യവും സ്ഥിതിയും വന്നെത്തിയാൽ ഞാൻ എന്തു പ്രവർത്തിക്കണമെന്ന് സ്വഹാബി നബി -ﷺ- യോട് ചോദിച്ചറിയുകയാണ് ചെയ്തത്.

അതിക്രമികളെ പ്രതിരോധിക്കുന്നതിൽ സ്വീകരിക്കുന്ന നടപടി ക്രമേണയായി ഉയർത്തിക്കൊണ്ടു വരികയാണ് വേണ്ടത്. ആദ്യം അതിക്രമിയെ ഉപദേശിക്കുകയോ, അയാളെ പ്രതിരോധിക്കാൻ ഒരു സഹായിയെ ലഭിക്കുമോ എന്ന ശ്രമം നടത്തുകയും ചെയ്തതിന് ശേഷമാണ് അയാളെ ശാരീരികമായി നേരിടുക എന്ന വഴി സ്വീകരിക്കേണ്ടത്. അയാളുമായി പോരടിക്കുമ്പോൾ പോലും അവൻ്റെ ഉദ്ദേശ്യം പ്രതിരോധമായിരിക്കണം; അയാളെ വധിക്കുക എന്നതായിരിക്കരുത്.

മുസ്‌ലിമിൻ്റെ ജീവനും സമ്പത്തും അഭിമാനവും പവിത്രവും പരിശുദ്ധവുമാണ്.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ഇസ്‌ലാമിൽ രക്തസാക്ഷികൾ മൂന്ന് വിധത്തിലുണ്ട്.

ഒന്ന്: കാഫിറുകളുമായുള്ള യുദ്ധത്തിലും പോരാട്ടത്തിലും യുദ്ധത്തിൻ്റെ ഭാഗമായി മരണപ്പെട്ട വ്യക്തി. ഇയാൾക്ക് പരലോകത്ത് ശഹീദിൻ്റെ പ്രതിഫലവും, ഇഹലോകത്ത് ശഹീദിൻ്റെ വിധവിലക്കുകളും ബാധകമാണ്. ഇപ്രകാരം മരണപ്പെട്ട വ്യക്തിയുടെ മൃതദേഹം കുളിപ്പിക്കുകയോ അവരുടെ മേൽ ജനാസഃ നിസ്കാരം നിർവ്വഹിക്കുകയോ ചെയ്യുകയില്ല.

രണ്ട്: പ്രതിഫലത്തിൻ്റെ കാര്യത്തിൽ ശഹീദിൻ്റെ സ്ഥാനമുണ്ടെങ്കിലും, ഐഹിക വിധിവിലക്കുകളിൽ ശഹീദിനെ പോലെ പരിഗണിക്കപ്പെടാത്തവർ. വയറിന് അസുഖം ബാധിച്ചു കൊണ്ട് മരണപ്പെട്ടവരും, പ്ലേഗ് ബാധിച്ചു മരിച്ചവരും, കെട്ടിടം ഇടിഞ്ഞു വീണു മരണപ്പെട്ടവരും, തൻ്റെ സമ്പത്ത് പ്രതിരോധിക്കുന്നതിനിടയിൽ മരണപ്പെട്ടവരും, സമാനമായി ഹദീഥിൽ വിവരിക്കപ്പെട്ട രൂപത്തിൽ മരണപ്പെടുന്നവരുമെല്ലാം ഈ കൂട്ടത്തിൽ പെടുന്നവരാണ്. ഇവരെയെല്ലാം ഹദീഥുകളിൽ ശഹീദ് എന്ന് വിശേഷിപ്പിച്ചിട്ടുണ്ടെങ്കിലും, അവരുടെ മയ്യിത്ത് കുളിപ്പിക്കുകയും അവരുടെ മേൽ ജനാസഃ നിസ്കാരം നിർവ്വഹിക്കുകയും ചെയ്യണം. എന്നാൽ പരലോകത്ത് അവർക്ക് ശഹീദിൻ്റെ പ്രതിഫലം ലഭിക്കുന്നതാണ്; എല്ലാ അർത്ഥത്തിലും ശരിയായ ശഹീദിൻ്റെ പ്രതിഫലം അവർക്ക് ലഭിക്കുമെന്ന് ഈ പറഞ്ഞതിന് അർത്ഥമില്ല.

മൂന്ന്: യുദ്ധത്തിൻ്റെ ഭാഗമായാണ് കൊല്ലപ്പെട്ടതെങ്കിലും ഗനീമത്തിൻ്റെ സ്വത്ത് കവർന്നെടുക്കുകയോ സമാനമായ മറ്റു കാര്യങ്ങളിൽ ഏർപ്പെടുകയോ ചെയ്തതിനാൽ ശഹീദ് എന്ന് വിശേഷിപ്പിക്കപ്പെടാത്തവർ. ഇവർക്ക് ഇഹലോകത്ത് ശഹീദിൻ്റെ വിധിവിലക്കുകൾ ബാധകമാണ്; അവരുടെ മൃതദേഹം കുളിപ്പിക്കേണ്ടതില്ല. അവരുടെ മേൽ ജനാസഃ നിസ്കരിക്കേണ്ടതുമില്ല. എന്നാൽ പരലോകത്ത് അവർക്ക് ശഹീദിൻ്റെ പ്രതിഫലം പൂർണ്ണമായി ലഭിക്കുകയില്ല.

التصنيفات

(ഇസ്ലാമിക) മതനിയമങ്ങളുടെ ഉദ്ദേശലക്ഷ്യങ്ങൾ, തിന്മകൾക്കുള്ള ആക്ഷേപം