അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്

അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- അവിടുത്തെ വഫാത്തിന് (മരണത്തിന്) മൂന്ന് ദിവസം മുൻപ് ഇപ്രകാരം പറയുന്നതായി ഞാൻ കേട്ടു: "അല്ലാഹുവിനെ കുറിച്ച് നല്ല വിചാരം പുലർത്തിക്കൊണ്ടല്ലാതെ നിങ്ങളിലൊരാളും മരിച്ചു പോകരുത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കുന്നവനായി കൊണ്ടല്ലാതെ ഒരാളും മരണം വരിക്കരുതെന്ന് നബി -ﷺ- ഓർമ്മപ്പെടുത്തുന്നു. അല്ലാഹു എന്നോട് കരുണ കാണിക്കുമെന്നും എനിക്ക് പൊറുത്തു തരുമെന്നുമുള്ള പ്രതീക്ഷയാണ് മരണത്തിൻ്റെ വേളയിൽ (ഭയത്തേക്കാൾ) അധികരിപ്പിക്കേണ്ടത്. കാരണം അല്ലാഹുവിനെ കുറിച്ചുള്ള പേടി പ്രവർത്തനങ്ങൾ നന്നാക്കാൻ പ്രേരിപ്പിക്കുന്ന കാര്യമാണ്. എന്നാൽ മരണാസന്നനായ ഒരു വ്യക്തിക്ക് പ്രവർത്തനങ്ങൾ ചെയ്യാനുള്ള അവസരം ഇനിയില്ല. അതിനാൽ പ്രസ്തുത സന്ദർഭത്തിൽ പ്രതീക്ഷയുടെ ഭാഗമാണ് കൂടുതൽ അധികരിപ്പിക്കേണ്ടത്.

فوائد الحديث

തൻ്റെ ഉമ്മത്തിന് നേർവഴി കാണിച്ചു നൽകാൻ നബി -ﷺ- പുലർത്തിയിരുന്ന ശ്രദ്ധ. എല്ലാ സന്ദർഭങ്ങളിലും അവരോട് അവിടുത്തേക്ക് ശക്തമായ അനുകമ്പയുണ്ടായിരുന്നു. മരണത്തിലേക്ക് നയിച്ച രോഗത്തിൽ പോലും അവിടുന്ന് അവർക്ക് നന്മകൾ ഉപദേശിക്കുകയും, രക്ഷയുടെ മാർഗം അറിയിച്ചു കൊടുക്കുകയും ചെയ്യുന്നു.

ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: മരണവേളയിൽ അല്ലാഹുവിനെ കുറിച്ച് നല്ലത് വിചാരിക്കാൻ സാധിക്കുന്ന വിധത്തിൽ നിങ്ങളുടെ പ്രവർത്തനങ്ങൾ ഇപ്പോൾ നിങ്ങൾ നന്നാക്കുക. ഒരാളുടെ മരണത്തിനു മുൻപുള്ള പ്രവർത്തനങ്ങൾ മോശമായാൽ മരണവേളയിൽ അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ ധാരണയും മോശമായിരിക്കും.

അല്ലാഹുവിലുള്ള പ്രതീക്ഷയും അവനോടുള്ള ഭയവും കൃത്യമായ പരിധിയിൽ നിർത്തുകയും, അവനോടുള്ള സ്നേഹം എല്ലാത്തിനും മുകളിലാവുകയും ചെയ്യുക എന്നതാണ് ഏറ്റവും പരിപൂർണ്ണമായ അവസ്ഥ. സ്നേഹമാണ് വാഹനം; പ്രതീക്ഷ വാഹനം ഓടിക്കുകയും ഭയം അതിനെ മുന്നോട്ടു വലിക്കുകയും ചെയ്യുന്നു. അല്ലാഹുവാകുന്നു അവൻ്റെ ഔദാര്യത്താലും നന്മയാലും ലക്ഷ്യത്തിലേക്ക് എത്തിച്ചു നൽകുന്നത്.

മരണം ആസന്നമായ ഒരു വ്യക്തിയുടെ അടുത്ത് എത്തിപ്പെട്ടാൽ അയാൾക്ക് അല്ലാഹുവിലുള്ള പ്രതീക്ഷ അധികരിപ്പിച്ചു നൽകാനും, അല്ലാഹുവിനെ കുറിച്ചുള്ള അവൻ്റെ വിചാരം നന്നാക്കാനും പരിശ്രമിക്കണം. നബി -ﷺ- വഫാത്താകുന്നതിന് മൂന്ന് ദിവസം മുൻപ് ഇക്കാര്യം പറഞ്ഞു എന്നാണ് ഹദീഥിലുള്ളത്.

التصنيفات

ഹൃദയത്തിലെ പ്രവർത്തനങ്ങൾ