നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും

നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിൻ്റെ സഹോദരനെ സഹായിക്കുക; അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്?" നബി -ﷺ- പറഞ്ഞു: "അവനെ അക്രമത്തിൽ നിന്ന് തടയുകയോ പിടിച്ചു വെക്കുകയോ ചെയ്യുക; നിശ്ചയമായും അതാണ് അവനുള്ള സഹായം."

[സ്വഹീഹ്] [ബുഖാരി ഉദ്ധരിച്ചത്]

الشرح

മുസ്‌ലിമായ തൻ്റെ സഹോദരനെ -അവൻ അക്രമിയായാലും അക്രമിക്കപ്പെട്ടവനായാലും- സഹായിക്കാൻ നബി -ﷺ- കൽപ്പിച്ചിരിക്കുന്നു. അപ്പോൾ ഒരാൾ ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ, അവൻ അക്രമിക്കപ്പെട്ടവനാണെങ്കിൽ അവനെ അക്രമം ബാധിക്കുന്നത് തടഞ്ഞു കൊണ്ട് ഞാൻ അവനെ സഹായിക്കും. എന്നാൽ അവൻ അക്രമിയാണെങ്കിൽ എങ്ങനെയാണ് ഞാൻ അവനെ സഹായിക്കേണ്ടത്? നബി -ﷺ- പറഞ്ഞു: നീ അവനെ അക്രമത്തിൽ നിന്ന് വിലക്കുകയും അവന്റെ കൈകളിൽ പിടിച്ച് അക്രമത്തിൽ നിന്ന് തടയുകയും ചെയ്യുക; നിശ്ചയമായും അത് അവനെ തിന്മയിലേക്ക് നയിക്കുന്ന പിശാചിനും, അവനോട് അതിക്രമം കൽപ്പിക്കുന്ന അവന്റെ സ്വന്തം മനസ്സിനും (നഫ്സിനും) എതിരെയുള്ള സഹായമാണ്.

فوائد الحديث

മുസ്‌ലിംങ്ങൾക്കിടയിലുള്ള ഈമാനികവും വിശ്വാസപരവുമായ സാഹോദര്യവുമായി ബന്ധപ്പെട്ട ഒരു ബാധ്യതയെ കുറിച്ചാണ് നബി -ﷺ- ഈ ഹദീഥിൽ ഉണർത്തിയിട്ടുള്ളത്.

അക്രമിയുടെ കൈ പിടിക്കുകയും അവനെ അക്രമത്തിൽ നിന്ന് തടയുകയും ചെയ്യണം.

ഇസ്‌ലാം ജാഹിലിയ്യാ കാലഘട്ടത്തിലെ പിഴച്ച രീതികളെ എതിർക്കുന്നു. കാരണം, ജാഹിലിയ്യത്തിലെ ജനങ്ങൾ -തങ്ങളുടെ വിഭാഗീയതക്കനുസരിച്ച്- അക്രമികളെയും അക്രമിക്കപ്പെട്ടവരെയും സഹായിച്ചിരുന്നു.

التصنيفات

ഇസ്ലാമിക സമൂഹം