തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി.…

തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "തീർച്ചയായും അല്ലാഹു രാത്രിയിൽ അവൻ്റെ കൈകൾ നീട്ടുന്നു; പകലിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. രാവിലെ അവൻ തൻ്റെ കൈകൾ നീട്ടുന്നു; രാത്രിയിൽ തെറ്റുകൾ പ്രവർത്തിച്ചവൻ്റെ പശ്ചാത്താപത്തിനായി. സൂര്യൻ പടിഞ്ഞാറു നിന്ന് അസ്തമിക്കുന്നത് വരെ (ഇപ്രകാരമായിരിക്കും)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹു തൻ്റെ ദാസന്മാരുടെ പശ്ചാത്താപവും തൗബയും സ്വീകരിക്കുന്നവനാണെന്ന് നബി -ﷺ- അറിയിക്കുന്നു. ഒരാൾ രാവിലെ ഒരു തിന്മ പ്രവർത്തിക്കുകയും രാത്രി അതിൽ നിന്ന് പശ്ചാത്തപിച്ചു മടങ്ങുകയും ചെയ്താൽ അല്ലാഹു അവൻ്റെ പശ്ചാത്താപം സ്വീകരിക്കുന്നതാണ്. ഒരാൾ രാത്രിയിൽ ഒരു തിന്മ പ്രവർത്തിക്കുകയും പകൽ അതിൽ നിന്ന് പശ്ചാത്തപിക്കുകയും ചെയ്താൽ അല്ലാഹു അവൻ്റെ തൗബ സ്വീകരിക്കുന്നതാണ്. തൻ്റെ അടിമയുടെ പശ്ചാത്താപത്തിൽ സന്തോഷമുള്ളവനായും, അത് സ്വീകരിക്കുന്നവനായും അല്ലാഹു അവൻ്റെ കരങ്ങൾ നീട്ടുന്നു. അല്ലാഹുവിൻ്റെ അടുക്കൽ പശ്ചാത്താപത്തിൻ്റെ വാതിലുകൾ എപ്പോഴും തുറന്നു കിടക്കുന്നു; അന്ത്യനാൾ ആരംഭിച്ചു എന്നതിൻ്റെ അടയാളമായി സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കുന്നത് വരെ അപ്രകാരം തന്നെ അത് തുടരും. എന്നാൽ സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിച്ചാൽ അതോടെ തൗബയുടെ വാതിലുകൾ അടക്കപ്പെടും.

فوائد الحديث

തൗബയുടെ വാതിൽ തുറന്നു കിടക്കുന്ന കാലം മുഴുവൻ തൗബ സ്വീകരിക്കപ്പെടും. എന്നാൽ സൂര്യൻ പടിഞ്ഞാറ് നിന്ന് ഉദിക്കുന്നതോടെ അതിൻ്റെ വാതിൽ അടക്കപ്പെടും. ഓരോ വ്യക്തിയുടെയും കാര്യത്തിലാണെങ്കിൽ, മരണം അവൻ്റെ തൊണ്ടക്കുഴിയിൽ വന്നെത്തുന്നതിന് മുൻപ് അവൻ തൗബ ചെയ്തിരിക്കണം.

തിന്മകൾ പ്രവർത്തിച്ചു പോയതിൻ്റെ പേരിൽ നിരാശനാവുകയും അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പ്രതീക്ഷയറ്റവനാകുകയും ചെയ്യരുത്. അല്ലാഹുവിൻ്റെ കാരുണ്യവും വിട്ടുവീഴ്ചയും അതിവിശാലമാണ്; തൗബയുടെ വാതിൽ എപ്പോഴും തുറന്നിടപ്പെട്ടിരിക്കുന്നു.

തൗബ സ്വീകരിക്കപ്പെടാൻ പാലിച്ചിരിക്കേണ്ട ചില നിബന്ധനകളുണ്ട്.

ഒന്ന്: തിന്മ ഉപേക്ഷിക്കുക. രണ്ട്: സംഭവിച്ചു പോയതിൽ ഖേദമുണ്ടായിരിക്കുക. മൂന്ന്: ആ തിന്മയിലേക്ക് ഇനിയൊരിക്കലും തിരിച്ചു പോകില്ലെന്ന ഉറച്ച തീരുമാനം ഉണ്ടായിരിക്കുക. അല്ലാഹുവിനോടുള്ള ബാധ്യതകളിൽ വരുത്തിയ തിന്മകളിൽ നിന്ന് പശ്ചാത്തപിക്കുമ്പോൾ ഈ മൂന്ന് നിബന്ധനകളാണ് പാലിക്കേണ്ടത്.

എന്നാൽ സൃഷ്ടികളുമായി ബന്ധപ്പെട്ട തിന്മകളാണ് ചെയ്തത് എങ്കിൽ മറ്റൊരു നിബന്ധന കൂടിയുണ്ട്; ഒരാളുടെ അവകാശം കവർന്നെടുത്തുവെങ്കിൽ അത് അയാൾക്ക് തിരിച്ചേൽപ്പിക്കണം. അതല്ലെങ്കിൽ അയാൾ അക്കാര്യം വിട്ടുപൊറുത്തു മാപ്പാക്കണം.

التصنيفات

പശ്ചാത്താപം