അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ…

അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ

ഹുദൈഫത്തു ബ്നുൽ യമാൻ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഉറങ്ങാൻ ഉദ്ദേശിച്ചാൽ തന്റെ കൈ തലക്കടിയിൽ വെക്കുകയും എന്നിട്ട് ഇപ്രകാരം പ്രാർത്ഥിക്കുകയും ചെയ്യുമായിരുന്നു: "അല്ലാഹുവേ, നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന -അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന- ദിവസം നിന്റെ ശിക്ഷയിൽ നിന്ന് എന്നെ നീ കാക്കേണമേ."

[സ്വഹീഹ്] [തുർമുദി ഉദ്ധരിച്ചത്]

الشرح

നബി -ﷺ- ഉറങ്ങാൻ കിടക്കുമ്പോൾ തന്റെ വലത് കൈ തലയിണയാക്കി, വലത് കവിൾ അതിന്മേൽ വെച്ച് കൊണ്ട് ഇപ്രകാരം പറയുമായിരുന്നു: "അല്ലാഹുവേ!" - എന്റെ രക്ഷിതാവേ! നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ! നിന്റെ അടിമകളെ നീ ഒരുമിച്ചുകൂട്ടുന്ന (അല്ലെങ്കിൽ ഉയിർത്തെഴുന്നേൽപ്പിക്കുന്ന) ദിവസം - അഥവാ വിചാരണയുടെ ദിവസമായ ഖിയാമത്ത് നാളിൽ.

فوائد الحديث

നന്മകളാൽ നിറഞ്ഞ ഈ പ്രാർത്ഥനയുടെ ശ്രേഷ്ഠത; നബി -ﷺ- യെ പിന്തുടരാൻ ഉദ്ദേശിക്കുന്ന ഒരാൾ അത് നിലനിർത്തട്ടെ.

വലത് ഭാഗം ചെരിഞ്ഞ് കിടക്കുന്നത് സുന്നത്താണ്.

സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "ഉറങ്ങുന്നതിന് മുൻപ് നബി -ﷺ- "അല്ലാഹുവേ, നിന്റെ ശിക്ഷയിൽ നിന്ന് എന്നെ കാക്കേണമേ" എന്ന് പ്രാർത്ഥിച്ചതിൽ നിന്ന് ബുദ്ധിമാന്മാർക്ക് മനസ്സിലാക്കാവുന്ന ഒരു പാഠമുണ്ട്; ഉറക്കത്തിൻ്റെ വേള മരണത്തെയും അതിന് ശേഷം വരാനിരിക്കുന്ന പുനരുത്ഥാനത്തെയും ഓർമിപ്പിക്കുന്നു എന്ന കാര്യമാണത്."

അന്ത്യനാളിൽ അല്ലാഹുവിന്റെ ശിക്ഷയിൽ നിന്ന് ഒരാൾക്ക് രക്ഷ ലഭിക്കുന്നത് അല്ലാഹുവിന്റെ അനുഗ്രഹത്താലും കാരുണ്യത്താലുമാണ്. തൻ്റെ അടിമയെ സൽകർമങ്ങൾ ചെയ്യുന്നതിലേക്ക് നയിച്ചു കൊണ്ടും, അവന്റെ പക്കൽ നിന്ന് സംഭവിച്ചു പോയ പാപങ്ങൾ പൊറുത്തു നൽകിക്കൊണ്ടും അല്ലാഹുവാണ് തൻ്റെ ഔദാര്യത്താൽ അവരെ രക്ഷപ്പെടുത്തുന്നത്.

നബി -ﷺ- ക്ക് തന്റെ രക്ഷിതാവും ഉടമസ്ഥനുമായ അല്ലാഹുവിനോടുള്ള അതീവ താഴ്മയും വിനയവും.

മനുഷ്യരെല്ലാം ഒരുമിച്ചു കൂട്ടപ്പെടുന്ന മഹ്ശറിൻ്റെ മൈതാനം യാഥാർത്ഥ്യമാണെന്നും, ജനങ്ങൾ തങ്ങളുടെ റബ്ബിന്റെ അടുത്തേക്ക് തങ്ങളുടെ കർമ്മങ്ങളുടെ വിചാരണക്കായി മടങ്ങിച്ചെല്ലുമെന്നും ഈ ഹദീഥ് സ്ഥിരപ്പെടുത്തുന്നു. അതിനാൽ, ആരെങ്കിലും തൻ്റെ ജീവിതത്തിൽ ഒരു നന്മ കണ്ടാൽ അല്ലാഹുവിനെ സ്തുതിക്കട്ടെ. ആരെങ്കിലും അതിൽ താഴെയുള്ളത് കണ്ടാൽ സ്വന്തത്തെയല്ലാതെ മറ്റാരെയും കുറ്റപ്പെടുത്തേണ്ടതില്ല. പരലോകത്ത് അടിമകളുടെ കർമ്മങ്ങൾ മാത്രമാണുള്ളത്; അല്ലാഹു അവ കൃത്യമായി തിട്ടപ്പെടുത്തുന്നതാണ്.

നബി -ﷺ- യുടെ ഉറക്കത്തിൻ്റെ വേളയിലുള്ള മര്യാദകൾ പോലും സൂക്ഷ്മമായി വ്യക്തമാക്കുന്നതിൽ സ്വഹാബികൾ ശ്രദ്ധ പുലർത്തിയിരുന്നു.

"തന്റെ വലത് കൈ കവിളിന് താഴെ വെച്ചു" എന്ന് ഹദീഥിൽ വായിച്ചല്ലോ? നബി -ﷺ- യുടെ ഒരു ശീലമായിരുന്നു അത്. എല്ലാ കാര്യങ്ങളിലും വലത് ഭാഗം ഉപയോഗിക്കുന്നത് അവിടുത്തെ പതിവായിരുന്നു; ഇടതു കൈ ഉപയോഗിക്കണമെന്ന് പ്രത്യേകം തെളിവുകൾ സ്ഥിരപ്പെട്ട കാര്യങ്ങളിലൊഴികെ ഈ മര്യാദ പാലിക്കുന്നത് സുന്നത്താണ്.

വലത് ഭാഗം ചെരിഞ്ഞുള്ള ഉറക്കം പെട്ടെന്ന് ഉണർച്ച ലഭിക്കാൻ സഹായിക്കുന്നു; കാരണം ഈ രൂപത്തിൽ കിടക്കുമ്പോൾ ഹൃദയത്തിന് സ്ഥിരതയോടെ നിൽക്കാൻ സാധ്യമല്ല. അതോടൊപ്പം, ഹൃദയത്തിന് കൂടുതൽ ആശ്വാസം നൽകുന്ന കിടത്തത്തിൻ്റെ രൂപവുമാണിത്; കാരണം ഹൃദയം ഇടതുഭാഗത്താണ്. ഒരാൾ ഇടതുഭാഗം ചെരിഞ്ഞ് ഉറങ്ങുമ്പോൾ, ശരീരത്തിലെ അവയവങ്ങൾ ഹൃദയത്തിനു മേൽ ചാഞ്ഞുനിൽക്കുന്നത് അതിന് ദോഷകരമാണ്.

التصنيفات

ഉറക്കത്തിൻ്റെയും ഉണർച്ചയുടെയും വേളയിൽ പാലിക്കേണ്ട മര്യാദകൾ