നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചപ്പോൾ, (സകാത്തിൻ്റെ ഭാഗമായി) ഓരോ മുപ്പത് പശുക്കളിൽ നിന്നും ഒരു വയസ്സ്…

നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചപ്പോൾ, (സകാത്തിൻ്റെ ഭാഗമായി) ഓരോ മുപ്പത് പശുക്കളിൽ നിന്നും ഒരു വയസ്സ് തികഞ്ഞ കാളക്കുട്ടിയെയോ (തബീഅ്) പശുക്കുട്ടിയെയോ (തബീഅ) എടുക്കാനും, ഓരോ നാൽപ്പതെണ്ണത്തിനും രണ്ട് വയസ്സ് തികഞ്ഞ പശുവിനെയും (മുസിന്ന) എടുക്കാനും കൽപ്പിച്ചു

മുആദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) അദ്ദേഹത്തെ യമനിലേക്ക് നിയോഗിച്ചപ്പോൾ, (സകാത്തിൻ്റെ ഭാഗമായി) ഓരോ മുപ്പത് പശുക്കളിൽ നിന്നും ഒരു വയസ്സ് തികഞ്ഞ കാളക്കുട്ടിയെയോ (തബീഅ്) പശുക്കുട്ടിയെയോ (തബീഅ) എടുക്കാനും, ഓരോ നാൽപ്പതെണ്ണത്തിനും രണ്ട് വയസ്സ് തികഞ്ഞ പശുവിനെയും (മുസിന്ന) എടുക്കാനും കൽപ്പിച്ചു. കൂടാതെ പ്രായപൂർത്തിയായ ഓരോരുത്തരിൽ നിന്നും (ജിസ്‌യയായി) ഓരോ ദീനാർ വീതമോ, അല്ലെങ്കിൽ അതിന് തുല്യമായ 'മആഫിരി' എന്ന് പേരുള്ള യമനി വസ്ത്രങ്ങളോ വാങ്ങാനും കൽപ്പിച്ചു.

[മറ്റ് റിപ്പോർട്ടുകളുടെ പിൻബലം കൊണ്ട് സ്വഹീഹായത്] [رواه أبو داود والترمذي والنسائي وابن ماجه وأحمد]

الشرح

നബി (ﷺ) മുആദ് ഇബ്നു ജബലിനെ (رضي الله عنه) യമനിലേക്ക് ജനങ്ങളെ പഠിപ്പിക്കാനും പ്രബോധനം ചെയ്യാനുമായി നിയോഗിച്ചിരുന്നു. പ്രസ്തുത വേളയിൽ അവിടുന്ന് അദ്ദേഹത്തോട് കൽപ്പിച്ച കാര്യങ്ങളിൽ ഒന്ന് ഇതായിരുന്നു: മുസ്‌ലിംകളിൽ നിന്ന് പശുക്കളുടെ സകാത്ത് ശേഖരിക്കുമ്പോൾ ഓരോ മുപ്പത് പശുക്കൾക്കും ഒരു വയസ്സ് പൂർത്തിയായ ഒരു കാളക്കുട്ടിയെ (തബീഅ്) അല്ലെങ്കിൽ പശുക്കുട്ടിയെ (തബീഅ) എടുക്കണം. ഓരോ നാൽപ്പത് പശുക്കൾക്കും രണ്ട് വയസ്സ് പൂർത്തിയായ ഒരു പശുവിനെ (മുസിന്ന) വാങ്ങണം. വേദക്കാരായ ജൂതന്മാരിൽ നിന്നും നസ്വാറാക്കളിൽ നിന്നും ജിസ്‌യഃ വാങ്ങുകയും വേണം. പ്രായപൂർത്തിയായ ഓരോ പുരുഷനിൽ നിന്നും ഒരു ദീനാർ, അല്ലെങ്കിൽ ഒരു ദീനാറിന് തുല്യമായ 'മആഫിരി' എന്ന് വിളിക്കപ്പെടുന്ന യമനി വസ്ത്രങ്ങളായിരുന്നു ശേഖരിക്കേണ്ടിയിരുന്നത്.

فوائد الحديث

ജിസ്‌യ പ്രായപൂർത്തിയായവരിൽ നിന്ന് മാത്രമേ സ്വീകരിക്കാൻ പാടുള്ളൂ. യുദ്ധത്തിൽ തടവുകാരായാൽ വധിക്കപ്പെടാൻ പാടില്ലാത്ത കുട്ടികൾ, സ്ത്രീകൾ തുടങ്ങിയവരിൽ നിന്ന് ജിസ്‌യ വാങ്ങരുത് എന്നതാണ് ഈ വിഷയത്തിലെ മാനദണ്ഡം.

ജിസ്‌യയുടെ അളവ് നിശ്ചയിക്കുന്നത് ഭരണാധികാരിയുടെ (ഇമാമിൻ്റെ) തീരുമാനത്തെ (ഇജ്തിഹാദ്) ആശ്രയിച്ചിരിക്കുന്നു. സ്ഥലവും, കാലഘട്ടവും, സാമ്പത്തിക സ്ഥിതിയുമെല്ലാം അനുസരിച്ച് അത് വ്യത്യാസപ്പെടാം. നബി (ﷺ) യമൻ നിവാസികൾക്ക് ഓരോ ദീനാർ വീതമാണ് നിശ്ചയിച്ചതെങ്കിൽ, ഉമർ

(رضي الله عنه) ശാമുകാർക്ക് (സിറിയ) അതിൽ കൂടുതൽ നിശ്ചയിച്ചു എന്നത് അതിനുള്ള തെളിവാണ്.

സകാത്ത് ശേഖരിക്കുന്നതിൽ ശ്രദ്ധ ചെലുത്തുകയും അതിനായി ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്യേണ്ടത് ഭരണാധികാരിയുടെ ചുമതലകളിൽ പെട്ടതാണ്.

തബീഅ് (التبيع): ഒരു വയസ്സ് പൂർത്തിയായി രണ്ടാം വയസ്സിലേക്ക് കടന്ന പശുവിനാണ് തബീഅ് എന്ന് പറയുക. ഈ പ്രായത്തിലുള്ള പശു അതിൻ്റെ തള്ളയെ പിന്തുടർന്ന് നടക്കുന്നത് കൊണ്ടാണ് 'തബീഅ്' (പിന്തുടരുന്നത്) എന്ന് അതിന് പേര് വന്നത്.

ദീനാർ: സ്വർണ്ണ നാണയം. ഇസ്‌ലാമിക ദീനാറിന്റെ തൂക്കം

4.25 ഗ്രാം സ്വർണ്ണമാണ്.

التصنيفات

കന്നുകാലികളുടെ സകാത്