നേർച്ചയുടെ പ്രായശ്ചിത്തം ശപഥലംഘനത്തിന്റെ പ്രായശ്ചിത്തം തന്നെയാണ്

നേർച്ചയുടെ പ്രായശ്ചിത്തം ശപഥലംഘനത്തിന്റെ പ്രായശ്ചിത്തം തന്നെയാണ്

ഉഖ്ബതു ബ്നു ആമിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നേർച്ചയുടെ പ്രായശ്ചിത്തം ശപഥലംഘനത്തിന്റെ പ്രായശ്ചിത്തം തന്നെയാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരു നിശ്ചിത കാര്യം ഞാൻ നിർബന്ധമായും ചെയ്തു കൊള്ളാമെന്ന് വ്യക്തമാക്കാതെയും പേരെടുത്തു പറയാതെയും നടത്തുന്ന പൊതുവായ നേർച്ചയുടെ (നദ്‌റുൽ മുത്‌ലഖ്) പ്രായശ്ചിത്തം, ശപഥം ലംഘിച്ചാൽ നൽകേണ്ട അതേ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ) തന്നെയാണെന്ന് നബി (ﷺ) ഈ ഹദീഥിലൂടെ വ്യക്തമാക്കുന്നു.

فوائد الحديث

നേർച്ച (നദ്‌റ്): പ്രായപൂർത്തിയും ബുദ്ധിയും സ്വയം തീരുമാനമെടുക്കാൻ കഴിവുമുള്ള ഒരാൾ (മുകല്ലഫ്), തനിക്ക് നിർബന്ധമല്ലാത്ത ഒരു കാര്യം അല്ലാഹുവിനുവേണ്ടി സ്വന്തത്തിന് മേൽ ബാധ്യതയാക്കുക എന്നതാണ് ഇസ്‌ലാമിൻ്റെ ഭാഷയിൽ നേർച്ച എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ): പത്ത് പാവങ്ങൾക്ക് ഭക്ഷണം നൽകുക, അല്ലെങ്കിൽ അവർക്ക് വസ്ത്രം നൽകുക, അല്ലെങ്കിൽ ഒരു അടിമയെ മോചിപ്പിക്കുക എന്നതാണ്. ഈ പറഞ്ഞതൊന്നും സാധിക്കാത്തവർ മൂന്ന് ദിവസം നോമ്പ് അനുഷ്ഠിക്കണം.

നേർച്ച തെറ്റിച്ചാൽ അതിന് പ്രായശ്ചിത്തം നിശ്ചയിച്ചതിൻ്റെ പിന്നിലെ യുക്തി: നേർച്ചയെന്ന ഇബാദത്തിന് ഒരു മുസ്‌ലിം ആദരവ് നൽകിയിരിക്കണം എന്നതാണ്. വീണ്ടും വീണ്ടും നേർച്ച നേരുന്നതിലേക്ക് അവൻ മടങ്ങാതിരിക്കുന്നതിനും, അവൻ്റെ നാവിൽ നേർച്ച നേരുക എന്നത് നിത്യസംഭവമാകാതിരിക്കാനും ഇത് സഹായിക്കുന്നതാണ്.

നേർച്ചകൾ പലവിധമുണ്ട്:

1- പൊതുവായ നേർച്ച (നദ്‌റുൽ മുത്‌ലഖ്): ഉദാഹരണത്തിന്: "എനിക്ക് രോഗശമനം ലഭിച്ചാൽ അല്ലാഹുവിനുവേണ്ടി എനിക്കൊരു നേർച്ചയുണ്ട്" എന്ന് പറയുകയും, എന്താണ് നേർച്ചയെന്ന് വ്യക്തമാക്കാതിരിക്കുകയും ചെയ്യുക. രോഗശമനം ലഭിച്ചാൽ ഇയാൾ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം (കഫ്ഫാറത്തുൽ യമീൻ) നൽകണം.

2- വാശിയുടെയും ദേഷ്യത്തിന്റെയും വേളയിൽ സംഭവിക്കുന്ന നേർച്ച (നദ്റുൽ ഗദ്വബ്): ഒരു കാര്യം ചെയ്യുന്നതിൽ നിന്ന് (സ്വന്തത്തെയോ മറ്റാരെയെങ്കിലുമോ) തടയാനോ, അല്ലെങ്കിൽ ഒരു കാര്യം പ്രവർത്തിക്കാൻ വേണ്ടി നിർബന്ധം ചെലുത്തുന്നതിനോ വേണ്ടി നേർച്ചയെ ഒരു ഉപാധിയാക്കുക എന്നതാണ് ഈ പറഞ്ഞതിൻ്റെ ഉദ്ദേശ്യം. ഉദാഹരണത്തിന്: "ഞാൻ നിന്നോട് സംസാരിച്ചാൽ, ഒരു മാസം ഞാൻ നോമ്പ് അനുഷ്ഠിക്കണം എന്നത് എൻ്റെ നേർച്ചയാണ്." എന്നു പറയുക. ഇത്തരം നേർച്ചകൾ ഒരാൾ നേർന്നാൽ ഒന്നുകിൽ അവൻ പറഞ്ഞ കാര്യം അതേപടി പ്രവർത്തിക്കുക (സംസാരം ഒഴിവാക്കുക); അല്ലെങ്കിൽ നേർച്ച ലംഘിക്കുമ്പോൾ (അതായത്, സംസാരിച്ചാൽ) ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകുക; ഇതിൽ രണ്ടിലൊന്ന് തിരഞ്ഞെടുക്കാം.

3- അനുവദനീയമായ നേർച്ച (നദ്‌റുൽ മുബാഹ്): ഉദാഹരണത്തിന്: "എന്റെ വസ്ത്രം ധരിക്കുമെന്ന് ഞാൻ അല്ലാഹുവിന് നേർച്ചയാക്കുന്നു." ഈ നേർച്ചയുടെ അടിസ്ഥാനത്തിൽ അവന് തൻ്റെ വസ്ത്രം ധരിക്കാം; അല്ലെങ്കിൽ ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകാം. (രണ്ടിലൊന്ന് തിരഞ്ഞെടുക്കാം).

3- വെറുക്കപ്പെട്ട നേർച്ച (നദ്‌റുൽ മക്‌റൂഹ്): ഉദാഹരണത്തിന്: "എന്റെ ഭാര്യയെ വിവാഹമോചനം ചെയ്യുമെന്ന് ഞാൻ അല്ലാഹുവിന് നേർച്ചയാക്കുന്നു." ഇത്തരം സന്ദർഭങ്ങളിൽ പ്രായശ്ചിത്തം നൽകുന്നതാണ് സുന്നത്ത്; നേർച്ചയാക്കിയ കാര്യം (വിവാഹമോചനം) ചെയ്യാതിരിക്കുകയുമാണ് വേണ്ടത്. ഇനി ഒരാൾ നേർച്ച നിറവേറ്റുകയാണെങ്കിൽ അതിനുള്ള പ്രായശ്ചിത്തം നൽകേണ്ടതില്ല.

4- പാപത്തിനുള്ള നേർച്ച (നദ്‌റുൽ മഅ്‌സിയ): ഉദാഹരണത്തിന്: "ഞാൻ മോഷ്ടിക്കുമെന്ന് അല്ലാഹുവിന് നേർച്ചയാക്കുന്നു." ഇത്തരം നേർച്ചകൾ നിറവേറ്റൽ ഹറാമാണ് (നിഷിദ്ധമാണ്); പകരം നേർച്ച ലംഘിക്കുകയും ശപഥലംഘനത്തിൻ്റെ പ്രായശ്ചിത്തം നൽകുകയുമാണ് ചെയ്യേണ്ടത്. ഇനി അവൻ നേർച്ച പാലിച്ചു കൊണ്ട് ആ പ്രവൃത്തി ചെയ്യുകയാണെങ്കിൽ അവൻ്റെ മേൽ അത് പാപമായി രേഖപ്പെടുത്തപ്പെടും. നേർച്ച ലംഘിച്ചതിനുള്ള പ്രായശ്ചിത്തം ഇത്തരം സന്ദർഭത്തിൽ അവൻ നൽകേണ്ടതില്ല.

5- പുണ്യകർമ്മത്തിനുള്ള നേർച്ച (നദ്‌റു ത്വാഅ): ഉദാഹരണത്തിന്: "അല്ലാഹുവിന് വേണ്ടി ഞാൻ ഇന്ന നിസ്കാരം നിർവഹിക്കും" എന്ന് നേർച്ചയാക്കി പറയുക (അല്ലാഹുവിലേക്ക് അടുക്കുക എന്ന ഉദ്ദേശത്തോടെ). ഇതൊരു ഉപാധിയോടെയാണ് പറഞ്ഞതെങ്കിൽ (ഉദാ: രോഗം മാറിയാൽ ഞാൻ നിസ്കരിക്കും എന്നിങ്ങനെ രോഗശമനവുമായി ബന്ധപ്പെടുത്തിയാണെങ്കിൽ), ആ ഉപാധി നടന്നാൽ നേർച്ച നിറവേറ്റൽ നിർബന്ധമാണ്. ഉപാധികളില്ലാതെയാണ് പറഞ്ഞതെങ്കിൽ അത് നിറവേറ്റൽ നിരുപാധികം നിർബന്ധമാണ്.

التصنيفات

ശപഥങ്ങളും നേർച്ചകളും