ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ'…

ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു

ഉമർ ബ്നുൽ ഖത്താബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ബാങ്ക് വിളിക്കുന്ന വ്യക്തി 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ ഒരാൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞപ്പോൾ അയാളും 'അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലസ്സ്വലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'ഹയ്യ അലൽഫലാഹ്' എന്ന് പറഞ്ഞപ്പോൾ അയാൾ 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്ന് പറഞ്ഞു. ശേഷം 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്ന് പറഞ്ഞപ്പോൾ 'അല്ലാഹു അക്ബറുല്ലാഹു അക്ബർ' എന്നു പറഞ്ഞു; ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞപ്പോൾ 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന് പറഞ്ഞു. ഇപ്രകാരം അവൻ മനസ്സറിഞ്ഞു കൊണ്ട് പറഞ്ഞാൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ബാങ്ക് വിളിക്കുക എന്നത് കൊണ്ടുള്ള ഉദ്ദേശ്യം നിസ്കാരത്തിൻ്റെ സമയം പ്രവേശിച്ചിരിക്കുന്നു എന്ന് ജനങ്ങളെ അറിയിക്കലാണ്. ബാങ്കിൽ പറയുന്ന വാക്കുകളാകട്ടെ, ഇസ്‌ലാമിക വിശ്വാസത്തിൻ്റെ അടിത്തറകളെ ഉൾക്കൊള്ളുന്ന വാക്കുകളാണ്. ബാങ്ക് കേൾക്കുമ്പോൾ എന്താണ് ചെയ്യേണ്ടതെന്ന് നബി -ﷺ- ഈ ഹദീഥിലൂടെ വിവരിക്കുന്നു. ബാങ്ക് വിളിക്കുന്ന വ്യക്തി പറയുന്ന പോലെ കേൾക്കുന്ന വ്യക്തിയും പറയണം. എന്നാൽ ബാങ്ക് വിളിക്കുന്ന വ്യക്തി 'ഹയ്യാ അല സ്വലാഹ്' എന്നും, 'ഹയ്യാ അലൽ ഫലാഹ്' എന്നും പറയുമ്പോൾ അതിന് മറുപടിയായി കേൾക്കുന്ന വ്യക്തി 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നാണ് പറയേണ്ടത്. ഇപ്രകാരം ഒരാൾ ബാങ്ക് കേൾക്കുമ്പോൾ -നിഷ്കളങ്കമായ ഹൃദയത്തോടെ- അതിന് മറുപടി നൽകുകയാണെങ്കിൽ അവൻ സ്വർഗത്തിൽ പ്രവേശിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. ബാങ്കിൻ്റെ വാക്കുകളുടെ അർത്ഥവും വിശദീകരണവും ഇപ്രകാരമാണ്: "അല്ലാഹു അക്ബർ": അല്ലാഹുവാകുന്നു ഏറ്റവും മഹത്വമുള്ളവനും പ്രതാപിയും, എല്ലാത്തിനേക്കാളും വലിയവനും. 'അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്': അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യം വഹിക്കുന്നു. അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്': മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് ഞാൻ നാവുകൊണ്ട് ഹൃദയം കൊണ്ടും അംഗീകരിക്കുകയും സാക്ഷ്യം വഹിക്കുകയും ചെയ്യുന്നു. മുഹമ്മദ് നബി -ﷺ- യെ അല്ലാഹുവാണ് നിയോഗിച്ചയച്ചത്. നബി-ﷺ- യെ അനുസരിക്കുക നിർബന്ധമാണ്. 'ഹയ്യാ അലസ്സ്വലാഹ്' : നിസ്കാരത്തിലേക്ക് വരൂ എന്നാണർത്ഥം. അതിനുള്ള ഉത്തരമായി കേൾക്കുന്നവൻ പറയുന്നത് : 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നായിരിക്കണം. നന്മകൾ ചെയ്യുന്നതിനുള്ള തടസ്സങ്ങളിൽ നിന്ന് രക്ഷപ്പെടാനും, നന്മകൾ പ്രവർത്തിക്കാനുള്ള ശക്തി ലഭിക്കാനും, എന്തെങ്കിലുമൊരു കാര്യം പ്രവർത്തിക്കാൻ സാധിക്കണമെങ്കിലും അല്ലാഹുവിൻ്റെ സഹായവും അവൻ്റെ ഉതവിയുമില്ലാതെ സാധിക്കില്ല എന്നാണ് അതിൻ്റെ ഉദ്ദേശ്യം. 'ഹയ്യ അലൽ ഫലാഹ് ' : വിജയത്തിനുള്ള കാരണമായ നിസ്കാരത്തിലേക്ക് വന്നെത്തൂ എന്നർത്ഥം. സ്വർഗം നേടിയെടുക്കാൻ സാധിക്കുകയും, നരകത്തിൽ നിന്ന് രക്ഷപ്പെടാൻ കഴിയുകയും ചെയ്യുമെന്നതാണ് വിജയം കൊണ്ട് അർത്ഥമാക്കുന്നത്.

فوائد الحديث

ബാങ്ക് വിളിക്കുന്ന വ്യക്തിക്ക് അയാൾ പറയുന്നത് പോലെ തന്നെ ആവർത്തിച്ചു കൊണ്ട് മറുപടി നൽകുന്നതിനുള്ള ശ്രേഷ്ഠത. എന്നാൽ 'ഹയ്യ അലാ' എന്ന് തുടങ്ങുന്ന രണ്ട് സന്ദർഭങ്ങളിലും 'ലാ ഹൗല വലാ ഖുവ്വത ഇല്ലാ ബില്ലാഹ്' എന്നാണ് പറയേണ്ടത്.

التصنيفات

അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ശ്രേഷ്ഠത, ബാങ്കുവിളിയും ഇഖാമതും