തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല

തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി (ﷺ) ഞങ്ങളുടെ ഇടയിൽ എഴുന്നേറ്റ് നിന്ന് (സുപ്രധാനമായ) അഞ്ച് കാര്യങ്ങൾ പറഞ്ഞു: "തീർച്ചയായും അല്ലാഹു ഉറങ്ങുകയില്ല; ഉറങ്ങുക എന്നത് അവന് യോജിക്കുകയില്ല. അവൻ തുലാസ് താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. പകലിലെ കർമ്മങ്ങൾ രാത്രിയാകുന്നതിന് മുമ്പും, രാത്രിയിലെ കർമ്മങ്ങൾ പകലിന് മുമ്പും അവനിലേക്ക് ഉയർത്തപ്പെടുന്നു. അവന്റെ മറ പ്രകാശമാണ് -മറ്റൊരു നിവേദനത്തിൽ 'അഗ്നി' എന്നാണ്-. അവൻ അത് നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെ അവന്റെ തിരുമുഖത്തിൻ്റെ ശോഭ കരിച്ചുകളയും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി (ﷺ) തന്റെ അനുചരന്മാർക്കിടയിൽ എഴുന്നേറ്റ് നിന്ന് അഞ്ച് പരിപൂർണ്ണമായ വാചകങ്ങൾ അവരെ കേൾപ്പിച്ചു. അവ താഴെ പറയുന്നവയാണ്: ഒന്നാമത്തേത്: അല്ലാഹു ഉറങ്ങുകയില്ല. രണ്ടാമത്തേത്: ഉറക്കം അവന്റെ കാര്യത്തിൽ അസംഭവ്യമാണ്. കാരണം, അവന്റെ 'ഖയ്യൂമിയ്യത്ത്' (അവൻ സ്വയം നിലനിൽക്കുന്നവനും മറ്റെല്ലാ സൃഷ്ടികളെയും നിലനിർത്തുന്നവനുമാണ് എന്നത്) പരിപൂർണ്ണമാണ്. മൂന്നാമത്തേത്: അവൻ തുലാസ് (മീസാൻ) താഴ്ത്തുകയും ഉയർത്തുകയും ചെയ്യുന്നു. അവനിലേക്ക് ഉയർത്തപ്പെടുന്ന അടിമകളുടെ കർമ്മങ്ങളും, സൃഷ്ടികൾക്ക് ഇറക്കപ്പെടുന്ന അവരുടെ ഉപജീവനവും അവനാണ് നിയന്ത്രിക്കുന്നത്. ഓരോ സൃഷ്ടിക്കുമുള്ള വിഹിതമാണ് 'ഖിസ്ത്വ്' (തുലാസ്) എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ചിലർക്ക് അല്ലാഹു അവരുടെ ഉപജീവനത്തിൽ കുറവ് വരുത്തുകയും താഴ്ത്തുകയും ചെയ്യുന്നു; മറ്റു ചിലർക്ക് അത് വിശാലമാക്കി നൽകിക്കൊണ്ട് ഉയർത്തുകയും ചെയ്യുന്നു. നാലാമത്തേത്: അടിമകളുടെ രാത്രിയിലെ കർമ്മങ്ങൾ പിറ്റേന്നത്തെ പകലിന് മുമ്പായും, പകൽ സമയത്തെ കർമ്മങ്ങൾ രാത്രിക്ക് മുമ്പായും അവനിലേക്ക് ഉയർത്തപ്പെടുന്നു. കാവൽക്കാരായ മലക്കുകൾ രാത്രി അവസാനിക്കുമ്പോൾ (പകലിന്റെ തുടക്കത്തിൽ) രാത്രിയിലെ കർമ്മങ്ങളുമായി ഉപരിയിലേക്ക് കയറിപ്പോകുന്നു. പകൽ അവസാനിക്കുമ്പോൾ (രാത്രിയുടെ തുടക്കത്തിൽ) പകലിലെ കർമ്മങ്ങളുമായും അവർ ഉപരിയിലേക്ക് കയറിപ്പോകുന്നു. അഞ്ചാമത്തേത്: അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന അവന്റെ മൂടുപടം (ഹിജാബ്) പ്രകാശമാണ്; അല്ലെങ്കിൽ തീ ആണ്. അവൻ ആ മൂടുപടം നീക്കിയാൽ, അവന്റെ കാഴ്ച എത്തുന്നിടത്തോളമുള്ള സൃഷ്ടികളെല്ലാം അവന്റെ തിരുവദനത്തിൻ്റെ ശോഭ (സുബുഹാത്ത്) കരിച്ചുകളയുന്നതാണ്. 'സുബുഹാത്ത്' എന്നാൽ അല്ലാഹുവിൻ്റെ പ്രകാശവും, പ്രതാപവും, ഭംഗിയുമാണ്. അല്ലാഹുവിനെ കാണുന്നതിൽ നിന്ന് മറയിടുന്ന ആ മൂടുപടം അവൻ നീക്കുകയും, സൃഷ്ടികൾക്ക് അവൻ വെളിപ്പെടുകയും ചെയ്താൽ, അവന്റെ കാഴ്ച എത്തുന്ന സർവ്വ ചരാചരങ്ങളെയും അവന്റെ തിരുമുഖത്തിൻ്റെ പ്രതാപം കരിച്ചുകളയും. ഈ പറഞ്ഞതിൽ സകല സൃഷ്ടികളും ഉൾപ്പെടും; കാരണം അല്ലാഹുവിന്റെ കാഴ്ച എല്ലാ വസ്തുക്കളെയും ചൂഴ്ന്നു നിൽക്കുന്നതാണ്.

فوائد الحديث

അല്ലാഹു ഉറങ്ങുക എന്നത് അസംഭവ്യമാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു; കാരണം ഉറക്കം എന്നത് ഒരു ന്യൂനതയാണ്. അല്ലാഹുവാകട്ടെ, എല്ലാ ന്യൂനതകളിൽ നിന്നും മുക്തനായ പരിശുദ്ധനാണ്.

അല്ലാഹു താനുദ്ദേശിക്കുന്നവർക്ക് പ്രതാപം നൽകുകയും താനുദ്ദേശിക്കുന്നവരെ നിന്ദ്യരാക്കുകയും ചെയ്യുന്നു. ഉദ്ദേശിക്കുന്നവരെ അവൻ നേർവഴിയിലാക്കുകയും ഉദ്ദേശിക്കുന്നവരെ വഴികേടിലാക്കുകയും ചെയ്യുന്നു.

ഓരോ പകലിലും രാത്രിയിലും കർമ്മങ്ങൾ അല്ലാഹുവിലേക്ക് ഉയർത്തപ്പെടുന്നുണ്ട്. രാവും പകലുമെല്ലാം അല്ലാഹുവിനെ സൂക്ഷിക്കാനും അവൻ തന്നെ വീക്ഷിച്ചു കൊണ്ടിരിക്കുന്നുണ്ടെന്ന ബോധം നിലനിർത്താനും ഇത് നമ്മെ ഓർമ്മിപ്പിക്കേണ്ടതുണ്ട്.

സൃഷ്ടികളുടെ കാര്യങ്ങൾ നിയന്ത്രിക്കുന്നതിൽ അല്ലാഹുവിന്റെ നീതിയും ഉത്തമമായ ആസൂത്രണവും ഈ ഹദീഥിൽ നിന്ന് വ്യക്തമാകുന്നു. അല്ലാഹുവിൻ്റെ ഗുണവിശേഷങ്ങളുടെ പൂർണ്ണതയുടെ ഭാഗമാണ് ഇത് എന്നതിൽ സംശയമില്ല.

അല്ലാഹുവിന് ഒരു 'ഹിജാബ്' (മൂടുപടം) ഉണ്ടെന്ന് സ്ഥിരീകരിക്കുന്നു. അവനും അവന്റെ സൃഷ്ടികൾക്കും ഇടയിൽ മറയിടുന്ന പ്രകാശമാണത്. അതില്ലായിരുന്നെങ്കിൽ സൃഷ്ടികൾ കരിഞ്ഞുപോകുമായിരുന്നു.

ഇമാം ആജുരി -رَحِمَهُ اللَّهُ- പറഞ്ഞു: "അല്ലാഹു അവനെ കുറിച്ച് വിശേഷിപ്പിച്ചതു പോലെയും, അവൻ്റെ റസൂൽ -ﷺ- അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും, നബിയുടെ -ﷺ- അനുചരന്മാരായ സ്വഹാബികൾ അല്ലാഹുവിനെ വിശേഷിപ്പിച്ചതു പോലെയും അല്ലാഹുവിൻ്റെ വിശേഷണങ്ങൾ വിവരിക്കുക എന്നതാണ് സത്യത്തിൻ്റെ മാർഗത്തിലുള്ളവരുടെ നിലപാട്. (ദീൻ) പിൻപറ്റുക എന്നത് മാർഗമായി സ്വീകരിക്കുകയും, പുതിയ മാർഗങ്ങൾ നിർമ്മിച്ചുണ്ടാക്കാതിരിക്കുകയും ചെയ്ത പണ്ഡിതന്മാരുടെ മാർഗവും അതാണ്."

അതിനാൽ അല്ലാഹു അവനുള്ളതായി സ്ഥിരീകരിച്ച അവൻ്റെ നാമങ്ങളും വിശേഷണങ്ങളും 'തഹ്‌രീഫ്', 'തഅ്ത്വീൽ', 'തക്‌യീഫ്', 'തംഥീൽ' എന്നിവയിൽ നിന്ന് മുക്തമായി സ്ഥിരീകരിക്കുകയാണ് അഹ്‌ലുസ്സുന്നത്തി വൽ ജമാഅഃ ചെയ്തിട്ടുള്ളത്. അല്ലാഹു അവനെ കുറിച്ച് നിഷേധിച്ചു പറഞ്ഞവ അല്ലാഹുവിനില്ല എന്ന് നിഷേധിക്കുകയും, നിഷേധമോ സ്ഥിരീകരണമോ വന്നിട്ടില്ലാത്ത വിഷയങ്ങളിൽ നിശബ്ദത പാലിക്കുകയും ചെയ്യുന്നവരുമാണ് അവർ. അല്ലാഹു പറഞ്ഞു: "അല്ലാഹുവിന് സമാനമായി യാതൊന്നുമില്ല. അവൻ എല്ലാം കേൾക്കുന്നവനും എല്ലാം കാണുന്നവനുമാകുന്നു."

അല്ലാഹുവിന്റെ ഗുണവിശേഷണമായ പ്രകാശം (നൂർ), അവൻ മൂടുപടമായി സ്വീകരിച്ച പ്രകാശത്തിൽ നിന്ന് വ്യത്യസ്തമാണ്. അവൻ മറയായി സ്വീകരിച്ച പ്രകാശം ഒരു സൃഷ്ടിയാണ് (മഖ്ലൂഖ്). എന്നാൽ അല്ലാഹുവിന്റെ (സത്തയിലുള്ള) പ്രകാശം അവനും അവന്റെ സത്തയ്ക്കും യോജിച്ച ഒന്നാണ്; അവന് തുല്യമായി ഒന്നുമില്ല. നബി (ﷺ) കണ്ടത് അല്ലാഹുവിനും അവന്റെ അടിമകൾക്കും ഇടയിലുള്ള ആ മൂടുപടം മാത്രമാണ്.

التصنيفات

അല്ലാഹുവിൻ്റെ നാമഗുണ വിശേഷണങ്ങളിലുള്ള ഏകത്വം, സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ, പശ്ചാത്താപം