إعدادات العرض
അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു
അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു
അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു: "തീർച്ചയായും അല്ലാഹുവിന്റെ പക്കലാണ് അന്ത്യസമയത്തെക്കുറിച്ചുള്ള അറിവ്. അവൻ മഴ പെയ്യിക്കുന്നു; ഗർഭാശയങ്ങളിലുള്ളത് അവൻ അറിയുകയും ചെയ്യുന്നു. നാളെ താൻ എന്താണ് പ്രവർത്തിക്കുക എന്നത് ഒരാളും അറിയുന്നില്ല. ഏത് നാട്ടിൽ വെച്ചാണ് താൻ മരിക്കുക എന്നതും ഒരാളും അറിയുന്നില്ല. തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." (ലുഖ്മാൻ: 34)
الترجمة
العربية Português دری Македонски Tiếng Việt Magyar ქართული বাংলা Kurdî Indonesia ไทย অসমীয়া Nederlands ਪੰਜਾਬੀ Kiswahili Tagalog Hausa ភាសាខ្មែរ English ગુજરાતી Русский मराठीالشرح
അദൃശ്യകാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. അദൃശ്യജ്ഞാനത്തിന്റെ താക്കോലുകളും ഖജനാവുകളും അഞ്ച് കാര്യങ്ങളാണെന്ന് നബി (ﷺ) അറിയിച്ചു: ഒന്നാമത്തേത്: അന്ത്യസമയം എപ്പോഴാണെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് പരലോകവുമായി ബന്ധപ്പെട്ട അറിവുകളെ സൂചിപ്പിക്കുന്നു. കാരണം അന്ത്യനാളാണ് അതിന്റെ തുടക്കം. ഏറ്റവും അടുത്ത കാര്യം (അന്ത്യനാൾ) എപ്പോഴാണെന്ന അറിവില്ലെങ്കിൽ, അതിനുശേഷമുള്ള കാര്യങ്ങളെക്കുറിച്ചുള്ള അറിവും ഉണ്ടാവില്ലല്ലോ. രണ്ടാമത്തേത്: മഴ എപ്പോൾ വർഷിക്കുമെന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് ഉപരിലോകത്തെ (ആകാശലോകത്തെ) കാര്യങ്ങളെ സൂചിപ്പിക്കുന്നു. മഴ പെയ്യുന്നതിന് സാധാരണയായി ചില കാരണങ്ങളും ലക്ഷണങ്ങളും ഉണ്ട് എന്നതും അതിൻ്റെ അടിസ്ഥാനത്തിൽ മഴ പ്രതീക്ഷിക്കാൻ സാധിക്കുമെന്നതെല്ലാം ശരിയാണ്; എന്നാൽ അത് ഇന്ന സമയത്ത് പെയ്യുമെന്ന് ഉറപ്പിച്ചും തറപ്പിച്ചും പറയാൻ പടപ്പുകൾക്ക് കഴിയില്ല. മൂന്നാമത്തേത്: ഗർഭാശയങ്ങളി ലുള്ളതിനെ കുറിച്ചുള്ള അറിവ്. അത് ആണാണോ പെണ്ണാണോ, കറുത്തതാണോ വെളുത്തതാണോ, പൂർണ്ണമാണോ അപൂർണ്ണമാണോ, വിജയിയാണോ പരാജിതനാണോ തുടങ്ങിയ കാര്യങ്ങൾ അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയുകയില്ല. ഗർഭാശയത്തെ പ്രത്യേകം എടുത്തുപറയാൻ കാരണം, സാധാരണഗതിയിൽ ആളുകൾക്ക് എന്താണെന്ന് അറിയാൻ കൂടുതൽ സാധ്യതയുള്ള വിഷയങ്ങളിൽ പെട്ടതാണത്. എന്നിട്ടും അതിന്റെ യഥാർത്ഥ അവസ്ഥ ആർക്കും പൂർണ്ണമായി അറിയില്ലെങ്കിൽ, മറ്റുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ പ്രയാസകരമായിരിക്കും. നാലാമത്തേത്: നാളെ എന്താണ് സംഭവിക്കുക എന്ന് അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയില്ല. ഇത് വ്യത്യസ്ത കാലങ്ങളെയും അതിലുണ്ടാകുന്ന സംഭവങ്ങളെയും സൂചിപ്പിക്കുന്നു. "നാളെ" എന്ന് പ്രത്യേകം പറയാൻ കാരണം, വരാനിരിക്കുന്ന സമയങ്ങളിൽ നമുക്ക് ഏറ്റവും അടുത്തത് നാളെയാണ് എന്നത് കൊണ്ടാണ്. ലക്ഷണങ്ങളും മറ്റുമെല്ലാം ഉണ്ടായിട്ടും തൊട്ടടുത്ത ദിവസമായ നാളെ എന്ത് സംഭവിക്കുമെന്ന് സൃഷ്ടികൾക്ക് കൃത്യമായി പ്രവചിക്കാൻ കഴിയുന്നില്ലെങ്കിൽ, അതിലും അകലെയുള്ള കാര്യങ്ങൾ അറിയുക എന്നത് അതിനേക്കാൾ അസാധ്യമാണ്. അഞ്ചാമത്തേത്: താൻ ഏത് നാട്ടിൽ വെച്ചാണ് മരിക്കുക എന്ന് ഒരാൾക്കും അറിയുകയില്ല. ഇത് ഭൂമിലോകത്തുള്ള കാര്യങ്ങളെ സൂചിപ്പിക്കുന്നു. മിക്ക ആളുകളും തങ്ങളുടെ സ്വന്തം നാട്ടിൽ തന്നെയാണ് മരിക്കാറുള്ളതെങ്കിലും,അത് പോലും അവന് ഉറപ്പുള്ള കാര്യമല്ല. ഇനി സ്വന്തം നാട്ടിൽ മരിച്ചാൽ പോലും, ഏത് സ്ഥലത്താണ് തന്നെ മറമാടുക എന്നത് ഒരുപക്ഷേ അവനറിയില്ല; തന്റെ പൂർവികരുടെ ഖബർസ്ഥാൻ അവിടെ ഉണ്ടെങ്കിൽ പോലും. ആയത്തിൻ്റെ അവസാനത്തിൽ അല്ലാഹു പറഞ്ഞു: "തീർച്ചയായും അല്ലാഹു എല്ലാം അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു." - അവൻ പ്രത്യക്ഷവും പരോക്ഷവുമായ കാര്യങ്ങളെയും, രഹസ്യങ്ങളെയും ഒളിഞ്ഞിരിക്കുന്നവയെയും എല്ലാം അറിയുന്നവനാണ്. ഈ ആയത്ത് എല്ലാത്തരം അദൃശ്യജ്ഞാനങ്ങളെയും ഉൾക്കൊള്ളുകയും, (അദൃശ്യജ്ഞാനം അറിയാമെന്ന) തെറ്റായ എല്ലാ അവകാശവാദങ്ങളെയും തകർത്തെറിയുകയും ചെയ്യുന്നു.فوائد الحديث
അല്ലാഹുവിനല്ലാതെ മറ്റാർക്കും അറിയാത്ത, അദൃശ്യജ്ഞാനത്തിന്റെ അഞ്ച് ഖജനാവുകളെക്കുറിച്ച് ഈ ഹദീഥിൽ നബി (ﷺ) വിവരിച്ചിരിക്കുന്നു.
സിൻദി (رحمه الله) പറഞ്ഞു: "അദൃശ്യജ്ഞാനത്തിന്റെ താക്കോലുകൾ അഞ്ചാകുന്നു" എന്ന് പറയാൻ കാരണം, ഈ അഞ്ച് കാര്യങ്ങൾ ആരുടെയെങ്കിലും പക്കലുണ്ടെങ്കിൽ, അദൃശ്യജ്ഞാനം മുഴുവൻ അവന്റെ പക്കലുണ്ടാകും. അദൃശ്യജ്ഞാനത്തിന്റെ ഖജനാവുകൾ തുറക്കാനുള്ള താക്കോലുകൾ പോലെയാണ് ഇവ."
ഇബ്‌നു ഹജർ (رحمه الله), ഇബ്‌നു അബീ ജംറയെ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു: "കേൾക്കുന്നവർക്ക് കാര്യം എളുപ്പത്തിൽ മനസ്സിലാക്കാനാണ് 'താക്കോലുകൾ' എന്ന പദം ഉപയോഗിച്ചത്. നിനക്കും ഒരു കാര്യത്തിനുമിടയിൽ മറയുണ്ടെങ്കിൽ അത് നിന്നിൽ നിന്ന് മറഞ്ഞുകിടക്കുകയാണ്. സാധാരണഗതിയിൽ അത്തരം കാര്യങ്ങളിലേക്ക് എത്തുക വാതിലിലൂടെയാണ്. വാതിൽ അടഞ്ഞുകിടക്കുകയാണെങ്കിൽ താക്കോൽ ആവശ്യമായി വരും. അദൃശ്യജ്ഞാനത്തിലേക്ക് എത്തിക്കുന്ന താക്കോൽ പോലും എവിടെയാണെന്ന് അറിയില്ലെങ്കിൽ, പിന്നെങ്ങനെയാണ് അദൃശ്യകാര്യങ്ങൾ അറിയുക!?"
ഇബ്‌നു അബീ ജംറ പറഞ്ഞു: "അദൃശ്യജ്ഞാനങ്ങളുടെ താക്കോലുകൾ അഞ്ചായി നിശ്ചയിച്ചതിലെ യുക്തി, പ്രപഞ്ചത്തിലെ സർവ്വലോകങ്ങളിലേക്കും ഈ അഞ്ച് കാര്യങ്ങളിൽ സൂചനയുണ്ട് എന്നതാണ്."
അല്ലാഹു അവൻ ഉദ്ദേശിക്കുന്ന യുക്തിക്കനുസരിച്ച്, അവൻ്റെ ദൂതന്മാരായ റസൂലുകൾക്ക് അദൃശ്യകാര്യങ്ങളിൽ ചിലത് വെളിപ്പെടുത്തിക്കൊടുക്കാറുണ്ട്.
അദൃശ്യജ്ഞാനം അറിയാമെന്ന് വാദിക്കുന്ന ജോത്സ്യന്മാരുടെയും കണക്കന്മാരുടെയും വാദങ്ങൾ വ്യാജമാണെന്ന് ഇത് തെളിയിക്കുന്നു. അല്ലാഹുവിന് മാത്രം അറിയാവുന്ന കാര്യങ്ങൾ തനിക്കറിയാമെന്ന് ആരെങ്കിലും വാദിച്ചാൽ, അവൻ അല്ലാഹുവിനെയും അവന്റെ റസൂലിനെയും വിശുദ്ധ ഖുർആനിനെയും കളവാക്കിയിരിക്കുന്നു.
