إعدادات العرض
ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്
ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ഏഴു പേർ; അല്ലാഹുവിൻ്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ദിവസം അവർക്കവൻ തൻ്റെ (അർശിൻ്റെ) തണൽ വിരിക്കുന്നതാണ്. നീതിമാനായ ഭരണാധികാരി, അല്ലാഹുവിന് ഇബാദത്ത് ചെയ്തു വളർന്ന യുവാവ്, മസ്ജിദുകളുമായി തൻ്റെ ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി, അല്ലാഹുവിൻ്റെ മാർഗത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ; അവൻ്റെ മാർഗത്തിൽ അവർ ഒരുമിക്കുകയും അതിലായിരിക്കെ (മരണപ്പെട്ട്) അവർ പിരിയുകയും ചെയ്തു, നല്ല തറവാടും ഭംഗിയുമുള്ള ഒരു സ്ത്രീ (തിന്മയിലേക്ക്) ക്ഷണിച്ചപ്പോൾ 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞവൻ, അല്ലാഹുവിൻ്റെ മാർഗത്തിൽ ഒരു ദാനം നൽകുകയും, അവൻ്റെ വലതു കൈ നൽകിയ ദാനം ഇടതു കൈ പോലും അറിയാത്ത വിധം അത് മറച്ചു വെക്കുകയും ചെയ്ത മനുഷ്യൻ, ഏകനായി അല്ലാഹുവിനെ സ്മരിക്കുകയും കണ്ണുകൾ നിറഞ്ഞൊഴുകുകയും ചെയ്ത ഒരു മനുഷ്യൻ; (ഇവരാണവർ)."
الترجمة
العربية Tiếng Việt অসমীয়া Indonesia Nederlands Kiswahili Hausa සිංහල English ગુજરાતી Magyar ქართული Română Русский Português ไทย తెలుగు मराठी دری Türkçe አማርኛ বাংলা Kurdî Malagasy Македонски Tagalog ភាសាខ្មែរ Українська ਪੰਜਾਬੀ پښتو Moore Wolof हिन्दी Svenskaالشرح
അല്ലാഹുവിലും അവൻ്റെ ദൂതനിലും വിശ്വസിച്ചവരിൽ ഏഴ് വിഭാഗം ആളുകൾക്ക്, അല്ലാഹു നൽകുന്ന തണലല്ലാത്ത മറ്റൊരു തണലുമില്ലാത്ത ദിനത്തിൽ, അല്ലാഹു അവൻ്റെ സിംഹാസനത്തിൻ്റെ തണൽ നൽകുന്നതാണ് എന്ന് നബി -ﷺ- സന്തോഷവാർത്ത അറിയിക്കുന്നു. ഒന്ന്: നീതിമാനമായ ഭരണാധികാരി; അയാൾ തൻ്റെ സ്വന്തം ജീവിതത്തിൽ ദുഷ്പ്രവർത്തനങ്ങൾ ചെയ്യുന്നില്ല എന്നതിനോടൊപ്പം, തൻ്റെ ജനങ്ങളോട് അതിക്രമം ചെയ്യാതെ നീതി പാലിക്കുകയും ചെയ്യുന്നു. ഹദീഥിലെ പ്രഥമ ഉദ്ദേശ്യം രാജ്യത്തിൻ്റെ ഭരണാധികാരിയാണെങ്കിലും, മുസ്‌ലിംകളുടെ ഏതെങ്കിലുമൊരു പൊതുവിഷയത്തിൽ ഉത്തരവാദിത്തം ഏൽപ്പിക്കപ്പെടുകയും അതിൽ നീതിപുലർത്തുകയും ചെയ്ത ഏതൊരാളും ഈ പറഞ്ഞതിൻ്റെ പരിധിയിൽ ഉൾപ്പെടാവുന്നതാണ്. രണ്ട്: അല്ലാഹുവിനെ ആരാധിക്കുന്നതിലും സൽകർമ്മങ്ങൾ പ്രവർത്തിക്കുന്നതിലും മുഴുകി വളർന്നു വന്ന യുവാവ്. തൻ്റെ യുവത്വവും ഉന്മേഷമുള്ള കാലവും നന്മയിൽ ഉപയോഗിച്ചു കൊണ്ട് മരണം വരെ നിലകൊണ്ടവരാണ് അവർ. മൂന്ന്: മസ്ജിദുമായി ഹൃദയം ബന്ധിക്കപ്പെട്ട വ്യക്തി; മസ്ജിദിൽ നിന്ന് പുറത്തിറങ്ങിയാൽ അവിടേക്ക് തിരിച്ചു വരുന്നത് വരെ അയാളുടെ സ്ഥിതി അപ്രകാരമാണ്. മസ്ജിദിനോടുള്ള കഠിനമായ സ്നേഹം ഹൃദയത്തിൽ സൂക്ഷിക്കുകയും, ധാരാളമായി മസ്ജിദിൽ കഴിഞ്ഞു കൂടുകയും ചെയ്യുന്നവരാണ് അവർ. എന്തെങ്കിലും കാരണം കൊണ്ട് അവരുടെ ശരീരം മസ്ജിദിൻ്റെ പുറത്തായാൽ പോലും, അവരുടെ ഹൃദയം മസ്ജിദിൽ തന്നെ തുടരുന്നു. നാല്: അല്ലാഹുവിൻ്റെ മാർഗത്തിൽ യഥാർത്ഥ രൂപത്തിൽ പരസ്പരം സ്നേഹിച്ച രണ്ടു പേർ. ദീനിൻ്റെ മാർഗത്തിലുള്ള ആ സ്നേഹത്തിൽ അവർ തുടരുകയും, ഐഹികമായ ഒരു കാരണം കൊണ്ടും ആ ബന്ധത്തിൽ വിള്ളൽ വീഴ്ത്താതിരിക്കുകയും ചെയ്തവരാണ് അവർ. ഭൗതികശരീരങ്ങൾ തമ്മിൽ പരസ്പരം കണ്ടുമുട്ടിയാലും ഇല്ലെങ്കിലും അവരുടെ ഹൃദയങ്ങൾ യോജിച്ചിരിക്കുന്നു; മരണം അവരെ വേർപിരിക്കുന്നത് വരെ അവർ അതിൽ തുടരുന്നതാണ്. അഞ്ച്: സ്ഥാനമാനവും തറവാടിത്തവും ഭംഗിയും സമ്പത്തുമുള്ള ഒരു സ്ത്രീ വ്യഭിചാരത്തിലേക്ക് തന്നെ ക്ഷണിച്ചപ്പോൾ അവളുടെ ക്ഷണം തള്ളിക്കളയുകയും, 'ഞാൻ അല്ലാഹുവിനെ ഭയക്കുന്നു' എന്ന് പറഞ്ഞ് അതിൽ നിന്ന് മാറിനിൽക്കുകയും ചെയ്ത വ്യക്തി. ആറ്: ചെറുതോ വലുതോ ആയ ഒരു ദാനം നിർവ്വഹിക്കുകയും, അതിൽ യാതൊരു ലോകമാന്യമോ പ്രശംസയോ മറ്റോ ഉദ്ദേശിക്കാതിരിക്കുകയും, വലതു കൈ കൊടുത്തത് ഇടതു കൈ പോലും അറിയാത്ത വിധത്തിൽ അത് മറച്ചു പിടിക്കുകയും ചെയ്ത വ്യക്തി. ഏഴ്: ജനങ്ങളിൽ നിന്ന് മാറിനിന്ന് ഏകാന്തനായി അല്ലാഹുവിനെ കുറിച്ച് ആലോചിച്ചു കൊണ്ട് ഹൃദയത്താൽ അല്ലാഹുവിനെ സ്മരിക്കുകയോ, നാവ് കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയോ ചെയ്യുകയും, അങ്ങനെ അല്ലാഹുവിനോടുള്ള ഭയഭക്തിയും അവനോടുള്ള ആദരവും കാരണത്താൽ രണ്ട് കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയും ചെയ്ത ഒരാൾ.فوائد الحديث
ഹദീഥിൽ വിവരിക്കപ്പെട്ട ഏഴ് വിഭാഗങ്ങളുടെ ശ്രേഷ്ഠതയും, അവരുടെ മാർഗം സ്വീകരിക്കാനുള്ള പ്രോത്സാഹനവും.
ഇബ്നു ഹജർ (رحمه الله) പറയുന്നു: "അല്ലാഹുവിൻ്റെ തണൽ എന്നത് കൊണ്ട് ഉദ്ദേശ്യം അല്ലാഹുവിൻ്റെ അർശാകുന്ന, അവൻ്റെ സിംഹാസനത്തിൻ്റെ തണലാണ്. സഈദ് ബ്നു മൻസ്വൂർ നിവേദനം ചെയ്ത, സൽമാൻ (رضي الله عنه) വിൻ്റെ ഹദീഥിൽ 'അല്ലാഹു തൻ്റെ സിംഹാസനത്തിൻ്റെ തണൽ നൽകുന്നതാണ്' എന്ന് വ്യക്തമായി തന്നെ വന്നിട്ടുണ്ട്."
ഇബ്നു ഹജർ (رحمه الله) പറയുന്നു: "നീതിമാൻ എന്നതിന് നൽകപ്പെട്ട ഏറ്റവും നല്ല വിശദീകരണം: അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട്, എല്ലാ കാര്യങ്ങളും അതിന് അനുയോജ്യമായ സ്ഥാനത്ത് വെക്കുന്ന, അതിരുകവിയുകയോ അലസത പുലർത്തുകയോ ചെയ്യാത്ത മനുഷ്യൻ എന്നാണ്. നീതിമാനായ ഭരണാധികാരിയെയാണ് നബി -ﷺ- ഹദീഥിൽ ആദ്യമായി എടുത്തു പറഞ്ഞത്; കാരണം അദ്ദേഹത്തെ കൊണ്ടുള്ള പ്രയോജനം ജനങ്ങൾക്കെല്ലാം വ്യാപകമായി ലഭിക്കുന്ന വിധത്തിലുള്ളതാണ്."
ഒരു നിസ്കാരത്തിൽ പങ്കെടുത്തതിന് ശേഷം അടുത്ത നിസ്കാരം വരെ കാത്തിരിക്കുന്നതിനുള്ള ശ്രേഷ്ഠത.
നവവി (رحمه الله) പറയുന്നു: "ഈ ഹദീഥ് അല്ലാഹുവിൻ്റെ പേരിൽ പരസ്പരം സ്നേഹിക്കുവാനുള്ള പ്രോത്സാഹനവും, അതിനുള്ള മഹത്തരമായ ശ്രേഷ്ഠതയെ കുറിച്ചും വിവരണവും ഉൾക്കൊള്ളുന്നു."
യുവാവിനെ വ്യഭിചാരത്തിലേക്ക് ക്ഷണിക്കുന്ന സ്ത്രീ സ്ഥാനമാനമുള്ളവരും, ഭംഗിയുള്ളവരുമാണെന്ന് പ്രത്യേകം എടുത്തു പറഞ്ഞത്, അത്തരം സ്ത്രീകളെയാണ് പൊതുവെ ജനങ്ങൾ ആഗ്രഹിക്കുക, അവരെ ലഭിക്കാനാണ് മനുഷ്യർ ശ്രമിക്കുക, അവരെ പ്രാപിക്കാൻ സാധിക്കുക എന്നത് പ്രയാസകരവുമാണ് എന്ന വസ്തുതയെല്ലാം പരിഗണിച്ചു കൊണ്ടാണ്.
ദാനധർമ്മങ്ങളുടെ കാര്യത്തിൽ ഏറ്റവും ശ്രേഷ്ഠവും ലോകമാന്യത്തിൽ നിന്ന് കൂടുതൽ അകലം നൽകുന്നതും അത് രഹസ്യമാക്കുക എന്നതാണ്. എന്നാൽ പരസ്യമായും സകാത്തും ദാനവും നൽകാവുന്നതാണ്; ലോകമാന്യത്തിൽ നിന്ന് മുക്തമായ നിലയിൽ, മറ്റുള്ളവരെ കൂടെ ദാനത്തിന് പ്രേരിപ്പിക്കാനും അവർക്കും പ്രോത്സാഹനം നൽകാനും, ഇസ്‌ലാമിൻ്റെ മേന്മ ജനങ്ങൾക്ക് വ്യക്തമാകുന്നതിനും വേണ്ടി ഇപ്രകാരം ദാനം പരസ്യമാക്കുന്നതിൽ തെറ്റില്ല.
ഹദീഥിൽ പരാമർശിക്കപ്പെട്ട ഏഴു വിഭാഗങ്ങൾക്ക് ഈ പറയപ്പെട്ട പ്രത്യേകത നൽകപ്പെട്ടത് അവരുടെ പ്രവർത്തനങ്ങളിലെ ഇഖ്ലാസും (അല്ലാഹുവിന് മാത്രം നിഷ്കളങ്കമായി ചെയ്യുക എന്നത്), ദേഹേഛകൾക്കെതിരെ അവർ നടത്തിയ ശക്തമായ എതിർത്തു നിൽപ്പും കാരണത്താലാണ്.
ഹദീഥിൽ ഏഴ് വിഭാഗമാളുകളെയാണ് പ്രത്യേകം എടുത്തു പറഞ്ഞത് എങ്കിലും അവർക്ക് മാത്രമേ ഈ അനുഗ്രഹം ലഭിക്കൂ എന്ന് അതിന് അർത്ഥമില്ല. കാരണം, മറ്റു ചില ഹദീഥുകളിൽ ഇതല്ലാത്ത ചിലർക്കും അല്ലാഹുവിൻ്റെ തണൽ ലഭിക്കുന്നതാണെന്ന് സ്ഥിരപ്പെട്ടിട്ടുണ്ട്.
ഇബ്നു ഹജർ (رحمه الله) പറയുന്നു: "ഈ ഹദീഥിൽ പുരുഷന്മാർ എന്ന് സൂചിപ്പിക്കുന്ന 'രിജാൽ' എന്ന പദമാണ് പ്രയോഗിക്കപ്പെട്ടിരിക്കുന്നത് എങ്കിലും സ്ത്രീകൾ കൂടി അതിൽ പങ്കുചേരുന്നതാണ്. ഹദീഥിൽ പറഞ്ഞ എല്ലാ പ്രവർത്തനങ്ങളിലും അവർ പുരുഷന്മാർക്ക് തുല്യരാണ്; നീതിമാനായ ഭരണാധികാരി എന്ന കാര്യത്തിലൊഴികെ. കാരണം ഇസ്‌ലാമിക രാജ്യത്തിൻ്റെ ഭരണാധികാരി എന്ന സ്ഥാനം അവർക്കില്ല.
എന്നാൽ തൻ്റെ കീഴിലുള്ള കുടുംബത്തിൻ്റെയും മറ്റും കാര്യങ്ങളിൽ നീതി പുലർത്തിയ സ്ത്രീയാണെങ്കിൽ, ഈ പറഞ്ഞതിലും അവർക്ക് പങ്കുണ്ട്. ഇതു പോലെ, മസ്ജിദിൽ തന്നെ സമയം കഴിച്ചു കൂട്ടുക എന്ന കാര്യവും സ്ത്രീകൾക്ക് ബാധകമല്ല; കാരണം സ്ത്രീകൾ അവരുടെ വീട്ടിൽവെച്ച് നിസ്കരിക്കുക എന്നതാണ് കൂടുതൽ ശ്രേഷ്ഠം.
ഇതല്ലാത്ത എല്ലാ സ്വഭാവഗുണങ്ങളിലും സ്ത്രീകൾക്കും പങ്കുണ്ട്. ഒരു പുരുഷനെ വ്യഭിചാരത്തിന് ക്ഷണിക്കുന്ന സ്ത്രീയിൽ നിന്ന് അകലം പാലിച്ച പുരുഷൻ്റെ കാര്യത്തിൽ അത് സ്ത്രീകൾക്കും സംഭവിക്കാൻ സാധ്യതയുണ്ട്. ഭംഗിയുള്ള ഒരു രാജകുമാരനോ മറ്റോ വ്യഭിചാരത്തിലേക്ക് ക്ഷണിക്കുമ്പോൾ അക്കാര്യം അവൾക്ക് ആവശ്യമുണ്ട് എങ്കിൽ പോലും അല്ലാഹുവിനോടുള്ള ഭയത്താൽ അവൾ മാറിനിന്നാൽ അവളുടെ പ്രവർത്തിയും ഈ പറഞ്ഞതിൽ ഉൾപ്പെടും."
