കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു…

കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും

ഹുദൈഫ (رضي الله عنه) നിവേദനം: ഞങ്ങൾ ഉമർ ബ്നുൽ ഖത്താബിൻ്റെ (رضي الله عنه) അരികിലായിരുന്നു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഫിത്നകളെ (കുഴപ്പങ്ങളും പരീക്ഷണങ്ങളും) കുറിച്ച് നബി (ﷺ) വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്?" അപ്പോൾ ചിലർ പറഞ്ഞു: "ഞങ്ങൾ അതിനെ കുറിച്ച് കേട്ടിട്ടുണ്ട്." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരാൾക്ക് തൻ്റെ കുടുംബത്തിലും അയൽവാസിയിലുമുണ്ടാകുന്ന ഫിത്നകളെ കുറിച്ചായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്?" അവർ പറഞ്ഞു: "അതെ." ഉമർ (ﷺ) പറഞ്ഞു: "നിസ്കാരവും നോമ്പും ദാനധർമ്മങ്ങളും അവക്ക് പ്രായശ്ചിത്തമാകുന്നതാണ്. എന്നാൽ സമുദ്രത്തിലെ തിരമാലകൾ പോലെ ആഞ്ഞടിക്കുന്ന പരീക്ഷണങ്ങളെ കുറിച്ച് നിങ്ങളിലാരാണ് കേട്ടിട്ടുള്ളത്?" ഹുദൈഫ (رضي الله عنه) പറയുന്നു: "അതോടെ ജനങ്ങളെല്ലാം നിശബ്ദരായി. അപ്പോൾ ഞാൻ പറഞ്ഞു: "ഞാൻ കേട്ടിട്ടുണ്ട്." ഉമർ (رضي الله عنه) പറഞ്ഞു: "താങ്കൾ തന്നെ (അതിന് അർഹൻ!)" ഹുദൈഫ (رضي الله عنه) പറഞ്ഞു: "നബി (ﷺ) പറയുന്നതായി ഞാൻ കേട്ടിട്ടുണ്ട്: "കുഴപ്പങ്ങളും പരീക്ഷണങ്ങളും ഈറ്റപ്പായയിലെ കമ്പുകൾ പോലെ ഒന്നിന് പുറകെ ഒന്നായി ഹൃദയത്തിന് കാണിക്കപ്പെട്ടു കൊണ്ടിരിക്കും. ഏത് ഹൃദയമാണോ അതിൽ സ്വാധീനിക്കപ്പെടുന്നത് അവിടെ ഒരു കറുത്ത പുള്ളി വീഴും. ഏത് ഹൃദയമാണോ അതിനെ നിരസിക്കുന്നത്, അതിൽ ഒരു വെളുത്ത പുള്ളിയും വീഴും. അങ്ങനെ ഹൃദയങ്ങൾ രണ്ട് തരമായി മാറും. ഒന്ന് മിനുസമുള്ള വെള്ളപ്പാറ പോലെ; ആകാശങ്ങളും ഭൂമിയും നിലനിൽക്കുന്നിടത്തോളം ഫിത്നകൾ അതിനെ പരുക്കേൽപ്പിക്കുകയില്ല. രണ്ടാമത്തേത്, കമിഴ്ത്തി വെച്ച കറുത്ത ഒരു കൂജ പോലെയുമാകും. നന്മയെ നന്മയായോ തിന്മയെ തിന്മയായോ അത് തിരിച്ചറിയുകയില്ല; അതിൻ്റെ ദേഹേഛകൾ വലിച്ചെടുത്തതല്ലാതെ." ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "എന്നാൽ താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ അടച്ചിട്ട ഒരു വാതിലുണ്ട്; അത് പൊളിക്കപ്പെടാനായിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് പൊളിക്കപ്പെടുക തന്നെയാണോ ചെയ്യുക; ആ വാതിൽ തുറക്കപ്പെടുകയായിരുന്നു ചെയ്തിരുന്നതെങ്കിൽ അത് തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." ഞാൻ (ഹുദൈഫ) പറഞ്ഞു: "അല്ല! അത് തകർക്കപ്പെടുകയാണുണ്ടാവുക." വധിക്കപ്പെടുകയോ മരണപ്പെടുകയോ ചെയ്യാനിരിക്കുന്ന ഒരു വ്യക്തിയാണ് ആ വാതിൽ കൊണ്ട് ഉദ്ദേശ്യം എന്നും, ഈ പറഞ്ഞത് യാതൊരു അസത്യവും കലരാത്ത ഹദീഥാണെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. (ഹദീഥിൻ്റെ നിവേദകരിൽ പെട്ട) അബൂ ഖാലിദ് പറയുന്നു: ഞാൻ സഅ്ദിനോട് ചോദിച്ചു: "ഹദീഥിൽ 'അസ്‌വദ് മുർബാദ്' എന്ന് പറഞ്ഞതിൻ്റെ ഉദ്ദേശ്യം എന്താണ്?" അദ്ദേഹം പറഞ്ഞു: "കറുപ്പിനിടയിലെ തിളങ്ങുന്ന വെളുപ്പാണത്." ഞാൻ ചോദിച്ചു: "കമിഴ്ത്തി വെച്ച കൂജ" എന്നതിൻ്റെ ഉദ്ദേശ്യമെന്താണ്?" അദ്ദേഹം പറഞ്ഞു: "അത് തലതിരിച്ചു വെച്ചിരിക്കുന്നു എന്നതാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഉമറുബ്നുൽ ഖത്താബ് (رضي الله عنه) സ്വഹാബികളിൽ പെട്ട അനേകം പേരുള്ള ഒരു സദസ്സിലായിരുന്നു. അപ്പോൾ അവരോട് അദ്ദേഹം ചോദിച്ചു: നബി (ﷺ) ഫിത്നകളെ കുറിച്ച് വിവരിക്കുന്നത് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അവരിൽ ചിലർ പറഞ്ഞു: "അവിടുന്ന് ഫിത്നകളെ കുറിച്ച് പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ഒരു വ്യക്തിക്ക് തൻ്റെ സ്വന്തക്കാരായ ഭാര്യയുടെയും മക്കളുടെയും കാര്യത്തിൽ ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ ഉദ്ദേശിക്കുന്നത്; അവരോടുള്ള സ്നേഹം അതിരുകവിയുന്നതോ അവരുടെ കാര്യത്തിലുള്ള അതിരുവിട്ട പിശുക്കോ, അവരെക്കൊണ്ട് നന്മകളിൽ നിന്ന് അശ്രദ്ധനായി പോകുന്നതോ ആവാം. അവരുടെ വിഷയത്തിലുള്ള ബാധ്യതകളിൽ കുറവ് വരുത്തുകയും, അവരെ മര്യാദയും വിജ്ഞാനവും പഠിപ്പിക്കുന്നതിൽ അശ്രദ്ധ വരുത്തുന്നതും പോലുള്ള പരീക്ഷണങ്ങളും ധാരാളമുണ്ട്. അതല്ലെങ്കിൽ, അയൽവാസിയുടെ കാര്യത്തിലും മറ്റുമെല്ലാം ഉണ്ടാകുന്ന പരീക്ഷണങ്ങളായിരിക്കും നിങ്ങൾ മനസ്സിലാക്കിയത്?" അവർ പറഞ്ഞു: "അതെ." അപ്പോൾ ഉമർ (رضي الله عنه) പറഞ്ഞു: "ആ ഫിത്നകൾ ഒരാൾ സ്വയം വിചാരണ നടത്താൻ അർഹമായ പരീക്ഷണങ്ങൾ തന്നെയാണ്. അവയിൽ ചില തിന്മകൾ നിസ്കാരവും നോമ്പും ദാനധർമങ്ങളും പോലുള്ള നന്മകൾ കൊണ്ട് പൊറുക്കപ്പെട്ടേക്കാവുന്നതാണ്." എന്നാൽ ജനങ്ങളെ പൊതുവായി ബാധിക്കുന്നതും വ്യാപകമായി പരക്കുന്നതും ജനങ്ങളെ സമുദ്രത്തിലെ തിരമാലകൾ പോലെ ഇളക്കിമറിക്കുന്നതുമായ കടുത്ത ഫിത്നകളെ കുറിച്ച് നിങ്ങളിൽ ആരാണ് കേട്ടിട്ടുള്ളത്? അപ്പോൾ അവിടെ കൂടിയവർ നിശബ്ദരായി; എന്നാൽ ഹുദൈഫ (رضي الله عنه) പറഞ്ഞു: "ഞാൻ അക്കാര്യം കേട്ടിട്ടുണ്ട്." ഹുദൈഫയുടെ മറുപടി കേട്ടപ്പോൾ ഉമർ (رضي الله عنه) സന്തോഷിച്ചു; അദ്ദേഹം പറഞ്ഞു: "അല്ലാഹു താങ്കളുടെ പിതാവിനെ ആദരിക്കട്ടെ; താങ്കളെ പോലുള്ളവരെ വളർത്തിയതിന്! താങ്കൾ പറയുക." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: നബി (ﷺ) പറഞ്ഞിട്ടുണ്ട്: ഫിത്നകൾ പ്രകടമാവുകയും പുറപ്പെടുകയും ചെയ്യും; ഈറ്റപ്പായയുടെ അടരുകൾ ഉറങ്ങുന്ന മനുഷ്യൻ്റെ പുറത്ത് ഒട്ടിപ്പിടിക്കുന്നത് പോലെ അവ മനുഷ്യൻ്റെ ഹൃദയത്തിൽ ഒട്ടിപ്പിടിക്കുകയും, ആ കൂടിച്ചേരൽ മനുഷ്യൻ്റെ ഹൃദയത്തിൽ കടുത്ത സ്വാധീനം ചെലുത്തുകയും ചെയ്യുന്നതാണ്. ഈ ഫിത്നകൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരിക്കും. ഏതെങ്കിലും ഹൃദയത്തിൽ അത് പ്രവേശിക്കുകയും, ആ ഹൃദയം അതിനെ ഇഷ്ടപ്പെടുകയും, പാനീയം വലിച്ചു കുടിക്കുന്നത് പോലെ അവയുമായി കൂടിക്കലരുകയും ചെയ്താൽ ഹൃദയത്തിൽ ഒരു കറുത്ത പുള്ളി വീഴുന്നതാണ്. എന്നാൽ ഈ ഫിത്നകളെ തിരസ്കരിക്കുന്ന ഹൃദയങ്ങളിൽ ഒരു വെളുത്ത പുള്ളിയും വീഴുന്നതാണ്. അങ്ങനെ ഹൃദയങ്ങൾ രണ്ട് വിധമായി തീരും. ഒന്ന്: ഈമാൻ ശക്തമായി അടിയുറച്ച തൂവെള്ള നിറമുള്ള ഹൃദയം. എല്ലാ കലർപ്പുകളിൽ നിന്നും അത് സുരക്ഷിതമായിരിക്കും. ഫിത്നകൾ അവയിൽ പറ്റിപ്പിടിക്കുകയില്ല.മിനുസമുള്ള ഒരു പാറപ്പുറത്ത് ഒന്നും സ്വാധീനം ചെലുത്തുകയോ ഒട്ടിനിൽക്കുകയോ ചെയ്യാത്തത് പോലെ, ആ ഹൃദയം നിലകൊള്ളും. അല്ലാഹുവിനെ കണ്ടുമുട്ടുന്നത് വരെ ഏത് പരീക്ഷണവും അതിനെ യാതൊരു ഉപദ്രവവുമേൽപ്പിക്കുകയില്ല. രണ്ടാമത്തെ ഹൃദയം ഫിത്നകൾ ബാധിച്ചതിനാൽ അത് കറുത്ത നിറമായി മാറും; ചെരിച്ചു വെച്ചതോ കമിഴ്ത്തി വെച്ചതോ ആയ ഒരു കൂജ പോലെയായിരിക്കും അതിൻ്റെ സ്ഥിതി. വെള്ളം അതിൽ ബാക്കി നിൽക്കുകയേ ഇല്ല; നന്മകളോ വിജ്ഞാനമോ പ്രസ്തുത ഹൃദയത്തിൽ നിലനിൽക്കുകയില്ല എന്നത് പോലെ. അതിന് നന്മകളെ തിരിച്ചറിയാനോ തിന്മകളെ അകറ്റുവാനോ കഴിയില്ല; ഹൃദയം ആഗ്രഹിച്ചതും ഇഛിച്ചതും മാത്രമായിരിക്കും അതിൻ്റെ മുന്നിലുണ്ടാവുക. ശേഷം ഹുദൈഫ (رضي الله عنه) പറഞ്ഞു: "താങ്കളുടെ ജിവീതകാലത്ത് ഈ ഫിത്നകളൊന്നും പുറപ്പെടുകയില്ല. താങ്കൾക്കും ആ ഫിത്നകൾക്കും ഇടയിൽ ഒരു വാതിലുണ്ട്; അത് തകർക്കപ്പെടാനുള്ള സമയം അടുത്തിരിക്കുന്നു." ഉമർ (رضي الله عنه) ചോദിച്ചു: "അത് തകർക്കപ്പെടുകയാണോ ഉണ്ടാവുക?! അത് തുറക്കപ്പെടുകയായിരുന്നെങ്കിൽ ആ വാതിൽ വീണ്ടും തിരിച്ചടക്കാൻ സാധിക്കുമായിരുന്നു." അപ്പോൾ ഹുദൈഫ (رضي الله عنه) പറഞ്ഞു: "അല്ല! ആ വാതിൽ തകർക്കപ്പെടുകയാണുണ്ടാവുക. വധിക്കപ്പെടുകയോ മരിക്കുകയോ ചെയ്യുന്ന ഒരു വ്യക്തിയാണ് ആ വാതിൽ." (ഹുദൈഫ (رضي الله عنه) പറഞ്ഞു: ) ഞാൻ ഈ പറഞ്ഞതെല്ലാം സത്യവും യാഥാർത്ഥ്യവുമാണ്. ആരെങ്കിലും എഴുതിയുണ്ടാക്കിയതൊന്നുമല്ല അവ. ഏതെങ്കിലുമൊരാളുടെ അഭിപ്രായങ്ങളുമല്ല. മറിച്ച്, നബിയിൽ (ﷺ) നിന്നുള്ള ഹദീഥാണ് ഇതെല്ലാം.

فوائد الحديث

വ്യാപകമായ ഫിത്നകളുടെ അപകടം; രക്തച്ചൊരിച്ചിലിനും സമ്പദ് വ്യവസ്ഥ തകരുന്നതിനും നിർഭയത്വം നഷ്ടമാകുന്നതിനുമെല്ലാമാണ് അത് കാരണമാവുക.

വ്യക്തിപരമായ ഫിത്നകളും പരീക്ഷണങ്ങളും ഒരാളുടെ ദീനിൻ്റെ കാര്യത്തിലാണ് ബാധിച്ചിരിക്കുന്നതെങ്കിൽ അയാൾ ആക്ഷേപാർഹനാണ്. കാരണം ബിദ്അത്തുകളോ തിന്മകളോ ബാധിക്കുമ്പോഴാണ് അവ ദീനിലെ പരീക്ഷണമാകുന്നത്. എന്നാൽ ദുനിയാവുമായി മാത്രം ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് അവയെങ്കിൽ അത് ആ വ്യക്തിയെ പരിശോധിച്ചറിയുന്നതിനുള്ളതാണ്; അത്തരം സന്ദർഭങ്ങളിൽ അയാൾ ക്ഷമ കൈക്കൊള്ളുകയാണ് വേണ്ടത്.

ഹൃദയത്തിൽ പ്രദർശിപ്പിക്കപ്പെടുന്ന ഫിത്നകൾ ഹൃദയത്തെ സ്വാധീനിക്കുന്നതാണ്. സന്മാർഗത്തിൽ ഉറച്ചു നിൽക്കാൻ അല്ലാഹു തൗഫീഖ് നൽകിയവർ മാത്രമാണ് അവിടെ സൗഭാഗ്യവാനായുള്ളത്.

നവവി (رحمه الله) പറഞ്ഞു: "തഹ്‌രീറിൻ്റെ രചയിതാവ് പറഞ്ഞു: ഹദീഥിൻ്റെ ഉദ്ദേശ്യം: ഒരാൾ തൻ്റെ ദേഹേഛകളെ പിൻപറ്റുകയും തിന്മകൾ പ്രവർത്തിക്കുകയും ചെയ്താൽ ഓരോ തിന്മകൾക്കും പകരമായി അവൻ്റെ ഹൃദയത്തിൽ ഒരു ഇരുട്ട് പ്രവേശിക്കുന്നതാണ്. ഹൃദയം ഈ രൂപത്തിൽ മാറിക്കഴിഞ്ഞാൽ അവനെ ഫിത്നകൾ ബാധിക്കുകയും ഇസ്‌ലാമിൻ്റെ പ്രകാശം അവൻ്റെ ഹൃദയത്തിൽ നിന്ന് നീങ്ങുകയും ചെയ്യും. ഹൃദയം ഒരു കൂജ പോലെയാണ്; അത് കമിഴ്ത്തി വെച്ചാൽ ഒരു വെള്ളവും അതിലേക്ക് പിന്നീട് പ്രവേശിക്കുകയില്ല."

ഹദീഥിൽ 'നിനക്ക് പിതാവില്ലാതിരിക്കട്ടെ' എന്ന് വാക്കർത്ഥം നൽകാവുന്ന ഒരു പദം ഉമർ

(رضي الله عنه) ഹുദൈഫ

(رضي الله عنه) വിനോട് പറഞ്ഞതായി കാണാം. ഒരു കാര്യത്തിന് തുനിഞ്ഞിറങ്ങാനും തയ്യാറെടുക്കാനും പ്രോത്സാഹനം നൽകുമ്പോൾ അറബികൾ പ്രയോഗിക്കുന്ന വാചകം മാത്രമാണത്; (അതിൻ്റെ വാചികാർത്ഥം അവിടെ ഉദ്ദേശിക്കപ്പെടുന്നില്ല). ഒരാളും സഹായിക്കാനില്ലെങ്കിലും നീ ഒരുങ്ങിയിറങ്ങുക എന്നർത്ഥം.

ഉമർ (رضي الله عنه) വിൻ്റെ ശ്രേഷ്ഠത. ജനങ്ങൾക്കും ഫിത്നകൾക്കും ഇടയിൽ തടസ്സമായി നിലകൊള്ളുന്ന അടച്ചിട്ട വാതിലായിരുന്നു അദ്ദേഹം.

التصنيفات

ദേഹേഛക്കും തന്നിഷ്ടത്തിനുമുള്ള ആക്ഷേപങ്ങൾ