മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു

മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു

ഉഖ്ബത്തു ബ്നു ആമിർ (رضي الله عنه) നിവേദനം: "മൂന്ന് സമയങ്ങളിൽ നിസ്കരിക്കുകയോ, മരിച്ചവരെ ഖബ്റടക്കുകയോ ചെയ്യുന്നത് നബി -ﷺ- ഞങ്ങളോട് വിലക്കിയിരുന്നു. സൂര്യൻ ഉദിച്ചുവരുന്ന സമയം മുതൽ ഉദിച്ചുയരുന്നതു വരെ. സൂര്യൻ മദ്ധ്യത്തിൽ നിൽക്കുന്നത് മുതൽ അത് മദ്ധ്യത്തിൽ നിന്ന് തെറ്റുന്നത് വരെ. സൂര്യൻ അസ്തമിക്കുന്നത് തുടങ്ങുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

പകലിൻ്റെ മൂന്ന് സമയങ്ങളിൽ സുന്നത്തായ നിസ്കാരങ്ങൾ നിർവ്വഹിക്കുന്നതോ, മരിച്ചവരെ മറവ് ചെയ്യുന്നതോ നബി -ﷺ-വിലക്കിയിരിക്കുന്നു. ഒന്നാമത്തെ സമയം: സൂര്യൻ ഉദിച്ചുയരുന്ന സമയമാണ്; സൂര്യൻ ഉദിക്കുന്നതിൻ്റെ തുടക്ക സമയം മുതൽ ഒരു കുന്തത്തിൻ്റെ ഉയരത്തോളം അത് ഉയരുന്നത് വരെയുള്ള സമയമാണത്. ഏകദേശം കാൽ മണിക്കൂർ സമയമാണ് ഈ സമയത്തിൻ്റെ ദൈർഘ്യം. രണ്ടാമത്തെ സമയം: സൂര്യൻ ആകാശത്തിൻ്റെ മദ്ധ്യത്തിൽ വന്നെത്തുന്ന സമയമാണ്. ഈ സമയത്ത് സൂര്യന് കിഴക്കുഭാഗത്തോ പടിഞ്ഞാറ് ഭാഗത്തോ നിഴലുണ്ടായിരിക്കുകയില്ല. ഈ സമയം മുതൽ സൂര്യൻ മദ്ധ്യത്തിൽ നിന്ന് നീങ്ങുന്നത് വരെ -അതായത്, ദ്വുഹർ നിസ്കാരത്തിൻ്റെ സമയം ആരംഭിക്കുന്നത് വരെ- ഈ വിലക്ക് നീണ്ടുനിൽക്കും. ഏകദേശം അഞ്ചു മിനിറ്റ് മാത്രം നീണ്ടേക്കാവുന്ന, വളരെ കുറഞ്ഞ ഒരു സമയമാണിത്. മൂന്നാമത്തെ സമയം: സൂര്യൻ പടിഞ്ഞാറ് അസ്തമിക്കാൻ ആരംഭിക്കുന്നത് മുതൽ അസ്തമിച്ചു തീരുന്നത് വരെ.

فوائد الحديث

നിസ്കാരം വിലക്കപ്പെട്ട സമയങ്ങൾ ഈ ഹദീഥിലും മറ്റു ഹദീഥുകളിലും വന്നത് പ്രകാരം അഞ്ച് സമയങ്ങളാണ്.

1-ഫജ്ർ നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിക്കുന്നത് വരെ. 2-സൂര്യൻ ഉദിക്കുന്ന വേള മുതൽ സൂര്യൻ ഒരു കുന്തത്തിൻ്റെ ഉയരത്തിലേക്ക് ഉദിച്ചെത്തുന്നത് വരെയുള്ള സമയം; ഏകദേശം പതിനഞ്ച് മിനുട്ട് സമയമാണ് ഇതിൻ്റെ ദൈർഘ്യം.

3-സൂര്യൻ നേരെ നെറുകയിൽ നിൽക്കുന്ന സമയം മുതൽ സൂര്യൻ പടിഞ്ഞാറിലേക്ക് തെറ്റുന്നത് വരെയുള്ള സമയം; ഈ സമയം ഒരാൾ വെയിലിൽ നിൽക്കുമ്പോൾ പടിഞ്ഞാറ് ഭാഗത്തോ കിഴക്ക് ഭാഗത്തോ അയാൾക്ക് നിഴലുണ്ടായിരിക്കുകയില്ല. ഏകദേശം അഞ്ച് മിനുട്ട് സമയമാണ് ഇതിൻ്റെ ദൈർഘ്യം എന്ന് ചിലർ കണക്കാക്കിയിട്ടുണ്ട്.

4-അസ്ർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെ.

5-സൂര്യൻ മഞ്ഞ നിറത്തിലാകുന്നത് മുതൽ സൂര്യൻ അസ്തമിക്കുന്നത് വരെ.

ഹദീഥിൽ വിവരിക്കപ്പെട്ട ഈ അഞ്ച് സമയങ്ങളിൽ നിസ്കരിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. നിർബന്ധ നിസ്കാരങ്ങളും നിശ്ചിതകാരണമുണ്ടായതിനാൽ നിർവ്വഹിക്കുന്ന നിസ്കാരങ്ങളും ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്.

ഹദീഥിൽ വിവരിക്കപ്പെട്ട മൂന്ന് സമയങ്ങളിലേക്ക് ഖബ്റടക്കം പ്രത്യേകമായി വൈകിപ്പിക്കുന്നത് വിലക്കപ്പെട്ടിരിക്കുന്നു. എന്നാൽ അതല്ലാത്ത രാവിലെയോ രാത്രിയിലോ ഉള്ള ഏത് സമയമാണെങ്കിലും ഖബ്റടക്കുന്നത് അനുവദനീയമാണ്.

ഹദീഥിൽ പറയപ്പെട്ട ഈ സമയങ്ങളിൽ നിസ്കാരം വിലക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി എന്താണ് എന്ന് ചിലർ ചോദിച്ചേക്കാം.

ഒന്നാമതായി, അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് കീഴൊതുങ്ങുന്നവനും അവൻ്റെ വിരോധങ്ങളിൽ നിന്ന് വിട്ടുനിൽക്കുന്നവനുമാണ് ഒരു മുസ്‌ലിം; ഇപ്രകാരം അല്ലാഹുവിനെ അനുസരിക്കുന്നത് അവനുള്ള ആരാധനയുടെ ഭാഗമാണ്. ഒരു കാര്യം കൽപ്പിക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി ബോധ്യപ്പെടുന്നത് വരെ അക്കാര്യം അനുസരിക്കുകയില്ല എന്ന് പറയാൻ അവന് അനുവാദമില്ല. മറിച്ച്, അല്ലാഹുവിൻ്റെ ഏതൊരു കൽപ്പനക്കും കീഴൊതുങ്ങാൻ അവൻ ബാധ്യസ്ഥനാണ്. ഈ പറഞ്ഞ അടിത്തറ മനസ്സിലാക്കിയതിന് ശേഷം, ഹദീഥിൽ വിവരിക്കപ്പെട്ട മറ്റു ചില യുക്തികൾ ഇനി പറയാം:

1- സൂര്യൻ നേർരേഖയിൽ നിൽക്കുന്ന മദ്ധ്യാഹ്ന വേളയിൽ നരകം ശക്തമായി ആളിക്കത്തിക്കപ്പെടുന്നതാണ്. ഇതു കൊണ്ടാണ് ഈ സമയത്തുള്ള നിസ്കാരം വിലക്കപ്പെട്ടത്.

2- സൂര്യൻ ഉദിക്കുമ്പോഴും അസ്തമിക്കുമ്പോഴും നിസ്കരിക്കുന്നത് വിലക്കപ്പെട്ടതിൻ്റെ പിന്നിലെ യുക്തി: ബഹുദൈവാരാധകർ സൂര്യനമസ്കാരം നിർവ്വഹിക്കുന്ന സമയമാണ് സൂര്യോദയത്തിൻ്റെയും അസ്തമയത്തിൻ്റെയും സമയമെന്നതാണ്. ഈ സമയത്ത് ആരാധനകൾ നിർവ്വഹിക്കുക എന്നതിൽ ബഹുദൈവാരാധകരോട് സദൃശ്യപ്പെടുക എന്ന തിന്മയുണ്ട്.

3- സുബ്ഹി നിസ്കാരത്തിന് ശേഷം സൂര്യൻ ഉദിച്ചുയരുന്നത് വരെയുള്ള സമയവും, അസ്ർ നിസ്കാരത്തിന് ശേഷം സൂര്യൻ അസ്തമിക്കുന്നത് വരെയുള്ള സമയവും നിസ്കാരം വിലക്കപ്പെട്ടതിൻ്റെ ഉദ്ദേശ്യം ബഹുദൈവാരാധകരോടും നിഷേധികളോടും സദൃശ്യരാകുന്നത് തടയുക എന്നതാണ്. അവരുടെ സൂര്യന് സാഷ്ടാംംഗം നമിക്കുന്ന സമയമാണ് ഇവ രണ്ടും. അവരുടെ ബഹുദൈവാരാധനാപരമായ ആചാരത്തോട് ഒരു മുസ്‌ലിം സദൃശ്യനാകരുത്.

التصنيفات

നിസ്കാരം വിലക്കപ്പെട്ട സമയങ്ങൾ