സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല

സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: മദീനയിലെ വഴികളിലൊന്നിൽ വെച്ച് അദ്ദേഹത്തെ നബി -ﷺ- കണ്ടുമുട്ടി; (ആ സമയം അബൂഹുറൈറ) ജനാബത്തുകാരനായിരുന്നു. അദ്ദേഹം പതിയെ വലിഞ്ഞു പോവുകയും (ജനാബത്തിൽ നിന്ന്) കുളിക്കുകയും ചെയ്തു. നബി -ﷺ- അബൂ ഹുറൈറയെ അന്വേഷിച്ചു. അദ്ദേഹം വന്നപ്പോൾ അവിടുന്ന് പറഞ്ഞു: "ഹേ അബൂഹുറൈറ! നീ എവിടെയായിരുന്നു?!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! താങ്കൾ എന്നെ കണ്ടുമുട്ടിയ സന്ദർഭത്തിൽ ഞാൻ ജനാബത്തുകാരനായിരുന്നു. കുളിക്കാതെ താങ്കളോടൊപ്പം ഇരിക്കുന്നതിൽ എനിക്ക് തൃപ്തിയുണ്ടായിരുന്നില്ല." അപ്പോൾ നബി -ﷺ- പറഞ്ഞു: "സുബ്ഹാനല്ലാഹ്! തീർച്ചയായും ഒരു മുഅ്മിൻ അശുദ്ധിയാവുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

നബി -ﷺ- അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- വിനെ മദീനയിലെ ഒരു വഴിയിൽ വെച്ച് കണ്ടുമുട്ടി. ആ സന്ദർഭത്തിൽ അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- ജനാബത്തിലായിരുന്നു. നബി -ﷺ- യോടുള്ള ആദരവ് കാരണത്താൽ ജനാബത്തുള്ള ആ അവസ്ഥയിൽ അവിടുത്തോടൊപ്പം ഇരിക്കുന്നതിലും സംസാരിക്കുന്നതിലും അദ്ദേഹത്തിന് ശരി തോന്നിയില്ല. താൻ അശുദ്ധനാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ. അതിനാൽ അദ്ദേഹം പതുക്കെ അവിടെ നിന്ന് വലിയുകയും, (ജനാബത്തിൽ നിന്ന് ശുദ്ധിയാകുന്നതിന് വേണ്ടി) കുളിക്കുകയും ചെയ്തു. ശേഷം മടങ്ങിവന്ന് നബി -ﷺ- യുടെ മുന്നിൽ ഇരുന്നപ്പോൾ അവിടുന്ന് അദ്ദേഹം എവിടെയായിരുന്നു എന്ന് അന്വേഷിച്ചു. അപ്പോൾ തൻ്റെ കാര്യം അദ്ദേഹം തുറന്നു പറഞ്ഞു. ജനാബത്തുകാരനായതിനാൽ താൻ അശുദ്ധിയിലായിരുന്നെന്നും, ആ അവസ്ഥയിൽ നബി -ﷺ- യോടൊപ്പം ഇരിക്കുന്നതിൽ അദ്ദേഹത്തിന് തൃപ്തിയുണ്ടായില്ലെന്നും അദ്ദേഹം വിവരിച്ചു. നബി -ﷺ- അതു കേട്ടപ്പോൾ അത്ഭുതം കൂറുകയും, അദ്ദേഹത്തെ ഇപ്രകാരം അറിയിക്കുകയും ചെയ്തു: "തീർച്ചയായും ഒരു മുഅ്മിൻ ശുദ്ധിയുള്ളവനാണ്; അവൻ ഒരവസ്ഥയിലും അശുദ്ധനാവുകയില്ല. ജീവിച്ചിരിക്കുമ്പോഴും മരിച്ചാലും അവൻ്റെ കാര്യം അപ്രകാരമാണ്."

فوائد الحديث

നിസ്കാരം, മുസ്ഹഫ് സ്പർശിക്കൽ, മസ്ജിദിൽ സമയം കഴിച്ചു കൂട്ടൽ; ഈ കാര്യങ്ങൾക്ക് മാത്രമേ ജനാബത്ത് തടസ്സമാകുകയുള്ളൂ. മുസ്‌ലിംകളോടൊപ്പം ഇരിക്കുന്നതിനോ അവരുമായി സംസാരിക്കുന്നതിനോ ജനാബത്ത് തടസ്സമല്ല. ജനാബത്ത് കാരണത്താൽ മുസ്ലിമായ ഒരു വ്യക്തി അശുദ്ധനാകുന്നുമില്ല.

(അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും പരലോകത്തെയും) സത്യപ്പെടുത്തുന്ന വിശ്വാസിയായ മുഅ്മിൻ ജീവിച്ചിരിക്കുമ്പോഴും മരിച്ചു കഴിഞ്ഞാലും ശുദ്ധിയുള്ളവൻ തന്നെ.

മഹത്വവും വിജ്ഞാനവും നന്മയുമുള്ളവരെ ആദരിക്കുകയും, അവരോടൊപ്പം ഏറ്റവും നല്ല രൂപത്തിൽ സഹവസിക്കുകയും വേണം.

(അദ്ധ്യാപകനും ശിഷ്യനും, സേനാനായകനും ഭടനും പോലെയുള്ള ബന്ധങ്ങളിൽ) നേതാവിനോട് അനുയായി സമ്മതം ചോദിക്കണം. നബി -ﷺ- യോട് അറിയിക്കാതെ അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- എഴുന്നേറ്റു പോയത് അവിടുന്ന് തിരുത്തുകയാണ് ചെയ്തത്. കാരണം, പോകുന്നതിന് മുൻപ് സമ്മതം ചോദിക്കുക എന്നത് നല്ല മര്യാദകളിൽ പെട്ടതാണ്.

അത്ഭുതകരമായ കാര്യങ്ങൾ കാണുമ്പോൾ 'സുബ്ഹാനല്ലാഹ്' എന്ന് പറയൽ (സുന്നത്താണ്).

പുറമേക്ക് പറയാൻ ലജ്ജിക്കേണ്ട കാര്യങ്ങൾ ആവശ്യം വന്നാൽ പറയുന്നത് അനുവദനീയമാണ്.

(അല്ലാഹുവിനെയും അവൻ്റെ ദൂതനെയും പരലോകത്തെയും) നിഷേധിക്കുന്ന കാഫിർ നജസായ മാലിന്യമാണ്. അവൻ്റെ വിശ്വാസത്തിൻ്റെ വൃത്തികേട് കാരണത്താൽ അവന് ആന്തരികമായ മലിനത ബാധിച്ചിരിക്കുന്നു.

നവവി -رَحِمَهُ اللَّهُ- പറഞ്ഞു: "ശരിയായ മാർഗത്തിന് വിരുദ്ധമായ ഒരു കാര്യമാണ് തൻ്റെ കീഴിലുള്ളയാൾ ചെയ്യുന്നതെന്ന് കണ്ടാൽ അവൻ്റെ മേൽ അധികാരമുള്ള വ്യക്തി അതിനെ കുറിച്ച് അവനോട് ചോദിക്കണമെന്നും, അവന് ശരിയേതാണെന്ന് വ്യക്തമാക്കി കൊടുക്കുകയും, അതിൻ്റെ വിധി അറിയിച്ചു കൊടുക്കുകയും വേണമെന്നും ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം. അല്ലാഹുവിനാണ് കൂടുതൽ അറിയുക."

التصنيفات

നജസുകൾ നീക്കം ചെയ്യൽ, കുളി