ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ…

ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ അവനും ഞാനും ഇപ്രകാരമായിരിക്കും." (എന്നു പറഞ്ഞു കൊണ്ട്) തൻ്റെ വിരലുകൾ അവിടുന്ന് ചേർത്തുപിടിച്ചു

അനസ് ബ്‌നു മാലിക് -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും രണ്ട് പെൺകുട്ടികളെ പ്രായപൂർത്തിയാകുന്നത് വരെ നോക്കിവളർത്തിയാൽ ഖിയാമത് നാളിൽ വന്നെത്തുമ്പോൾ അവനും ഞാനും ഇപ്രകാരമായിരിക്കും." (എന്നു പറഞ്ഞു കൊണ്ട്) തൻ്റെ വിരലുകൾ അവിടുന്ന് ചേർത്തുപിടിച്ചു.

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ആർക്കെങ്കിലും രണ്ട് പെൺമക്കളോ സഹോദരിമാരോ ഉണ്ടായിരിക്കുകയും, അവരെ വളർത്തുന്നതിൻ്റെ ചെലവ് അവൻ വഹിക്കുകയും, അവരെ നല്ല സ്വഭാവ മര്യാദകൾ പഠിപ്പിക്കുകയും, നന്മയിലേക്ക് വഴികാണിക്കുകയും, തിന്മകളിൽ നിന്ന് താക്കീത് നൽകുകയും മറ്റുമെല്ലാം ചെയ്യുകയും, അങ്ങനെ അവർ വലുതാവുകയും പ്രായപൂർത്തിയെത്തുകയും ചെയ്താൽ അതിനുള്ള പ്രതിഫലമായി അന്ത്യനാളിൽ അവൻ നബി -ﷺ- യോടൊപ്പമായിരിക്കും വന്നെത്തുക; നബിയുമായുള്ള അവരുടെ അടുപ്പം സൂചിപ്പിച്ചു കൊണ്ട്) അവിടുന്ന് -ﷺ- തൻ്റെ ചൂണ്ടുവിരലും നടുവിരലും ചേർത്തു പിടിച്ചു കാണിച്ചു.

فوائد الحديث

പെൺമക്കളെ വളർത്തുകയും അവർ പ്രായപൂർത്തിയെത്തുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നത് വരെ അവരുടെ ചെലവുകൾ ഏറ്റെടുക്കുകയും ചെയ്യുന്നതിന് മഹത്തരമായ പ്രതിഫലമുണ്ട്; സഹോദരിമാരുടെ കാര്യത്തിലും ഇത് ബാധകമാണ്.

ആൺമക്കളെ വളർത്തുന്നതിനുള്ള പ്രതിഫലത്തേക്കാൾ വലുതാണ് പെൺമക്കളെ വളർത്തുന്നതിനുള്ള പ്രതിഫലം. ആൺകുട്ടികളെ വളർത്തുന്നതിൻ്റെ കാര്യത്തിൽ ഇതു പോലുള്ള ഹദീഥുകൾ വന്നിട്ടില്ല.

കാരണം സ്ത്രീകളെ വളർത്താനുള്ള ചെലവുകളും, അവരുടെ കാര്യങ്ങൾ ശ്രദ്ധിക്കാനുള്ള പ്രയത്നവും ആൺമക്കളുടെ കാര്യത്തിലുള്ളതിനേക്കാൾ കൂടുതലാണ്. അവർ മറക്കുള്ളിൽ നിൽക്കുന്നവരാണ് എന്നതിനാൽ സ്വന്തം കാര്യങ്ങൾ അവർക്ക് നേരിട്ടു ചെയ്യാൻ സാധിക്കുകയില്ല. ആൺമക്കളെ പോലെ കാര്യങ്ങളിൽ അവർക്ക് ഇടപെടാനും കഴിയില്ല.

ശത്രുക്കൾക്കെതിരെ സഹായമായി ആൺമക്കൾ നിലകൊള്ളുന്നത് പോലെ തനിക്ക് ശക്തിപകരാനോ, തൻ്റെ പേര് നിലനിർത്താനോ, കുടുംബപരമ്പര തുടരാനോ മറ്റോ ആൺമക്കളെ കൊണ്ട് കഴിയുന്നത് പോലെ പെൺമക്കൾക്ക് സാധിക്കുകയില്ല എന്നതിനാൽ അവരെ വളർത്തുന്നതിൽ രക്ഷിതാക്കൾക്ക് താൽപ്പര്യക്കുറവ് ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. അതിനാൽ പെൺമക്കളുടെ കാര്യത്തിൽ കൂടുതൽ ക്ഷമയും ഇഖ്ലാസും നല്ല നിയ്യത്തും ആവശ്യമായുണ്ട്. ഇതെല്ലാം അവൻ്റെ പ്രതിഫലം അധികരിക്കാനും, അന്ത്യനാളിൽ അവൻ നബി -ﷺ- യുടെ സഹചാരിയാകാനും കാരണമാകുന്നതാണ്.

പെൺകുട്ടി പ്രായപൂർത്തിയായി എന്നതിൻ്റെ അടയാളങ്ങൾ ഇവയിൽ ഏതെങ്കിലുമൊന്ന് സംഭവിക്കലാണ്: (1) പതിനഞ്ച് വയസ്സ് പൂർത്തിയാവുക. (2) ആർത്തവം ആരംഭിക്കുക (പതിനഞ്ച് വയസ്സിന് മുൻപാണെങ്കിൽ പോലും). (3) ഗുഹ്യസ്ഥാനങ്ങൾക്ക് ചുറ്റും കട്ടിയുള്ള രോമം മുളച്ചു തുടങ്ങുക. (4) ഉറക്കത്തിലോ മറ്റോ സ്ഖലനം സംഭവിക്കുക.

ഖുർത്വുബി -رَحِمَهُ اللَّهُ- പറയുന്നു: പെൺമക്കൾക്ക് പ്രായപൂർത്തിയാകുന്നത് വരെ എന്നത് കൊണ്ട് ഉദ്ദേശ്യം അവർക്ക് പ്രായപൂർത്തിയെത്തുകയും അവർ ഒറ്റക്ക് നിൽക്കാൻ സാധിക്കുന്ന അവസ്ഥയിലെത്തുകയും ചെയ്യുന്നത് വരെ എന്നാണ്. സ്ത്രീകളുടെ കാര്യത്തിൽ അത് സംഭവിക്കുന്നത് അവർ ഭർത്താവുമായി വീട് കൂടുന്നതോട് കൂടെയാണ്. അവർക്ക് ആർത്തവം ആരംഭിക്കുകയും അവർ മതവിധികൾ ബാധകമാവുന്നവരിൽ ഉൾപ്പെടുകയും ചെയ്യുന്നതോടെ രക്ഷാകർത്താവിൻ്റെ ബാധ്യത അവസാനിച്ചിട്ടില്ലെന്നർത്ഥം. കാരണം ചില സന്ദർഭങ്ങളിൽ അതിന് മുൻപ് അവർ വിവാഹം കഴിക്കുകയും ഭർത്താവ് അവളുടെ കാര്യങ്ങൾ ശ്രദ്ധിക്കുന്ന അവസ്ഥയിൽ മറ്റൊരു രക്ഷാകർത്താവിൻ്റെ ആവശ്യം അവൾക്കില്ലാത്ത സ്ഥിതി ഉണ്ടാവുകയും ചെയ്തേക്കാം. ചിലപ്പോൾ ആർത്തവം ആരംഭിച്ച ശേഷവും അവൾക്ക് സ്വന്തം കാര്യങ്ങൾ ചെയ്തു തീർക്കാൻ സാധിക്കാത്ത സ്ഥിതി വന്നെത്തിയേക്കാം. അവളെ ഈ അവസ്ഥയിൽ ഉപേക്ഷിച്ചാൽ അവൾ വഴിതെറ്റുകയും അവളുടെ ജീവിതാവസ്ഥകൾ തകിടം മറിയുകയും ചെയ്തേക്കാം. അതിനാൽ ആ സന്ദർഭത്തിൽ അവളെ പരിചരിക്കുകയും സംരക്ഷിക്കുകയും ചെയ്യുക എന്നതും, അവളെ ഒരാൾ വിവാഹം കഴിക്കുന്നത് വരെ അവൾക്ക് ഒരു രക്ഷാകർത്താവ് ഉണ്ടായിരിക്കുക എന്നതും അനിവാര്യമാണ്. എന്നുമാത്രമല്ല, അപ്പോഴാണ് അവളുടെ സംരക്ഷണം പരിപൂർണ്ണമാവുകയും അവളെ വിവാഹം ചെയ്യാൻ ആളുകൾ കടന്നു വരികയും ചെയ്യുക. ഇതു കൊണ്ടാണ് നമ്മുടെ പണ്ഡിതന്മാർ പറഞ്ഞത്: പെൺകുട്ടിക്ക് പ്രായപൂർത്തിയെത്തുന്നതോടെ രക്ഷിതാവിന് അവളോടുള്ള ബാധ്യതകൾ അവസാനിക്കുന്നില്ല. മറിച്ച്, അവൾ ഭർത്താവിനോടൊപ്പം വീടു കൂടുന്നതോടെ മാത്രമേ പിതാവിന് അവളോടുള്ള ബാധ്യതകൾ അവസാനിക്കുകയുള്ളൂ.

التصنيفات

സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ