അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ…

അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ നിനക്ക് ഉത്തമം

സഹ്ല് ഇബ്നു സഅ്ദ് (رَضِيَ اللَّهُ عَنْهُ) വിൽനിന്ന് ബുഖാരിയും മുസ്ലിമും നിവേദനം ചെയ്യുന്നു: അല്ലാഹുവിൻ്റെ റസൂൽ (ﷺ) ഖൈബർ യുദ്ധദിനം പറഞ്ഞു: "അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും ഇഷ്ടപ്പെടുന്ന, അല്ലാഹുവും റസൂലും ഇഷ്ടപ്പെടുന്ന ഒരാളെ ഞാൻ നാളെ (സൈന്യത്തിൻ്റെ) പതാക ഏൽപ്പിക്കുക തന്നെ ചെയ്യും; അല്ലാഹു അദ്ദേഹത്തിൻ്റെ കൈകളിലൂടെ (മുസ്‌ലിംകൾക്ക്) വിജയം നൽകും." ആർക്കായിരിക്കും പതാക നൽകപ്പെടുക എന്ന ചർച്ചയിൽ മുഴുകി ജനങ്ങൾ രാത്രി കഴിച്ചു കൂട്ടി; രാവിലെയായപ്പോൾ അവർ നബി -ﷺ- യുടെ അരികിലേക്ക് നേരത്തെ ചെന്നെത്തി. അവരെല്ലാം തങ്ങൾക്ക് പതാക ലഭിച്ചിരുന്നെങ്കിൽ എന്ന ആഗ്രഹത്തിലായിരുന്നു. അപ്പോൾ നബി -ﷺ- ചോദിച്ചു: "അലിയ്യു ബ്നു അബീ ത്വാലിബ് എവിടെ?" അദ്ദേഹം കണ്ണ് വേദന കൊണ്ട് പ്രയാസപ്പെടുകയാണ് എന്ന് ആരോ പറഞ്ഞു. നബി -ﷺ- "അലിയ്യെ വിളിക്കാൻ ആളെ പറഞ്ഞയക്കുക." അദ്ദേഹത്തെ കൊണ്ടു വരാൻ അവർ ആളെ പറഞ്ഞയച്ചു; അങ്ങനെ അദ്ദേഹം കൊണ്ടു വരപ്പെട്ടു. നബി -ﷺ- അദ്ദേഹത്തിൻ്റെ കണ്ണിൽ തൻ്റെ ഉമിനീർ തെറിപ്പിക്കുകയും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അപ്പോൾ മുൻപ് രോഗമുണ്ടായിരുന്നു എന്ന് പോലും തോന്നാത്ത രീതിയിൽ അദ്ദേഹത്തിൻ്റെ രോഗം മാറി. അലി -رَضِيَ اللَّهُ عَنْهُ- വിന് പതാക കൈമാറി. അലി ചോദിച്ചു: അല്ലാഹുവിന്റെ റസൂലേ! അവരും നമ്മെപ്പോലെ മുസ്‌ലിംകളാകുന്നതു വരേക്കും ഞാൻ അവരോട് യുദ്ധം ചെയ്യട്ടെയോ? നബി -ﷺ- പറഞ്ഞു: "അവരുടെ പ്രദേശത്ത് എത്തുന്നത് വരെ നീ സാവധാനം മുന്നേറുക. ശേഷം നീ അവരെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുക. അല്ലാഹുവിൻ്റെ മേൽ അവർക്കുള്ള ബാധ്യതകളെ കുറിച്ച് നീ അവരെ അറിയിക്കുക. അല്ലാഹു തന്നെ സത്യം! നീ കാരണം അല്ലാഹു ഒരാളെ ഹിദായത്തിൽ (സന്മാർഗത്തിൽ) ആക്കുന്നതാണ് അനേകം ചുവന്ന ഒട്ടകങ്ങൾ ലഭിക്കുന്നതിനെക്കാൾ നിനക്ക് ഉത്തമം."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

യഹൂദർക്കെതിരെ അടുത്ത ദിവസം വിജയമുണ്ടാകുമെന്ന് നബി -ﷺ- സ്വഹാബികളെ സന്തോഷവാർത്ത അറിയിക്കുന്നു. നബി -ﷺ- സൈന്യത്തിൻ്റെ അടയാളമായ പതാകയേൽപ്പിക്കുന്ന ഒരു വ്യക്തിയുടെ കൈകളിലൂടെയായിരിക്കും ആ വിജയം ലഭിക്കുക എന്നും അവിടുന്ന് അറിയിച്ചു. നാളെ പതാകയേൽപ്പിക്കപ്പെടുന്ന വ്യക്തിയുടെ വിശേഷണങ്ങളിലൊന്ന്, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്നു എന്നതും, അല്ലാഹുവും റസൂലും അദ്ദേഹത്തെ സ്നേഹിക്കുന്നു എന്നതുമായിരിക്കും എന്നും അവിടുന്ന് അറിയിച്ചു. ഇത് കേട്ടതോടെ സ്വഹാബികൾ 'ആർക്കായിരിക്കും ഈ പതാക നൽകപ്പെടുക?' എന്ന കാര്യവും ചർച്ച ചെയ്തു കൊണ്ട് രാത്രി മുഴുവൻ കഴിച്ചു കൂട്ടി. കാരണം ഈ മഹത്തരമായ പദവിയും സ്ഥാനവും അവരെല്ലാം ആഗ്രഹിച്ചിരുന്നു. അങ്ങനെ രാവിലെയായപ്പോൾ അവർ നബി -ﷺ- യുടെ അടുത്തേക്ക് ചെന്നു; അവരെല്ലാം ഈ മഹത്തായ പദവി സ്വന്തത്തിന് ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. അപ്പോൾ നബി -ﷺ- അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിനെ കുറിച്ച് അന്വേഷിച്ചു. എന്നാൽ അദ്ദേഹത്തിന് കണ്ണിന് സുഖമില്ല എന്ന് ആരോ അറിയിച്ചു. അപ്പോൾ നബി -ﷺ- അദ്ദേഹത്തെ വിളിച്ചു കൊണ്ടുവരാൻ ആളെ അയക്കുകയും, അവർ അദ്ദേഹത്തെ കൂട്ടിക്കൊണ്ടു വരികയും ചെയ്തു. അങ്ങനെ നബി -ﷺ- തൻ്റെ അനുഗ്രഹീതമായ ഉമിനീർ അദ്ദേഹത്തിൻ്റെ കണ്ണിലേക്ക് തെറിപ്പിക്കുകയും, അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്തു. അതോടെ അദ്ദേഹത്തിൻ്റെ രോഗം സുഖപ്പെടുകയും, അതിന് മുൻപ് ഒരു പ്രയാസവും ഇല്ലാതിരുന്നത് പോലെ അദ്ദേഹം കാണപ്പെടുകയും ചെയ്തു. അലി -رَضِيَ اللَّهُ عَنْهُ- നോട് അവധാനതയോടെ മുന്നേറാനും, ശത്രുവിൻ്റെ കോട്ടയുടെ സമീപത്തേക്ക് എത്തിപ്പെടാനും, അവരോട് ഇസ്‌ലാമിൽ പ്രവേശിക്കാൻ ആവശ്യപ്പെടാനും, അവർ അതിനോട് അനുകൂലമായി പ്രതികരിച്ചാൽ അവർക്ക് ഇസ്‌ലാമിലെ നിർബന്ധകർമങ്ങളെ കുറിച്ച് വിവരിച്ചു നൽകാനും അവിടുന്ന് കൽപ്പിച്ചു. അല്ലാഹുവിലേക്ക് ക്ഷണിക്കുന്നതിൻ്റെ ശ്രേഷ്ഠതയെ കുറിച്ചും, ഒരാൾ സന്മാർഗത്തിലേക്ക് എത്തുന്നതിന് കാരണമായാൽ അതിലേക്ക് ക്ഷണിച്ച വ്യക്തിക്ക് ലഭിക്കുന്ന പ്രതിഫലത്തെ കുറിച്ചും, അറബികളുടെ അക്കാലഘട്ടത്തിലെ ഏറ്റവും മൂല്യമേറിയ സമ്പത്തുകളിൽ പെട്ട ചുവന്ന ഒട്ടകക്കൂട്ടങ്ങളെ ലഭിക്കുന്നതിനേക്കാളും അവ ദാനം ചെയ്യുന്നതിനേക്കാളും അവന് ഉത്തമം ഈ പ്രതിഫലമായിരിക്കുമെന്നും നബി -ﷺ- അതോടൊപ്പം അറിയിച്ചു.

فوائد الحديث

അലിയ്യു ബ്നു അബീ ത്വാലിബ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രേഷ്ഠതയും, അദ്ദേഹം അല്ലാഹുവിനെയും റസൂലിനെയും സ്നേഹിക്കുന്ന വ്യക്തിയാണെന്നും അല്ലാഹുവും അവൻ്റെ റസൂലും അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നുമുള്ള അവിടുത്തെ സാക്ഷ്യവും.

സ്വഹാബികൾക്ക് നന്മകളോടുണ്ടായിരുന്ന താൽപ്പര്യവും അതിലേക്ക് അവർ നടത്തിയിരുന്ന മത്സരവും.

യുദ്ധവേളകളിൽ പാലിക്കേണ്ട ഇസ്‌ലാമിക മര്യാദകൾ. യുദ്ധത്തിനിടയിൽ ഒരാവശ്യവുമില്ലാത്ത ശബ്ദങ്ങൾ പുറപ്പെടുവിക്കുകയോ, വിവേകമില്ലാത്ത പ്രവർത്തനങ്ങളോ പാടില്ല.

യഹൂദർക്കെതിരെ വിജയം ലഭിക്കുമെന്ന് നബി -ﷺ- മുൻകൂട്ടി അറിയിച്ചതും, അല്ലാഹുവിൻ്റെ അനുമതിയോടെ -അവിടുത്തെ കൈകളിലൂടെ- അലി -رَضِيَ اللَّهُ عَنْهُ- വിൻ്റെ കണ്ണിൻ്റെ രോഗം സുഖപ്പെട്ടതും നബി -ﷺ- യുടെ നുബുവത്തിൻ്റെ സത്യസന്ധത ബോധ്യപ്പെടുത്തുന്ന തെളിവുകളിൽ പെട്ടതാണ്.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള യുദ്ധത്തിൻ്റെ ഏറ്റവും പ്രധാനപ്പെട്ട ഉദ്ദേശ്യം ജനങ്ങൾ ഇസ്‌ലാമിൽ പ്രവേശിക്കുക എന്നതാണ്.

പ്രബോധനം ക്രമേണ ക്രമേണയായി നടത്തുകയാണ് വേണ്ടത്. രണ്ട് സാക്ഷ്യവചനങ്ങൾ ഉച്ചരിച്ചു കൊണ്ട് ഇസ്‌ലാമിലേക്ക് പ്രവേശിക്കാനാണ് ഒരു കാഫിറിനോട് ആദ്യം ആവശ്യപ്പെടേണ്ടത്. അതിന് ശേഷമാണ് ഇസ്‌ലാമിലെ മറ്റു നിർബന്ധ കർമങ്ങൾ പറഞ്ഞു കൊടുക്കേണ്ടത്.

ഇസ്‌ലാമിലേക്ക് പ്രബോധനം നടത്തുന്നതിൻ്റെ ശ്രേഷ്ഠതയും, പ്രബോധകനും പ്രബോധിതനും അതിലൂടെ ലഭിക്കുന്ന നന്മകളും. പ്രബോധിതൻ ചിലപ്പോൾ സന്മാർഗത്തിലേക്ക് വന്നെത്തിയേക്കാം. പ്രബോധകന് മഹത്തരമായ പ്രതിഫലം ലഭിക്കുകയും ചെയ്യും. അല്ലാഹുവിനാണ് കൂടുതൽ അറിയുക.

التصنيفات

മരുന്നും ചികിത്സയും മതപരമായ മന്ത്രവും, സ്വഹാബികളുടെ ശ്രേഷ്ഠതകൾ, നബി (ﷺ) യുദ്ധങ്ങളും സൈനിക നീക്കങ്ങളും