തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും

തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും

സുലൈമാൻ ബ്നു സ്വുറദ് -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ നബി -ﷺ- യോടൊപ്പം ഇരിക്കുകയായിരുന്നു. അപ്പോൾ രണ്ട് പേർ പരസ്പരം ചീത്തവിളിക്കുന്നുണ്ട്. അതിലൊരാളുടെ മുഖം ചുവക്കുകയും, കണ്ഠനാഢികൾ പുറത്തേക്ക് തള്ളുകയും ചെയ്തിരിക്കുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "തീർച്ചയായും എനിക്കൊരു വാക്ക് അറിയാം; അതവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം അവനിൽ നിന്ന് ഇല്ലാതെയാകും. أَعُوذُ بِاللَّهِ مِنَ الشَّيْطَان 'الرجيم 'ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് അല്ലാഹുവിനോട് ഞാൻ രക്ഷ ചോദിക്കുന്നു' എന്നവൻ പറഞ്ഞാൽ അവൻ അനുഭവിക്കുന്ന ഈ കാര്യം ഇല്ലാതെയാകും." അങ്ങനെ സ്വഹാബികൾ അയാളോട് ഇക്കാര്യം പറഞ്ഞു: "നീ ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് രക്ഷ ചോദിക്കണമെന്ന് നബി -ﷺ- പറഞ്ഞിരിക്കുന്നു." അപ്പോൾ അയാൾ ചോദിച്ചു: "എനിക്ക് ഭ്രാന്ത് വല്ലതുമുണ്ടോ?"

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

രണ്ടാളുകൾ നബി -ﷺ- യുടെ മുൻപിൽ വെച്ച് തർക്കിക്കുകയും പരസ്പരം ആക്ഷേപങ്ങൾ ചൊരിയുകയും ചെയ്തു. അതിൽ ഒരാളുടെ മുഖം ചുവക്കുകയും, അയാളുടെ കഴുത്തിൻ്റെ ചുറ്റുമുള്ള ഞരമ്പുകൾ വീർക്കുകയും ചെയ്യുന്നുണ്ടായിരുന്നു. അപ്പോൾ നബി -ﷺ- പറഞ്ഞു: "കടുത്ത ദേഷ്യത്തിൽ നിലകൊള്ളുന്ന ഈ വ്യക്തിയുടെ ദേഷ്യം അകറ്റിക്കളയുന്ന ഒരു വാക്ക് എനിക്കറിയാം. أَعُوذُ بِاللَّهِ مِنَ الشَّيْطَانِ الرَّجِيمِ (സാരം: ആട്ടിയകറ്റപ്പെട്ട പിശാചിൽ നിന്ന് ഞാൻ രക്ഷ തേടുന്നു) എന്നതാണത്. 'പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കാൻ നബി -ﷺ- നിന്നോട് കൽപ്പിക്കുന്നു' എന്ന് സ്വഹാബികളിൽ ചിലർ അയാളോട് പറഞ്ഞു. അപ്പോൾ അദ്ദേഹം ചോദിച്ചു: "ഞാൻ ഭ്രാന്തനാണോ?" പിശാചിൽ നിന്ന് രക്ഷ തേടേണ്ടത് ഭ്രാന്തുള്ളവർ മാത്രമാണെന്നായിരുന്നു അദ്ദേഹത്തിൻ്റെ ധാരണ.

فوائد الحديث

അവസരങ്ങളുണ്ടാകുമ്പോഴെല്ലാം ജനങ്ങളെ നേർമാർഗം കാണിക്കുന്നതിലും അവർക്ക് നന്മ പഠിപ്പിച്ചു നൽകുന്നതിലും നബി -ﷺ- പുലർത്തിയിരുന്ന താൽപ്പര്യം.

കോപം പിശാചിൽ നിന്നുള്ളതാകുന്നു.

കോപം ഉണ്ടാകുമ്പോൾ പിശാചിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കണം എന്ന കൽപ്പന. അല്ലാഹു പറഞ്ഞിരിക്കുന്നു: "പിശാചിൽ നിന്നുള്ള ദുർബോധനം നിനക്കുണ്ടാകുമ്പോൾ നീ അല്ലാഹുവിനോട് രക്ഷ തേടുക."

പരസ്പരം ചീത്ത വിളിക്കുകയും, ശാപവാക്കുകൾ ചൊരിയുകയും ചെയ്യുന്നതിൽ നിന്നുള്ള താക്കീത്. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ കുഴപ്പങ്ങൾ സൃഷ്ടിക്കും എന്നതിനാൽ ഇസ്‌ലാം അവയിൽ നിന്ന് അകലം പാലിക്കാൻ കൽപ്പിക്കുന്നു.

ഗുണകാംക്ഷയും ഉപദേശങ്ങളും കേൾക്കാൻ സാധിക്കാത്ത ആൾക്ക് മറ്റൊരാൾ വഴി എത്തിച്ചു നൽകാം.

നബി -ﷺ- കോപത്തിൽ നിന്ന് താക്കീത് നൽകിയിട്ടുണ്ട്. കാരണം തിന്മകളിലേക്കും കൈവിട്ട പ്രവർത്തനങ്ങളിലേക്കും അത് നയിക്കുന്നതാണ്. അല്ലാഹുവിൻ്റെ വിധിവിലക്കുകളും അതിർവരമ്പുകളും ലംഘിക്കപ്പെടുമ്പോഴല്ലാതെ നബി -ﷺ- കോപിക്കാറില്ലായിരുന്നു; ആ കോപമാകട്ടെ, നല്ല സ്വഭാവങ്ങളിൽ പെട്ടതാണ്.

'എനിക്ക് ഭ്രാന്തുണ്ടെന്നാണോ നീ കരുതുന്നത്' എന്ന വാക്ക് പറഞ്ഞ വ്യക്തി ഒന്നുകിൽ കപടവിശ്വാസികളിൽ പെട്ടയാളോ, പരുക്കൻ സ്വഭാവമുള്ള അഅ്‌റാബികളിൽ പെട്ടയാളോ ആയിരിക്കാം എന്ന് നവവി -رَحِمَهُ اللَّهُ- രേഖപ്പെടുത്തിയിട്ടുണ്ട്.

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ, പൊടുന്നനെ സംഭവിക്കുന്ന കാര്യങ്ങളിൽ ചൊല്ലേണ്ട ദിക്റുകൾ