നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന്…

നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല

അബൂ ഖതാദഃ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നല്ല സ്വപ്നം അല്ലാഹുവിൽ നിന്നുള്ളതാണ്. മോശം സ്വപ്നം പിശാചിൽ നിന്നുള്ളതാണ്. ആരെങ്കിലും അവന് അനിഷ്ടമുണ്ടാക്കുന്ന എന്തെങ്കിലും കാര്യം കണ്ടുവെങ്കിൽ അവൻ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ഉമിനീർ ചെറുതായി തെറിപ്പിച്ചു കൊണ്ട്) തുപ്പട്ടെ. പിശാചിൽ നിന്ന് അവൻ രക്ഷതേടുകയും ചെയ്യട്ടെ. എങ്കിൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുകയില്ല."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

സന്തോഷം പകരുന്ന നല്ല സ്വപ്നങ്ങൾ അല്ലാഹുവിൽ നിന്നുള്ളതാണെന്നും, ദുഃഖവും പ്രയാസവും സൃഷ്ടിക്കുന്നവ പിശാചിൽ നിന്നുള്ളതാണെന്നും നബി -ﷺ- പഠിപ്പിക്കുന്നു. ആരെങ്കിലും പ്രയാസകരമായ എന്തെങ്കിലും സ്വപ്നം കണ്ടാൽ തൻ്റെ ഇടതു ഭാഗത്തേക്ക് മൂന്ന് തവണ (ചെറുതായി) തുപ്പുകയും, അതിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ ചോദിക്കുകയും ചെയ്യണം. എങ്കിൽ ആ സ്വപ്നം അവന് പ്രയാസമുണ്ടാക്കുന്നതല്ല. കാരണം ഹദീഥിൽ പഠിപ്പിക്കപ്പെട്ട ഈ മാർഗങ്ങൾ സ്വപ്നത്തിൻ്റെ ദുഷ്ഫലങ്ങൾ തടയാനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചിരിക്കുന്നു.

فوائد الحديث

ഉറക്കത്തിൽ ഒരാൾ കാണുന്ന കാര്യങ്ങൾക്കാണ് സ്വപ്നമെന്നും പാഴ്ക്കിനാവുകൾ എന്നുമെല്ലാം പറയാറുള്ളത്. എന്നാൽ നല്ലതും മനോഹരവുമായ കാര്യങ്ങൾ കാണുന്നതിന് പൊതുവെ അറബിയിൽ റുഅ്‌-യാ എന്ന പദവും, തിന്മകളും മോശവും കാണുന്നതിന് ഹുൽമ് എന്ന പദവുമാണ് കൂടുതലും പ്രയോഗിക്കാറുള്ളത്. നേരെ വിപരീത അർത്ഥങ്ങൾ ഉൾക്കൊള്ളുന്ന വിധത്തിലും അറബിയിൽ ഈ വാക്കുകൾ ചിലപ്പോൾ ഉപയോഗിക്കാറുണ്ട്.

സ്വപ്നങ്ങളുടെ ഇനങ്ങൾ ഇപ്രകാരമാണ്; 1- നല്ല സ്വപ്നം; സത്യവും സന്തോഷവാർത്തയും അടങ്ങുന്ന, അല്ലാഹുവിൽ നിന്നുള്ള സ്വപ്നങ്ങൾ. ഇവ ഒരാൾ സ്വയം കാണുകയോ അല്ലെങ്കിൽ അയാളെക്കുറിച്ച് മറ്റൊരാൾ കാണുകയോ ചെയ്യുന്നതാണ്. 2- മനസ്സിലെ ചിന്തകൾ; ഒരാൾ ഉണർന്നിരിക്കുമ്പോൾ ചിന്തിച്ചു കൊണ്ടിരിക്കുന്ന കാര്യങ്ങൾ അവൻ സ്വപ്നത്തിൽ കണ്ടേക്കാം. 3- പിശാചിൽ നിന്നുണ്ടാകുന്ന, ദുഖവും വിഷാദവും സൃഷ്ടിക്കുന്ന പാഴ്ക്കിനാവുകൾ.

നല്ല സ്വപ്നം കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ ചുരുക്കി പറഞ്ഞാൽ ഇവയാണ്: (1) പ്രസ്തുത സ്വപ്നത്തിന് നന്ദിയായി അല്ലാഹുവിനെ സ്തുതിക്കുക (ഹംദ് പറയുക). (2) അതിൽ സന്തോഷമുള്ളവനാവുക. (3) തന്നോട് സ്നേഹമുള്ളവരോട് മാത്രം ആ സ്വപ്നത്തെ കുറിച്ച് സംസാരിക്കുക; വെറുപ്പ് വെച്ചു പുലർത്തുന്നവരോട് അത് പറയരുത്.

അനിഷ്ടകരമായ സ്വപ്നങ്ങൾ കണ്ടാൽ ചെയ്യേണ്ട കാര്യങ്ങൾ അഞ്ചാണ്: (1) പ്രസ്തുത സ്വപ്നത്തിൻ്റെ ഉപദ്രവത്തിൽ നിന്ന് അല്ലാഹുവിനോട് രക്ഷ തേടുക. (2) പിശാചിൽ നിന്ന് രക്ഷ തേടുക. (3) ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നാൽ തൻ്റെ ഇടതുഭാഗത്തേക്ക് മൂന്ന് തവണ (ചെറുതായി) തുപ്പുക. (4) പ്രസ്തുത സ്വപ്നം ഒരാളോടും പറയാതിരിക്കുക. (5) സ്വപ്നം കണ്ടതിന് ശേഷം വീണ്ടും ഉറങ്ങാൻ തീരുമാനിക്കുകയാണെങ്കിൽ അവൻ കിടന്നിരുന്ന വശം മാറിക്കിടക്കുക. ഇത്രയും ചെയ്താൽ ആ സ്വപ്നം അവന് ഉപദ്രവമേൽപ്പിക്കുന്നതല്ല.

التصنيفات

സ്വപ്നവുമായി ബന്ധപ്പെട്ട മര്യാദകൾ