അറിയുക! തീർച്ചയായും ദുനിയാവ് (ഇഹലോകം) ശപിക്കപ്പെട്ടതാണ്; അതിലുള്ളതും ശപിക്കപ്പെട്ടത് തന്നെ. അല്ലാഹുവിനെ…

അറിയുക! തീർച്ചയായും ദുനിയാവ് (ഇഹലോകം) ശപിക്കപ്പെട്ടതാണ്; അതിലുള്ളതും ശപിക്കപ്പെട്ടത് തന്നെ. അല്ലാഹുവിനെ കുറിച്ചുള്ള ദിക്റും (സ്മരണ) അതിനോട് ചേർന്നു നിൽക്കുന്നതും ഒഴികെയും, പണ്ഡിതനോ വിദ്യാർത്ഥിയോ ഒഴികെയും

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നതായി ഞാൻ കേട്ടു: "അറിയുക! തീർച്ചയായും ദുനിയാവ് (ഇഹലോകം) ശപിക്കപ്പെട്ടതാണ്; അതിലുള്ളതും ശപിക്കപ്പെട്ടത് തന്നെ. അല്ലാഹുവിനെ കുറിച്ചുള്ള ദിക്റും (സ്മരണ) അതിനോട് ചേർന്നു നിൽക്കുന്നതും ഒഴികെയും, പണ്ഡിതനോ വിദ്യാർത്ഥിയോ ഒഴികെയും."

[ഹസൻ]

الشرح

ഇഹലോകവും അതിലുള്ളതുമെല്ലാം അല്ലാഹുവിൻ്റെ കോപം ബാധിച്ചവയും ആക്ഷേപാർഹവും അകറ്റപ്പെട്ടതുമാണെന്ന് നബി (ﷺ) അറിയിക്കുന്നു. അതിലുള്ളതെല്ലാം അപ്രകാരമുള്ളതാണ്; അക്കൂട്ടത്തിൽ യാതൊന്നും സ്തുത്യർഹമല്ല. കാരണം ഇഹലോകവും അതിലുള്ളതും അല്ലാഹുവിൽ നിന്ന് മനുഷ്യൻ്റെ ശ്രദ്ധ തെറ്റിക്കുന്നതും അവനിൽ നിന്ന് അകറ്റിക്കളയുന്നതുമാണ്. എന്നാൽ അല്ലാഹുവിനെ കുറിച്ചുള്ള സ്മരണയും, അതിലേക്ക് അടുപ്പിക്കുന്നതും അതിൻ്റെ മാർഗത്തിൽ പെടുന്നതുമായ നന്മകൾ ഈ പറഞ്ഞതിൽ നിന്ന് ഒഴിവാണ്. അതോടൊപ്പം അല്ലാഹുവിൻ്റെ ദീനിനെ കുറിച്ച് വിവരം നേടുകയും അത് ജനങ്ങൾക്ക് പകർന്നു നൽകുകയും ചെയ്യുന്ന പണ്ഡിതനോ, ദീനീ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥിയോ ആയിട്ടുള്ളവരും അതിൽ നിന്ന് ഒഴിവാണ്.

فوائد الحديث

ഇഹലോകത്തെ സമ്പൂർണ്ണമായി ശപിക്കുന്നത് അനുവദനീയമല്ല; അത് വിരോധിക്കുന്ന ഹദീഥുകൾ സ്ഥിരപ്പെട്ടിട്ടുണ്ട്. എന്നാൽ ദുനിയാവിൽ, അല്ലാഹുവിൻ്റെ ദിക്റിൽ നിന്ന് അകറ്റിക്കളയുകയും റബ്ബിനെ അനുസരിക്കുന്നതിൽ നിന്ന് ശ്രദ്ധതെറ്റിക്കുകയും ചെയ്യുന്ന കാര്യങ്ങൾ അഭിശപ്തമാണ്.

ഇഹലോകത്തുള്ളതെല്ലാം കളിയും തമാശയും മാത്രമാണ്; അല്ലാഹുവിനെ കുറിച്ചുള്ള ദിക്റും അതിലേക്ക് നയിക്കുന്ന കാരണവും അതിന് സഹായിക്കുന്ന കാര്യങ്ങളുമൊഴികെ.

അല്ലാഹുവിൻ്റെ മാർഗത്തിലുള്ള വിജ്ഞാനത്തിൻ്റെ ശ്രേഷ്ഠതയും അതിൻ്റെ വക്താക്കളായ പണ്ഡിതന്മാർക്കും ആ വിജ്ഞാനം അന്വേഷിക്കുന്ന വിദ്യാർത്ഥികൾക്കുമുള്ള മഹത്വവും.

ഇബ്നു തൈമിയ്യഃ (رحمه الله) പറഞ്ഞു: "ഇഹലോകത്തിൽ നിന്ന് ആക്ഷേപാർഹമായിട്ടുള്ളത് അനുവദനീയമല്ലാത്ത മാർഗത്തിലൂടെ നേടിയെടുക്കുന്ന നിഷിദ്ധങ്ങളും (ഹറാമുകൾ), പൊങ്ങച്ചത്തിനും അഹന്തക്കും വേണ്ടി വാരിക്കൂട്ടുന്ന ഹലാലുകളും, കിടമത്സരത്തിനും തർക്കത്തിനും ലക്ഷ്യമിട്ടു കൊണ്ട് നേടിപ്പിടിക്കുന്ന സംഗതികളുമാണ്. ബുദ്ധിയുള്ള മനുഷ്യരെല്ലാം ഈ കാര്യങ്ങളൊക്കെ അകറ്റിനിറുത്തപ്പെടേണ്ടതായേ കണക്കാക്കുകയുള്ളൂ."

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം