എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ…

എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്

വഹ്ശിയ്യ് ബ്നു ഹർബ് -رَضِيَ اللَّهُ عَنْهُ- നിവേദനം: സ്വഹാബികളിൽ ചിലർ ചോദിച്ചു: അല്ലാഹുവിൻ്റെ റസൂലേ, ഞങ്ങൾ ഭക്ഷണം കഴിക്കുന്നെങ്കിലും ഞങ്ങളുടെ വിശപ്പ് കെടുന്നില്ല. നബി -ﷺ- ചോദിച്ചു: "നിങ്ങൾ ചിലപ്പോൾ വെവ്വേറെയിരുന്നു കൊണ്ടായിരിക്കും ഭക്ഷണം കഴിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, അല്ലാഹുവിൻ്റെ നാമം സ്മരിക്കുകയും ചെയ്യുക; നിങ്ങളുടെ ഭക്ഷണത്തിൽ അല്ലാഹു അനുഗ്രഹം ചൊരിയുന്നതാണ്."

[ഹസൻ] [رواه أبو داود وابن ماجه وأحمد]

الشرح

സ്വഹാബികളിൽ ചിലർ നബി -ﷺ- യോട് ഒരിക്കൽ പറഞ്ഞു: "ഞങ്ങൾ ഭക്ഷണം കഴിക്കുന്നുണ്ടെങ്കിലും ഞങ്ങളുടെ വിശപ്പ് അടങ്ങുന്നതായി അനുഭവപ്പെടുന്നില്ല." അപ്പോൾ നബി -ﷺ- അവരോട് പറഞ്ഞു: "നിങ്ങൾ ഭക്ഷണത്തിൻ്റെ വേളയിൽ വേറിട്ടിരിക്കുന്നുണ്ടായിരിക്കാം; ഓരോരുത്തരും ഒറ്റക്കൊറ്റക്കായിരിക്കും ഭക്ഷിക്കുന്നത്?!" അവർ പറഞ്ഞു: അതെ. നബി -ﷺ- പറഞ്ഞു: "എങ്കിൽ നിങ്ങൾ ഭക്ഷണത്തിന് ഒരുമിച്ചിരിക്കുകയും, വെവ്വേറെ ഇരുന്നു കൊണ്ട് ഭക്ഷിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക. ഭക്ഷണം കഴിച്ചു തുടങ്ങുമ്പോൾ നിങ്ങൾ ബിസ്മില്ലാഹ് എന്ന് പറഞ്ഞു കൊണ്ട് അല്ലാഹുവിനെ സ്മരിക്കുകയും ചെയ്യുക. എങ്കിൽ നിങ്ങൾക്ക് ഭക്ഷണത്തിൽ അനുഗ്രഹം നൽകപ്പെടുന്നതും നിങ്ങളുടെ വിശപ്പ് കെടുന്നതുമാണ്."

فوائد الحديث

ഭക്ഷണത്തിന് വേണ്ടി ഒരുമിച്ചിരിക്കുകയും ഭക്ഷണത്തിന് മുൻപ് ബിസ്മി ചൊല്ലുകയും ചെയ്യുന്നത് ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ലഭിക്കാനുള്ള കാരണവും, വിശപ്പ് ശമിക്കാനുള്ള വഴിയുമാണ്.

ഭിന്നിച്ചിരിക്കുന്നതും അകന്നിരിക്കുന്നതും എല്ലാ നിലക്കും ഉപദ്രവം തന്നെ; ഒരുമിച്ചിരിക്കുന്നതിലും ഐക്യപ്പെടുന്നതിലുമാണ് എല്ലാ നന്മയുമുള്ളത്.

ഭക്ഷണവേളയിൽ ഒരുമിച്ചിരിക്കാനും ബിസ്മി ചൊല്ലാനുമുള്ള പ്രോത്സാഹനം.

സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഒരുമിച്ചിരിക്കുന്നതിലൂടെ ഭക്ഷണത്തിൽ അല്ലാഹുവിൻ്റെ അനുഗ്രഹം ഇറങ്ങുന്നതാണ്. അല്ലാഹുവിൻ്റെ നാമം സ്മരിച്ചു കൊണ്ട് ബിസ്മി ചൊല്ലുന്നതിലൂടെ പിശാച് ഭക്ഷണത്തിലേക്ക് കയ്യെത്തിക്കുന്നത് തടയാനും സാധിക്കുന്നതാണ്."

التصنيفات

ഭക്ഷണം കഴിക്കുന്നതിൻ്റെയും പാനീയങ്ങൾ കുടിക്കുന്നതിൻ്റെയും മര്യാദകൾ