ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ…

ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം

അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- മദീനയിലേക്ക് വന്നെത്തിയപ്പോൾ ജനങ്ങൾ അവിടുത്തെ ലക്ഷ്യം വെച്ചുകൊണ്ട് ഒഴുകി വന്നു. അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ -ﷺ- വന്നെത്തിയിരിക്കുന്നു, അല്ലാഹുവിൻ്റെ ദൂതൻ വന്നെത്തിയിരിക്കുന്നു എന്നിങ്ങനെ പറയപ്പെടുന്നുണ്ടായിരുന്നു. അങ്ങനെ ജനങ്ങളുടെ കൂട്ടത്തിൽ ഞാനും അവിടുത്തെ കാണുന്നതിന് വേണ്ടി ചെന്നു. അവിടുത്തെ മുഖം എനിക്ക് വ്യക്തമായി കാണാൻ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചറിഞ്ഞു; അതൊരു കളവു പറയുന്ന മനുഷ്യൻ്റെ മുഖമല്ല തന്നെ. അവിടുന്ന് പറയുന്നതായി ഞാൻ ആദ്യം കേട്ട വാക്കുകൾ ഇപ്രകാരമാണ്: ജനങ്ങളേ! സലാം പറയുന്നത് വ്യാപിപ്പിക്കുക! ഭക്ഷണം നൽകുക! കുടുംബബന്ധങ്ങൾ ചേർക്കുക! ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ രാത്രിയിൽ നിസ്കരിക്കുക! സമാധാനത്തോടെ നിങ്ങൾക്ക് സ്വർഗത്തിൽ പ്രവേശിക്കാം."

[സ്വഹീഹ്]

الشرح

നബി -ﷺ- മദീനയിലേക്ക് വന്നപ്പോൾ ജനങ്ങൾ അവിടുത്തെ കാണുന്നതിനായി ധൃതിപ്പെട്ട് വന്നു. അബ്ദുല്ലാഹി ബ്നു സലാം -رَضِيَ اللَّهُ عَنْهُ- വും അക്കൂട്ടത്തിലുണ്ടായിരുന്നു; അദ്ദേഹം ഒരു യഹൂദനായിരുന്നു. നബി -ﷺ- യെ കണ്ടപ്പോൾ അവിടുത്തെ മുഖം കളവു പറയുന്ന ഒരാളുടെ മുഖമല്ല എന്ന് അദ്ദേഹത്തിന് ഉടനെ തിരിച്ചറിയാൻ സാധിച്ചു. കാരണം നബി -ﷺ- യുടെ മുഖത്ത് പ്രകടമായിരുന്ന പ്രകാശവും ഗാംഭീര്യവും ഭംഗിയും അപ്രകാരമായിരുന്നു. നബി -ﷺ- പറയുന്നതായി അദ്ദേഹം ആദ്യം കേട്ട കാര്യം സ്വർഗപ്രവേശനത്തിന് കാരണമാകുന്ന ചില പ്രവർത്തനങ്ങൾക്കുള്ള പ്രോത്സാഹനവും പ്രേരണയുമായിരുന്നു. അവിടുന്ന് പറഞ്ഞ കാര്യങ്ങൾ ഇവയായിരുന്നു: ഒന്ന്: ഇസ്‌ലാമികമായ അഭിവാദ്യം -സലാം പറയൽ- വ്യാപിപ്പിക്കുകയും, പ്രകടമാക്കുകയും, അറിയുന്നവരോടും അറിയാത്തവരോടുമെല്ലാം സലാം പറയുകയും ചെയ്യുക. രണ്ട്: ദാനധർമ്മമായും സമ്മാനമായും അതിഥേയത്വത്തിൻ്റെ ഭാഗമായും ഭക്ഷണം നൽകുക. മൂന്ന്: പിതാവിൻ്റെയോ മാതാവിൻ്റെയോ ബന്ധങ്ങളിൽ പെട്ട കുടുംബങ്ങളുമായി ബന്ധം ചേർക്കുക. നാല്: രാത്രിയിൽ ജനങ്ങൾ ഉറങ്ങിക്കിടക്കുമ്പോൾ എഴുന്നേറ്റ് രാത്രി നിസ്കാരം നിർവ്വഹിക്കുക.

فوائد الحديث

സലാം പറയുക എന്നത് മുസ്‌ലിംകൾക്കിടയിൽ വ്യാപിപ്പിക്കുന്നത് പുണ്യകർമ്മമാണ്. എന്നാൽ മുസ്‌ലിമല്ലാത്ത ഒരാളോട് അങ്ങോട്ട് സലാം പറഞ്ഞു കൊണ്ട് ആരംഭിക്കരുത്; അവർ സലാം ഇങ്ങോട്ട് പറയുന്നുവെങ്കിൽ അവരോട് 'വഅലയ്കും' എന്ന് മറുപടിയായി പറയാം.

التصنيفات

രാത്രി നിസ്കാരം, സൽക്കർമ്മങ്ങളുടെ ശ്രേഷ്ഠതകൾ