മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ…

മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ

അലി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "മൂന്ന് വിഭാഗത്തിൽ നിന്ന് (നന്മതിന്മകൾ രേഖപ്പെടുത്തുന്ന) പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവൻ എഴുന്നേൽക്കുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധിയുണ്ടാകുന്നത് വരെ."

[സ്വഹീഹ്]

الشرح

ആദമിൻ്റെ സന്തതികളായ എല്ലാ മനുഷ്യർക്കും അല്ലാഹുവിൽ നിന്നുള്ള കൽപ്പനകൾ പാലിക്കുക എന്ന ബാധ്യതയുണ്ട് എന്ന് നബി -ﷺ-അറിയിക്കുന്നു; മൂന്ന് വിഭാഗങ്ങൾക്കൊഴികെ: - ചെറിയ കുട്ടി; അവന് പ്രായപൂർത്തിയാവുകയും വലുതാവുകയും ചെയ്യുന്നത് വരെ. - ഭ്രാന്തൻ; അവൻ്റെ ബുദ്ധി അവനിലേക്ക് മടങ്ങുന്നത് വരെ. - ഉറങ്ങുന്നവൻ; അവൻ ഉണരുന്നത് വരെ. ഈ മൂന്ന് വിഭാഗത്തിന് മതവിധികൾ പാലിക്കാനുള്ള ബാധ്യത ഒഴിവാക്കപ്പെട്ടിരിക്കുന്നു. അവർ തിന്മ പ്രവർത്തിച്ചാൽ അത് അവരുടെ മേൽ എഴുതപ്പെടുകയില്ല. എന്നാൽ ചെറിയ കുട്ടി നന്മ പ്രവർത്തിച്ചാൽ അത് രേഖപ്പെടുത്തപ്പെടുന്നതാണ്. പക്ഷേ ഭ്രാന്തനും ഉറങ്ങുന്നവനും നന്മയും രേഖപ്പെടുത്തപ്പെടുന്നതല്ല. കാരണം അവർ ബോധമുള്ള സ്ഥിതിയിലല്ല എന്നതിനാൽ തന്നെ അവരുടെ ആരാധനകൾ സാധുവാകുക സാധ്യമല്ല.

فوائد الحديث

മനുഷ്യരുടെ കാര്യത്തിൽ നിയമങ്ങൾ ബാധകമാക്കപ്പെടാനുള്ള യോഗ്യത നഷ്ടപ്പെടാൻ മൂന്ന് കാരണങ്ങളുണ്ട്.

1- ഉറക്കം കാരണത്താൽ; തൻ്റെ മേൽ ബാധ്യതയായ കാര്യങ്ങൾ ചെയ്യാൻ സാധിക്കുന്ന വിധത്തിൽ അവൻ ഉണർച്ചയിലല്ല ഉള്ളത്.

2- ചെറുപ്രായം കാരണത്താൽ; നിയമങ്ങൾ ബാധകമാക്കപ്പെടാനുള്ള പ്രായം അവന് എത്തിയിട്ടില്ല.

3- ഭ്രാന്ത് കാരണത്താൽ; ബുദ്ധി ഉപയോഗിക്കാനുള്ള ശേഷി അവന് നഷ്ടമായിരിക്കുന്നു. ലഹരി ബാധിച്ചാലുള്ള സ്ഥിതിയും ഈ പറഞ്ഞതിനോട് കൂട്ടിച്ചേർക്കാവുന്നതാണ്.

ചുരുക്കത്തിൽ കാര്യങ്ങളെ വേർതിരിച്ചു മനസ്സിലാക്കാനും, ശരിയായ വിധത്തിൽ വിലയിരുത്താനും കഴിയാതായാൽ അതോടെ അവൻ്റെ മേൽ നിയമങ്ങൾ ബാധകമാവില്ല. അല്ലാഹു അവൻ്റെ നീതിയാലും അനുകമ്പയാലും ഔദാര്യത്താലും അവരുടെ പക്കൽ നിന്ന് സംഭവിക്കുന്ന കുറവുകളും അതിക്രമങ്ങളും വിട്ടുപൊറുത്തുനൽകുകയും, അവരെ ശിക്ഷിക്കാതെ വിടുകയും ചെയ്തിരിക്കുന്നു.

ഹദീഥിൽ പറയപ്പെട്ട മൂന്ന് വിഭാഗങ്ങളുടെ തിന്മകൾ രേഖപ്പെടുത്തപ്പെടില്ല എന്നതിൻ്റെ അർത്ഥം ഭൗതികമായ നിയമങ്ങളും നടപടികളും അവർക്ക് തീർത്തും ബാധകമാകില്ല എന്നല്ല. ഉദാഹരണത്തിന് ഭ്രാന്തനായ ഒരാൾ മറ്റൊരാളെ കൊലപ്പെടുത്തിയാൽ അവൻ്റെ മേൽ പ്രതിക്രിയ നടപ്പിലാക്കപ്പെടുകയോ അവൻ പ്രായശ്ചിത്തമായി കഫ്ഫാറത്ത് നൽകുകയോ വേണ്ടതില്ലെങ്കിലും, അവൻ്റെ കുടുംബക്കാർ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിന് നഷ്ടപരിഹാരത്തുക (blood money) നൽകേണ്ടതുണ്ട്.

ഒരാൾ പ്രായപൂർത്തിയാകുന്നതിന് മൂന്ന് അടയാളങ്ങളാണുള്ളത്. (1) സ്വപ്നസ്ഖലനത്തിലൂടെയോ മറ്റോ ബീജം പുറപ്പെടുക. (2) ഗുഹ്യസ്ഥാനത്ത് രോമങ്ങൾ മുളക്കുക. (3) പതിനഞ്ച് വയസ്സ് പൂർത്തിയാവുക. സ്ത്രീകളെ സംബന്ധിച്ച് നാലാമതൊരു കാര്യം കൂടുതലായുണ്ട്; (4) ആർത്തവം ആരംഭിക്കുക എന്നതാണത്.

സുബ്കി (റഹി) പറയുന്നു: "അറബിയിൽ പ്രായപൂർത്തി എത്താത്ത കുട്ടികൾക്ക് صَبِيٌّ, غُلَامٌ എന്നിങ്ങനെ പറയും. എന്നാൽ ചിലർ പറഞ്ഞു: ഗർഭസ്ഥശിശുവിന് جَنِينٌ എന്നും, പ്രസവിച്ചു കഴിഞ്ഞാൽ صَبِيٌّ എന്നും, മുലകുടി നിർത്തിയതിന് ശേഷം ഏഴു വയസ്സ് വരെ غُلامٌ എന്നും പത്തു വയസ്സ് വരെ يَافِعٌ എന്നും, പതിനഞ്ച് വയസ്സ് വരെ حَزُورٌ എന്നും പറയും. എന്നാൽ ഈ വ്യത്യസ്ത ഘട്ടങ്ങളിലെല്ലാം صَبِيٌّ എന്ന പദം പ്രയോഗിക്കാൻ കഴിയും."

التصنيفات

നിസ്കാരത്തിൻ്റെ നിബന്ധനകൾ