നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ…

നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക

ഹിത്വാൻ ബ്നു അബ്ദില്ലാഹി അർറഖാശീ നിവേദനം: ഞാൻ അബൂ മൂസൽ അശ്അരിയോടൊപ്പം ഒരു നിസ്കാരം നിർവ്വഹിച്ചു. നിസ്കാരത്തിൽ ഇരിക്കുന്ന വേളയെത്തിയപ്പോൾ കൂട്ടത്തിലുണ്ടായിരുന്ന ഒരാൾ പറഞ്ഞു: "നിസ്കാരം പുണ്യത്തോടും സകാത്തിനോടും ഒപ്പം ചേർത്തപ്പെട്ടിരിക്കുന്നു." അബൂ മൂസാ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ മാറിയിരുന്നു കൊണ്ട് ചോദിച്ചു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോൾ ജനങ്ങളെല്ലാം നിശബ്ദത പാലിച്ചു. അപ്പോൾ അദ്ദേഹം വീണ്ടും പറഞ്ഞു: "നിങ്ങളിൽ ആരാണ് ഇന്നയിന്ന വാക്കുകൾ പറഞ്ഞത്?" അപ്പോഴും അവർ നിശബ്ദത പാലിച്ചു. അബൂ മൂസാ പറഞ്ഞു: "ഹിത്വാൻ! നീയായിരിക്കണം അത് പറഞ്ഞത്." ഹിത്വാൻ പറഞ്ഞു: "ഞാനല്ല! ഇതിൻ്റെ പേരിൽ താങ്കൾ എന്നെ ആക്ഷേപിക്കുമെന്ന് ഞാൻ ഭയന്നിരുന്നു." അപ്പോൾ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: "ഞാനാണത് പറഞ്ഞത്. അത് കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല." അപ്പോൾ അബൂ മൂസാ പറഞ്ഞു: "നിങ്ങളുടെ നിസ്കാരത്തിൽ എങ്ങനെയാണ് പറയേണ്ടതെന്ന് നിങ്ങൾക്ക് അറിയുകയില്ലേ?!" അല്ലാഹുവിൻ്റെ റസൂൽ -ﷺ- ഒരിക്കൽ ഞങ്ങളോട് പ്രസംഗിക്കുകയും, ഞങ്ങളുടെ ചര്യകൾ ഞങ്ങൾക്ക് വിശദീകരിച്ചു തരികയും, ഞങ്ങളുടെ നിസ്കാരം ഞങ്ങൾക്ക് പഠിപ്പിച്ചു തരികയും ചെയ്തു. അവിടുന്ന് പറഞ്ഞു: "നിങ്ങൾ നിസ്കരിക്കുമ്പോൾ നിങ്ങളുടെ സ്വഫ്ഫുകൾ നേരെയാക്കുക. ശേഷം നിങ്ങളിൽ ഒരാൾ ഇമാം നിൽക്കട്ടെ; അയാൾ തക്ബീർ കെട്ടിയാൽ നിങ്ങളും തക്ബീർ കെട്ടുക. ഇമാം 'കോപിക്കപ്പെട്ടവരുടെ മാർഗത്തിലല്ല, വഴിപിഴച്ചവരുടെ മാർഗത്തിലുമല്ല' എന്ന (അർത്ഥമുള്ള സൂറത്തുൽ ഫാതിഹഃയിലെ) വചനം പാരായണം ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക; എങ്കിൽ അല്ലാഹു നിങ്ങൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലുകയും റുകൂഅ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും റുകൂഅ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് റുകൂഅ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം 'അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു' എന്ന് (അർത്ഥമുള്ള വാക്ക്) പറഞ്ഞാൽ നിങ്ങൾ പറയുക: "(സാരം) അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും." അല്ലാഹു നിങ്ങളുടെ വാക്കുകൾക്ക് ഉത്തരം നൽകുന്നതാണ്; (കാരണം) അല്ലാഹു അല്ലാഹു അവനെ സ്തുതിച്ചവന് ഉത്തരം നൽകുന്നു" എന്ന് പറഞ്ഞതായി അവൻ്റെ ദൂതൻ്റെ നാവിലൂടെ അറിയിച്ചിരിക്കുന്നു. ഇമാം തക്ബീർ ചൊല്ലുകയും സുജൂദ് ചെയ്യുകയും ചെയ്താൽ നിങ്ങളും തക്ബീർ ചൊല്ലുകയും സുജൂദ് നിർവ്വഹിക്കുകയും ചെയ്യുക. ഇമാം നിങ്ങൾക്ക് മുൻപാണ് സുജൂദ് ചെയ്യുന്നതും, നിങ്ങൾക്ക് മുൻപാണ് ഉയരുന്നതും." ശേഷം നബി -ﷺ- പറഞ്ഞു: "ഇതോടെ അതും ഇതും ഒത്തുവന്നു. ഇമാം ഇരിക്കുന്ന വേളയെത്തിയാൽ നിങ്ങളുടെ ആദ്യത്തെ വാക്കുകൾ ഇപ്രകാരമാകട്ടെ: "എല്ലാ അഭിവാദ്യങ്ങളും അല്ലാഹുവിനുള്ളതാണ്. ആരാധനകളും വിശിഷ്ടമായവയും അല്ലാഹുവിനുതന്നെ. നബിയെ, അങ്ങേയ്ക്ക് സമാധാനവും, അല്ലാഹുവിന്റെ കാരുണ്യവും, അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. ഞങ്ങള്‍ക്കും അല്ലാഹുവിന്റെ സദ്‌വൃത്തരായ അടിമകള്‍ക്കും സമാധാനം ഉണ്ടാകട്ടെ. യഥാര്‍ത്ഥത്തില്‍ ആരാധനക്ക് അര്‍ഹനായി അല്ലാഹുവല്ലാതെ മറ്റാരുമില്ലെന്ന് ഞാന്‍ സാക്ഷ്യം വഹിക്കുന്നു. നിശ്ചയം, മുഹമ്മദ്‌ -ﷺ- അല്ലാഹുവിന്റെ അടിമയും ദൂതനുമാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരിക്കൽ സ്വഹാബിയായ അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- (ജനങ്ങൾക്ക് ഇമാമായി) നിസ്കാരം നിർവ്വഹിച്ചു. അദ്ദേഹം നിസ്കാരത്തിലെ തശഹുദിൻ്റെ സന്ദർഭത്തിൽ ഇരുന്നപ്പോൾ പിറകിൽ നിസ്കരിക്കുന്നവരിൽ ഒരാൾ വിളിച്ചു പറഞ്ഞു: "നിസ്കാരം ഖുർആനിൽ നന്മയോടും സകാത്തിനോടുമൊപ്പം ചേർത്തി പറഞ്ഞിരിക്കുന്നു." അബൂ മൂസാ നിസ്കാരത്തിൽ നിന്ന് വിരമിച്ചപ്പോൾ ആരാണ് ഇപ്രകാരം പറഞ്ഞത് എന്ന് അന്വേഷിച്ചു. അപ്പോൾ ജനങ്ങളെല്ലാം നിശബ്ദത പാലിച്ചു. അവരിൽ ഒരാളും സംസാരിച്ചില്ല. അദ്ദേഹം വീണ്ടും ചോദ്യം ആവർത്തിച്ചെങ്കിലും അവരിൽ ഒരാളും മറുപടി പറഞ്ഞില്ല. അപ്പോൾ അബൂമൂസാ -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "ഹിത്വാൻ! നീയായിരിക്കണം ഇപ്രകാരം പറഞ്ഞത്." അദ്ദേഹത്തിൻ്റെ ധൈര്യവും അബൂ മൂസയുമായുള്ള അടുപ്പവും ബന്ധവും കാരണത്താൽ ഈ ആരോപണം അദ്ദേഹത്തെ വേദനിപ്പിക്കില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടും, ഇത് ചെയ്ത വ്യക്തി സ്വയം ഏറ്റുപറയാൻ വേണ്ടിയുമാണ് അബൂ മൂസാ അപ്രകാരം പറഞ്ഞത്. അപ്പോൾ ഹിത്വാൻ അദ്ദേഹത്തിൻ്റെ ആരോപണം നിഷേധിച്ചു. അദ്ദേഹം പറഞ്ഞു: "ഞാനാണ് ഇപ്രകാരം ചെയ്തത് എന്ന ധാരണയിൽ താങ്കൾ എന്നെ ആക്ഷേപിക്കുമെന്ന് ഞാൻ വിചാരിച്ചിരുന്നു." ഇത് കേട്ടപ്പോൾ ജനങ്ങളുടെ കൂട്ടത്തിൽ നിന്ന് ഒരാൾ പറഞ്ഞു: "ഞാനാണ് ഈ വാക്കുകൾ പറഞ്ഞത്. അത് കൊണ്ട് നന്മയല്ലാതെ മറ്റൊന്നും ഞാൻ ഉദ്ദേശിച്ചിട്ടില്ല." അപ്പോൾ അബൂ മൂസാ -رَضِيَ اللَّهُ عَنْهُ- അദ്ദേഹത്തെ പഠിപ്പിക്കുന്നതിനായി പറഞ്ഞു: "നിങ്ങളുടെ നിസ്കാരത്തിൽ എന്താണ് പറയേണ്ടത് എന്ന് നിങ്ങൾക്കറിയില്ലേ?!" ശേഷം നബി -ﷺ- ഒരിക്കൽ തങ്ങളോട് പ്രസംഗിക്കുകയും, മതവിധികൾ അവർക്ക് വിശദീകരിച്ചു നൽകുകയും, നിസ്കാരം അവരെ പഠിപ്പിക്കുകയും ചെയ്ത കാര്യം അദ്ദേഹം വിവരിച്ചു. നബി -ﷺ- അവരോട് പറഞ്ഞു: നിങ്ങൾ നിസ്കരിക്കുന്നതിന് മുൻപ് നിങ്ങളുടെ സ്വഫ്ഫുകൾ (അണികൾ) ശരിപ്പെടുത്തുകയും നേരെ നിൽക്കുകയും ചെയ്യുക. ശേഷം നിങ്ങളിൽ നിന്ന് ഒരാൾ ഇമാമായി നിൽക്കുക. ഇമാം തക്ബീറത്തുൽ ഇഹ്റാം കെട്ടിയാൽ നിങ്ങളും അദ്ദേഹത്തെ പോലെ തക്ബീർ ചൊല്ലുക. ഇമാം ഫാതിഹഃ ഓതുകയും, അവസാനത്തെ ആയത്ത് പാരായണം ചെയ്യുകയും ചെയ്താൽ നിങ്ങൾ ആമീൻ എന്ന് പറയുക. അങ്ങനെ നിങ്ങൾ ചെയ്താൽ അല്ലാഹു നിങ്ങളുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകുന്നതാണ്. ഇമാം തക്ബീർ ചൊല്ലിക്കൊണ്ട് റുകൂഇൽ പോയാൽ നിങ്ങളും തക്ബീർ ചൊല്ലിക്കൊണ്ട് റുകൂഇൽ പോവുക. ഇമാം നിങ്ങൾക്ക് മുൻപ് റുകൂഅ് ചെയ്യുകയും, നിങ്ങൾക്ക് മുൻപ് റുകൂഇൽ നിന്ന് ഉയരുകയുമാണ് വേണ്ടത്. നിങ്ങളൊരിക്കലും ഇമാമിനെ മുൻകടക്കരുത്. നിങ്ങൾക്ക് മുൻപ് ഇമാം റുകൂഇൽ പോകുമ്പോൾ നിങ്ങൾക്ക് നഷ്ടമായേക്കാവുന്ന റുകൂഇൻ്റെ സമയം ഇമാം നിങ്ങൾക്ക് മുൻപ് റുകൂഇൽ നിന്ന് ഉയരുന്ന വേളയിൽ നിങ്ങൾക്ക് ലഭിക്കുന്നതാണ്. അതിലൂടെ ആ സമയത്തിന് പകരം ഈ സമയം ലഭിക്കുമെന്നർത്ഥം. അതോടെ നിങ്ങളുടെ റുകൂഉം ഇമാമിൻ്റെ റുകൂഉം ഒരേ സമയദൈർഘ്യമുള്ളതായി തീരും. ഇമാം 'സമിഅല്ലാഹു ലിമൻ ഹമിദഹ്' (അല്ലാഹുവിനെ സ്തുതിച്ചവനെ അവൻ കേട്ടിരിക്കുന്നു) എന്ന് പറഞ്ഞാൽ 'അല്ലാഹുമ്മ റബ്ബനാ ലകൽ ഹംദ്' (അല്ലാഹുവേ! ഞങ്ങളുടെ രക്ഷിതാവേ! നിനക്കാകുന്നു സർവ്വ സ്തുതിയും) എന്ന് നിങ്ങൾ പറയുക. ഇപ്രകാരം നിസ്കരിക്കുന്നവർ പറഞ്ഞാൽ അല്ലാഹു അവരുടെ പ്രാർത്ഥനകളും വാക്കുകളും കേൾക്കുന്നതാണ്. കാരണം 'അല്ലാഹു തന്നെ സ്തുതിക്കുന്നവനെ കേട്ടിരിക്കുന്നു' എന്നത് അവൻ്റെ നബിയുടെ വാക്കിലൂടെ അറിയിച്ച കാര്യമാണ്. ശേഷം ഇമാം തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദ് ചെയ്താൽ ഇമാമിനെ പിന്തുടരുന്നവരും തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിൽ പോകണം. ഇമാം അവരുടെ മുൻപ് സുജൂദിൽ പോകുകയും അവരുടെ മുൻപ് ഉയരുകയുമാണ് വേണ്ടത്. സുജൂദിൽ പോകുമ്പോൾ ഇമാമിന് കൂടുതൽ ലഭിച്ച സമയം സുജൂദിൽ നിന്ന് ഇമാം ഉയരുമ്പോൾ പിന്തുടരുന്നവർക്ക് ലഭിക്കുന്നതാണ്. അതോടെ ഇമാമിൻ്റെയും അദ്ദേഹത്തെ പിന്തുടരുന്ന മഅ്മൂമീങ്ങളുടെയും സുജൂദിൻ്റെ അളവ് ഒരേപോലെയാകുന്നതാണ്. അങ്ങനെ തശഹ്ഹുദിൻ്റെ ഇരുത്തം എത്തിയാൽ നിസ്കരിക്കുന്ന വ്യക്തി ആദ്യം പറയേണ്ടത് 'അത്തഹിയാത്തു' എന്ന് തുടങ്ങുന്ന പ്രാർത്ഥനയാണ്. സർവ്വ അധികാരവും, എന്നെന്നുമുള്ള നിലനിൽപ്പും എല്ലാ മഹത്വവും അഞ്ചു നേരത്തെ നിസ്കാരങ്ങളും അല്ലാഹുവിന് മാത്രം അർഹതപ്പെട്ടതാണെന്നാണ് അതിൻ്റെ ഉദ്ദേശ്യം. പിന്നീട് നബി -ﷺ- യുടെ മേലും നമ്മുടെ സ്വന്തം മേലും നാം സലാം പറയുന്നു; എല്ലാ ന്യൂനതകളിൽ നിന്നും പ്രശ്നങ്ങളിൽ നിന്നും കുറവുകളിൽ നിന്നും കുഴപ്പങ്ങളിൽ നിന്നും അല്ലാഹുവിനോട് സംരക്ഷണം തേടുകയാണ് ഈ സലാമിലൂടെ. അതിന് ശേഷം അല്ലാഹുവിനോടുള്ള ബാധ്യതകളും അല്ലാഹുവിൻ്റെ സൃഷ്ടികളോടുള്ള ബാധ്യതകളും നിറവേറ്റുന്ന സച്ചരിതരായ അല്ലാഹുവിൻ്റെ ദാസന്മാർക്ക് മേലും നാം സലാം പറയുന്നു. ശേഷം 'ലാ ഇലാഹ ഇല്ലല്ലാഹ്, മുഹമ്മദുൻ റസൂലുല്ലാഹ്' എന്ന കാര്യവും സാക്ഷ്യം വഹിക്കുന്നു.

فوائد الحديث

നിസ്കാരത്തിൻ്റെ തശഹ്ഹുദിൻ്റെ രൂപങ്ങളിലൊന്നാണ് ഈ ഹദീഥിൽ പഠിപ്പിക്കപ്പെട്ടിരിക്കുന്നത്.

നിസ്കാരത്തിലെ പ്രവർത്തികളും വാക്കുകളും നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ടതിൻ്റെ അടിസ്ഥാനത്തിൽ മാത്രമേ ആകാൻ പാടുള്ളൂ. അതിൽ എന്തെങ്കിലുമൊരു വാക്കോ പ്രവർത്തിയോ -സുന്നത്തിൽ സ്ഥിരപ്പെടാതെ- പുതുതായി നിർമ്മിക്കാൻ ഒരാൾക്കും അവകാശമില്ല.

ഇമാമിനെ മുൻകടക്കുന്നതോ ഏറെ പിറകിലാകുന്നതോ അനുവദനീയമല്ല. ഇമാമിൻ്റെ പ്രവർത്തനങ്ങളിൽ അദ്ദേഹത്തെ പിന്തുടരുക എന്നതാണ് പഠിപ്പിക്കപ്പെട്ട രൂപം.

അല്ലാഹുവിൻ്റെ ദീൻ എത്തിച്ചു നൽകുകയും, അതിലെ വിധിവിലക്കുകൾ മനസ്സിലാക്കി നൽകുകയും ചെയ്യുന്ന കാര്യത്തിൽ നബി -ﷺ- ക്കുണ്ടായിരുന്ന ശ്രദ്ധയും പരിശ്രമവും നോക്കൂ!

നിസ്കാരത്തിൽ പിന്തുടരുന്ന മഅ്മൂമിൻ്റെ മാതൃക ഇമാമാണ്. അതിനാൽ നിസ്കാരത്തിലെ പ്രവർത്തികളിൽ ഇമാമിനെ മുൻകടക്കുക എന്നത് അനുവദനീയമല്ല. ഇമാമിനോട് ഒപ്പമാവുക എന്നതോ ഇമാമിൻ്റെ പ്രവർത്തികളിൽ നിന്ന് ഏറെ പിറകിലാവുക എന്നതും പാടില്ല. മറിച്ച് ഇമാം നിസ്കാരത്തിലെ ഒരു പ്രവർത്തിയിൽ പ്രവേശിച്ചു കഴിഞ്ഞു എന്ന് ഉറപ്പായ ഉടനെ മഅ്മൂം ആ പ്രവർത്തി ആരംഭിക്കേണ്ടതുണ്ട്. ഇപ്രകാരം ഇമാമിൻ്റെ പിന്തുടരുക എന്ന ഇത്തിബാഇൻ്റെ വഴിയാണ് സുന്നത്തിൽ പഠിപ്പിക്കപ്പെട്ടിട്ടുള്ളത്.

നിസ്കാരത്തിൽ സ്വഫ്ഫുകൾ ശരിയാക്കുക എന്നത് ഇസ്‌ലാമിൽ പഠിപ്പിക്കപ്പെട്ട മര്യാദകളിലൊന്നാണ്.

التصنيفات

നിസ്കാരത്തിൻ്റെ രൂപം, ഇമാമിൻ്റെയും മഅ്മൂമിൻ്റെയും വിധികൾ