അറേബ്യൻ ഉപദ്വീപിലെ നിസ്കരിക്കുന്ന (മുസ്ലിംകൾ) തന്നെ ആരാധിക്കുമെന്നതിൽ പിശാച് നിരാശയടഞ്ഞിരിക്കുന്നു. എന്നാൽ…

അറേബ്യൻ ഉപദ്വീപിലെ നിസ്കരിക്കുന്ന (മുസ്ലിംകൾ) തന്നെ ആരാധിക്കുമെന്നതിൽ പിശാച് നിരാശയടഞ്ഞിരിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പമുണ്ടാക്കുക എന്നതിൽ (അവൻ നിരാശയടഞ്ഞിട്ടില്ല)

ജാബിർ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി ﷺ പറയുന്നതായി ഞാൻ കേട്ടു: "അറേബ്യൻ ഉപദ്വീപിലെ നിസ്കരിക്കുന്ന (മുസ്ലിംകൾ) തന്നെ ആരാധിക്കുമെന്നതിൽ പിശാച് നിരാശയടഞ്ഞിരിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പമുണ്ടാക്കുക എന്നതിൽ (അവൻ നിരാശയടഞ്ഞിട്ടില്ല)."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അറേബ്യൻ ഉപദ്വീപിലുള്ള, അല്ലാഹുവിലും അവൻ്റെ റസൂലിലും വിശ്വസിക്കുകയും നിസ്കാരം നിലനിർത്തുകയും ചെയ്യുന്ന മുസ്‌ലിംകൾ പിശാചിനെ ആരാധിക്കുന്ന അവസ്ഥയിലേക്ക് തിരിച്ചു പോകുന്ന സ്ഥിതി ഉണ്ടാകുമെന്നതിൽ പിശാച് നിരാശനായിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. എന്നാൽ അവർക്കിടയിൽ കുഴപ്പങ്ങൾ ഇളക്കി വിട്ടുകൊണ്ടും തർക്കങ്ങളിലേക്കും അകൽച്ചകളിലേക്കും യുദ്ധങ്ങളിലേക്കും കലഹങ്ങളിലേക്കും മറ്റും അവരെ നയിച്ചു കൊണ്ടും അവരെ വഴിപിഴപ്പിക്കാമെന്ന പ്രതീക്ഷ അവനിൽ നിലനിൽക്കുന്നുണ്ട്.അതിനുള്ള അവൻ്റെ പരിശ്രമവും പ്രവർത്തനവും അക്ഷീണമായ നീക്കങ്ങളും അവൻ ഇപ്പോഴും തുടർന്നു കൊണ്ടിരിക്കുകയും ചെയ്യുന്നു.

فوائد الحديث

പിശാചിനെ ആരാധിക്കുക എന്നതിൻ്റെ ഉദ്ദേശ്യം വിഗ്രഹത്തെ ആരാധിക്കുക എന്നതാണ്. കാരണം വിഗ്രഹത്തെ ആരാധിക്കാൻ കൽപ്പിക്കുന്നതും അതിലേക്ക് ക്ഷണിക്കുന്നതും അവനാണ്. വിഗ്രഹാരാധകനായ തൻ്റെ പിതാവിനോട് ഇബ്രാഹീം നബി -عَلَيْهِ السَّلَامُ- പറഞ്ഞ വാക്ക് ഇതിനുള്ള തെളിവാണ്: "എൻ്റെ പിതാവേ! താങ്കൾ പിശാചിനെ ആരാധിക്കരുത്."

മുസ്‌ലിംകൾക്കിടയിൽ കുഴപ്പങ്ങളും തർക്കങ്ങളും യുദ്ധങ്ങളും ഇളക്കി വിടാനുള്ള നിതാന്ത പരിശ്രമത്തിലാണ് പിശാചുള്ളത്.

മുസ്‌ലിംകൾക്കിടയിലെ സ്നേഹവും അടുപ്പവും നിലനിർത്തുന്നു എന്നത് നിസ്കാരത്തിൻ്റെ പ്രയോജനങ്ങളിൽ പെട്ടതാണ്. അവർക്കിടയിലെ പരസ്പര സാഹോദര്യത്തിൻ്റെ കണ്ണികൾ

ബലപ്പെടുത്തുന്നതിൽ നിസ്കാരത്തിന് വലിയ പങ്കുണ്ട്.

രണ്ട് ശഹാദത്ത് കലിമകൾ കഴിഞ്ഞാൽ ഇസ്‌ലാമിലെ ഏറ്റവും മഹത്തരമായ ചിഹ്നവും ആരാധനയും നിസ്കാരമാണ്. അതു കൊണ്ടാണ് 'മുസ്‌ലിംകൾ' എന്ന് പറയുന്നതിന് പകരം 'നിസ്കരിക്കുന്നവർ' എന്ന് ഈ ഹദീഥിൽ നബി -ﷺ- പ്രയോഗിച്ചത്.

അറേബ്യൻ ഉപദ്വീപിന് മറ്റു നാടുകളിൽ നിന്ന് വ്യത്യസ്തമായി ചില പ്രത്യേകതകളുണ്ട്.

"തീർച്ചയായും തന്നെ ആരാധിക്കുന്നവർ അറേബ്യൻ ഉപദ്വീപിൽ ഉണ്ടാകുന്നതിൽ നിന്ന് പിശാച് നിരാശയടഞ്ഞിരിക്കുന്നു" എന്ന നബി -ﷺ- യുടെ വാക്ക് ഉണ്ടായിരിക്കെ അറേബ്യൻ ഉപദ്വീപിൽ പിൽക്കാലഘട്ടത്തിൽ വിഗ്രഹാരാധന ഉടലെടുത്തിട്ടുണ്ടല്ലോ എന്ന് ആരെങ്കിലും ചോദിച്ചാൽ അതിനുള്ള ഉത്തരം ഇപ്രകാരമാണ്: നബി -ﷺ- യുടെ കാലഘട്ടത്തിൽ ഇസ്‌ലാമിനുണ്ടായ വിജയങ്ങളും ജനങ്ങൾ ഇസ്‌ലാമിലേക്ക് കൂട്ടംകൂട്ടമായി പ്രവേശിക്കുന്നതും കണ്ടപ്പോൾ പിശാചിൻ്റെ മനസ്സിൽ നിരാശയുണ്ടായിരിക്കുന്നു എന്ന വസ്തുത അറിയിക്കുക മാത്രമാണ് നബി -ﷺ- ചെയ്തത്. പിശാചിൻ്റെ ധാരണയെ കുറിച്ചും കണക്കുകൂട്ടലിനെ കുറിച്ചും മാത്രമാണ് ഹദീഥിലുള്ളത്. എന്നാൽ അവൻ്റെ പ്രതീക്ഷക്ക് വിരുദ്ധമായി സംഭവിച്ചു; അതാകട്ടെ അല്ലാഹുവിൻ്റെ മഹത്തായ യുക്തിപ്രകാരം സംഭവിച്ച കാര്യവുമാണ്.

التصنيفات

ആക്ഷേപകരമായ സ്വഭാവഗുണങ്ങൾ