സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു:…

സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല

അബൂ സഈദ് അൽ ഖുദ്രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ബലിപെരുന്നാൾ ദിവസത്തിലോ ചെറിയ പെരുന്നാൾ ദിവസത്തിലോ മുസ്വല്ലയിലേക്ക് പുറപ്പെട്ടു. അവിടുന്ന് സ്ത്രീകൾക്ക് അരികിലൂടെ നടന്നു പോയപ്പോൾ ഇപ്രകാരം പറഞ്ഞു: "സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുക. നരകക്കാരിൽ നിങ്ങളെയാണ് എനിക്ക് അധികം കാണിക്കപ്പെട്ടത്." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! അതെന്തു കൊണ്ടാണ്?!" നബി -ﷺ- പറഞ്ഞു: "നിങ്ങൾ ശാപം അധികരിപ്പിക്കുകയും, കൂടെക്കഴിയുന്നവനോട് നന്ദികേടു കാണിക്കുകയും ചെയ്യുന്നു. ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." അവർ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് ഞങ്ങളുടെ ദീനിലും ഞങ്ങളുടെ ബുദ്ധിയിലുമുള്ള കുറവ്." നബി -ﷺ- പറഞ്ഞു: "സ്ത്രീയുടെ സാക്ഷ്യം പുരുഷൻ്റെ സാക്ഷ്യത്തിൻ്റെ പകുതിയല്ലേ ഉള്ളൂ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ബുദ്ധിയിലുള്ള കുറവ്. (അതോടൊപ്പം) സ്ത്രീകൾ ആർത്തവം സംഭവിച്ചാൽ നിസ്കരിക്കുകയോ നോമ്പെടുക്കാതെയോ ഇരിക്കുന്നില്ലേ?!" അവർ പറഞ്ഞു: "അതെ." നബി -ﷺ- പറഞ്ഞു: "അതാണ് അവളുടെ ദീനിലുള്ള കുറവ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു പെരുന്നാൾ ദിവസം നബി -ﷺ- തൻ്റെ മുസ്വല്ലയിലേക്ക് (പെരുന്നാൾ നിസ്കാരസ്ഥലത്തേക്ക്) പുറപ്പെട്ടു. സ്ത്രീകൾക്ക് പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകാം എന്ന് നബി -ﷺ- അവർക്ക് വാഗ്ദാനം നൽകിയിട്ടുണ്ടായിരുന്നതിനാൽ ആ ദിവസം അവിടുന്ന് അത് നടപ്പിലാക്കി. അവിടുന്ന് പറഞ്ഞു: സ്ത്രീകളുടെ സമൂഹമേ! നിങ്ങൾ ദാനം നൽകുകയും, അല്ലാഹുവിനോടുള്ള പാപമോചനം അധികരിപ്പിക്കുകയും ചെയ്യുക. തിന്മകൾ മായ്ക്കപ്പെടാനുള്ള ഏറ്റവും പ്രധാനപ്പെട്ട കാരണങ്ങളിൽ പെട്ടതാണ് അവ രണ്ടും. (ആകാശലോകത്തേക്ക് രാപ്രയാണം നടത്തിയ) ഇസ്റാഇൻ്റെ രാത്രിയിൽ നരകത്തിൽ ഞാൻ നിങ്ങളെയാണ് കൂടുതലും കണ്ടത്. അപ്പോൾ അവരുടെ കൂട്ടത്തിലെ ബുദ്ധിയും വിവേകവും കുലീനതയുമുള്ള ഒരു സ്ത്രീ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! എന്തു കൊണ്ടാണ് ഞങ്ങൾ നരകക്കാരിൽ ഏറ്റവും അധികമായത്?!" നബി -ﷺ- പറഞ്ഞു: "ചില കാരണങ്ങളാലാണ് അതുണ്ടായത്. നിങ്ങൾ ശാപവാക്കുകളും ആക്ഷേപങ്ങളും അധികരിപ്പിക്കുന്നു. ഭർത്താവിൻ്റെ അവകാശങ്ങളെ നിഷേധിക്കുകയും ചെയ്യുന്നു." ശേഷം നബി -ﷺ- സ്ത്രീകളുടെ കാര്യം വിവരിച്ചു കൊണ്ട് പറഞ്ഞു: "ബുദ്ധിയും ഉറച്ച തീരുമാനവും ചിന്താശേഷിയും കൃത്യമായ കണക്കുകൂട്ടലുമുള്ള ഒരു മനുഷ്യനെ പരാജയപ്പെടുത്താൻ നിങ്ങളോളം ശേഷിയുള്ള, ബുദ്ധിയിലും ദീനിലും കുറവുള്ള ഒരു വിഭാഗത്തെ ഞാൻ വേറെ കണ്ടിട്ടില്ല." അപ്പോൾ ആ സ്ത്രീ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! എന്താണ് (സ്ത്രീകൾക്ക്) ബുദ്ധിയിലും ദീനിലുമുള്ള കുറവ്?" നബി -ﷺ- പറഞ്ഞു: "ബുദ്ധിയിൽ അവർക്കുള്ള കുറവിൻ്റെ തെളിവാണ് ഒരു പുരുഷൻ്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകൾ സാക്ഷി പറയേണ്ടതുണ്ട് എന്ന നിയമം. ഇത് ബുദ്ധിയിലുള്ള കുറവാണ്. ദീനിലുള്ള കുറവിൻ്റെ കാരണമാകട്ടെ, ആർത്തവം സംഭവിക്കുന്ന കാലയളവിൽ നിസ്കരിക്കാതെ അവർ അനേകം രാപ്പകലുകൾ കഴിച്ചു കൂട്ടുന്നു എന്നതും, റമദാനിലെ ചില ദിവസങ്ങളിൽ നോമ്പ് ഉപേക്ഷിക്കുന്നു എന്നതുമാണ്." എന്നാൽ ഈ പറഞ്ഞ കാര്യങ്ങളുടെ പേരിൽ അല്ലാഹുവിങ്കൽ അവർ ആക്ഷേപാർഹരോ കുറ്റക്കാരോ അല്ല എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കുക. കാരണം അവരുടെ സൃഷ്ടിപ്പിൽ തന്നെയുള്ള കാര്യങ്ങളാണ് ഇവ രണ്ടും. മനുഷ്യൻ സമ്പത്തിനോടുള്ള താൽപ്പര്യത്തോടെയും ധൃതിയുള്ളവനായി കൊണ്ടും വിവരമില്ലാത്തനവനായുമാണ് സൃഷ്ടിക്കപ്പെട്ടത് എന്ന ഖുർആനിക പരാമർശങ്ങൾക്ക് സമാനമാണ് ഇവയും. എന്നാൽ സ്ത്രീകളെ കൊണ്ട് സംഭവിച്ചേക്കാവുന്ന കുഴപ്പങ്ങളിൽ നിന്ന് താക്കീത് നൽകുക എന്നതായിരുന്നു നബി -ﷺ- യുടെ ഈ വാക്കിൻ്റെ ഉദ്ദേശ്യം."

فوائد الحديث

പെരുന്നാൾ നിസ്കാരത്തിന് വേണ്ടി സ്ത്രീകൾ പുറപ്പെടുന്നതും, അവർക്ക് അന്നേ ദിവസം പ്രത്യേകമായി ചില ഉപദേശങ്ങൾ നൽകുന്നതും പുണ്യകരമാണ്.

ഭർത്താവിൻ്റെ നന്മകളെ നിഷേധിക്കുക എന്നതും ശാപവാക്കുകൾ അധികരിപ്പിക്കുക എന്നതും വൻപാപങ്ങളിൽ പെട്ടതാണ്. കാരണം ഒരു തിന്മ വൻപാപമാണെങ്കിലാണ് അതിന് നരകശിക്ഷയുണ്ട് എന്ന താക്കീത് നൽകപ്പെടാറുള്ളത്.

ഈമാൻ വർദ്ധിക്കുകയും കുറയുകയും ചെയ്യും എന്ന പാഠം ഈ ഹദീഥിലുണ്ട്. ഒരാളുടെ ഇബാദത്തുകൾ

അധികരിക്കുന്നതിനനുസരിച്ച് അവൻ്റെ ഈമാനും ദീനും അധികരിക്കുന്നതാണ്. ഒരാളുടെ ഇബാദത്തുകൾ കുറയുമ്പോൾ അവൻ്റെ ദീനിലും കുറവ് സംഭവിക്കുന്നതാണ്.

നവവി -رَحِمَهُ اللَّهُ- പറയുന്നു: "ബുദ്ധി എന്നത് കൂടുകയും കുറയുകയും ചെയ്യുന്നതാണ്. അതുപോലെത്തന്നെയാണ് ഈമാനും. എന്നാൽ സ്ത്രീകൾക്ക് അതിൽ കുറവുണ്ട് എന്ന് നബി -ﷺ- പറഞ്ഞതിൻ്റെ ഉദ്ദേശ്യം അവരെ ആക്ഷേപിക്കുക എന്നതല്ല. കാരണം അവരുടെ സൃഷ്ടിപ്പിൻ്റെ ഭാഗമായ കാര്യമാണ് ഇവ രണ്ടും. മറിച്ച്, അവരെ കൊണ്ട് സംഭവിച്ചേക്കാവുന്ന ഫിത്നകൾ (കുഴപ്പങ്ങൾ) താക്കീത് നൽകുക എന്നതായിരുന്നു നബി -ﷺ- യുടെ ഉദ്ദേശ്യം. അത് കൊണ്ടാണ് നരകശിക്ഷയുടെ കാരണമായി ഭർത്താവിൻ്റെ നന്മകൾ നിഷേധിക്കലും മറ്റുമെല്ലാം അവിടുന്ന് എടുത്തു പറഞ്ഞത്; ദീനിലും ബുദ്ധിയിലുമുള്ള കുറവ് അതിൻ്റെ കാരണമായി അവിടുന്ന് പറയുകയേ ചെയ്തില്ല. ദീനിലുണ്ടാകുന്ന കുറവ് തിന്മ സംഭവിക്കാനുള്ള ഏകകാരണമല്ല. മറിച്ച്, തിന്മകളുടെ കാരണങ്ങൾ അനേകം വേറെയുമുണ്ട്."

വിദ്യാർത്ഥി

അദ്ധ്യാപകനോട് അദ്ദേഹം പറഞ്ഞ കാര്യം മനസ്സിലായില്ലെങ്കിൽ ചോദിച്ചു മനസ്സിലാക്കുന്നതും, അനുയായി നേതാവിനോട് ചോദിച്ചറിയുന്നതുമെല്ലാം അനുവദനീയമാണെന്നതിന് ഈ ഹദീഥ് തെളിവാണ്.

ഒരു പുരുഷൻ്റെ സാക്ഷ്യത്തിന് പകരമായി രണ്ട് സ്ത്രീകളുടെ സാക്ഷ്യം വേണം; കാരണം സ്ത്രീകൾ കാര്യങ്ങൾ കൃത്യമായി ഓർത്തു വെക്കുന്നതിൽ പിറകിലാണ്.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ദൃഢനിശ്ചയത്തിലുള്ള ഒരു പുരുഷൻ്റെ ബുദ്ധിയെ ഇല്ലാതെയാക്കാൻ കഴിവുള്ള, ബുദ്ധിയും ദീനും കുറഞ്ഞ ഒരു കൂട്ടരെ നിങ്ങളിലല്ലാതെ ഞാൻ കണ്ടിട്ടില്ല." - നബി -ﷺ- യുടെ ഈ വാക്ക് സ്ത്രീകളെയാണ് ഏറ്റവുമധികം നരകത്തിൽ അവിടുന്ന് കണ്ടത് എന്നതിനുള്ള വിശദീകരണമായാണ് എനിക്ക് മനസ്സിലാകുന്നത്. കാരണം വ്യക്തമായ ദൃഢനിശ്ചയമുള്ള ഒരു മനുഷ്യനെ കൊണ്ട് അനുയോജ്യമല്ലാത്ത ഒരു വാക്കോ പ്രവൃത്തിയോ ചെയ്യിക്കാൻ സ്ത്രീ കാരണമായിട്ടുണ്ട് എങ്കിൽ ആ തിന്മയിൽ അവൾ പങ്കാളിയാവുകയും, (അയാളുടെ തീരുമാനത്തെ തിരുത്തി എന്നതിനാൽ) അയാളേക്കാൾ പാപഭാരം വഹിക്കാനും അത് കാരണമായേക്കാം."

ആർത്തവകാലത്ത് നിസ്കാരം നിർവ്വഹിക്കുന്നതും നോമ്പെടുക്കുന്നതും സ്ത്രീകൾക്ക് ഹറാമാണ്. പ്രസവരക്തം വന്നു കൊണ്ടിരിക്കുന്ന നിഫാസുള്ള സ്ത്രീകളുടെ വിധിയും ഇത് തന്നെയാണ്. ശുദ്ധികാലമായാൽ നോമ്പ് മാത്രം അവൾ നോറ്റുവീട്ടുകയും ചെയ്യണം. നിസ്കാരം മടക്കി നിർവ്വഹിക്കേണ്ടതില്ല.

നബി -ﷺ- യുടെ മാന്യവും മനോഹരവുമായ സ്വഭാവം. സ്ത്രീകളുടെ ചോദ്യങ്ങൾക്ക് യാതൊരു കുറ്റപ്പെടുത്തലോ പാരുഷ്യമോ പ്രകടിപ്പിക്കാതെ അവിടുന്ന് മറുപടി നൽകിയത് നോക്കൂ.

ഇബ്നു ഹജർ -رَحِمَهُ اللَّهُ- പറയുന്നു: "ദാനധർമ്മങ്ങൾ അല്ലാഹുവിൻ്റെ ശിക്ഷയെ തടയുന്നതാണ്. ചിലപ്പോൾ സൃഷ്ടികൾക്കിടയിൽ സംഭവിച്ചേക്കാവുന്ന തിന്മകൾക്ക് വരെ അത് പ്രായശ്ചിത്തമായേക്കാം."

നവവി -رَحِمَهُ اللَّهُ- പറയുന്നു: "ആർത്തവകാലത്ത് നിസ്കാരവും നോമ്പും ഉപേക്ഷിക്കുന്നു എന്നതാണ് സ്ത്രീകളുടെ ദീനിൽ കുറവ് വരാൻ കാരണമായത് എന്നതിൽ നിന്ന് ഒരാളുടെ ഇബാദത്തുകൾ അധികരിക്കുമ്പോൾ അയാളുടെ ദീനും

ഈമാനും അധികരിക്കുന്നതാണ് എന്നും, അതിൽ കുറവ് വരുമ്പോൾ ദീനിൽ കുറവ് വരുന്നതാണ് എന്നും മനസ്സിലാക്കാം. ദീനിലുണ്ടാകുന്ന കുറവ് എന്നതാകട്ടെ; ചില സന്ദർഭത്തിൽ അല്ലാഹുവിങ്കൽ തിന്മയായി രേഖപ്പെടുത്തപ്പെട്ടേക്കാം. നിസ്കാരമോ നോമ്പോ പോലുള്ള നിർബന്ധമായ ആരാധനകൾ യാതൊരു ന്യായവുമില്ലാതെ ഉപേക്ഷിക്കുക എന്നത് ഈ പറഞ്ഞതിനുള്ള ഉദാഹരണമാണ്. മറ്റു ചിലപ്പോൾ ദീനിലുണ്ടാകുന്ന കുറവ് ഒരു തിന്മയായി രേഖപ്പെടുത്തപ്പെട്ടു കൊള്ളണമെന്നുമില്ല; തൻ്റെ മേൽ നിർബന്ധമല്ലാത്ത സാഹചര്യത്തിൽ ജുമുഅഃയോ യുദ്ധമോ പോലുള്ള ആരാധനകൾ ഉപേക്ഷിക്കുന്നവൻ്റെ കാര്യം ഉദാഹരണം. വേറെ ചില സന്ദർഭങ്ങളിൽ ദീനിലുണ്ടാകുന്ന കുറവ് അവനോട് കൽപ്പിക്കപ്പെട്ടതിൻ്റെ ഭാഗവുമായിരിക്കാൻ സാധ്യതയുണ്ട്; ആർത്തവകാരി നിസ്കാരവും നോമ്പും ഉപേക്ഷിക്കുന്നത് അവളോട് അത് കൽപ്പിക്കപ്പെട്ടത് കാരണത്താലാണ് എന്നത് അതിനുള്ള ഉദാഹരണമാണ്."

التصنيفات

സ്ത്രീകളുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ