എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല

എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല

ജാബിർ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "എനിക്ക് അഞ്ചു കാര്യങ്ങൾ നൽകപ്പെട്ടിരിക്കുന്നു. എനിക്ക് മുൻപുള്ള നബിമാരിൽ ഒരാൾക്കും അത് നൽകപ്പെട്ടിട്ടില്ല. ഒരു മാസം വഴിദൂരത്തേക്ക് (ശത്രുക്കളുടെ മനസ്സിൽ) ഭീതി നിറച്ചു കൊണ്ട് എനിക്ക് സഹായം നൽകപ്പെട്ടിരിക്കുന്നു. ഭൂമിയെ എനിക്ക് നിസ്കാരസ്ഥലവും ശുദ്ധീകരണത്തിനുള്ള മാർഗവുമായി നിശ്ചയിച്ചിരിക്കുന്നു. എൻ്റെ ഉമ്മത്തിൽ പെട്ട ഏതൊരു വ്യക്തിക്കും നിസ്കാര സമയമെത്തിയാൽ അവൻ നിസ്കരിക്കട്ടെ. എനിക്ക് യുദ്ധാർജ്ജിത സ്വത്തുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു; എനിക്ക് മുൻപുള്ള ഒരാൾക്കും അത് അനുവദിക്കപ്പെട്ടിട്ടില്ല. എനിക്ക് ശഫാഅത് നൽകപ്പെട്ടിരിക്കുന്നു. (എനിക്ക് മുൻപ്) നബിമാർ അവരുടെ ജനതയിലേക്ക് മാത്രമായാണ് നിയോഗിക്കപ്പെട്ടിരുന്നത്. ഞാൻ സർവ്വ ജനങ്ങളിലേക്കുമായാണ് നിയോഗിക്കപ്പെട്ടിരിക്കുന്നത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

തനിക്ക് മുൻപുള്ള നബിമാർക്കൊന്നും നൽകപ്പെട്ടിട്ടില്ലാത്ത അഞ്ച് പ്രത്യേക കാര്യങ്ങൾ അല്ലാഹു തനിക്ക് നൽകിയിരിക്കുന്നു എന്ന് നബി -ﷺ- അറിയിക്കുന്നു. ഒന്ന്: എൻ്റെ ശത്രുക്കൾക്കും എനിക്കുമിടയിൽ ഒരു മാസത്തെ വഴിദൂരമുണ്ടെങ്കിലും, അവരുടെ മനസ്സിൽ എന്നെ കുറിച്ചുള്ള ഭയം ഇട്ടുനൽകിക്കൊണ്ട് ഞാൻ സഹായിക്കപ്പെട്ടിരിക്കുന്നു. രണ്ട്: ഭൂമി മുഴുവൻ നമുക്ക് മസ്ജിദായി -നിസ്കരിക്കാൻ അനുയോജ്യമായ സ്ഥലമായി- നിശ്ചയിക്കപ്പെട്ടിരിക്കുന്നു. അതിനാൽ എവിടെയാണെങ്കിലും നമുക്ക് നിസ്കരിക്കുന്നതിന് തടസ്സമില്ല. അതോടൊപ്പം വെള്ളം ഉപയോഗിക്കാൻ സാധിക്കാത്ത സമയങ്ങളിൽ ശുദ്ധി വരുത്താൻ കഴിവുള്ള വസ്തുവായി ഭൂമിയെ നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. മൂന്ന്: യുദ്ധാർജ്ജിത സ്വത്തുകൾ (ഗനീമഃ) നമുക്ക് അനുവദിക്കപ്പെട്ടിരിക്കുന്നു. കുഫ്ഫാറുകളോടുള്ള യുദ്ധത്തിലൂടെ പിടിച്ചെടുക്കുന്ന സമ്പത്താണ് ഗനീമഃ എന്നത് കൊണ്ട് ഉദ്ദേശ്യം. നാല്: എനിക്ക് ഏറ്റവും വലിയ ശുപാർശ (ശഫാഅഃ ഉദ്മാ) നൽകപ്പെട്ടിരിക്കുന്നു. ഖിയാമത്ത് നാളിലെ ഭീതിതമായ നിൽപ്പിൽ നിന്ന് ജനങ്ങൾക്ക് ആശ്വാസം നൽകപ്പെടുക ഈ ശഫാഅത്ത് മുഖേനയായിരിക്കും. അഞ്ച്: സർവ്വ സൃഷ്ടികളിലേക്കുമായി കൊണ്ടാണ് ഞാൻ നിയോഗിക്കപ്പെട്ടിരിക്കുന്നത്; ജിന്നുകളിലേക്കും മനുഷ്യരിലേക്കുമായി. മുൻപുള്ള നബിമാർ അവരവരുടെ ജനതകളിലേക്ക് മാത്രമായിട്ടായിരുന്നു നിയോഗിക്കപ്പെട്ടിരുന്നത്.

فوائد الحديث

അല്ലാഹു തനിക്ക് നൽകിയ അനുഗ്രഹങ്ങൾ അവനുള്ള നന്ദിയായി കൊണ്ടും, അത് മറ്റുള്ളവരെ അറിയിക്കുക എന്ന ഉദ്ദേശ്യത്തോടെയും എടുത്തു പറയാം.

ഹദീഥിൽ പരാമർശിക്കപ്പെട്ട കാര്യങ്ങളിലൂടെ അല്ലാഹു ഈ ഉമ്മത്തിനും അവരുടെ നബിക്കും നൽകിയ ശ്രേഷ്ഠത.

ഏതു സന്ദർഭത്തിലും അവസ്ഥയിലും ആകട്ടെ, നിസ്കാരം അതിൻ്റെ സമയമായാൽ നിർവ്വഹിക്കുക എന്നത് നിർബന്ധമാണ്. നിസ്കാരത്തിൻ്റെ നിബന്ധനകളും (ശർത്വുകൾ) അവിഭാജ്യഘടകങ്ങളും (റുക്നുകളും) നിർബന്ധകർമ്മങ്ങളും (വാജിബുകൾ) സാധ്യമാകും വിധം നിർവ്വഹിച്ചാൽ മതിയാകും.

മറ്റു നബിമാരിൽ നിന്ന് വ്യത്യസ്തമായി നബി -ﷺ- ക്ക് മാത്രം പ്രത്യേകമായി

അനുവദിക്കപ്പെടുന്ന ശഫാഅത്ത് വ്യത്യസ്ത വിധങ്ങളിലുണ്ട്. (1) സർവ്വ മനുഷ്യർക്കുമിടയിൽ അല്ലാഹു വിധികൽപ്പിക്കാൻ വേണ്ടിയുള്ള ശുപാർശ. (2) സ്വർഗക്കാർ സ്വർഗത്തിൽ പ്രവേശിക്കുന്നതിന് വേണ്ടിയുള്ള ശുപാർശ. (3) നബി -ﷺ- യുടെ പിതൃസഹോദരനായ അബൂത്വാലിബിന് നരകശിക്ഷ ലഘൂകരിക്കാൻ വേണ്ടിയുള്ള ശുപാർശ. അബൂത്വാലിബിന് നരകത്തിൽ നിന്ന് രക്ഷ നൽകപ്പെടുകയില്ല; മറിച്ച് കാഫിറായാണ് അദ്ദേഹം മരണപ്പെട്ടത് എന്നതിനാൽ അദ്ദേഹത്തിൻ്റെ ശിക്ഷയിൽ ഇളവ് നൽകപ്പെടുക മാത്രമേ ഉണ്ടാവുകയുള്ളൂ എന്നത് പ്രത്യേകം ശ്രദ്ധിക്കുക.

ഈ ഹദീഥിൽ പറയപ്പെട്ടിട്ടില്ലാത്ത അനേകം പ്രത്യേകതകൾ വേറെയും നബി -ﷺ- ക്കുണ്ട്. അവിടുത്തേക്ക് ജവാമിഉൽ കലിം (ചുരുങ്ങിയ വാക്കുകളിൽ വലിയ ആശയം പറയാൻ സാധിക്കുന്ന വിധത്തിലുള്ള സംസാരവൈഭവം) നൽകപ്പെട്ടിരിക്കുന്നു എന്നതും, നബിമാരുടെ പരമ്പര അവിടുത്തെ നിയോഗത്തോടെ അവസാനിച്ചു എന്നതും, മുസ്‌ലിം ഉമ്മത്ത് നിസ്കാരത്തിൽ സ്വഫ്ഫ് കെട്ടുന്നത് മലക്കുകൾ അണികെട്ടുന്നത് പോലെയാണെന്നതുമെല്ലാം അതിൽ ചിലതാണ്.

التصنيفات

നമ്മുടെ നബി മുഹമ്മദ് -ﷺ-