ദുനിയാവ് (ഇഹലോകം) മുഅ്മിനിന് ജയിലറയും, കാഫിറിന് സ്വർഗവുമാണ്

ദുനിയാവ് (ഇഹലോകം) മുഅ്മിനിന് ജയിലറയും, കാഫിറിന് സ്വർഗവുമാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ദുനിയാവ് (ഇഹലോകം) മുഅ്മിനിന് ജയിലറയും, കാഫിറിന് സ്വർഗവുമാണ്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഇഹലോകം മുഅ്മിനിനെ സംബന്ധിച്ചിടത്തോളം ഒരു ജയിലറ പോലെയായിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു; കാരണം കൽപിക്കപ്പെട്ട കർമങ്ങൾ പ്രവർത്തിക്കുകയും നിരോധിക്കപ്പെട്ട കാര്യങ്ങൾ ഉപേക്ഷിക്കുകയും ചെയ്തു കൊണ്ട് അല്ലാഹുവിൻ്റെ വിധിവിലക്കുകൾക്ക് കീഴിലാണ് അവൻ സ്വന്തത്തെ പിടിച്ചു വെച്ചിരിക്കുന്നത്. എന്നാൽ മരണം വന്നെത്തുന്നതോടെ എല്ലാ കെട്ടുപാടുകളിൽ നിന്നും അവൻ സ്വതന്ത്രനാകുന്നു; അല്ലാഹു ഒരുക്കിയ എന്നെന്നേക്കുമുള്ള സുഖാനുഗ്രഹങ്ങളുടെ സ്വർഗത്തിലേക്ക് അവൻ യാത്രയാവുകയും ചെയ്യുന്നു. പക്ഷേ, കാഫിറിനെ സംബന്ധിച്ചിടത്തോളം ദുനിയാവ് ഒരു സ്വർഗം പോലെയാണ്. അവൻ തൻ്റെ മനസ്സിൻ്റെ ആഗ്രഹങ്ങൾക്കനുസരിച്ച് ജീവിതം നയിക്കുകയും, അവൻ്റെ ഇഛകളുടെ കൽപ്പനകൾക്കനുസരിച്ച് പ്രവർത്തിക്കുകയുമാണ് ചെയ്യുന്നത്. പക്ഷേ, മരണം വന്നെത്തിയാൽ എന്നെന്നേക്കുമായി കഠിനശിക്ഷകളുടെ ലോകത്തേക്കാണ് അവന് ചെന്നുപതിക്കാനുള്ളത്.

فوائد الحديث

നവവി -رَحِمَهُ اللَّهُ- പറയുന്നു: "നിഷിദ്ധവും വെറുക്കപ്പെട്ടതുമായ എല്ലാ ആഗ്രഹങ്ങളിൽ നിന്നും തടയപ്പെട്ട തടവുപുള്ളിയെ പോലെയാണ് എല്ലാ മുസ്‌ലിമായ വിശ്വാസിയും ഇഹലോകത്ത് കഴിയുന്നത്. എന്നാൽ മരണത്തോടെ ഈ പറഞ്ഞതിൽ നിന്നെല്ലാം അവൻ ആശ്വാസത്തിലായി; പിന്നീട് അവനായി അല്ലാഹു ഒരുക്കി വെച്ചിരിക്കുന്നു എന്നെന്നേക്കുമായുള്ള സുഖാനുഗ്രഹങ്ങളിലേക്കും യാതൊരു കുറവുകളുമില്ലാത്ത ആശ്വാസത്തിൻ്റെ ഭവനത്തിലേക്കുമാണ് അവന് പോകാനുള്ളത്.

പക്ഷേ, കാഫിറിൻ്റെ കാര്യം നേരെതിരിച്ചാണ്. അവന് ഇഹലോകത്ത് നിന്ന് ലഭിച്ച ചില നൈമിഷിക സുഖങ്ങൾ മാത്രമാണുണ്ടായത്; അതാകട്ടെ, അതീവതുഛവും പലവിധത്തിലുള്ള കുഴപ്പങ്ങളുടെയും പ്രശ്നനങ്ങളുടെയും കലർപ്പുകളുള്ളതുമായിരുന്നു. മരണം വന്നെത്തിയാലാകട്ടെ, ശാശ്വതമായ ശിക്ഷകളുടെയും അവസാനിക്കാത്ത ദൗർഭാഗ്യത്തിൻ്റെയും ഭവനത്തിലാണ് അവൻ ചെന്നടിയുക."

സിൻദി -رَحِمَهُ اللَّهُ- പറഞ്ഞു: "മുഅ്മിൻ ഇഹലോകത്ത് സുഖസൗകര്യങ്ങളുള്ള ജീവിതത്തിലാണുള്ളത് എങ്കിൽ പോലും അവന് പരലോകത്ത് ലഭിക്കാനിരിക്കുന്ന സ്വർഗത്തോട് താരതമ്യപ്പെടുത്തുമ്പോൾ ഇഹലോകം അവന് തടവറ തന്നെയാണ്. കാഫിർ പ്രയാസകരമായ ഐഹികജീവിതത്തിലാണുള്ളത് എങ്കിൽ പോലും അവൻ പ്രവേശിക്കാനിരിക്കുന്ന നരകത്തോട് താരതമ്യം ചെയ്യുമ്പോൾ ഇഹലോകം അവന് സ്വർഗം തന്നെയാണ്."

അല്ലാഹുവിങ്കൽ ഇഹലോകം തീർത്തും വിലയില്ലാത്തതാണ്.

അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇഹലോകം പരീക്ഷണത്തിൻ്റെയും പരീക്ഷയുടെയും ഭവനം മാത്രമാണ്.

കാഫിർ തൻ്റെ 'സ്വർഗം' ഇഹലോകത്ത് തന്നെ ആസ്വദിച്ചു തീർത്തിരിക്കുന്നു. അതിനാൽ ആഖിറത്തിലെ സ്വർഗവും സുഖാനുഗ്രഹങ്ങളും അവന് തടയപ്പെടുന്നതാണ്.

التصنيفات

ഐഹികവിരക്തിയും സൂക്ഷ്മതയും, ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം