അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു

അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു

അബ്ദുല്ലാഹി ബ്നു മസ്ഊദ് (رَضيَ اللهُ عنهُ) നിവേദനം: നബി ﷺ ഇപ്രകാരം പ്രാർത്ഥിക്കാറുണ്ടായിരുന്നു: "അല്ലാഹുവേ! സന്മാർഗവും ധർമ്മനിഷ്ഠയും ജീവിതവിശുദ്ധിയും ധന്യതയും ഞാൻ നിന്നോട് ചോദിക്കുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നബി ﷺ യുടെ പ്രാർത്ഥനകളിൽ പെട്ട ഒരു ദുആയാണ് ഈ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നത്. അവിടുന്ന് അല്ലാഹുവിനോട് സന്മാർഗം ചോദിക്കുമായിരുന്നു; സത്യം ഏതാണെന്ന് അറിയാനും അത് പ്രവർത്തിക്കാനും നേരായ മാർഗത്തിൽ പ്രവേശിക്കാനുമുള്ള സൗഭാഗ്യമാണ് അത് കൊണ്ട് ഉദ്ദേശിക്കുന്നത്. ധർമ്മനിഷ്ഠയും (തഖ്‌വ) അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; അല്ലാഹുവിൻ്റെ കൽപ്പനകൾ പ്രാവർത്തികമാക്കാനും വിലക്കുകൾ ഉപേക്ഷിക്കാനുമുള്ള സൗഭാഗ്യമാണ് അതിൻ്റെ ഉദ്ദേശ്യം. ജീവിതവിശുദ്ധിയും അവിടുന്ന് ചോദിക്കുമായിരുന്നു; അല്ലാഹു അനുവദിച്ചിട്ടില്ലാത്തതും മാന്യമല്ലാത്തതുമായ വാക്കുകളും പ്രവർത്തികളും ഉപേക്ഷിക്കാനുള്ള ഉതവിയാണ് അതിൻ്റെ ഉദ്ദേശ്യം. ധന്യതയും അവിടുന്ന് അല്ലാഹുവിനോട് ചോദിക്കുമായിരുന്നു; സൃഷ്ടികളോട് ആവശ്യം തേടേണ്ട അവസ്ഥ വരാതെ, അല്ലാഹുവിനോടല്ലാതെ മറ്റാരോടും തേടേണ്ടതില്ലാത്ത സ്ഥിതിയാണ് അതിൻ്റെ ഉദ്ദേശ്യം.

فوائد الحديث

ഹദീഥിൽ വിവരിക്കപ്പെട്ട നാല് കാര്യങ്ങളുടെയും മഹത്വം; സന്മാർഗം, ധർമ്മനിഷ്ഠ, ജീവിതവിശുദ്ധി, ധന്യത എന്നിവയാണവ. ഈ സ്വഭാവങ്ങൾ ജീവിതത്തിൽ കൊണ്ടുവരാനുള്ള പരിശ്രമം ഉണ്ടായിരിക്കണമെന്ന പ്രേരണയും ഈ ഹദീഥിൻ്റെ ഉള്ളടക്കത്തിലുണ്ട്.

നബി -ﷺ- തൻ്റെ സ്വന്തത്തിന് പോലും ഉപകാരോപദ്രവങ്ങൾ ഉടമപ്പെടുത്തിയിരുന്നില്ല. എല്ലാം ഉടമപ്പെടുത്തുന്നത് അല്ലാഹു മാത്രമാണ്.

ഉപകാരവും ഉപദ്രവവും സന്മാർഗവുമെല്ലാം അല്ലാഹുവിൻ്റെ പക്കൽ മാത്രമാണ്; അല്ലാഹുവിനോട് ഏറെ സാമീപ്യമുള്ള മലക്കിനോ അവൻ നിയോഗിച്ചയച്ച റസൂലിനോ മറ്റാർക്കെങ്കിലുമോ അതിലൊന്നും യാതൊരു പങ്കുമില്ല.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ