നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ…

നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ്

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഒരിക്കൽ നബി -ﷺ- മിമ്പറിന് മുകളിൽ ഇരിക്കുകയും ഞങ്ങൾ നബിയുടെ ചുറ്റും കൂടിയിരിക്കുകയും ചെയ്തു. അപ്പോൾ അവിടുന്ന് പറഞ്ഞു: "നിങ്ങൾക്ക് തുറന്നു നൽകപ്പെടാനിരിക്കുന്ന ഐഹിക ആഡംബരങ്ങളും അലങ്കാരങ്ങളും എൻ്റെ കാലശേഷം നിങ്ങളുടെ കാര്യത്തിൽ ഞാൻ ഭയപ്പെടുന്ന വിഷയങ്ങളിലൊന്നാണ്." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! നന്മയിലൂടെ തിന്മ ഉണ്ടാകുമെന്നോ?!" അപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. ചോദ്യകർത്താവിനോട് ചിലർ പറഞ്ഞു: "എന്താണ് നിൻ്റെ അവസ്ഥ?! നബി -ﷺ- യോട് നീ പറഞ്ഞതിന് അവിടുന്ന് നിനക്ക് മറുപടിയൊന്നും തരുകയുണ്ടായില്ലല്ലോ?!" പിന്നീട് നബി -ﷺ- ക്ക് അല്ലാഹുവിൻ്റെ സന്ദേശം ഇറക്കപ്പെടുന്നു എന്ന് ഞങ്ങൾക്ക് മനസ്സിലായി. തൻ്റെ വിയർപ്പു തുള്ളികൾ തടവി നീക്കിയ ശേഷം അവിടുന്ന് പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അവിടുന്ന് അയാളെ പുകഴ്ത്തുന്നതു പോലെയായിരുന്നു (ആ ചോദ്യം). ശേഷം നബി -ﷺ- പറഞ്ഞു: "നന്മ തിന്മയും കൊണ്ട് വരികയില്ല. വസന്തം മുളപ്പിക്കുന്നവയിൽ മരണകാരണമാകുന്നതും മരണാസന്നമാക്കുന്നതുമുണ്ട്; മിതമായി പച്ചപ്പിൽ നിന്ന് ഭക്ഷിക്കുന്നവ (മൃഗങ്ങളുടെ കാര്യത്തിൽ) ഒഴികെ. അവ തങ്ങളുടെ വയറുകൾ വശങ്ങളിലേക്ക് വീർക്കുന്നത്ര ഭക്ഷിച്ചു കഴിഞ്ഞാൽ സൂര്യനു നേരെ നിന്ന് വെയിലു കായുകയും, ശേഷം കാഷ്ഠിക്കുകയും മൂത്രമൊഴിക്കുകയും, വീണ്ടും മേയുകയും ചെയ്യും. തീർച്ചയായും ഈ സമ്പത്ത് ഹരിതാഭവും മധുരതരവുമാണ്; അതിൽ നിന്ന് ദരിദ്രനും അനാഥനും വഴിപോക്കനും നൽകുന്നിടത്തോളം അത് മുസ്‌ലിമിൻ്റെ എത്ര നല്ല സഹയാത്രികനാണ്! എന്നാൽ അതിൽ നിന്ന് അന്യായമായി എടുക്കുന്നവൻ ഭക്ഷിക്കുകയും വയറു നിറയുകയും ചെയ്യാത്ത ഒരുവനെ പോലെയാണ്; അന്ത്യനാളിൽ അവനെതിരെ അത് (സമ്പത്ത്) സാക്ഷിയായിരിക്കും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഒരു ദിവസം നബി -ﷺ- തൻ്റെ സ്വഹാബികളോട് സംസാരിക്കുന്നതിനായി അവിടുത്തെ മിമ്പറിൽ ഇരുന്നു. അവിടുന്ന് പറഞ്ഞു: നിങ്ങളുടെ കാര്യത്തിൽ ഞാൻ ഏറ്റവുമധികം ഭയക്കുന്നത് ഭൂമിയിലെ അനുഗ്രഹങ്ങളും ഇഹലോകത്തിൻ്റെ അലങ്കാരങ്ങളും സുഖാഢംഭരങ്ങളും എൻ്റെ കാലശേഷം നിങ്ങൾക്ക് മേൽ തുറന്നു നൽകപ്പെടുന്നതിനെയാണ്. നശ്വരമാണെന്നറിഞ്ഞിട്ടും ജനങ്ങൾ പൊങ്ങച്ചവും അഹങ്കാരവും നടിക്കുന്ന അത്തരം വിഭവങ്ങളും വസ്ത്രങ്ങളും കൃഷിയിടങ്ങളും മറ്റുമെല്ലാം (നിങ്ങൾക്ക് തുറന്നു നൽകപ്പെടുമെന്നത് എന്നെ ഭയപ്പെടുത്തുന്നു). അപ്പോൾ ഒരാൾ ചോദിച്ചു: "ഇഹലോകത്തിൻ്റെ അലങ്കാരങ്ങൾ അല്ലാഹുവിൻ്റെ അനുഗ്രഹങ്ങളിൽ പെട്ടതാണല്ലോ? അപ്പോൾ ഈ അനുഗ്രഹങ്ങൾ എങ്ങനെയാണ് ശിക്ഷയും ദുരന്തവുമായി ഭവിക്കുക?!" ഈ ചോദ്യം കേട്ടപ്പോൾ നബി -ﷺ- നിശബ്ദത പാലിച്ചു. നബി -ﷺ- യെ ആ ചോദ്യം ദേഷ്യം പിടിപ്പിച്ചുവെന്ന് ധരിച്ച ചിലർ ആ ചോദ്യകർത്താവിനെ ആക്ഷേപിക്കുകയും ചെയ്തു. എന്നാൽ നബി -ﷺ- ക്ക് വഹ്‌യ് (അല്ലാഹുവിൻ്റെ സന്ദേശം) ഇറങ്ങിക്കൊണ്ടിരിക്കുകയാണെന്നും (അതിനാലാണ് അവിടുന്ന് നിശബ്ദത പാലിച്ചതെന്നും) അവർക്ക് പിന്നീട് ബോധ്യമായി. തൻ്റെ നെറ്റിയിൽ നിന്ന് വിയർപ്പുത്തുള്ളികൾ തുടച്ചു നീക്കിക്കൊണ്ട് നബി -ﷺ- പറഞ്ഞു: "ആ ചോദ്യകർത്താവ് എവിടെ?!" അദ്ദേഹം 'ഞാനാണ്' എന്ന് പറഞ്ഞു. നബി -ﷺ- അല്ലാഹുവിനെ സ്തുതിക്കുകയും പ്രകീർത്തിക്കുകയും ചെയ്ത ശേഷം പറഞ്ഞു തുടങ്ങി: "യഥാർത്ഥ നന്മ ഒരിക്കലും നന്മയല്ലാതെ കൊണ്ടുവരികയില്ല. എന്നാൽ ഐഹികജീവിതത്തിലെ സുഖാഢംഭരങ്ങൾ ഒരിക്കലും സമ്പൂർണ്ണമായ നന്മയല്ല. കാരണം ചിലപ്പോൾ കുഴപ്പങ്ങളിലേക്കും കിടമത്സരങ്ങളിലേക്കും പരലോകത്തിന് വേണ്ടി പൂർണ്ണമായി മാറിയിരിക്കുന്നതിൽ നിന്ന് ശ്രദ്ധ തെറ്റിക്കുന്നതിലേക്കുമാണ് അവ മനുഷ്യരെ നയിക്കുക. അക്കാര്യം ബോധ്യപ്പെടുത്തുന്നതിന് വേണ്ടി നബി -ﷺ- ഒരു ഉദാഹരണവും പറഞ്ഞു; അതിപ്രകാരമായിരുന്നു: വസന്തകാലത്ത് മുളക്കുന്ന ചെടികളിലും പച്ചപ്പുകളിലും ചിലത് കന്നുകാലികൾക്ക് ഏറെ പ്രിയങ്കരമാണ്. എന്നാൽ അവ അധികമായി ഭക്ഷിച്ചാൽ വയറു നിറഞ്ഞ് ചത്തു പോവുകയോ മരണാസന്നമാവുന്ന അവസ്ഥയിലേക്ക് എത്തുകയോ ചെയ്തേക്കാം. എന്നാൽ മിതമായി ഭക്ഷിക്കുന്ന ചില കന്നുകാലികളുണ്ട്; അവ തങ്ങളുടെ വയറിൻ്റെ വശങ്ങൾ നിറയുന്നത് വരെ ഭക്ഷിക്കുകയും, പിന്നീട് വെയിൽ കായുകയും, കുഴമ്പു രൂപത്തിൽ കാഷ്ടിക്കുകയോ മൂത്രമൊഴിക്കുകയോ ചെയ്യുകയും, പിന്നീട് വയറ്റിലുള്ളത് വീണ്ടും അയവിറക്കുകയും ,ശേഷം വീണ്ടും മേയാൻ പോവുകയും ചെയ്യും. സമ്പത്തിൻ്റെ കാര്യവും ഇതു പോലെത്തന്നെ; പച്ചപ്പു നിറഞ്ഞ രുചികരമായ പുല്ലു പോലെയാണതും. അധികരിച്ചാൽ അത് മനുഷ്യനെ തകർത്തു കളയുകയോ തകർച്ചയുടെ വക്കിലേക്ക് എത്തിക്കുകയോ ചെയ്യും. എന്നാൽ ആവശ്യത്തിനുള്ളതിൽ മാത്രം ഒതുങ്ങുകയും, അനുവദനീയമായ മാർഗത്തിലൂടെ വേണ്ടത് മാത്രം തേടുകയും ചെയ്താൽ അത് കൊണ്ട് ഉപദ്രവമില്ല. ദരിദ്രർക്കും അനാഥർക്കും വഴിപോക്കർക്കും തൻ്റെ സമ്പത്തിൽ നിന്ന് എടുത്തു നൽകുന്നുവെങ്കിൽ ഒരു മുസ്‌ലിമിന് എത്രമേൽ നല്ലതാണ് സമ്പത്ത്! തനിക്ക് അർഹമായ രൂപത്തിൽ മാത്രം അത് സമ്പാദിക്കുന്നന് അതിൽ അനുഗ്രഹം നൽകപ്പെടുമെന്നതിൽ സംശയമില്ല. എന്നാൽ തനിക്ക് അർഹമല്ലാത്ത രൂപത്തിൽ അത് സമ്പാദിക്കുന്നവൻ്റെ കാര്യം ഭക്ഷിച്ചിട്ടും ഭക്ഷിച്ചിട്ടും വയറു നിറയാത്ത ഒരുവനെ പോലെയാണ്. അന്ത്യനാളിൽ ആ സമ്പത്ത് അവനെതിരെയുള്ള സാക്ഷിയായിരിക്കുന്നതുമാണ്.

فوائد الحديث

നവവി -رَحِمَهُ اللَّهُ- പറയുന്നു: "അർഹമായ വിധത്തിൽ മാത്രം സമ്പാദിക്കുകയും, നന്മയുടെ മാർഗങ്ങളിൽ ചെലവഴിക്കുകയും ചെയ്തവർക്ക് സമ്പത്ത് ശ്രേഷ്ടതയുള്ള കാര്യമാണെന്ന് ഈ ഹദീഥ് അറിയിക്കുന്നു."

തൻ്റെ ഉമ്മത്തിനെ കുറിച്ച് നബി -ﷺ- പ്രവചിച്ച കാര്യങ്ങളും, അവർക്ക് ലഭിക്കാനിരിക്കുന്ന ഭൗതികമായ അലങ്കാരങ്ങളെയും അതിലുണ്ടാകുന്ന പരീക്ഷണങ്ങളെയും കുറിച്ചുള്ള വിവരണവും.

ആശയങ്ങൾ മനസ്സിലാകാൻ സഹായകമാകുന്ന വിധത്തിൽ ഉദാഹരണങ്ങളും ഉപമകളും പറയുക എന്നത് നബി -ﷺ- യുടെ അദ്ധ്യാപന ശൈലിയിൽ പെട്ടതായിരുന്നു.

ദാനധർമ്മങ്ങൾ നൽകാനും നന്മയുടെ വഴികളിൽ സമ്പത്ത് ചെലവഴിക്കാനുമുള്ള പ്രോത്സാഹനവും, സമ്പത്ത് പിടിച്ചു വെക്കുന്നതിൽ നിന്നുള്ള താക്കീതും.

"നന്മ തിന്മ കൊണ്ടുവരികയില്ല" എന്ന നബി -ﷺ- യുടെ വാക്കിൽ നിന്ന് ഉപജീവനം അധികരിക്കുന്നത് നന്മയുടെ ഭാഗമാണ് എന്ന് മനസ്സിലാക്കാം. എന്നാൽ സമ്പത്ത് ലഭിച്ചതിന് ശേഷം അത് അർഹരായവർക്ക് നൽകുന്നതിൽ പിശുക്ക് കാണിക്കുകയോ, അല്ലാഹു അനുവദിച്ചിട്ടില്ലാത്ത വഴികളിൽ ചെലവഴിച്ചു കൊണ്ട് ധൂർത്ത് കാണിക്കുകയോ മറ്റോ ചെയ്യുമ്പോഴാണ് അതിൽ തിന്മയുടെ അംശങ്ങൾ പ്രവേശിക്കുന്നത്. അല്ലാഹു നന്മയായി വിധിച്ച ഒരു കാര്യവും തിന്മയാവുകയില്ല. തിരിച്ചും സംഭവിക്കുകയില്ല; എന്നാൽ നന്മ ലഭിക്കപ്പെട്ടതിന് ശേഷം തൻ്റെ തെറ്റായ രീതികളിലൂടെ തിന്മ അതിലേക്ക് കയറിവരുന്നതിനെ ഭയപ്പെടേണ്ടതുണ്ട്.

ചിന്തിച്ചും ആലോചിച്ചും മറുപടി പറയേണ്ട ചോദ്യങ്ങൾക്ക് ധൃതിയിൽ ഉത്തരം പറയരുത്.

ത്വീബീ -رَحِمَهُ اللَّهُ- പറയുന്നു: "ഈ ഹദീഥിൽ നിന്ന് ജനങ്ങൾ നാലു വിഭാഗക്കാരുണ്ടെന്ന് മനസ്സിലാക്കാം.

1- സമ്പത്തിൽ നിന്ന് ആസ്വദിച്ച് ഭക്ഷിക്കുകയും അതിരു കവിയുകയും അതിൽ മുഴുകിപ്പോവുകയും അങ്ങനെ അവൻ്റെ ശരീരം വീർത്തുകവിയുകയും, അതിലൂടെ ഉടനടി നാശത്തിലേക്ക് ആപതിക്കുകയും ചെയ്യുന്ന കൂട്ടർ.

2- മേൽ പറഞ്ഞതു പോലെ അതിരുകവിഞ്ഞു ഭക്ഷിക്കുകയും, രോഗം ക്രമേണമായി അവനെ വരിഞ്ഞു മുറുക്കുകയും ചെയ്തതിനുശേഷം മാത്രം അതിന് തടയാൻ വല്ല സൂത്രവും ഉണ്ടോ എന്ന് നോക്കിയവർ. പക്ഷേ രോഗം അവരെ കീഴടക്കുകയും അവർ നശിക്കുകയും ചെയ്തു.

3- മേൽ പറഞ്ഞതു പോലെ അതിരു കവിഞ്ഞു ഭക്ഷിച്ച കൂട്ടർ തന്നെ ഇവരും; എന്നാൽ തന്നെ അപകടത്തിലെത്തിക്കുന്ന കാര്യങ്ങൾ നീക്കം ചെയ്യാൻ അവർ ഉടനടി തയ്യാറായി. അങ്ങനെ രോഗത്തെ അവൻ അല്ലാഹുവിൻ്റെ സഹായത്താൽ

കീഴ്പ്പെടുത്തുകയും, രക്ഷപ്പെടുകയും ചെയ്തു.

4- സമ്പത്ത് ഭക്ഷിക്കുന്നതിൽ അതിരു കവിയുകയോ ആർത്തിയോടെ അതിൽ മതിമറക്കുകയോ ചെയ്യാതെ, തൻ്റെ വിശപ്പ് ശമിപ്പിക്കുകയും പട്ടിണി നീക്കുകയും ചെയ്യുന്നതിന് വേണ്ടത് മാത്രം എടുക്കുകയും ചെയ്തവർ.

ഒന്നാമത്തേത്, അല്ലാഹുവിനെയും അവൻ്റെ റസൂലിനെയും നിഷേധിച്ച കാഫിറുകളുടെ സ്ഥിതിയാണ്. രണ്ടാമത്തേത് തിന്മകളിൽ ആപതിക്കുകയും അവയിൽ നിന്ന് കരകയറാനുള്ള പരിശ്രമങ്ങളെ തീർത്തും അവഗണിക്കുകയും, മരണത്തിൻ്റെ അവസാനവേളയിൽ മാത്രം പശ്ചാത്താപത്തിന് ശ്രമിക്കുകയും ചെയ്തവരുടെ സ്ഥിതിയാണ്. മൂന്നാമത്തേത് തിന്മകൾ പ്രവർത്തിച്ചുവെങ്കിലും -അല്ലാഹു പശ്ചാത്താപം സ്വീകരിക്കുന്ന സന്ദർഭത്തിൽ- ഉടനടി അല്ലാഹുവിലേക്ക് ഖേദിച്ചു മടങ്ങുന്നവരാണ്. നാലാമത്തേത്, ഐഹിക ജീവിതത്തോട് വിരക്തി പുലർത്തുകയും, പരലോകത്തിൽ പ്രതീക്ഷയർപ്പിക്കുകയും ചെയ്ത വിശുദ്ധി പാലിക്കുന്നവരുടെ ജീവിതവുമാണ്.

ഈ ഹദീഥിൽ ഉപമകളുടെയും അലങ്കാരപ്രയോഗങ്ങളുടെയും മനോഹരമായ രൂപങ്ങളുണ്ട്.

ഒന്ന്: സമ്പത്തിൻ്റെ വർദ്ധനവിനെ ചെടികളോടും അവ നാമ്പു പൊട്ടുന്നതിനോടും വളരുന്നതിനോടും ഉപമിച്ചു എന്നത്. രണ്ട്: സമ്പാദ്യമുണ്ടാക്കുന്നതിൽ മാത്രം മുഴുകിയ വ്യക്തിയെ അമിതമായി ഭക്ഷണം കഴിച്ച കന്നുകാലിയോട് ഉപമിച്ചു എന്നത്. മൂന്ന്: സമ്പാദ്യം അധികരിപ്പിക്കുന്നതിലും അത് ശേഖരിച്ചു വെക്കുന്നതിലും മാത്രം മുഴുകുന്നത് മൂക്കുമുട്ടെ തിന്നുന്നതിനോടും വയറു നിറക്കുന്നതിനോടും ഉപമിച്ചു എന്നത്. നാല്: സമ്പത്തിനോട് മനുഷ്യർക്കുള്ള ആഗ്രഹവും സ്നേഹവും കഠിനമാണ്; എന്നാൽ കടുത്ത പിശുക്കിലേക്ക് നയിക്കുന്ന വിധത്തിലുള്ള അത്യാഗ്രഹം വെച്ചു പുലർത്തുന്ന സമ്പാദ്യത്തെ മൃഗങ്ങൾ പുറംതള്ളുന്ന വിസർജ്യത്തിനോടാണ് നബി -ﷺ- ഉപമിച്ചത്; ഹറാമായ വഴിയിലൂടെ സമ്പാദിച്ച ആ സമ്പാദ്യം ദീനിൻ്റെ കാഴ്ച്ചപ്പാടിൽ എത്രമാത്രം മ്ലേഛമാണ്

എന്നതിനുള്ള സൂചന അതിലുണ്ട്. അഞ്ച്: സമ്പത്ത് ശേഖരിക്കുന്നതിൽ നിന്നും ഒരുമിച്ചു കൂട്ടുന്നതിൽ നിന്നും മാറിനിൽക്കുന്നവൻ്റെ അവസ്ഥയെ വെയിലു കായുന്ന കാലിയോട് ഉപമിച്ചത്; വെയിൽകായുന്ന ആ സമയമാണ് മൃഗങ്ങൾ ഏറ്റവും സമാധാനത്തിലും സ്വസ്ഥതയിലും കാണപ്പെടാറുള്ളത്. ഈ ഘട്ടം കാലികൾക്ക് ശാരീരികമായ പ്രയോജനം നൽകുന്നതു പോലെ, മനുഷ്യനും സമാനമായ പ്രയോജനമുണ്ട് എന്ന സൂചനയും അതിലുണ്ട്. ആറ്: തൻ്റെ ശാരീരികാവസ്ഥ പരിഗണിക്കാതെ തിന്നു കൂട്ടിയ കന്നുകാലിയുടെ മരണം പോലെയാണ് സമ്പത്ത് കൊടുക്കേണ്ടവർക്ക് കൊടുക്കാതെ കൂട്ടിപ്പിടിക്കുന്ന വ്യക്തിയുടെ സ്ഥിതി എന്ന് ഉപമപ്പെടുത്തിയത്. ഏഴ്: എന്നെങ്കിലുമൊരിക്കൽ ശത്രുവായി മാറാൻ സാധ്യതയുള്ള ഒരു സുഹൃത്തിനോട് സമ്പത്തിനെ ഉപമിച്ചത്; സമ്പത്തിനോടുള്ള സ്നേഹവും കഠിനമായ ആഗ്രഹവും അത് കെട്ടിപ്പൂട്ടി വെക്കാൻ പ്രേരിപ്പിക്കുന്നതാണ്. അർഹരായവർക്ക് അതിൽ നിന്ന് നൽകാൻ പലരെയും തടസ്സപ്പെടുത്തുന്നത് അതാണ്; അതാകട്ടെ നാളെ അല്ലാഹുവിൻ്റെ ശിക്ഷ നേടിക്കൊടുക്കുന്നതിലേക്കാണ് അവനെ നയിക്കുക. എട്ട്: സമ്പത്ത് അന്യായമായി ശേഖരിക്കുന്നവനെ മൂക്കുമുട്ടെ തിന്നിട്ടും വയറു നിറയാത്ത ഒരുത്തനോട് ഉപമിച്ചു എന്നത്.

സിൻദി -رَحِمَهُ اللَّهُ- പറയുന്നു: "ഒരു കാര്യം നന്മയാണെങ്കിൽ അതിൽ നിർബന്ധമായും രണ്ട് കാര്യങ്ങൾ വേണ്ടതുണ്ട്. 1- അത് അർഹമായ രൂപത്തിൽ നേടിയതായിരിക്കണം. 2- അർഹിക്കുന്ന വഴികളിൽ അത് ചെലവഴിച്ചിരിക്കണം. ഇതിൽ ഏതെങ്കിലുമൊന്ന് നഷ്ടമാകുന്നതോടെ ഏതു കാര്യവും ഉപദ്രവകരമായി മാറുന്നു... ചിലർ പറഞ്ഞു: ഇവ രണ്ടും പരസ്പരപൂരകങ്ങളാണെന്ന സൂചന ഈ ഹദീഥിലുണ്ട്. സമ്പത്ത് അർഹമായ വിധത്തിൽ സമ്പാദിച്ചാൽ മാത്രമേ അർഹമായ വിധത്തിൽ അവ ചെലവഴിക്കാൻ അവന് സാധിക്കുകയുള്ളൂ."

التصنيفات

ഇഹലോകത്തെ സ്നേഹിക്കുന്നതിൽ നിന്നുള്ള ആക്ഷേപം