അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ

അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- ഇപ്രകാരം പറയാറുണ്ടായിരുന്നു: "അല്ലാഹുവേ, എന്റെ രക്ഷാകവചമായ ദീനിനെ നീ നന്നാക്കി തീർക്കേണമേ. എന്റെ ഉപജീവനമായ ഇഹലോകവും മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ. എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ. എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

എല്ലാ മാന്യമായ സ്വഭാവങ്ങളുടെയും അടിത്തറകൾ ഒരുമിപ്പിക്കുന്ന ഒരു പ്രാർത്ഥനയാണ് നബി -ﷺ- -ഈ ഹദീഥിൽ വന്ന പ്രാർത്ഥനയിലൂടെ- നിർവ്വഹിച്ചിരിക്കുന്നത്. ദീനും ദുനിയാവും പരലോകവും നന്നാക്കിത്തീർക്കാൻ വേണ്ടിയുള്ള ഈ പ്രാർത്ഥനയിൽ വളരെ ചുരുങ്ങിയ വാക്കുകളിൽ ഈ മൂന്ന് അടിത്തറകളെ അവിടുന്ന് ഒരുമിപ്പിച്ചിരിക്കുന്നു. ദീൻ നന്നാക്കാൻ വേണ്ടിയുള്ള തേട്ടമാണ് അവിടുന്ന് ആദ്യം ആരംഭിച്ചത്; കാരണം ദുനിയാവും പരലോകവും അതിലൂടെ മാത്രമാണ് നന്നാവുക. അവിടുന്ന് പ്രാർഥിച്ചു: "അല്ലാഹുവേ, എന്റെ ദീനിനെ നീ നന്നാക്കി തീർക്കേണമേ." അതായത് ദീനിൻ്റെ മര്യാദകൾ അതിൻ്റെ പൂർണ്ണവും കൃത്യവുമായ രൂപത്തിൽ നിറവേറ്റാൻ നീ എനിക്ക് സൗഭാഗ്യം ഏകണേ! "എന്റെ രക്ഷാകവചമായ (ദീനിനെ)" ദീൻ എൻ്റെ എല്ലാ കാര്യങ്ങൾക്കുമുള്ള സംരക്ഷണമാണ്. അത് മോശമായാൽ എൻ്റെ കാര്യങ്ങളെല്ലാം മോശമായി. അതോടെ ഞാൻ പരാജിതനാവുകയും നഷ്ടക്കാരിൽ പെടുകയും ചെയ്തു. ദീൻ പൂർണ്ണമായി ശരിയാകാൻ ദുനിയാവും ശരിയാകേണ്ടതുണ്ട് എന്നതിനാൽ അവിടുന്ന് അടുത്തതായി പ്രാർത്ഥിച്ചു: "എന്റെ ഇഹലോകം നീ നന്നാക്കി തീർക്കേണമേ." എൻ്റെ ശരീരത്തിന് ആരോഗ്യവും, എനിക്ക് നിർഭയത്വവും ഉപജീവനവും സച്ചരിതയായ ഒരു ഇണയെയും നല്ല സന്താനങ്ങളെയും എനിക്ക് ആവശ്യമായതും നൽകിക്കൊണ്ട്... അവയെല്ലാം അനുവദനീയമായ രൂപത്തിലാക്കുകയും നിന്നെ അനുസരിക്കാൻ സഹായകമായതാക്കുകയും ചെയ്തു കൊണ്ട് (നീ എൻ്റെ ദുനിയാവിനെ നന്നാക്കേണമേ!). എന്തു കൊണ്ട് ദുനിയാവ് നന്നാക്കണമെന്നതിനുള്ള കാരണമാണ് പിന്നീട് അവിടുന്ന് ഉണർത്തിയത്: "എന്റെ ഉപജീവനമായ ഇഹലോകം..." അതായത് ഞാൻ ജീവിക്കുന്ന സ്ഥലവും എൻ്റെ ആയുസ്സ് കഴിച്ചു കൂട്ടുന്ന ഇടവുമാണത്. "എന്റെ മടക്കസ്ഥാനമായ പരലോകവും നീ നന്നാക്കി തീർക്കേണമേ." എൻ്റെ പ്രവർത്തനങ്ങൾ നന്നാക്കി കൊണ്ടും, അല്ലാഹുവിനെ നിഷ്കളങ്കനായി ആരാധിക്കാനും, അന്ത്യം നന്നാവാനും എനിക്ക് സൗഭാഗ്യമേകിക്കൊണ്ടും (എൻ്റെ പരലോകം നന്നാക്കേണമേ!). ഇഹലോകത്തിന് ശേഷമാണ് നബി -ﷺ- പരലോകം പറഞ്ഞത്; കാരണം ഇഹലോകം പരലോകം നന്നാക്കാനുള്ള വഴിയും മാർഗവുമാണ്. ആരെങ്കിലും ദുനിയാവിൽ നേർപാതയിലാവുകയും, അല്ലാഹുവിൻ്റെ കൽപ്പന നിറവേറ്റുകയും ചെയ്താൽ അവൻ്റെ പരലോകവും അവന് നേരെയാവുന്നതാണ്. അവിടെയും അവൻ സൗഭാഗ്യം കൈവരിക്കുന്നതാണ്. "എന്റെ ജീവിതത്തിലുടനീളം നന്മകൾ നീ വർദ്ധിപ്പിക്കേണമേ." എൻ്റെ ആയുസ്സിൽ മുഴുവനും നന്മകൾ അധികരിപ്പിക്കാനുള്ള അവസരം നീ നൽകേണമേ! "എന്റെ മരണത്തെ എല്ലാ ദോഷങ്ങളിൽ നിന്നുമുള്ള ആശ്വാസമാക്കേണമേ." എല്ലാ കുഴപ്പങ്ങളിൽ നിന്നും പരീക്ഷണങ്ങളിൽ നിന്നും, തിന്മകളിലും അശ്രദ്ധയിലും അകപ്പെട്ടു പോയേക്കാവുന്നതിൽ നിന്നും, ഇഹലോകത്തിൻ്റെ പ്രയാസങ്ങളിൽ നിന്നും ദുഖങ്ങളിൽ നിന്നുമെല്ലാമുള്ള രക്ഷയും ആശ്വാസവുമായി മരണത്തെ എനിക്ക് നീ നിശ്ചയിക്കേണമേ എന്നർത്ഥം.

فوائد الحديث

അല്ലാഹുവിൻ്റെ ദീനാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം; കാരണം, നബി -ﷺ- തൻ്റെ പ്രാർത്ഥന ആരംഭിച്ചത് ദീൻ ശരിയാക്കണമെന്ന് തേടിക്കൊണ്ടാണ്.

ഇസ്‌ലാം ദീൻ ഒരു മനുഷ്യനെ എല്ലാ തിന്മകളിൽ നിന്നും തടുത്തു നിർത്തുന്ന സംരക്ഷണ കവചമാണ്.

ഇഹലോകത്തിന് വേണ്ടിയുള്ള പ്രാർത്ഥനയുടെ ലക്ഷ്യം ദീനും ആഖിറവും നന്നാവുക എന്നതായിരിക്കണം.

ദീനിൽ കുഴപ്പം ബാധിക്കുമെന്ന് ഭയപ്പെടുന്ന സന്ദർഭത്തിൽ മരണം ആഗ്രഹിക്കുന്നതിലോ, രക്തസാക്ഷിയായി മരിപ്പിക്കണമെന്ന് അല്ലാഹുവിനോട് തേടുന്നതിലോ തെറ്റില്ല.

التصنيفات

നബി -ﷺ- യിൽ നിന്ന് സ്ഥിരപ്പെട്ട പ്രാർത്ഥനകൾ