അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി…

അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക

സുഫ്യാൻ ബ്നു അബ്ദില്ല അസ്സഖഫി -رَضِيَ اللَّهُ عَنْهُ- നിവേദനം: ഞാൻ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയോടല്ലാതെ മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത ഒരു വാചകം എനിക്ക് ഇസ്‌ലാമിൻ്റെ കാര്യത്തിൽ പറഞ്ഞു തരിക." നബി -ﷺ- പറഞ്ഞു: "നീ 'ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു' എന്ന് പറയുകയും, ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

സുഫ്യാൻ ബ്നു അബ്ദില്ല -رَضِيَ اللَّهُ عَنْهُ- ഇസ്‌ലാമിൻ്റെ ആശയത്തെ സമഗ്രമായി ഉൾക്കൊള്ളുന്ന ഒരു വാചകം തനിക്ക് പഠിപ്പിച്ചു തരാൻ നബി -ﷺ- യോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന് ആ വാചകം ജീവിതത്തിൽ മുറുകെ പിടിക്കാനും, മറ്റൊരാളോടും ചോദിക്കേണ്ടതില്ലാത്ത വിധത്തിൽ അതിൽ വ്യക്തതയുണ്ടായിരിക്കാനും അദ്ദേഹം ആഗ്രഹിച്ചു. നബി -ﷺ- അദ്ദേഹത്തിൻ്റെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു: "ഞാൻ അല്ലാഹുവിൽ വിശ്വസിച്ചിരിക്കുന്നു എന്ന് നീ പറയുക." അതായത് ഞാൻ അല്ലാഹുവിനെ ഏകനാക്കിയിരിക്കുന്നു എന്നും, അവനാണ് എൻ്റെ രക്ഷിതാവും എൻ്റെ ആരാധ്യനും എൻ്റെ സ്രഷ്ടാവും ഞാൻ ആരാധനകൾ നൽകുന്ന -ഒരു പങ്കുകാരനുമില്ലാത്ത- യഥാർത്ഥ ആരാധ്യനും എന്ന് പറയുക. "ശേഷം നേരെ നിലകൊള്ളുകയും ചെയ്യുക." അതായത് അല്ലാഹുവിനെ അനുസരിച്ചു കൊണ്ട് -നിർബന്ധ കർമ്മങ്ങൾ നിറവേറ്റിയും നിഷിദ്ധവൃത്തികൾ ഉപേക്ഷിച്ചും- തുടർന്നു പോവുകയും ചെയ്യുക.

فوائد الحديث

മതത്തിൻ്റെ അടിത്തറ അല്ലാഹുവിലുള്ള വിശ്വാസമാണ്. അല്ലാഹുവിൻ്റെ രക്ഷാകർതൃത്വത്തിലും ആരാധനക്കുള്ള അർഹതയിലും അവൻ്റെ നാമഗുണവിശേഷണങ്ങളിലും വിശ്വസിക്കണം.

അല്ലാഹുവിൽ വിശ്വസിച്ചതിന് ശേഷം ആ മാർഗത്തിൽ നേരെ നിലകൊള്ളുകയും, ആരാധനകളിൽ തുടർന്നു പോവുകയും, അതിൽ ഉറച്ചു നിൽക്കുകയും ചെയ്യേണ്ടതിൻ്റെ പ്രാധാന്യം.

ആരാധനകളും പ്രവർത്തനങ്ങളും സ്വീകരിക്കപ്പെടാനുള്ള നിബന്ധന അല്ലാഹുവിൽ വിശ്വസിക്കുക എന്നതാണ്.

അല്ലാഹുവിലുള്ള വിശ്വാസം എന്നതിൽ ഇസ്‌ലാമിൽ നിർബന്ധമായും വിശ്വസിക്കേണ്ട എല്ലാ വിശ്വാസകാര്യങ്ങളും ഇസ്‌ലാമിൻ്റെ അടിത്തറകളും, ഹൃദയവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും, ഉള്ളും പുറവും കൊണ്ട് ഒരു പോലെ അല്ലാഹുവിന് കീഴ്പ്പെടുക എന്നതുമെല്ലാം ഉൾപ്പെടുന്നതാണ്.

അല്ലാഹുവിൻ്റെ മാർഗത്തിൽ നേരെ നിലകൊള്ളുക എന്നതാണ് 'ഇസ്തിഖാമ' എന്നതിൻ്റെ ഉദ്ദേശ്യം. നിർബന്ധ കർമ്മങ്ങൾ നിർവ്വഹിച്ചു കൊണ്ടും, നിഷിദ്ധങ്ങൾ ഉപേക്ഷിച്ചു കൊണ്ടുമാണ് അത് ചെയ്യേണ്ടത്.

التصنيفات

അല്ലാഹുവിലുള്ള വിശ്വാസം, മനസ്സുകളെ ശുദ്ധീകരിക്കൽ