അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു

അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ചപ്പോൾ ജിബ്‌രീലിനെ -عَلَيْهِ السَّلَامُ- സ്വർഗത്തിലേക്ക് അയച്ചു. അല്ലാഹു അദ്ദേഹത്തോട് പറഞ്ഞു: "സ്വർഗം നോക്കുക; അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചത് നോക്കിക്കാണുക." അദ്ദേഹം സ്വർഗം നോക്കിക്കാണുകയും തിരിച്ചു വരികയും ചെയ്തു. ജിബ്രീൽ പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! ഇതിനെ കുറിച്ച് കേട്ടറിഞ്ഞ ഒരാളും ഇതിൽ പ്രവേശിക്കാതിരിക്കില്ല." അപ്പോൾ അല്ലാഹു സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് വലയം ചെയ്യാൻ കൽപ്പിക്കും. ശേഷം ജിബ്‌രീലിനോട് പറയും: ഇനി പോയി നീ സ്വർഗം നോക്കൂ! അതിൻ്റെ ആളുകൾക്കായി ഞാൻ ഒരുക്കി വെച്ചതും നോക്കിക്കാണുക." ജിബ്രീൽ നോക്കുമ്പോൾ സ്വർഗം പ്രയാസകരമായ കാര്യങ്ങൾ കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നതായി കാണും. അദ്ദേഹം പറഞ്ഞു: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ ഒരാൾ പോലും പ്രവേശിക്കുകയില്ലെന്ന് ഞാൻ ഭയക്കുന്നു." അല്ലാഹു ജിബ്രീലിനോട് പറയും: "നീ പോയി നരകം നോക്കുക! അതിലെ ആളുകൾക്ക് വേണ്ടി ഞാൻ ഒരുക്കി വെച്ചിരിക്കുന്നതും നോക്കുക." ജിബ്രീൽ നരകത്തെ വീക്ഷിക്കുമ്പോൾ അത് ഇളകിമറിയുന്നതായി കാണും. അദ്ദേഹം മടങ്ങിവന്നു കൊണ്ട് പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം. ഒരാളും ഇതിൽ പ്രവേശിക്കുന്നതല്ല." അപ്പോൾ നരകം ദേഹേഛകൾ കൊണ്ട് വലയം ചെയ്യാൻ അല്ലാഹു കൽപ്പിക്കും. ശേഷം ജിബ്രീലിനോട് പറയും: മടങ്ങിപ്പോവുക; എന്നിട്ട് നരകം വീക്ഷിക്കുക." അദ്ദേഹം നരകത്തിലേക്ക് നോക്കുമ്പോൾ അത് ദേഹേഛകൾ കൊണ്ട് വലയം ചെയ്യപ്പെട്ടിരിക്കും. മടങ്ങിവന്നു കൊണ്ട് അദ്ദേഹം പറയും: "നിൻ്റെ പ്രതാപം തന്നെയാണെ സത്യം! അതിൽ പ്രവേശിക്കാതെ ഒരാൾക്ക് പോലും രക്ഷപ്പെടാൻ സാധിക്കില്ലെന്ന് ഞാൻ ഭയന്നു പോയി."

[ഹസൻ]

الشرح

അല്ലാഹു സ്വർഗത്തെയും നരകത്തെയും സൃഷ്ടിച്ച വേളയിൽ ജിബ്രീൽ -عَلَيْهِ السَّلَامُ- യോട് സ്വർഗം പോയി നോക്കാൻ കൽപ്പിച്ചു. അദ്ദേഹം സ്വർഗം വീക്ഷിച്ച ശേഷം മടങ്ങി വന്നു കൊണ്ട് പറഞ്ഞു: എൻ്റെ റബ്ബേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗവും അതിലുള്ള അനുഗ്രഹങ്ങളും ആദരവുകളും നന്മകളും കേട്ടറിയുന്ന ഒരാൾ പോലും അതിൽ പ്രവേശിക്കാൻ ആഗ്രഹിക്കാതിരിക്കില്ല. അതിനായുള്ള പ്രവർത്തനവും അവർ ചെയ്യാതിരിക്കില്ല. പിന്നീട് അല്ലാഹു സ്വർഗത്തെ പ്രയാസകരവും മനസ്സിന് അനിഷ്ടകരവുമായ കാര്യങ്ങളെ കൊണ്ട് പൊതിഞ്ഞു; സ്വർഗത്തിൽ പ്രവേശിക്കാൻ പ്രവർത്തിക്കേണ്ട കൽപ്പനകളും ഒഴിവാക്കേണ്ട വിലക്കുകളുമാണ് അത് കൊണ്ട് ഉദ്ദേശ്യം. ഈ പ്രയാസങ്ങൾ മറികടക്കാതെ സ്വർഗത്തിൽ ഒരാൾക്ക് പ്രവേശിക്കുക സാധ്യമല്ല. സ്വർഗത്തെ പ്രയാസങ്ങൾ കൊണ്ട് പൊതിഞ്ഞതിന് ശേഷം അല്ലാഹു പറഞ്ഞു: "ഹേ ജിബ്‌രീൽ! താങ്കൾ പോയി സ്വർഗം നോക്കുക." അദ്ദേഹം സ്വർഗം നോക്കിയ ശേഷം തിരിച്ചു വന്നു കൊണ്ടു പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! സ്വർഗത്തിലേക്കുള്ള വഴിയിൽ മറികടക്കേണ്ട പ്രയാസങ്ങളും ബുദ്ധിമുട്ടുകളും കണ്ടപ്പോൾ അതിലേക്ക് ഒരാൾ പോലും പ്രവേശിക്കില്ലെന്ന് ഞാൻ ഭയപ്പെട്ടു പോയി." നരകത്തെ സൃഷ്ടിച്ചപ്പോഴും അല്ലാഹു ജിബ്‌രീലിനോട് നരകം നോക്കിവരാൻ പറഞ്ഞു. അദ്ദേഹം നരകം നോക്കിക്കണ്ടു. തിരിച്ചു വന്നു കൊണ്ട് ജിബ്‌രീൽ പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിലുള്ള ശിക്ഷകളെ കുറിച്ചും പ്രയാസങ്ങളെ കുറിച്ചും കേട്ടറിയുന്ന ഒരാളും അതിൽ പ്രവേശിക്കാൻ ഭയക്കാതിരിക്കില്ല. നരകത്തിൽ നിന്ന് അകന്നു നിൽക്കാൻ വേണ്ട വഴികൾ അവൻ പ്രാവർത്തികമാക്കാതിരിക്കുകയുമില്ല. ശേഷം നരകത്തെ അല്ലാഹു ദേഹേഛകൾ കൊണ്ടും ആസ്വാദനങ്ങൾ കൊണ്ടും പൊതിഞ്ഞു. ശേഷം ജിബ്രീലിനോട് വീണ്ടും നരകം വീക്ഷിക്കാൻ പറഞ്ഞു. ജിബ്രീൽ നരകം വീക്ഷിച്ച ശേഷം പറഞ്ഞു: "എൻ്റെ രക്ഷിതാവേ! നിൻ്റെ പ്രതാപം തന്നെയാണെ സത്യം! നരകത്തിൽ നിന്ന് ഒരാൾ പോലും രക്ഷപ്പെടില്ലെന്ന പേടിയും പ്രയാസവും എനിക്കുണ്ടായി. കാരണം നരകം ആസ്വാദനങ്ങൾ കൊണ്ടും ദേഹേഛകൾ കൊണ്ടുമാണ് വലയം ചെയ്യപ്പെട്ടിരിക്കുന്നത്."

فوائد الحديث

നരകവും സ്വർഗവും സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു എന്നും, അവ ഇപ്പോൾ നിലനിൽക്കുന്നു എന്നും വിശ്വസിക്കൽ.

അദൃശ്യകാര്യങ്ങളിലും, അല്ലാഹുവും അവൻ്റെ റസൂലും അറിയിച്ചതുമായ എല്ലാ കാര്യങ്ങളിലും വിശ്വസിക്കൽ നിർബന്ധമാണ്

പ്രയാസങ്ങളിൽ ക്ഷമിക്കുന്നതിൻ്റെ പ്രാധാന്യം; കാരണം സ്വർഗത്തിലേക്കുള്ള വഴിയാണത്.

തിന്മകളും നിഷിദ്ധവൃത്തികളും വെടിയുന്നതിൻ്റെ പ്രാധാന്യം; കാരണം നരകത്തിലേക്ക് നയിക്കുന്ന വഴിയാണത്.

സ്വർഗത്തെ പ്രയാസങ്ങൾ കൊണ്ടും, നരകത്തെ ദേഹേഛകൾ കൊണ്ടും പൊതിഞ്ഞിരിക്കുന്നത് മനുഷ്യരുടെ ഇഹലോകജീവിതത്തിലെ പരീക്ഷണം യാഥാർത്ഥ്യമാകുന്നതിന് വേണ്ടിയാണ്.

സ്വർഗത്തിലേക്കുള്ള വഴി പ്രയാസകരവും ക്ലേശകരവുമാണ്. അല്ലാഹുവിലുള്ള വിശ്വാസത്തോടൊപ്പം ക്ഷമയും ബുദ്ധിമുട്ടും അതിന് അനിവാര്യമാണ്. എന്നാൽ നരകത്തിലേക്കുള്ള വഴി ആസ്വാദനങ്ങളാലും ദേഹേഛകളാലും നിറഞ്ഞതാണ്.

التصنيفات

അന്ത്യ ദിനത്തിലുള്ള വിശ്വാസം, സ്വർഗത്തിൻ്റെയും നരകത്തിൻ്റെയും വിശേഷണങ്ങൾ