إعدادات العرض
'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ…
'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്നാണ് നിങ്ങൾ പറയേണ്ടത്
അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബിക്ക് (ﷺ) അല്ലാഹുവിൻ്റെ ഈ വചനം അവതരിച്ച സന്ദർഭം: "ആകാശഭൂമികളിലുള്ളതെല്ലാം അല്ലാഹുവിന്റേതാകുന്നു. നിങ്ങളുടെ മനസ്സുകളിലുള്ളത് നിങ്ങള്‍ വെളിപ്പെടുത്തിയാലും മറച്ചു വെച്ചാലും അല്ലാഹു അതിന്റെ പേരില്‍ നിങ്ങളോട് കണക്ക് ചോദിക്കുക തന്നെ ചെയ്യും. എന്നിട്ടവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പൊറുത്തുകൊടുക്കുകയും അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ ശിക്ഷിക്കുകയും ചെയ്യും. അല്ലാഹു ഏത് കാര്യത്തിനും കഴിവുള്ളവനാകുന്നു." (ബഖറ: 284) സ്വഹാബികൾക്ക് ഇത് പ്രയാസകരമായി അനുഭവപ്പെട്ടു. നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി ഇരുന്നു കൊണ്ട് അവർ പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! നിസ്കാരവും നോമ്പും ജിഹാദും സ്വദഖയുമെല്ലാം പോലെ, ഞങ്ങൾക്ക് സാധിക്കുന്ന കർമ്മങ്ങൾ ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ഇപ്പോൾ താങ്കൾക്ക് അവതരിക്കപ്പെട്ട ഈ ആയത്ത് ഞങ്ങൾക്ക് പ്രാവർത്തികമാക്കാൻ സാധിക്കില്ല." അപ്പോൾ നബി (ﷺ) ചോദിച്ചു: "നിങ്ങൾക്ക് മുമ്പുള്ള വേദക്കാർ (യഹൂദരും ക്രൈസ്തവരും) പറഞ്ഞതുപോലെ 'ഞങ്ങൾ കേൾക്കുകയും, ശേഷം ധിക്കരിക്കുകയും ചെയ്തിരിക്കുന്നു' എന്ന് പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം' എന്നാണ് നിങ്ങൾ പറയേണ്ടത്. അപ്പോൾ അവർ പറഞ്ഞു: "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിൻ്റെ പാപമോചനത്തിനായി ഞങ്ങൾ അപേക്ഷിക്കുന്നു. നിന്നിലേക്കാണ് ഞങ്ങളുടെ മടക്കം." ജനങ്ങൾ അത് പാരായണം ചെയ്യുകയും അവരുടെ നാവുകൾ അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു ഈ വചനം അവതരിപ്പിച്ചു: "തന്റെ റബ്ബിങ്കൽ നിന്ന് തനിക്ക് അവതരിപ്പിക്കപ്പെട്ടതില്‍ റസൂല്‍ വിശ്വസിച്ചിരിക്കുന്നു. (അതിനെ തുടര്‍ന്ന്) ഈമാനുള്ളവരും. അവരെല്ലാം അല്ലാഹുവിലും, അവന്റെ മലക്കുകളിലും അവന്റെ വേദഗ്രന്ഥങ്ങളിലും, അവന്റെ ദൂതന്‍മാരിലും വിശ്വസിച്ചിരിക്കുന്നു. അവന്റെ റസൂലുകളിൽ ആര്‍ക്കുമിടയിലും ഒരു വിവേചനവും ഞങ്ങള്‍ കല്‍പിക്കുന്നില്ല. (എന്നതാണ് അവരുടെ നിലപാട്.) അവര്‍ പറയുകയും ചെയ്തു: ഞങ്ങളിതാ കേള്‍ക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, ഞങ്ങളോട് പൊറുക്കേണമേ. നിന്നിലേക്കാകുന്നു (ഞങ്ങളുടെ) മടക്കം." (ബഖറ: 285). അവർ അത് പ്രാവർത്തികമാക്കിയപ്പോൾ അല്ലാഹു ആ വിധിയെ ദുർബലപ്പെടുത്തുകയും ശേഷം ഈ വചനം അവതരിപ്പിക്കുകയും ചെയ്തു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവില്‍ പെട്ടതല്ലാതെ ചെയ്യാന്‍ നിര്‍ബന്ധിക്കുകയില്ല. ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ സത്‍ഫലം അവരവര്‍ക്കുതന്നെ.ഓരോരുത്തരും പ്രവര്‍ത്തിച്ചതിന്റെ ദുഷ്‌ഫലവും അവരവരുടെ മേല്‍ തന്നെ. ഞങ്ങളുടെ റബ്ബേ, ഞങ്ങള്‍ മറന്നുപോകുകയോ, ഞങ്ങള്‍ക്ക് തെറ്റുപറ്റുകയോ ചെയ്തുവെങ്കില്‍ ഞങ്ങളെ നീ ശിക്ഷിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ (ഞാൻ സ്വീകരിച്ചിരിക്കുന്നു)." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മുൻഗാമികളുടെ മേൽ നീ ചുമത്തിയതുപോലുള്ള ഭാരം ഞങ്ങളുടെ മേൽ നീ ചുമത്തരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് കഴിയാത്തത് ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ." "ഞങ്ങൾക്ക് നീ മാപ്പുനൽകുകയും, ഞങ്ങൾക്ക് പൊറുത്തുതരികയും, ഞങ്ങളോട് കരുണ കാണിക്കുകയും ചെയ്യേണമേ. നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതയ്‌ക്കെതിരെ ഞങ്ങളെ നീ സഹായിക്കേണമേ." (ബഖറ: 286) അല്ലാഹു പറഞ്ഞു: "അതെ."
الترجمة
العربية Português دری Македонски Tiếng Việt Magyar ქართული Indonesia বাংলা Kurdî ไทย অসমীয়া Nederlands Hausa ਪੰਜਾਬੀ Kiswahili Tagalog ភាសាខ្មែរ English ગુજરાતી සිංහල Русский मराठीالشرح
"ആകാശങ്ങളിലുള്ളതും ഭൂമിയിലുള്ളതും അല്ലാഹുവിന്റേതാണ്..." എന്ന് തുടങ്ങുന്ന വചനത്തിൽ, 'മനസ്സിലുള്ളത് വെളിപ്പെടുത്തിയാലും മറച്ചുവെച്ചാലും അന്ത്യനാളിൽ അല്ലാഹു അത് വിചാരണ ചെയ്യുമെന്ന് അവൻ അറിയിച്ചു. അവൻ്റെ ഔദാര്യത്താലും കാരുണ്യത്താലും അവൻ ഉദ്ദേശിക്കുന്നവർക്ക് അവൻ പൊറുത്തുകൊടുക്കുമെന്നും, അവൻ്റെ നീതിയാൽ അവൻ ഉദ്ദേശിക്കുന്നവരെ ശിക്ഷിക്കുമെന്നും, അവൻ എല്ലാത്തിനും കഴിവുള്ളവനാണെന്നും, അവനെ ഒന്നിനും പരാജയപ്പെടുത്താൻ സാധിക്കില്ലെന്നും ഈ ആയത്തിൽ അല്ലാഹു അറിയിച്ചു. ഈ ആയത്ത് കേട്ടപ്പോൾ സ്വഹാബികൾക്ക് അതിലെ കാര്യം വളരെ കഠിനമായി അനുഭവപ്പെട്ടു. മനസ്സിൽ വരുന്ന വിചാരങ്ങൾക്ക് പോലും വിചാരണ നേരിടേണ്ടി വരുമോ എന്ന് അവർ ഭയപ്പെട്ടു. അവർ നബിയുടെ (ﷺ) അടുത്ത് വന്ന് മുട്ടുകുത്തി നിന്ന് തങ്ങളുടെ പ്രയാസം അറിയിച്ചു. ശാരീരികമായ ആരാധനകൾ (നിസ്കാരം, നോമ്പ്, ജിഹാദ്, ദാനധർമ്മം മുതലായവ) ചെയ്യാൻ ഞങ്ങളോട് കൽപ്പിക്കപ്പെട്ടിട്ടുണ്ട്; അത് ഞങ്ങൾക്ക് സാധ്യമാണ്. എന്നാൽ താങ്കൾക്ക് മേൽ അവതരിപ്പിക്കപ്പെട്ട ഈ ആയത്തിൽ പറഞ്ഞ കാര്യം -മനസ്സിൻ്റെ വിചാരങ്ങളെ നിയന്ത്രിക്കുക എന്നത്- ഞങ്ങൾക്ക് സാധ്യമല്ല എന്ന് അവർ പരാതിപ്പെട്ടു. നബി (ﷺ) അവരോട് പറഞ്ഞു: "യഹൂദ നസ്വാറാക്കളെ പോലെ പറയാനാണോ നിങ്ങൾ ഉദ്ദേശിക്കുന്നത്? ഞങ്ങൾ കേൾക്കുകയും ധിക്കരിക്കുകയും ചെയ്തിരിക്കുന്നു എന്നായിരുന്നു അവർ പറഞ്ഞത്. 'ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു; ഞങ്ങളുടെ റബ്ബേ, നിന്നോട് ഞങ്ങൾ പാപമോചനം തേടുന്നു; നിന്നിലേക്കാകുന്നു ഞങ്ങളുടെ മടക്കം.' - ഇങ്ങനെയാണ് നിങ്ങൾ പറയേണ്ടത്." സ്വഹാബികൾ അല്ലാഹുവിൻ്റെയും അവൻ്റെ റസൂലിൻ്റെയും ആ കൽപ്പന അനുസരിക്കുകയും അപ്രകാരം ഏറ്റു പറയുകയും ചെയ്തു. മുസ്‌ലിംകൾ ആ കൽപ്പന പൂർണ്ണമായി അനുസരിക്കുകയും അവരുടെ നാവും മനസ്സും അതിന് വഴങ്ങുകയും ചെയ്തപ്പോൾ, അല്ലാഹു നബിയെയും (ﷺ) അവിടുത്തെ ഉമ്മത്തിനെയും പ്രശംസിച്ചുകൊണ്ട് സൂറ. ബഖറയിലെ അടുത്ത വചനം അവതരിപ്പിച്ചു. 'തൻ്റെ റബ്ബിങ്കൽ നിന്ന് അവതരിക്കപ്പെട്ടതിൽ റസൂൽ വിശ്വസിച്ചിരിക്കുന്നു; മുഅ്മിനീങ്ങളും അതിൽ വിശ്വസിച്ചിരിക്കുന്നു' എന്ന ആയത്തായിരുന്നു അത്. അങ്ങനെ അല്ലാഹുവിൻ്റെ കൽപ്പനകൾക്ക് അവരുടെ നാവുകളും ഹൃദയങ്ങളും കീഴൊതുങ്ങി. "എല്ലാവരും അല്ലാഹുവിലും അവൻ്റെ മലക്കുകളിലും അവൻ്റെ ഗ്രന്ഥങ്ങളിലും അവൻ്റെ ദൂതന്മാരിലും വിശ്വസിച്ചിരിക്കുന്നു. അല്ലാഹുവിൻ്റെ റസൂലുകളിൽ ഒരാൾക്കും ഇടയിൽ ഞങ്ങൾ വേർതിരിവ് കൽപ്പിക്കുന്നില്ല." മറിച്ച്, അവരിലെല്ലാവരിലും ഞങ്ങൾ വിശ്വസിക്കുന്നു. അവർ പറഞ്ഞു: നിൻ്റെ വചനം ഞങ്ങൾ കേട്ടിരിക്കുന്നു; നിൻ്റെ കൽപ്പന ഞങ്ങൾ അനുസരിച്ചിരിക്കുന്നു. ഞങ്ങളുടെ റബ്ബേ, നിന്നിൽ നിന്നുള്ള പാപമോചനവും വിട്ടുവീഴ്ച്ചയും ഞങ്ങൾ തേടുന്നു. വിചാരണ നാളിലുള്ള തിരിച്ചുപോക്ക് നിന്നിലേക്കാണ്. അങ്ങനെ അവർ അത് പ്രാവർത്തികമാക്കുകയും, അല്ലാഹുവിൻ്റെ കൽപ്പനകൾ കേൾക്കുകയും അനുസരിക്കുകയും ചെയ്യുന്നു എന്ന് വെളിപ്പെടുത്തിക്കൊണ്ട് കൽപ്പിക്കപ്പെട്ട കാര്യം അവർ പറയുകയും ചെയ്തപ്പോൾ, അല്ലാഹു ഈ സമുദായത്തിന് ഇളവ് നൽകുകയും (ആദ്യം അവതരിച്ച) ആ വചനത്തിലെ വിധി ഭേദഗതി ചെയ്യുകയും (നസ്ഖ്) ചെയ്തു. അല്ലാഹു പറഞ്ഞു: "അല്ലാഹു ഒരാളോടും അയാളുടെ കഴിവിലുതകുന്നതല്ലാതെ കൽപിക്കുകയില്ല." അയാളുടെ ശേഷിക്കും സാദ്ധ്യതക്കും അപ്പുറമുള്ളത് അവൻ കൽപ്പിക്കില്ല. "അവൻ പ്രവർത്തിച്ചതിൻ്റെ ഫലം -അതായത്, അവൻ ചെയ്ത നന്മയുടെ പ്രതിഫലം- അവനുണ്ട്." അവൻ പ്രവർത്തിച്ചതിൻ്റെ ദോഷവും -അതായത്, അവൻ സമ്പാദിച്ച തിന്മയുടെയും പാപത്തിൻ്റെയും ശിക്ഷ- അവനുണ്ട്. ഒരാളെയും മറ്റൊരാളുടെ പാപത്തിൻ്റെ പേരിൽ അല്ലാഹു പിടികൂടുകയില്ല, മനസ്സ് മന്ത്രിക്കുന്ന കാര്യങ്ങളുടെ പേരിലും (ശിക്ഷിക്കില്ല). ഞങ്ങളുടെ റബ്ബേ, ഞങ്ങളെ നീ നിൻ്റെ ശിക്ഷകൾ കൊണ്ട് പിടികൂടരുതേ. "ഞങ്ങൾ മറന്നുപോകുകയോ -ഓർക്കാതെ ചെയ്തു പോവുകയോ- അല്ലെങ്കിൽ ഞങ്ങൾക്ക് അബദ്ധം പിണയുകയോ -കരുതിക്കൂട്ടിയല്ലാതെ ഞങ്ങൾ തെറ്റു ചെയ്തുപോവുകയോ- ചെയ്താൽ ഞങ്ങളെ നീ ശിക്ഷിക്കരുതേ!" അപ്പോൾ അല്ലാഹു അവർക്ക് ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങളുടെ മേൽ നീ ഭാരം -പ്രയാസങ്ങളും കടുപ്പമേറിയതുമായ കാര്യങ്ങൾ- ചുമത്തരുതേ." "ഞങ്ങളുടെ മുൻഗാമികളുടെ മേൽ -ബനൂ ഇസ്രായീല്യരുടെയും മറ്റും മേൽ- നീ അത് ചുമത്തിയതുപോലെ. അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങളുടെ റബ്ബേ, ഞങ്ങൾക്ക് താങ്ങാൻ കഴിയാത്തത് -മതവിധികളിലും ഞങ്ങളെ ബാധിക്കുന്ന പരീക്ഷണങ്ങളിലും ഞങ്ങൾക്ക് വഹിക്കാൻ കഴിയാത്ത കാര്യങ്ങൾ- ഞങ്ങളെ നീ വഹിപ്പിക്കരുതേ." അല്ലാഹു പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു." "ഞങ്ങൾക്ക് നീ മാപ്പുനൽകേണമേ. ഞങ്ങളുടെ പാപങ്ങൾ നീ മായ്ച്ചുകളയേണമേ. ഞങ്ങൾക്ക് നീ പൊറുത്തുതരേണമേ." ഞങ്ങളുടെ തെറ്റുകൾ നീ മറച്ചുപിടിക്കുകയും അതിൽ വിട്ടുവീഴ്ച കാണിക്കുകയും ചെയ്യേണമേ, "ഞങ്ങളോട് -നിൻ്റെ വിശാലമായ കാരുണ്യം കൊണ്ട്- നീ കരുണ കാണിക്കേണമേ. "നീയാണ് ഞങ്ങളുടെ രക്ഷാധികാരി. അതിനാൽ സത്യനിഷേധികളായ ജനതക്കെതിരിൽ ഞങ്ങളെ നീ സഹായിക്കേണമേ." പ്രമാണങ്ങൾ സ്ഥാപിച്ചുകൊണ്ടും യുദ്ധത്തിലും ജിഹാദിലും വിജയം നൽകിക്കൊണ്ടും ഞങ്ങളെ സഹായിക്കേണമേ! അപ്പോൾ അല്ലാഹു ഉത്തരം നൽകിക്കൊണ്ട് പറഞ്ഞു: "അതെ, ഞാനത് ചെയ്തിരിക്കുന്നു."فوائد الحديث
ഈ ഉമ്മത്തിനോട് (സമുദായത്തോട്) അല്ലാഹുവിനുള്ള കാരുണ്യം വ്യക്തമാക്കുന്ന ഹദീഥാണിത്. അതിന് കാരണം അല്ലാഹുവിൻ്റെ റസൂലാണ്. (ﷺ) അവിടുത്തെ മഹത്വം വിവരിച്ചുകൊണ്ട് അല്ലാഹു പറഞ്ഞു: "ലോകർക്ക് കാരുണ്യമായിട്ടല്ലാതെ അങ്ങയെ നാം അയച്ചിട്ടില്ല." (അമ്പിയാഅ്: 107].
വിശുദ്ധ ഖുർആനിൽ 'നസ്ഖ്' (ദുർബലപ്പെടുത്തൽ) ഉണ്ടെന്നതിന് ഈ ഹദീഥ് തെളിവാണ്. ഖുർആനിൽ പാരായണം ചെയ്യപ്പെടുന്ന ചില ആയത്തുകളിൽ വിവരിക്കപ്പെട്ട വിധിവിലക്കുകൾ ദുർബലപ്പെട്ട സാഹചര്യങ്ങളുണ്ട്; പ്രസ്തുത ആയത്തുകളിലെ വിധിവിലക്കുകൾ പ്രകാരം പ്രവർത്തിക്കാൻ പാടില്ല.
സ്വഹാബികളുടെ ശ്രേഷ്ഠതയും, അല്ലാഹുവിന്റെ കൽപ്പനയോടുള്ള അവരുടെ വിധേയത്വവും കീഴ്പ്പെടലും ശ്രദ്ധിക്കുക; നബിയുടെ (ﷺ) കൽപ്പന അവർ ഉടനടി അനുസരിച്ചു എന്നത് ഈ ഹദീഥിൽ വ്യക്തമാണ്.
മുമ്പ് കഴിഞ്ഞുപോയ സമുദായങ്ങൾ അല്ലാഹുവിന്റെ കൽപ്പനകളെ തിരസ്കരിച്ചതുപോലെ, തന്റെ സമുദായവും ആ വഴി സ്വീകരിക്കുമോ എന്ന കടുത്ത ഭയം നബിക്കുണ്ടായിരുന്നു (ﷺ) എന്ന് ഈ ഹദീഥിൽ നിന്ന് മനസ്സിലാക്കാം.
അല്ലാഹുവിന്റെ കൽപ്പനകൾക്ക് പൂർണ്ണമായി കീഴ്പ്പെടണമെന്നും, അതിനെ എതിർക്കുന്നത് കരുതിയിരിക്കണമെന്നും ഈ ഹദീഥ് പഠിപ്പിക്കുന്നു. അല്ലാഹുവിൻ്റെ കൽപ്പനകളെ എതിർക്കുന്നത് വേദക്കാരായ മുൻ സമുദായങ്ങളുടെ സ്വഭാവമാണ്.
മുൻ സമുദായങ്ങളെ അപേക്ഷിച്ച് ഈ സമുദായത്തിനുള്ള ശ്രേഷ്ഠത ഈ ഹദീഥിലുണ്ട്; കാരണം, മുൻ സമുദായങ്ങൾ തങ്ങളുടെ നബിമാരോട് "ഞങ്ങൾ കേട്ടു, അനുസരണക്കേട് കാണിച്ചു" എന്ന് പറഞ്ഞപ്പോൾ, ഈ സമുദായം "ഞങ്ങൾ കേൾക്കുകയും അനുസരിക്കുകയും ചെയ്തിരിക്കുന്നു" എന്നാണ് പറഞ്ഞത്.
ഈ സമുദായത്തിന് പ്രയാസങ്ങൾ നീക്കിക്കൊടുത്തതിലൂടെയും അവരുടെ പ്രാർത്ഥനക്ക് അല്ലാഹു ഉത്തരം നൽകിയതിലൂടെയും ഈ ഉമ്മത്തിന് ലഭിച്ച ശ്രേഷ്ഠത. മറവികൊണ്ടോ അബദ്ധത്തിലോ സംഭവിക്കുന്ന തെറ്റുകൾക്ക് അല്ലാഹു അവരെ പിടികൂടുകയില്ല. മുൻ സമുദായങ്ങളുടെ മേലുണ്ടായിരുന്ന കഠിനമായ ഭാരങ്ങൾ അല്ലാഹു അവരിൽ നിന്ന് നീക്കം ചെയ്യുകയും, താങ്ങാൻ കഴിയാത്തത് അവരുടെ മേൽ ചുമത്താതിരിക്കുകയും ചെയ്തു എന്നതെല്ലാം അതിനുള്ള തെളിവാണ്.
നമുക്ക് താങ്ങാൻ കഴിയാത്ത കാര്യങ്ങൾ അല്ലാഹു നമ്മുടെ മേൽ ചുമത്തുകയില്ല. നമ്മുടെ കഴിവിനപ്പുറമുള്ള കാര്യങ്ങൾ ചെയ്യാൻ അവൻ നമ്മോട് കൽപ്പിക്കുന്നുമില്ല. നമ്മുടെ മനസ്സിൽ വരുന്ന ദുർമന്ത്രണങ്ങൾക്ക് നാം വഴങ്ങാതിരിക്കുകയും, അവ തൃപ്തിപ്പെടാതിരിക്കുകയും, അതനുസരിച്ച് പ്രവർത്തിക്കാതിരിക്കുകയും ചെയ്യുന്നിടത്തോളം കാലം അത് നമുക്ക് ദോഷം ചെയ്യില്ല.
സൂറത്തുൽ ബഖറയിലെ അവസാനത്തെ ആയത്തുകളിലുള്ള ഈ പ്രാർത്ഥന നബിയും (ﷺ) നബിയിൽ വിശ്വസിച്ച സ്വഹാബികളും പ്രാർത്ഥിച്ച ദുആയിൽ പെട്ടതാണ്. അല്ലാഹു തന്റെ ഗ്രന്ഥമായ വിശുദ്ധ ഖുർആനിൽ അത് ഉൾപ്പെടുത്തിയത്, നബിക്കും (ﷺ) സ്വഹാബികൾക്കും ശേഷം പിൽക്കാലഘട്ടത്തിൽ വരുന്നവർ ഈ പ്രാർത്ഥന നിർവ്വഹിക്കുന്നതിന് വേണ്ടിയാണ്. മനഃപാഠമാക്കുകയും ധാരാളമായി പ്രാർത്ഥിക്കുകയും ചെയ്യേണ്ട ദുആകളിൽ പെട്ടതാണ് അത്.
