നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന…

നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയമുണ്ടാവുകയും ചെയ്താൽ അവൻ തൻ്റെ സംശയത്തെ ഉപേക്ഷിക്കുകയും, തനിക്ക് ഉറച്ച ബോധ്യമുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യട്ടെ. ശേഷം സലാം വീട്ടുന്നതിന് മുൻപ് രണ്ട് സുജൂദുകൾ അവൻ നിർവ്വഹിക്കുകയും ചെയ്യട്ടെ

അബൂ സഈദ് അൽ-ഖുദ്‌രി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "നിങ്ങളിൽ ആർക്കെങ്കിലും തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, താൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയമുണ്ടാവുകയും ചെയ്താൽ അവൻ തൻ്റെ സംശയത്തെ ഉപേക്ഷിക്കുകയും, തനിക്ക് ഉറച്ച ബോധ്യമുള്ളതിൽ നിലയുറപ്പിക്കുകയും ചെയ്യട്ടെ. ശേഷം സലാം വീട്ടുന്നതിന് മുൻപ് രണ്ട് സുജൂദുകൾ അവൻ നിർവ്വഹിക്കുകയും ചെയ്യട്ടെ. അവൻ അഞ്ചു റക്അത്തുകൾ നിസ്കരിച്ചു പോയിട്ടുണ്ട് എങ്കിൽ അത് (സുജൂദുകൾ) അവൻ്റെ നിസ്കാരം ഇരട്ട (റക്അത്തുകൾ) ആക്കുന്നതാണ്. അവൻ നാലു റക്അത്തുകൾ മാത്രമേ യഥാർത്ഥത്തിൽ നിസ്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിൽ അവൻ്റെ ആ രണ്ട് സുജൂദുകൾ പിശാചിനെ കോപിഷ്ടനാക്കുകയും ചെയ്യും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

നിസ്കാരത്തിൽ എത്ര റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്നതിൽ -മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്നതിൽ- സംശയമുണ്ടായാൽ എന്തു ചെയ്യണമെന്നാണ് നബി -ﷺ- ഈ ഹദീഥിൽ വിവരിക്കുന്നത്. അവൻ മൂന്നാണോ നാലാണോ നിസ്കരിച്ചത് എന്ന സംശയത്തിലാണെങ്കിൽ നാലാമത്തെ റക്അത്ത് നിസ്കരിച്ചിട്ടുണ്ടോ എന്ന സംശയത്തിലും മൂന്നാമത്തെ റക്അത്ത് നിസ്കരിച്ചിട്ടുണ്ട് എന്ന ഉറപ്പിലുമാണുള്ളത്. അതിനാൽ സംശയമുള്ള അധികരിച്ച റക്അത്ത് അവൻ പരിഗണിക്കാതെ വിടുകയും, മൂന്ന് നിസ്കരിച്ചിട്ടുണ്ട് എന്ന് ഉറപ്പുള്ളതിനാൽ അതിൽ ഉറച്ചു നിൽക്കുകയും ചെയ്യട്ടെ. ശേഷം നാലാമതൊരു റക്അത്ത് കൂടി നിസ്കരിക്കുകയും, ശേഷം സലാം വീട്ടുന്നതിന് മുൻപായി രണ്ട് സുജൂദുകൾ നിർവ്വഹിക്കുകയും ചെയ്യട്ടെ. അവൻ യഥാർത്ഥത്തിൽ നാലു റക്അത്തുകളായിരുന്നു നിസ്കരിച്ചത് എന്ന് വെക്കുക; എങ്കിൽ അവൻ വർദ്ധിപ്പിച്ച റക്അത്ത് കൂടെ കൂട്ടുമ്പോൾ അവൻ്റെ നിസ്കാരം അഞ്ചു റക്അത്തായിട്ടുണ്ടാകുമല്ലോ? അതോടൊപ്പം മറന്നു പോയതിന് പകരമായി നിസ്കരിച്ച രണ്ട് സുജൂദുകൾ കൂടെ ചേരുമ്പോൾ നിസ്കാരം ഇരട്ട സംഖ്യയിൽ അവസാനിച്ചു. (നാലു റക്അത്തുള്ള നിസ്കാരം ഒറ്റ സംഖ്യയിൽ അവസാനിച്ചില്ലെന്ന് ചുരുക്കം). കാരണം, രണ്ട് സുജൂദുകൾ ഒരു റക്അത്തിന് പകരം നിൽക്കും. ഇനി അവൻ യഥാർത്ഥത്തിൽ നാലു റക്അത്തുകൾ മാത്രമേ നിസ്കരിച്ചിട്ടുണ്ടായിരുന്നുള്ളൂ എങ്കിൽ അവൻ്റെ നിസ്കാരം കൂടുതലോ കുറവോ ഇല്ലാതെ അവസാനിക്കുകയും ചെയ്തിരിക്കുന്നു. അവസാനത്തിൽ അവൻ നിർവ്വഹിച്ച രണ്ട് മറവിയുടെ സുജൂദുകൾ പിശാചിനെ പ്രയാസപ്പെടുത്തുന്നതും, അപമാനിക്കുന്നതുമായി മാറും. നിസ്കാരത്തിൽ നിൽക്കുന്ന വ്യക്തിയെ ആശയക്കുഴപ്പത്തിലാക്കുകയും അവൻ്റെ നിസ്കാരം അസാധുവാക്കുകയും ചെയ്യുക എന്ന പിശാചിൻ്റെ ഉദ്ദേശ്യം അതോടെ നടപ്പിലാകാതെ പോവുകയും, അവനെ പരാജിതനായി മടക്കാൻ ഇതിലൂടെ സാധിക്കുകയും ചെയ്യും. അല്ലാഹു ആദമിന് സുജൂദ് ചെയ്യാൻ കൽപ്പിച്ചപ്പോൾ വിസമ്മതം കാണിക്കുകയും അതിൽ നിന്ന് വിട്ടുനിൽക്കുകയും ചെയ്ത പിശാചിന് അല്ലാഹുവിൻ്റെ കൽപ്പന അനുസരിച്ചു കൊണ്ട് നിസ്കാരത്തിൻ്റെ പൂർണ്ണതയായി ആദമിൻ്റെ സന്തതികൾ ചെയ്യുന്ന ഈ സുജൂദുകൾ കടുത്ത പ്രയാസം സൃഷ്ടിക്കുമെന്നതിൽ സംശയമില്ല.

فوائد الحديث

നിസ്കരിക്കുന്ന വ്യക്തിക്ക് തൻ്റെ നിസ്കാരത്തിൽ സംശയം ഉടലെടുക്കുകയും, ഏതെങ്കിലുമൊരു അഭിപ്രായത്തിന് മുൻഗണന നൽകാൻ സാധിക്കാതെ വരികയും ചെയ്താൽ സംശയമുള്ളത് അവൻ ഉപേക്ഷിക്കുകയും, അവന് ഉറപ്പുള്ളതിൻ്റെ അടിസ്ഥാനത്തിൽ നിസ്കാരം തുടരുകയുമാണ് വേണ്ടത്.

മൂന്നോ നാലോ എന്ന സംശയമുണ്ടായാൽ ഏറ്റവും കുറവുള്ള എണ്ണമായിരിക്കും ഉറപ്പുള്ളത്. ഇപ്രകാരം നിസ്കാരം പൂർത്തീകരിക്കുകയും അവസാനത്തിൽ -സലാം വീട്ടുന്നതിന് മുൻപ്- മറവിയുടെ സുജൂദ് നിർവ്വഹിക്കുകയും ശേഷം സലാം വീട്ടുകയുമാണ് വേണ്ടത്.

നിസ്കാരത്തിൽ സംഭവിക്കുന്ന കുറവുകൾ നികത്താനുള്ള വഴിയാണ് ഈ രണ്ട് സുജൂദുകൾ. പിശാചിനെ നിന്ദ്യനായി മടക്കുകയും, അവൻ്റെ ഉദ്ദേശ്യം തകർക്കുകയും ചെയ്യാനുള്ള വഴിയാണത്.

ഹദീഥിൽ പരാമർശിക്കപ്പെട്ട സംശയം കൊണ്ട് ഉദ്ദേശം ഏതെങ്കിലുമൊരു സാധ്യതക്ക് കൂടുതൽ മുൻഗണന നൽകാൻ കഴിയാത്ത അവസ്ഥയാണ്. ഏതെങ്കിലുമൊരു സാധ്യതക്ക് മുൻഗണന നൽകാൻ കഴിയുന്നുവെങ്കിൽ ആ അഭിപ്രായം സ്വീകരിച്ചു കൊണ്ട് നിസ്കാരത്തിൽ തുടരുകയാണ് വേണ്ടത്.

പിശാചിൻ്റെ ഭാഗത്ത് നിന്നുണ്ടാകുന്ന ദുർമന്ത്രണങ്ങൾക്കെതിരെ പരിശ്രമിക്കാനും, അല്ലാഹുവിൻ്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് അതിനെ പ്രതിരോധിക്കാനുമുള്ള പ്രോത്സാഹനം ഈ ഹദീഥിലുണ്ട്.

التصنيفات

മറവിയുടെയും തിലാവതിൻ്റെയും നന്ദിയുടെയും സുജൂദുകൾ