വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്.

വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്.

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "വിധവകൾക്കും ദരിദ്രർക്കും വേണ്ടി പരിശ്രമിക്കുന്നവൻ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവനെ പോലെയാണ്." അവിടുന്ന് ഇപ്രകാരം കൂടി പറഞ്ഞതായി ഞാൻ വിചാരിക്കുന്നു: "നിർത്താതെ (രാത്രി) നിസ്കരിക്കുകയും, (ദിവസം) മുറിയാതെ നോമ്പെടുക്കുകയും ചെയ്യുന്നവനെ പോലെയുമാണ്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

ഭർത്താവ് മരണപ്പെട്ട വിധവകളായ സ്ത്രീകളുടെ നന്മക്കായി പരിശ്രമിക്കുകയും, ആവശ്യക്കാരായ ദരിദ്രർക്ക് വേണ്ടി പണം ചിലവഴിക്കുകയും ചെയ്യുന്നവർ പ്രതിഫലത്തിൻ്റെ കാര്യത്തിൽ അല്ലാഹുവിൻ്റെ മാർഗത്തിൽ യുദ്ധം ചെയ്യുന്നവരെ പോലെയാണ്. രാത്രി നിസ്കാരം (തഹജ്ജുദ്) നിർവ്വഹിച്ചു കൊണ്ട്, യാതൊരു ക്ഷീണവുമില്ലാതെ തുടർച്ചയായി ഇബാദതുകൾ ചെയ്യുന്നവനെ പോലെയും, (ഒരു ദിവസവും നഷ്ടപ്പെടുത്താതെ) തുടർച്ചയായി നോമ്പ് എടുക്കുന്നവനെ പോലെയുമാണ്.

فوائد الحديث

* വിധവകൾക്കും ദരിദ്രക്കും പ്രയോജനകരമായ കാര്യങ്ങൾ നിർവ്വഹിച്ചു നൽകുകയും, അവരെ സംരക്ഷിക്കുകയും ചെയ്യുന്നവരെ (അല്ലാഹുവിൻ്റെ മാർഗത്തിൽ) യുദ്ധം ചെയ്യുകയും, രാത്രി നിസ്കരിക്കുകയും ചെയ്യുന്നവരോടൊപ്പം ചേർത്തിയതിൻ്റെ പിന്നിലുള്ള യുക്തി ഇതാണ്: ഇതു പോലുള്ള നന്മകൾ പ്രവർത്തിക്കുന്നതിൽ ഉറച്ചു നിൽക്കാൻ കഴിയണമെങ്കിൽ സ്വന്തം ദേഹേഛകളോടും പിശാചിനോടും എതിരിട്ടു നിൽക്കുക എന്നത് തീർത്തും അനിവാര്യമാണ്.

* ദുർബലരുടെ പ്രയാസങ്ങൾ നീക്കി നൽകുകയും, അവരുടെ വിടവുകൾ നികത്തുകയും, അവരുടെ പവിത്രത കാത്തുസൂക്ഷിക്കുകയും ചെയ്യുന്നതിനുള്ള ശക്തമായ പ്രേരണ ഈ ഹദീഥിലുണ്ട്.

* മുസ്ലിം കൾ പരസ്പരം കൈത്താങ്ങാവുകയും, അവരുടെ കാര്യങ്ങൾ പരസ്പരം ഏറ്റെടുക്കുകയും, പരസ്പരം സഹായിക്കുകയും ചെയ്യുന്നതിന് ഇസ്ലാമിക നിയമങ്ങൾ നൽകുന്ന ശ്രദ്ധ. അപ്പോൾ മാത്രമേ ഇസ്ലാമിക സമൂഹനിർമ്മിതി ശക്തമാവുകയുള്ളൂ.

* എല്ലാ സൽകർമ്മങ്ങളും ഇബാദത് (ആരാധന) എന്ന പദത്തിൻ്റെ പരിധിയിൽ ഉൾപ്പെടും.

* അല്ലാഹു ഇഷ്ടപ്പെടുന്നതും അവന് തൃപ്തികരമായതുമായ എല്ലാ ബാഹ്യവും ആന്തരികവുമായ സൽകർമ്മങ്ങൾക്കും പറയാവുന്ന പൊതുനാമമാണ് ഇബാദത് എന്നത്.

التصنيفات

ശരീരായവങ്ങൾ കൊണ്ടുള്ള പ്രവർത്തനങ്ങളുടെ ശ്രേഷ്ഠതകൾ