വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു…

വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും അവരുടെ ശരീരത്തിലും സന്താനങ്ങളിലും സമ്പത്തിലും പരീക്ഷണങ്ങൾ ബാധിച്ചു കൊണ്ടേയിരിക്കും. അങ്ങനെ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ അവൻ്റെ മേൽ യാതൊരു തെറ്റുമുണ്ടായിരിക്കുകയില്ല."

[ഹസൻ]

الشرح

പരീക്ഷണങ്ങളും പ്രയാസങ്ങളും വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും ബാധിച്ചു കൊണ്ടിരിക്കുമെന്ന് നബി -ﷺ- അറിയിക്കുന്നു. അവൻ്റെ സ്വന്തത്തെ ബാധിക്കുന്ന ആരോഗ്യത്തിലും ശരീരത്തിലുമുണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സന്താനങ്ങൾക്ക് രോഗം ബാധിക്കുന്നതിലൂടെയോ അവരെ നഷ്ടപ്പെടുന്നതിലൂടെയോ അവരുടെ ഭാഗത്ത് നിന്ന് നേരിട്ടേക്കാവുന്ന ധിക്കാരത്തിലൂടെയോ ഉണ്ടാകുന്ന പരീക്ഷണങ്ങൾ, അവൻ്റെ സമ്പത്തിൽ ദാരിദ്ര്യം ബാധിക്കുകയോ കച്ചവടം നഷ്ടമാവുകയോ സമ്പത്ത് മോഷ്ടിക്കപ്പെടുകയോ ചെയ്യുന്നതിലൂടെയുണ്ടാകുന്ന പ്രയാസങ്ങൾ, ജീവിതത്തിൽ ബാധിക്കാവുന്ന ഞെരുക്കങ്ങളും ഉപജീവനത്തിലെ ഇടുക്കങ്ങളും... ഇങ്ങനെയുള്ള പരീക്ഷണങ്ങളിലൂടെയെല്ലാം അല്ലാഹു അവൻ്റെ തിന്മകളും പാപങ്ങളും പൊറുത്തു കൊടുക്കുകയും അവസാനം അവൻ അല്ലാഹുവിനെ കണ്ടുമുട്ടുമ്പോൾ താൻ ചെയ്തു പോയ തിന്മകളെല്ലാം പൊറുക്കപ്പെടുകയും, ശുദ്ധീകരിക്കപ്പെടുകയും ചെയ്ത നിലയിൽ അവന് അല്ലാഹുവിനെ കണ്ടുമുട്ടാൻ സാധിക്കുകയും ചെയ്യും എന്നും അവിടുന്ന് അറിയിക്കുന്നു.

فوائد الحديث

ഇഹലോകത്തിൽ തങ്ങളെ ബാധിക്കുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും മൂലം അല്ലാഹുവിൽ വിശ്വസിച്ച ദാസന്മാർക്ക് അവരുടെ പാപങ്ങൾ പൊറുത്തു കൊടുക്കുമെന്നത് അല്ലാഹുവിൻ്റെ കാരുണ്യത്തിൽ പെട്ടതാണ്.

വിശ്വാസമുള്ള ഏതൊരു വ്യക്തിയുടെ കാര്യത്തിലും പരീക്ഷണങ്ങൾ പാപങ്ങൾ പൊറുക്കപ്പെടാനുള്ള കാരണമാണ്. അവൻ ക്ഷമിക്കുകയും പരീക്ഷണങ്ങളിൽ അക്ഷമ കാണിക്കുകയും ചെയ്യാതിരുന്നാൽ അതോടൊപ്പം പ്രതിഫലവും ലഭിക്കും

എല്ലാ കാര്യങ്ങളിലും ക്ഷമ കൈക്കൊള്ളാനുള്ള പ്രോത്സാഹനം. ഇഷ്ടമുള്ളതിലും അനിഷ്ടകരമായതിലും ക്ഷമ കൈക്കൊള്ളണം. അല്ലാഹു നിർബന്ധമാക്കിയ കാര്യങ്ങൾ നിർവ്വഹിക്കുന്നതിലും, അവൻ നിഷിദ്ധമാക്കിയതിൽ നിന്ന് അകലം പാലിക്കുന്നതിലും ക്ഷമ കൈക്കൊള്ളണം. അതോടൊപ്പം അവൻ്റെ പ്രതിഫലം പ്രതീക്ഷിക്കുകയും ശിക്ഷയെ ഭയപ്പെടുകയും ചെയ്യണം.

'വിശ്വാസിയായ പുരുഷനെയും സ്ത്രീയെയും' എന്ന വാക്കിലൂടെ സ്ത്രീകളെ നബി -ﷺ- പ്രത്യേകം എടുത്തു പറഞ്ഞത് ശ്രദ്ധിക്കുക. അവിടുന്ന് 'വിശ്വാസി' എന്നു മാത്രം പറഞ്ഞിരുന്നെങ്കിൽ പോലും, അതിൽ പുരുഷനോടൊപ്പം സ്ത്രീയും ഉൾപ്പെടുമായിരുന്നു. കാരണം ഇസ്‌ലാമിക പ്രമാണങ്ങളിൽ വരുന്ന അത്തരം പ്രയോഗങ്ങൾ ഒരേ പോലെ പുരുഷനെയും സ്ത്രീയെയും ഉൾക്കൊള്ളുന്നതാണ്. പരീക്ഷണം ബാധിച്ചാൽ തിന്മകൾ പൊറുക്കപ്പെടുമെന്ന ഈ വാഗ്ദാനം -പുരുഷന്മാർക്കുള്ളത് പോലെത്തന്നെ- സ്ത്രീകൾക്കും ലഭിക്കുന്നതാണ്.

പരീക്ഷണങ്ങൾക്ക് പ്രതിഫലവും ശ്രേഷ്ഠതയും ലഭിക്കുമെന്ന ഓർമ്മപ്പെടുത്തൽ, ഒന്നിനു മേൽ ഒന്നായി പരീക്ഷണങ്ങൾ വന്നെത്തുമ്പോൾ അതിൻ്റെ കടുപ്പവും വേദനയും കുറക്കാൻ സഹായിക്കുന്നതാണ്.

التصنيفات

ഖളാഇലും ഖദ്റിലുമുള്ള വിശ്വാസം, മനസ്സുകളെ ശുദ്ധീകരിക്കൽ