നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും…

നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു

അബ്ദുല്ലാഹി ബ്നു ഉമർ -رَضِيَ اللَّهُ عَنْهُمَا- നിവേദനം: "നബി -ﷺ- മുസ്‌ലിംകളിൽ പെട്ട അടിമയുടെയും സ്വതന്ത്രൻ്റെയും പുരുഷൻ്റെയും സ്ത്രീയുടെയും കുട്ടിയുടെയും വലിയവരുടെയും മേൽ ഒരു സ്വാഅ് ഈത്തപ്പഴമോ ഒരു സ്വാഅ് ബാർളിയോ ഫിത്വർ സകാത്തായി നൽകുന്നത് നിർബന്ധമാക്കിയിരിക്കുന്നു. ജനങ്ങൾ (പെരുന്നാൾ) നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യപ്പെടണമെന്നും അവിടുന്ന് കൽപ്പിച്ചിരിക്കുന്നു."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

റമദാനിലെ നോമ്പിന് ശേഷം ഫിത്വർ സകാത്ത് നൽകുക എന്നത് നബി (ﷺ) നിർബന്ധമാക്കിയിരിക്കുന്നു. ഒരു സ്വാഅ് (നാല് മുദ്ദുകൾ) ഭക്ഷണമാണ് അതിൻ്റെ അളവായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്. മുദ്ദ് എന്നാൽ ഒത്ത വണ്ണമുള്ള ഒരാളുടെ കൈക്കുമ്പിളുകൾ നിറയെ വരുന്നത്രയാണ്. ഈത്തപ്പഴമോ ഗോതമ്പോ പോലുള്ള ഭക്ഷണം ഓരോ മുസ്‌ലിമിൻ്റെയും മേൽ നൽകുക എന്നത് ബാധ്യതയാണ്. അത് സ്വതന്ത്രനോ അടിമയോ, പുരുഷനോ സ്ത്രീയോ, ചെറിയ കുട്ടിയോ വലിയവരോ ആണെന്ന വ്യത്യാസമില്ല. തനിക്കും തൻ്റെ കീഴിലുള്ളവർക്കും ഒരു പകലും രാത്രിയും കഴിയാൻ ആവശ്യമുള്ള ഭക്ഷണത്തിലധികം കൈവശമുള്ളവരുടെ മേലെല്ലാം ഇത് നിർബന്ധമാണ്. ജനങ്ങൾ പെരുന്നാൾ നിസ്കാരത്തിന് പുറപ്പെടുന്നതിന് മുൻപ് അത് വിതരണം ചെയ്യണമെന്നും നബി (ﷺ) കൽപ്പിച്ചിരിക്കുന്നു.

فوائد الحديث

തൻ്റെ കീഴിലുള്ള ചെറിയ കുട്ടികൾക്കും വലിയവർക്കും, സ്വതന്ത്രർക്കും അടിമകൾക്കും പകരമായി ഫിത്വർ സകാത്ത് നിർബന്ധമായും നൽകണം. നബി (ﷺ) യുടെ ഈ കൽപ്പന ഓരോ കുടുംബത്തിൻ്റെയും രക്ഷാധികാരിയോടും (അടിമയുള്ള) ഉടമസ്ഥനോടുമുള്ളതാണ്. തനിക്കും തൻ്റെ കുട്ടികൾക്കും തൻ്റെ മേൽ ചെലവ് നൽകൽ ബാധ്യതയുള്ളവർക്കുമായി ഈ ഫിത്വർ സകാത്ത് നൽകൽ അയാൾക്ക് ബാധ്യതയാകും.

ഗർഭസ്ഥശിശുക്കളുടെ പേരിൽ ഫിത്വർ സകാത്ത് നൽകുക എന്നത് നിർബന്ധമില്ല; എന്നാൽ ചെയ്യുന്നത് നല്ല കാര്യമാണ്.

ഫിത്വർ സകാത്തായി നൽകേണ്ട ഇനങ്ങൾ ഹദീഥിൽ വിവരിക്കപ്പെട്ടിരിക്കുന്നു.

പെരുന്നാൾ നിസ്കാരത്തിന് മുൻപ് ഫിത്വർ സകാത്ത് നൽകുക എന്നതാണ് നിർബന്ധമായിട്ടുള്ളത്. പെരുന്നാളിൻ്റെ പകലിൽ (നിസ്കാരത്തിന് മുൻപ്) നൽകലാണ് ഏറ്റവും ശ്രേഷ്ഠമായിട്ടുള്ളത്. ഈദിൻ്റെ ഒന്നോ രണ്ടോ ദിവസം മുൻപ് നൽകുക അനുവദനീയമാണ്.

التصنيفات

ഫിത്വർ സകാത്ത്