ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും…

ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്

അബ്ദുല്ലാഹി ഇബ്നു അബ്ബാസ് -رَضِيَ اللَّهُ عَنْهُمَا- നിവേദനം: നബി -ﷺ- പറഞ്ഞു: "ജനങ്ങളുടെ അവകാശവാദങ്ങൾക്ക് അനുസരിച്ച് അവർക്ക് നൽകപ്പെട്ടിരുന്നുവെങ്കിൽ ചിലയാളുകൾ ജനങ്ങളുടെ സമ്പത്തിലും ജീവനിലും അവകാശമുന്നയിക്കുമായിരുന്നു. അതു കൊണ്ട് തെളിവ് കൊണ്ടുവരാനുള്ള ബാധ്യത വാദിയുടെ മേലാണ്. നിഷേധിക്കുന്നവൻ്റെ ബാധ്യത ശപഥം ചെയ്യലാണ്."

[സ്വഹീഹ്] [ബൈഹഖി ഉദ്ധരിച്ചത്]

الشرح

ജനങ്ങൾക്ക് അവരുടെ കേവല അവകാശവാദങ്ങളുടെ അടിസ്ഥാനത്തിൽ മാത്രം കാര്യങ്ങൾ നൽകപ്പെടുകയും, തെളിവുകളോ സാഹചര്യത്തെളിവുകളോ ഒന്നും വേണ്ടത്തില്ലാത്ത സ്ഥിതി ആവുകയും ചെയ്തിരുന്നുവെങ്കിൽ മനുഷ്യരിൽ ചിലർ മറ്റുള്ളവരുടെ സമ്പത്തും ജീവനും അന്യായമായി കയ്യേറുമായിരുന്നു എന്ന് നബി -ﷺ- വിവരിക്കുന്നു. അതിനാൽ എന്തൊരു കാര്യവും അവകാശപ്പെടുന്ന വ്യക്തിയാണ് അതിനുള്ള തെളിവ് മുന്നോട്ടുവെക്കേണ്ടത്. അവൻ്റെ പക്കൽ യാതൊരു തെളിവുമില്ല എന്നാണെങ്കിൽ ആരോപിതൻ്റെ മുൻപിൽ ഈ അവകാശവാദം ഉന്നയിക്കുകയാണ് വേണ്ടത്; ആരോപിതൻ അത് നിഷേധിക്കുകയാണെങ്കിൽ അവൻ അല്ലാഹുവിൻ്റെ മേൽ ശപഥം ചെയ്യണം. അതോടെ അവൻ നിരപരാധിയായി പരിഗണിക്കപ്പെടും.

فوائد الحديث

ഇബ്നു ദഖീഖ് അൽ-ഈദ് (റഹി) പറയുന്നു: "ഈ ഹദീഥ് വിധികൽപ്പനകളുടെയും കോടതിവ്യവഹാരങ്ങളുടെയും വിഷയത്തിലുള്ള അടിസ്ഥാനമാണ്. തർക്കങ്ങളും ഭിന്നിപ്പുകളും പരിഹരിക്കുന്നതിൽ ഏറ്റവും പ്രധാനപ്പെട്ട അടിത്തറയുമാണ്."

ജനങ്ങളുടെ സമ്പത്തിലും ജീവനിലും അരാജകത്വം ഉടലെടുക്കാതിരിക്കാനുള്ള സൂക്ഷ്മമായ നിയമങ്ങളാണ് ഇസ്‌ലാമിക വിധിവിലക്കുകളിലുള്ളത്.

ന്യായാധിപൻ തൻ്റെ അറിവിൻ്റെ അടിസ്ഥാനത്തിലല്ല വിധിക്കേണ്ടത്. മറിച്ച്, തെളിവുകളിലേക്കാണ് അയാൾ നോക്കേണ്ടത്.

തെളിവില്ലാതെ എന്തൊരു കാര്യം അവകാശപ്പെട്ടാലും അത് അസ്വീകാര്യമായിരിക്കും. ഭൗതിക അവകാശങ്ങളുടെ മേലുള്ള തർക്കങ്ങളും ഇടപാടുകളും ഈ രൂപത്തിലാണ് എന്നത് പോലെത്തന്നെ, ദീനും അതുമായി ബന്ധപ്പെട്ട വിജ്ഞാനങ്ങളും തെളിവിൻ്റെ അടിസ്ഥാനത്തിലേ പരിഗണിക്കപ്പെടുകയുള്ളൂ.

التصنيفات

വാദവും തെളിവുകൾ രേഖപ്പെടുത്തലും