ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും,…

ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും

അബൂ ഉമാമ ഇയാസ് ബ്നു ഥഅ്ലബഃ അൽ ഹാരിഥി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ആരെങ്കിലും ഒരു മുസ്ലിമിൻ്റെ അവകാശം തൻ്റെ ശപഥം കൊണ്ട് കവർന്നെടുത്താൽ അല്ലാഹു അവന് നരകം നിർബന്ധമാക്കുകയും, സ്വർഗം ഹറാമാക്കുകയും ചെയ്തിരിക്കുന്നു." അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ നിസ്സാരമായ ഒരു കാര്യമാണെങ്കിലും?!" അവിടുന്ന് പറഞ്ഞു: "ഒരു അറാകിൻ്റെ കൊള്ളിയാണെങ്കിലും."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

അല്ലാഹുവിൻ്റെ പേരിൽ കള്ളസത്യം ചെയ്തു കൊണ്ട് മുസ്‌ലിമായ ഒരാളുടെ അവകാശം തട്ടിയെടുക്കാൻ ശ്രമിക്കുന്നവർക്ക് ഗുരുതരമായ താക്കീതാണ് നബി (ﷺ) ഈ ഹദീഥിലൂടെ നൽകുന്നത്. നരകം അർഹമാകുന്നതും, സ്വർഗം ഹറാമാകുന്നതുമായ തിന്മയാണ് അവർ അതിലൂടെ പ്രവർത്തിക്കുന്നത്. അല്ലാഹുവിങ്കൽ ഗുരുതരമായ വൻപാപങ്ങളിൽ പെട്ട കാര്യമാണത്. നബി (ﷺ) യുടെ ഈ വാക്ക് കേട്ടപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! വളരെ കുറച്ചെന്തെങ്കിലും ലഭിക്കുന്നതിന് വേണ്ടിയാണ് ഒരാൾ ശപഥം ചെയ്തതെങ്കിലോ?!" നബി (ﷺ) പറഞ്ഞു: "അറാക്കിൻ്റെ മരത്തിൽ നിന്ന് പറിച്ചെടുക്കുന്ന ഒരു അറാക്കിൻ്റെ കൊള്ളിക്ക് വേണ്ടിയാണെങ്കിലും (അത് അപ്രകാരം തന്നെ)."

فوائد الحديث

അന്യരുടെ അവകാശങ്ങൾ കവർന്നെടുക്കുന്നതിൽ നിന്നുള്ള ശക്തമായ താക്കീത്. എത്ര ചെറുതാണെങ്കിലും അവ അർഹതപ്പെട്ടവർക്ക് നൽകാനുള്ള ശ്രദ്ധ നമുക്കുണ്ടായിരിക്കണം. ന്യായാധിപൻ അനുകൂലമായി വിധിച്ചത് കൊണ്ട് ഒരാൾക്കും അനർഹമായത് അർഹമാവുകയില്ല.

നവവി (رحمه الله) പറയുന്നു: "മുസ്‌ലിംകളുടെ അവകാശങ്ങൾ കവർന്നെടുക്കുന്നത് ഏറെ ഗൗരവത്തിൽ ഹറാമാക്കപ്പെട്ടിരിക്കുന്നു. അതിൽ ചെറുതെന്നോ വലുതെന്നോ കുറച്ചെന്നോ കൂടുതലെന്നോ വ്യത്യാസമില്ല. 'ഒരു അറാക്കിൻ്റെ കൊള്ളിയാണെങ്കിൽ പോലും' എന്ന നബി (ﷺ) യുടെ വാക്ക് അതാണ് അറിയിക്കുന്നത്.

നവവി (رحمه الله) പറയുന്നു: "ഹദീഥിൽ പറയപ്പെട്ട ശിക്ഷ ഈ തിന്മയിൽ നിന്ന് പശ്ചാത്തപിക്കാതെ മരണപ്പെട്ടവരുടെ കാര്യത്തിലാണുള്ളത്. എന്നാൽ ഒരാൾ തൻ്റെ തെറ്റിൽ ഖേദിക്കുകയും പശ്ചാത്തപിക്കുകയും അനർഹമായി എടുത്തത് അർഹതപ്പെട്ടവരെ തിരിച്ചേൽപ്പിക്കുകയും അവനോട് പൊറുത്തു തരാൻ ആവശ്യപ്പെടുകയും ഇനി സമാനമായ തിന്മയിലേക്ക് മടങ്ങില്ലെന്ന ഉറച്ച തീരുമാനം കൈക്കൊള്ളുകയും ചെയ്താൽ അവൻ്റെ മേലുള്ള പാപഭാരം നീങ്ങുന്നതാണ്."

ഖാദ്വീ ഇയാദ്വ്

(رحمه الله) പറയുന്നു: "മുസ്‌ലിമിൻ്റെ സമ്പത്ത് കവർന്നെടുത്താൽ എന്ന വാക്കിലൂടെ മുസ്‌ലിംകളുടെ അവകാശം നബി (ﷺ) പ്രത്യേകമായി എടുത്തു പറഞ്ഞത് അവരാണ് അവിടുത്തെ ശാസനകളുടെ പ്രഥമ സംബോധിതർ എന്നത് കൊണ്ടാണ്. പൊതുവെ ഇസ്‌ലാമിക വിധിവിലക്കുകൾ പാലിക്കുന്നതും അവർ തന്നെയാണ്. അതല്ലാതെ, മുസ്‌ലിമല്ലാത്തവൻ്റെ അവകാശം കവർന്നെടുക്കാമെന്ന് ഇതിനർത്ഥമില്ല. മറിച്ച്, അവരുടെ വിധിയും അത് തന്നെയാണ്."

നവവി (رحمه الله) പറയുന്നു: "ഒരു കാര്യം വസ്തുതക്ക് വിരുദ്ധമായി സംസാരിച്ചാൽ അത് കളവിൻ്റെ പരിധിയിൽ പെടും; ബോധപൂർവ്വമാണെങ്കിലും അല്ലെങ്കിലും, കഴിഞ്ഞു പോയതിനെ കുറിച്ചാണ് പറഞ്ഞതെങ്കിലും ഭാവിയുമായി ബന്ധപ്പെട്ടതാണെങ്കിലും (അത് കളവിൽ പെടും)."

التصنيفات

കൊള്ള