വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല…

വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്

അബൂ മൂസൽ അശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന മുഅ്മിനിൻ്റെ ഉപമ മാതളനാരങ്ങയുടെ ഉപമയാണ്. അതിന് സുഗന്ധവുമുണ്ട്; നല്ല രുചിയുമുണ്ട്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനിൻ്റെ ഉപമ ഈത്തപ്പഴത്തിൻ്റെ ഉപമയാണ്. അതിന് സുഗന്ധമില്ല; (എന്നാൽ) രുചി മധുരമുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസിയുടെ ഉപമ റയ്ഹാനയുടെ ഉപമയാണ്. അതിന് സുഗന്ധമുണ്ട്; രുചി കയ്പ്പുള്ളതാണ്. വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത കപടവിശ്വാസിയുടെ ഉപമ ഒട്ടങ്ങയുടെ ഉപമയാണ്. അതിന് മണവുമില്ല. രുചിയാകട്ടെ, കയ്പ്പുള്ളതും."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

വിശുദ്ധ ഖുർആൻ പാരായണത്തിൻ്റെ കാര്യത്തിലും, അതിൽ നിന്ന് പ്രയോജനമെടുക്കുന്നതിലും ജനങ്ങൾ വ്യത്യസ്ത തരക്കാരാണെന്ന് നബി -ﷺ- വിവരിക്കുന്നു. ഒന്നാമത്തെ വിഭാഗം: ഖുർആൻ പാരായണം ചെയ്യുകയും, അതിൽ നിന്ന് പ്രയോജനം എടുക്കുകയും ചെയ്യുന്നവരാണ്. മാതളനാരങ്ങയുടെ ഉപമയാണ് അവർക്കുള്ളത്. നല്ല രുചിയും സുഗന്ധവും കാണാൻ ഭംഗിയും അനേകം പ്രയോജനങ്ങളുമുള്ള ഫലമാണത്. ഇതു പോലെയാണ് മുഅ്മിൻ; അവൻ ഖുർആൻ പാരായണം ചെയ്യുകയും, അതിലുള്ളത് പ്രാവർത്തികമാക്കുകയും അല്ലാഹുവിൻ്റെ ദാസന്മാർക്ക് പ്രയോജനമേകുകയും ചെയ്യുന്നു. രണ്ടാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത മുഅ്മിനാണ്. അവൻ്റെ ഉപമ ഈത്തപ്പഴം പോലെയാണ്. അതിന് നല്ല രുചിയുണ്ടെങ്കിലും സുഗന്ധമില്ല. ഈത്തപ്പഴത്തിന് മധുരമുണ്ട് എന്നത് പോലെ, മുഅ്മിനിൻ്റെ ഹൃദയത്തിൽ ഈമാനുണ്ടെങ്കിലും ജനങ്ങൾക്ക് മണക്കാൻ സാധിക്കുന്ന വിധത്തിലുള്ള സുഗന്ധം അതിനില്ല. കാരണം അവനിൽ നിന്ന് ഖുർആൻ പാരായണം പുറത്തേക്ക് പ്രകടമാവുന്നില്ല. ജനങ്ങൾക്ക് അത് കേൾക്കാനോ ആസ്വദിക്കാനോ സാധിക്കുന്നില്ല. മൂന്നാമത്തെ വിഭാഗം: വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്ന കപടവിശ്വാസികളാണ്. റയ്ഹാനഃ പോലെയാണ് അവർ. അതിന് നല്ല മണമുണ്ട്, എന്നാൽ രുചി കയ്പ്പാണ്. എന്തെന്നാൽ അവർ ഹൃദയം ഈമാൻ കൊണ്ട് നന്നാക്കുകയോ, ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കുകയോ ചെയ്തിട്ടില്ല. ജനങ്ങൾക്ക് മുൻപിൽ അവൻ മുഅ്മിനായി പ്രത്യക്ഷപ്പെടുന്നു; അവൻ്റെ ഖുർആൻ പാരായണം സുഗന്ധത്തോട് സാദൃശ്യപ്പെടുന്നെങ്കിലും അവൻ്റെ മനസ്സിലെ അവിശ്വാസം കയ്പ്പുള്ള രുചിയോടാണ് സാദൃശ്യപ്പെട്ടിരിക്കുന്നത്. നാല്: വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത. ഒട്ടങ്ങ പോലെയാണ് അവരുടെ ഉപമ. അതിന് സുഗന്ധമില്ല; രുചിയാകട്ടെ കയ്പ്പുള്ളതും. ഖുർആൻ പാരായണം അവൻ ഉപേക്ഷിച്ചിരിക്കുന്നു എന്നത് മണമില്ലായ്മക്ക് സമാനമായിരിക്കുന്നു. അതിൻ്റെ രുചി കയ്പ്പുള്ളതായിരിക്കുന്നു എന്നത് അവൻ്റെ അവിശ്വാസത്തിൻ്റെ കയ്പ്പിനുള്ള ഉപമയുമായിരിക്കുന്നു. അവൻ്റെ ഉള്ളിൽ ഈമാനില്ല. അവൻ്റെ പ്രത്യക്ഷരൂപം എന്തെങ്കിലും പ്രയോജനമുള്ളതുമല്ല. മറിച്ച്, ഉപദ്രവകരം മാത്രമാണ്.

فوائد الحديث

വിശുദ്ധ ഖുർആൻ പഠിക്കുകയും, അത് ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്കുള്ള ശ്രേഷ്ഠത.

അദ്ധ്യാപനത്തിൻ്റെ രീതികളിൽ പെട്ടതാണ് ഉപമകൾ പറയുക എന്നത്. കാര്യങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ അത് സഹായിക്കും.

വിശുദ്ധ ഖുർആനിൽ നിന്ന് നിത്യവും പാരായണം ചെയ്തിരിക്കേണ്ട ഒരു നിശ്ചിത വിഹിതം ഓരോ മുസ്‌ലിമിനും ഉണ്ടായിരിക്കേണ്ടതുണ്ട്.

التصنيفات

ഖുർആനുമായി ഇടപഴകുന്നതിൻ്റെ ശ്രേഷ്ഠത