ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്.…

ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്

അബൂ മാലിക് അൽഅശ്അരി -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറഞ്ഞു: "ശുദ്ധി ഈമാനിൻ്റെ പകുതിയാണ്. 'അൽഹംദുലില്ലാഹ്' (അല്ലാഹുവിന് സർവ്വ സ്തുതിയും എന്ന വാക്ക്) തുലാസ് നിറക്കുന്നതാണ്. 'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' (അല്ലാഹുവിനെ ഞാൻ പരിശുദ്ധപ്പെടുത്തുകയും അവനെ ഞാൻ സ്തുതിക്കുകയും ചെയ്യുന്നു) എന്ന വാക്ക് -അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്. നമസ്കാരം പ്രകാശമാണ്. ദാനധർമ്മം തെളിവാണ്. ക്ഷമ വെളിച്ചമാണ്. ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്. ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരു വ്യക്തിയുടെ പുറമേക്കുള്ള ശുദ്ധി വുദൂഅ് ചെയ്യുന്നതിലൂടെയും കുളിക്കുന്നതിലൂടെയുമാണ് നേടിയെടുക്കുക. നമസ്കാരത്തിൽ ശുദ്ധിയുണ്ടായിരിക്കുക എന്നത് നമസ്കാരം സ്വീകരിക്കപ്പെടാനുള്ള നിബന്ധനയാണ്. "അൽഹംദുലില്ലാഹ്' തുലാസ് നിറക്കുന്നതാണ്." അല്ലാഹുവിനെ സ്തുതിക്കുന്നതും പൂർണ്ണതയുടെ വിശേഷണങ്ങൾ കൊണ്ട് അവനെ വിശേഷിപ്പിക്കുന്നതുമായ വാക്കാണ് അൽഹംദുലില്ലാഹ് എന്നത്. ഈ വാക്ക് അന്ത്യനാളിൽ തൂക്കപ്പെടുമ്പോൾ കർമങ്ങൾ തൂക്കപ്പെടുന്ന മീസാനിനെ (തുലാസിനെ) അത് മുഴുവനായി നിറക്കുന്നതാണ്. "'സുബ്ഹാനല്ലാഹി വൽഹംദുലില്ലാഹ്' എന്ന വാക്ക് - അല്ലെങ്കിൽ ഈ രണ്ട് വാക്കുകൾ- ആകാശങ്ങൾക്കും ഭൂമിക്കും ഇടയിലുള്ളതിനെ നിറക്കുന്നതാണ്." അല്ലാഹുവിനെ എല്ലാ ന്യൂനതകളിൽ നിന്നും പരിശുദ്ധപ്പെടുത്തലും അവനെ സ്നേഹിച്ചു കൊണ്ടും അവനോടുള്ള ആദരവ് നിറഞ്ഞ നിലയിലും അവൻ്റെ മഹത്വത്തിന് യോജിച്ച വിധത്തിലുള്ള സമ്പൂർണ്ണത അവനുണ്ടെന്ന് വിശേഷിപ്പിക്കലാണ് ഈ വാക്കിലൂടെ ചെയ്യുന്നത്. "നമസ്കാരം പ്രകാശമാണ്." കാരണം നമസ്കരിക്കുന്ന വ്യക്തിയുടെ ഹൃദയത്തിൽ അത് പ്രകാശം നിറക്കുകയും, അവൻ്റെ മുഖം പ്രകാശിതമാക്കുകയും, ഖബ്റിലും വിചാരണനാളിലും അവനത് പ്രകാശമേകുകയും ചെയ്യുന്നു. "ദാനധർമ്മം തെളിവാണ്." ഒരാളുടെ വിശ്വാസത്തിൻ്റെ സത്യസന്ധതക്കുള്ള തെളിവാണ് അവൻ ദാനം നൽകുന്നു എന്നത്. ദാനധർമത്തിന് വാഗ്ദാനം ചെയ്യപ്പെട്ട പ്രതിഫലത്തിൽ വിശ്വസിക്കാത്തതിനാൽ ദാനധർമ്മങ്ങളിൽ നിന്ന് അകലം പാലിക്കുന്ന കപടവിശ്വാസിയിൽ നിന്ന് അവനെ വേറിട്ടു നിർത്തുന്ന കാര്യം കൂടിയാണത്. "ക്ഷമ വെളിച്ചമാണ്." നിരാശയിൽ നിന്നും അരിശം ബാധിച്ചവനാകുന്നതിൽ നിന്നും സ്വന്തത്തെ പിടിച്ചു വെക്കുക എന്നതാണ് ക്ഷമ കൊണ്ട് ഉദ്ദേശം. അതിനെ സൂര്യനിൽ നിന്നുണ്ടാകുന്ന വെളിച്ചത്തോടാണ് നബി -ﷺ- ഉപമിച്ചത്; സൂര്യവെളിച്ചത്തിൽ ചൂടും ഉഷ്ണവും ഉണ്ടായിരിക്കുന്നത് പോലെ ക്ഷമയും പ്രയാസകരമാണ്; സ്വന്തത്തിനെതിരെയുള്ള കടുത്ത പരിശ്രമവും അതിൻ്റെ ആഗ്രഹങ്ങളിൽ നിന്നുള്ള വിടുതലും അതിന് അനിവാര്യവുമാണ്. അതിനാൽ ക്ഷമ പാലിക്കുന്നവൻ എപ്പോഴും പ്രകാശം ലഭിക്കുന്നവനും, സത്യമാർഗത്തിലൂടെ ചരിക്കുന്നവനുമായിരിക്കും. അല്ലാഹുവിനെ അനുസരിക്കുന്നതിലും, അല്ലാഹുവിനെ ധിക്കരിക്കാതിരിക്കുന്നതിനും ജീവിതത്തിൽ ബാധിക്കുന്ന പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും ക്ഷമിക്കാൻ ഒരാൾക്ക് സാധിക്കേണ്ടതുണ്ട്. "ഖുർആൻ നിനക്ക് അനുകൂലമായോ പ്രതികൂലമായോ ഉള്ള തെളിവാണ്." ഖുർആൻ പാരായണം ചെയ്യുകയും അത് പ്രാവർത്തികമാക്കുകയും ചെയ്യുന്നവർക്ക് അനുകൂലമായ തെളിവും, ഖുർആൻ പാരായണം ചെയ്യാതെയും അതിലുള്ളത് പ്രാവർത്തികമാക്കാതെയും ഉപേക്ഷിക്കുന്നവർക്ക് എതിരായ തെളിവുമായിരിക്കും. "ജനങ്ങളെല്ലാം രാവിലെ പുറപ്പെടുന്നു; എന്നിട്ട് സ്വന്തത്തെ വിറ്റുകൊണ്ട് അതിനെ മോചിപ്പിക്കുകയോ നാശത്തിൽ വീഴ്ത്തുകയോ ചെയ്യുന്നു." അതായത് ജനങ്ങൾ രാവിലെ വീട്ടിൽ നിന്ന് പുറത്തിറങ്ങുകയും നാടുകളിൽ വ്യാപിക്കുകയും, പിന്നീട് (തിരിച്ചു വന്ന് ഉറങ്ങുകയും) ശേഷം എഴുന്നേറ്റ് വീടുകളിൽ നിന്ന് പുറത്തിറങ്ങി വ്യത്യസ്തങ്ങളായ ജോലികളിൽ വ്യവഹരിക്കുകയും ചെയ്യുന്നു. അവരിൽ ചിലർ അല്ലാഹുവിനെ അനുസരിക്കുന്നതിൽ ഉറച്ചു നിൽക്കുകയും, അതിലൂടെ നരകത്തിൽ നിന്ന് തങ്ങളെ രക്ഷപ്പെടുത്തിയെടുക്കുകയും ചെയ്യുന്നു. മറ്റു ചിലർ നേരായ മാർഗത്തിൽ നിന്ന് തെറ്റിപ്പോവുകയും തിന്മകളിൽ ആപതിക്കുകയും, അതിലൂടെ സ്വദേഹങ്ങളെ നരകത്തിലേക്ക് ആപതിപ്പിച്ചു കൊണ്ട് നശിപ്പിക്കുകയും ചെയ്യുന്നു.

فوائد الحديث

ശുദ്ധി രണ്ട് രൂപത്തിലുണ്ട്: ഒന്ന് ബാഹ്യമായ ശുദ്ധിയാണ്; വുദൂഅ് എടുക്കുന്നതും കുളിക്കുന്നതും അതിൻ്റെ ഭാഗമാണ്. രണ്ടാമത്തേത് ആന്തരികമായ ശുദ്ധിയാണ്; അല്ലാഹുവിനെ മാത്രം ആരാധിച്ചു കൊണ്ട് തൗഹീദ് പുലർത്തിയും, അല്ലാഹുവിൽ വിശ്വസിച്ചു കൊണ്ടും, സൽകർമ്മങ്ങൾ പ്രവർത്തിച്ചു കൊണ്ടുമാണ് അത് നേടിയെടുക്കാനാവുക.

നമസ്കാരം നിലനിർത്തുന്നതിൻ്റെ പ്രാധാന്യം; ഇഹലോകത്തും പരലോകത്തും നമുക്ക് പ്രകാശമേകുന്ന പ്രവർത്തിയാണത്.

ദാനധർമ്മം നിർവ്വഹിക്കുക എന്നത് ഒരാളുടെ ഈമാനിൻ്റെ സത്യസന്ധതക്കുള്ള തെളിവാണ്.

വിശുദ്ധ ഖുർആൻ പ്രാവർത്തികമാക്കുകയും അതിലുള്ളത് സത്യപ്പെടുത്തുകയും ചെയ്യുന്നതിൻ്റെ പ്രാധാന്യം. ഖുർആൻ നിനക്ക് അനുകൂലമായ തെളിവാകുന്നതിനും, നിനക്കെതിരായ തെളിവായി മാറാതിരിക്കാനും അതാണ് ഏകവഴി.

മനുഷ്യ മനസ്സ് നന്മകളിൽ വ്യാപൃതമായിട്ടില്ലെങ്കിൽ തിന്മകളിലായിരിക്കും വ്യാപൃതമാവുക.

ഏതൊരു മനുഷ്യനും പ്രവർത്തിച്ചു കൊണ്ടിരിക്കൽ അനിവാര്യമാണ്. ഒന്നുകിൽ നന്മകളിലൂടെ അവന് സ്വന്തത്തെ രക്ഷപ്പെടുത്താം. അല്ലെങ്കിൽ തിന്മകളിലൂടെ അതിനെ നാശത്തിൽ വീഴ്ത്താം.

ക്ഷമക്ക് സഹനശേഷിയും പ്രതിഫലേച്ഛയും ആവശ്യമാണ്. പ്രയാസകരമായ ഒരു പ്രവർത്തി തന്നെയാണത്.

التصنيفات

ഈമാനിൻ്റെ ശാഖകൾ, അല്ലാഹുവിനെ സ്മരിക്കുന്നതിൻ്റെ ഉപകാരങ്ങൾ, മനസ്സുകളെ ശുദ്ധീകരിക്കൽ, വുദൂഇൻ്റെ ശ്രേഷ്ഠത, നിസ്കാരത്തിൻ്റെ ശ്രേഷ്ഠത