ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന…

ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്

അബൂഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- പറയുന്നു: "ഒരു മനുഷ്യൻ മരണപ്പെട്ടാൽ അവൻ്റെ പ്രവർത്തനങ്ങൾ അവനിൽ നിന്ന് വേർപിരിയും; മൂന്ന് കാര്യങ്ങളൊഴികെ. നിലനിൽക്കുന്ന സ്വദഖഃയോ, പ്രയോജനപ്പെടുത്തപ്പെടുന്ന വിജ്ഞാനമോ, അവന് വേണ്ടി പ്രാർത്ഥിക്കുന്ന സൽകർമ്മിയായ സന്താനമോ ആണത്."

[സ്വഹീഹ്] [മുസ്ലിം ഉദ്ധരിച്ചത്]

الشرح

ഒരാൾ മരണപ്പെട്ടാൽ ആ വ്യക്തിയുടെ പ്രവർത്തനങ്ങൾ അതോടെ നിലച്ചുപോകുമെന്നും, ഹദീഥിൽ പറയപ്പെട്ട മൂന്ന് പ്രവർത്തനങ്ങൾ -അവക്ക് കാരണമായത് അവനായിരുന്നു എന്നതിനാൽ, അവയൊഴികെ മറ്റൊന്നും- നന്മകളായി അവനിലേക്ക് ചേർക്കപ്പെടുകയില്ല എന്നും നബി -ﷺ- അറിയിക്കുന്നു. ഒന്ന്: തുടരുന്ന പ്രതിഫലമുള്ളതും, നിലനിൽക്കുന്നതുമായ സ്വദഖഃ. അല്ലാഹുവിൻ്റെ മാർഗത്തിൽ എന്തെങ്കിലും വസ്തു വഖ്ഫാക്കുക, മസ്ജിദുകൾ നിർമ്മിക്കുക, കിണറുകൾ കുഴിക്കുക എന്നിങ്ങനെയുള്ള കാര്യങ്ങൾ ഉദാഹരണം. രണ്ട്: ജനങ്ങൾക്ക് പ്രയോജനം ലഭിച്ചു കൊണ്ടിരിക്കുന്ന വിജ്ഞാനം. വൈജ്ഞാനിക ഗ്രന്ഥങ്ങൾ രചിക്കുകയോ, മറ്റൊരാൾക്ക് മതവിജ്ഞാനം പകർന്നു നൽകിയതു കാരണത്താൽ അയാൾ ഈ വ്യക്തിയുടെ മരണശേഷം അത് മറ്റുള്ളവർക്ക് എത്തിച്ചു നൽകുകയോ ചെയ്യുക എന്നത് ഉദാഹരണം. മൂന്ന്: മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന സത്യവിശ്വാസിയും സൽക്കർമ്മിയുമായ സന്താനം.

فوائد الحديث

മരണത്തിന് ശേഷവും ഒരു വ്യക്തിക്ക് ലഭിക്കുന്ന നന്മകളിൽ പെട്ടതാണ് നിലനിൽക്കുന്ന സ്വദഖഃ (സ്വദഖഃ ജാരിയഃ), ഉപകാരപ്പെടുത്തപ്പെടുന്ന വിജ്ഞാനം, (മറ്റുള്ളവർ അയാൾക്ക് വേണ്ടി നടത്തുന്ന) പ്രാർത്ഥന എന്നിവ; ഇക്കാര്യത്തിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്. ചില ഹദീഥുകളിൽ ഇക്കൂട്ടത്തിൽ ഹജ്ജും എണ്ണപ്പെട്ടിട്ടുണ്ട്.

ഹദീഥിൽ മൂന്ന് കാര്യങ്ങൾ പ്രത്യേകം എടുത്തു പറഞ്ഞത് അവ നന്മകളുടെയും സൽപ്രവർത്തികളുടെയും അടിത്തറകളാണ് എന്നതിനാൽ മാത്രമാണ്. സൽകർമ്മികൾ തങ്ങളുടെ മരണശേഷം നിലനിൽക്കാൻ ആഗ്രഹിക്കുന്നതിൽ ഏറ്റവും കൂടുതൽ ഈ മൂന്ന് കാര്യങ്ങളാണ് ഉണ്ടായിരിക്കുക.

ഉപകാരപ്രദമായ ഏതൊരു വിജ്ഞാനം മറ്റൊരാൾക്ക് പകർന്നു നൽകുകയും, അത് മരണശേഷം പ്രയോജനപ്പെടുത്തപ്പെടുകയും ചെയ്താൽ അയാൾക്ക് അതിൻ്റെ പ്രതിഫലം ലഭിച്ചു കൊണ്ടിരിക്കുന്നതാണ്. എന്നാൽ ഇവിടെ ഏറ്റവും മുൻപന്തിയിലുള്ളത് മതപരമായ വിജ്ഞാനവും, അതുമായി ബന്ധപ്പെട്ട മറ്റു വിജ്ഞാനങ്ങളുമാണ്.

ഹദീഥിൽ പറയപ്പെട്ട കാര്യങ്ങളിൽ ഏറ്റവും പ്രയോജനകരമായത് വിജ്ഞാനമാണ്. കാരണം വിജ്ഞാനം പഠിച്ചെടുക്കുന്ന വ്യക്തിക്ക് പ്രയോജനം ചെയ്യുന്നു എന്നത് പോലെ, ഇസ്‌ലാമിക മതവിധികൾ അതിലൂടെ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു. എല്ലാ സൃഷ്ടികൾക്കും അതു കൊണ്ടുള്ള പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. നീ ജീവിച്ചിരിക്കുമ്പോൾ നിൻ്റെ വിജ്ഞാനത്തിൽ നിന്ന് ജനങ്ങൾക്ക് ഉപകാരം ലഭിക്കുന്നത് പോലെ, നിൻ്റെ മരണശേഷം നീ ബാക്കി വെച്ച വിജ്ഞാനത്തിൽ നിന്നും ജനങ്ങൾക്ക് പ്രയോജനം ലഭിക്കുന്നു.

സച്ചരിതരായ സന്താനങ്ങളെ വളർത്താനുള്ള പ്രോത്സാഹനവും പ്രേരണയും; അത്തരം മക്കളെ കൊണ്ട് മാത്രമേ പരലോകത്ത് പ്രയോജനമുണ്ടാകൂ. അവരാണ് തങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുക.

മാതാപിതാക്കളുടെ മരണശേഷം അവരോട് നന്മ ചെയ്യാനുള്ള പ്രോത്സാഹനം. അവരോട് ചെയ്യുന്ന ഈ നന്മ മക്കൾക്കും അല്ലാഹുവിങ്കൽ നന്മയായി രേഖപ്പെടുത്തപ്പെടുന്നതാണ്.

മയ്യിത്തിന് വേണ്ടി മക്കളല്ലാത്തവർ നടത്തുന്ന പ്രാർത്ഥനയും പ്രയോജനം ചെയ്യുന്നതാണ്. എന്നാൽ ഹദീഥിൽ മക്കളുടെ കാര്യം പ്രത്യേകം എടുത്തു പറഞ്ഞത്, അവരായിരിക്കും അവരുടെ മരണം വരെ തങ്ങളുടെ മാതാപിതാക്കൾക്ക് വേണ്ടി പ്രാർത്ഥിച്ചു കൊണ്ടിരിക്കുക എന്നതിനാലാണ്.

التصنيفات

വഖ്ഫ്, പ്രാർത്ഥനയുടെ മഹത്വം