അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു

അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: "ഞാൻ അബൂ ത്വൽഹയുടെ വീട്ടിലെ പരിചാരകനായിരുന്നു. അന്നേ ദിവസങ്ങളിൽ അവരുടെ മദ്യം 'ഫദ്വീഖ്' ആയിരുന്നു. അങ്ങനെയിരിക്കെ നബി -ﷺ- യുടെ വിളംബരക്കാരനോട് അവിടുന്ന് ഇപ്രകാരം വിളംബരം ചെയ്യാൻ കൽപ്പിച്ചു: "അറിയുക! തീർച്ചയായും മദ്യം നിഷിദ്ധമാക്കപ്പെട്ടിരിക്കുന്നു." അബൂ ത്വൽഹ എന്നോട് പറഞ്ഞു: "നീ പോയി ആ മദ്യക്കോപ്പകളെല്ലാം ഒഴുക്കിക്കളയുക." ഞാൻ പോയി അതെല്ലാം ഒഴിച്ചു കളയുകയും, മദീനയിലെ വഴികളിലൂടെ ആ മദ്യം ഒഴുകുകയും ചെയ്തു. ജനങ്ങളിൽ ചിലർ പറഞ്ഞു: "ഈ മദ്യം വയറ്റിലുള്ള നിലയിൽ മരണപ്പെട്ട ചിലരുമുണ്ടായിരുന്നല്ലോ?!" അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93)

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

അനസ് ബ്നു മാലിക് (رضي الله عنه) യുടെ മാതാവിൻ്റെ (രണ്ടാം) ഭർത്താവായിരുന്നു അബൂ ത്വൽഹഃ (رضي الله عنه). അനസ് ബ്നു മാലിക് അബൂത്വൽഹയുടെ ഭവനത്തിൽ മദ്യം വിളമ്പാറുണ്ടായിരുന്നു. ഇളംപഴുപ്പുള്ള ഈത്തപ്പഴവും സാധാരണ ഈത്തപ്പഴവും കലർത്തിയുണ്ടാക്കുന്ന ഫദ്വീഖ് ആയിരുന്നു അന്ന് അവർ ഉപയോഗിച്ചിരുന്ന മദ്യം. അങ്ങനെയിരിക്കെ, നബി -ﷺ- യുടെ വിളംബരക്കാരൻ മദ്യം നിഷിദ്ധമാക്കപ്പെട്ടതായി വിളിച്ചു പറയുന്നത് അദ്ദേഹം കേട്ടു. അപ്പോൾ അബൂ ത്വൽഹ അനസിനോട് പറഞ്ഞു: "നീ പോയി മദ്യമെല്ലാം ഒഴിച്ചു കളയുക." അദ്ദേഹം മദ്യം ഒഴിച്ചു കളയുകയും അത് മദീനയിലെ വഴികളിലൂടെ ഒഴുകുകയും ചെയ്തു. അപ്പോൾ ചിലർ പറഞ്ഞു: "മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കുടിക്കാറുണ്ടായിരുന്ന ചിലർ മദ്യം കുടിച്ച നിലയിൽ മരണപ്പെട്ടു പോയിട്ടുണ്ട്." അപ്പോൾ അല്ലാഹു ഖുർആനിലെ ഈ വചനം അവതരിപ്പിച്ചു: "(അല്ലാഹുവിലും അവൻ്റെ ദൂതനിലും) വിശ്വസിക്കുകയും സൽകർമ്മങ്ങൾ പ്രവർത്തിക്കുകയും ചെയ്തവർക്ക് മുൻപ് രുചിച്ചതിൻ്റെ പേരിൽ യാതൊരു തെറ്റുമില്ല." (മാഇദഃ: 93) മദ്യം നിഷിദ്ധമാക്കപ്പെടുന്നതിന് മുൻപ് അത് കഴിച്ച വിശ്വാസികൾക്ക് ഒരു തെറ്റുമില്ല എന്നർത്ഥം.

فوائد الحديث

അബൂ ത്വൽഹ (رضي الله عنه) വിൻ്റെയും മറ്റു സ്വഹാബികളുടെയും ശ്രേഷ്ഠത. അല്ലാഹുവിൻ്റെ കൽപ്പനക്ക് ഉടനടി ഉത്തരം നൽകാനും, ഒരു മറുചോദ്യം ഉന്നയിക്കാതിരിക്കാനും മാത്രം ഉറച്ച വിശ്വാസത്തിൻ്റെ ഉടമകളായിരുന്നു അവർ. ഇതു പോലെയാണ്, യഥാർത്ഥ മുസ്‌ലിമായ ഓരോ മനുഷ്യനും ജീവിക്കേണ്ടത്.

ഹദീഥിൽ പ്രയോഗിക്കപ്പെട്ട 'ഖംറ്' എന്ന പദം ലഹരിയുണ്ടാക്കുന്ന എല്ലാ വസ്തുക്കൾക്കും ഒരു പോലെ പ്രയോഗിക്കുന്ന പദമാണ്‌.

ഫദ്വീഖ്: വേവിക്കാതെ 'ബുസ്‌-റും' ഈത്തപ്പഴവും കലർത്തി കൊണ്ട് നിർമ്മിക്കുന്ന മദ്യമാണ് ഹദീഥിൽ പരാമർശിക്കപ്പെട്ട ഫദ്വീഖ്. ബുസ്ർ എന്നാൽ പൂർണ്ണമായി പഴുത്തിട്ടില്ലാത്ത ഈത്തപ്പഴത്തിന് പറയുന്ന പേരാണ്.

ഇബ്നു ഹജർ (رحمه الله) പറയുന്നു: "മുഹല്ലബ് പറഞ്ഞിരിക്കുന്നു: "മദ്യം മദീനയിലെ വഴിയിലൂടെ ഒഴുക്കുന്നതിലൂടെ മദ്യം നിഷിദ്ധമാണെന്നത് പരസ്യമാകാനും അത് ഉപേക്ഷിക്കപ്പെട്ടിരിക്കുന്നു എന്നത് ജനങ്ങൾക്കിടയിൽ പ്രചാരം നേടാനും സാധിക്കും. മദ്യം വഴിയിലൂടെ ഒഴുക്കുന്നത് ജനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കുമെന്ന കാര്യത്തേക്കാൾ വലിയ പ്രയോജനം ഈ പറഞ്ഞത് കൊണ്ടുണ്ട് എന്ന് സാരം."

അല്ലാഹു അവൻ്റെ ദാസന്മാരോട് പുലർത്തുന്ന കരുണയുടെ വിശാലത. ഒരു വിഷയത്തിലെ വിധി അവതരിപ്പിക്കുന്നതിന് മുൻപ് അവ ചെയ്തു പോയതിൻ്റെ പേരിൽ അവൻ അവരെ വിചാരണ ചെയ്യുന്നതല്ല.

അല്ലാഹു മദ്യം നിഷിദ്ധമാക്കിയിരിക്കുന്നു; കാരണം മനുഷ്യൻ്റെ ബുദ്ധിയെയും സമ്പത്തിനെയും അപകടത്തിലാക്കുന്ന അനേകം ഉപദ്രവങ്ങൾ അത് കൊണ്ട് സംഭവിക്കാനുണ്ട്. മനുഷ്യൻ്റെ ബുദ്ധി നീങ്ങുന്നതോടെ അവൻ ചെയ്തു കൂട്ടുന്ന തിന്മകൾക്ക് കയ്യും കണക്കുമുണ്ടാകില്ലെന്നത് മറ്റൊരു കാര്യം.

التصنيفات

ഇറങ്ങാനുള്ള കാരണങ്ങൾ, നിഷിദ്ധമായ പാനീയങ്ങൾ