സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്

സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്

അബൂ ഹുറൈറ -رَضِيَ اللَّهُ عَنْهُ- നിവേദനം: നബി -ﷺ- യോട് ഒരാൾ ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞങ്ങൾ സമുദ്രത്തിൽ സഞ്ചരിക്കുന്നവരാണ്. കുറച്ചു വെള്ളം മാത്രമെ ഞങ്ങൾ ഒപ്പം കൊണ്ടുപോകാറുള്ളൂ. അത് കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്താൽ (കുടിക്കാൻ വെള്ളമില്ലാതെ) ഞങ്ങൾക്ക് ദാഹിക്കും. അതിനാൽ സമുദ്രത്തിലെ വെള്ളം കൊണ്ട് ഞങ്ങൾ വുദൂഅ് എടുത്തു കൊള്ളട്ടെയോ?!" നബി -ﷺ- പറഞ്ഞു: "സമുദ്രം; അതിലെ വെള്ളം ശുദ്ധീകരിക്കാൻ കഴിവുള്ളതും, അതിലെ ശവം ഭക്ഷിക്കാൻ അനുവദിക്കപ്പെട്ടതുമാണ്."

[സ്വഹീഹ്]

الشرح

സ്വഹാബികളിൽ പെട്ട ഒരാൾ നബി -ﷺ- യോട് ചോദിച്ചു: "ഞങ്ങൾ സമുദ്രത്തിൽ മീൻപിടിക്കുന്നതിനും കച്ചവടാവശ്യാർത്ഥങ്ങൾക്കായും മറ്റുമെല്ലാം കപ്പലിൽ സഞ്ചരിക്കാറുണ്ട്. ദാഹിച്ചാൽ കുടിക്കാൻ വേണ്ടി കുറച്ചു ശുദ്ധമായ വെള്ളവും ഞങ്ങൾ കൂടെ കരുതാറുണ്ട്. ഈ വെള്ളം വുദൂഅ് ചെയ്യാനും കുളിക്കാനും വേണ്ടി ഉപയോഗപ്പെടുത്തിയാൽ അത് തീർന്നു പോകുകയും, കുടിക്കാൻ ഞങ്ങൾക്ക് വെള്ളം ലഭിക്കാതെ വരുകയും ചെയ്യും. അതിനാൽ സമുദ്രജലം കൊണ്ട് വുദൂഅ് ചെയ്യാൻ ഞങ്ങൾക്ക് അനുവാദമുണ്ടോ?!" അപ്പോൾ സമുദ്രജലത്തെ കുറിച്ച് നബി -ﷺ- പറഞ്ഞു: "അതിലെ വെള്ളം ശുദ്ധിയുള്ളതും ശുദ്ധീകരിക്കാൻ കഴിവുള്ളതുമാണ്. അതിൽ നിന്ന് വുദൂഅ് ചെയ്യുന്നതും കുളിക്കുന്നതും അനുവദനീയമാണ്. അതിൽ നിന്ന് ലഭിക്കുന്ന മത്സ്യവും മറ്റും ഭക്ഷിക്കുന്നതും അനുവദനീയം തന്നെ; നിങ്ങൾ വേട്ടയാടി പിടിക്കുന്നതിന് മുൻപ് -ചത്തു കിടക്കുന്ന നിലയിലാണ്- അവയെ നിങ്ങൾ കണ്ടെത്തിയത് എങ്കിലും നിങ്ങൾക്കവ ഭക്ഷിക്കാവുന്നതാണ്."

فوائد الحديث

സമുദ്ര ജീവികളുടെ ശവം ഭക്ഷ്യയോഗ്യമാണ്. സമുദ്രത്തിൽ മാത്രം ജീവിക്കുന്ന ജീവികൾ അതിൽ മരിച്ചു വീണാൽ അവയാണ് ഈ ഹദീഥിൻ്റെ പരിധിയിൽ പെടുക.

ചോദ്യകർത്താവിൻ്റെ ചോദ്യത്തിൻ്റെ പരിധിയിൽ പെടാത്ത, എന്നാൽ അദ്ദേഹത്തിന് പ്രയോജനമേകുന്ന ചില കാര്യങ്ങൾ കൂടി ഉത്തരത്തിൽ ഉൾപ്പെടുത്തുന്നത് അനുവദനീയമാണ്.

വെള്ളത്തിൻ്റെ നിറമോ മണമോ രുചിയോ എന്തെങ്കിലും ശുദ്ധിയുള്ള വസ്തു കൊണ്ട് മാറ്റം സംഭവിച്ചാൽ ആ വെള്ളത്തിൻ്റെ ശുദ്ധീകരിക്കാനുള്ള കഴിവ് നഷ്ടപ്പെടുകയില്ല. മറിച്ച്, അതു കൊണ്ട് ശുദ്ധീകരിക്കുന്നത് അനുവദനീയമാണ്. എന്നാൽ വെള്ളം അതിൻ്റെ യഥാർത്ഥ രൂപത്തിൽ തന്നെ ബാക്കിയുണ്ടായിരിക്കണം. വെള്ളത്തിൻ്റെ ഉപ്പുരസത്തിലോ ചൂടിലോ തണുപ്പിലോ എത്ര കടുത്ത മാറ്റം സംഭവിച്ചാലും ഈ വിധിയിൽ വ്യത്യാസമില്ല.

സമുദ്രത്തിലെ വെള്ളം വലിയതും ചെറിയതുമായ അശുദ്ധികളെ നീക്കുന്നതാണ്. അഥവാ വുദൂഅ് ചെയ്യാനും കുളിക്കാനും ആ വെള്ളം ഉപയോഗിക്കാം. ശുദ്ധമായ പ്രതലത്തിൽ പതിച്ച നജസുകളെ നീക്കം ചെയ്യാനും അത് ഉപയോഗിക്കാം. ഉദാഹരണത്തിന് ശരീരത്തിനോ വസ്ത്രത്തിനോ ഭൂപ്രതലത്തിലോ മറ്റോ ഉണ്ടാകുന്ന നജസുകൾ ഇപ്രകാരം ശുദ്ധീകരിക്കാം.

التصنيفات

വെള്ളവുമായി ബന്ധപ്പെട്ട വിധിവിലക്കുകൾ