ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ-…

ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല

അനസ് -رَضِيَ اللَّهُ عَنْهُ- നിവേദനം: മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ പിറകിൽ സഹയാത്രികനായി ഇരുത്തി പോകുന്ന വേളയിൽ നബി -ﷺ- പറഞ്ഞു: "ഹേ മുആദ് ബ്നു ജബൽ!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." നബി -ﷺ- പറഞ്ഞു: "ഹേ മുആദ്!" അദ്ദേഹം പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഉത്തരം നൽകി ഞാൻ സന്നിഹിതനായിരിക്കുന്നു." മൂന്നു തവണ ഇപ്രകാരം ആവർത്തിച്ചു. ശേഷം നബി -ﷺ- പറഞ്ഞു: "ലാ ഇലാഹ ഇല്ലല്ലാഹ് (അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല), മുഹമ്മദുൻ റസൂലുല്ലാഹ് (മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാകുന്നു) എന്ന് ഹൃദയത്തിൽ നിന്ന് സത്യസന്ധമായി സാക്ഷ്യം വഹിക്കുന്ന ഏതൊരാൾക്ക് മേലും അല്ലാഹു നരകം നിഷിദ്ധമാക്കാതിരിക്കില്ല." മുആദ് -رَضِيَ اللَّهُ عَنْهُ- ചോദിച്ചു: "അല്ലാഹുവിൻ്റെ റസൂലേ! ഞാൻ ജനങ്ങൾക്ക് സന്തോഷമാകുന്നതിന് വേണ്ടി അവരെ ഈ വാർത്ത അറിയിക്കട്ടെയോ?" നബി -ﷺ- പറഞ്ഞു: "അതോടെ അവർ അതിൽ ഒതുങ്ങിക്കൂടും." അനസ് -رَضِيَ اللَّهُ عَنْهُ- പറയുന്നു: "മുആദ് തൻ്റെ മരണവേളയിൽ (വിജ്ഞാനം മറച്ചു വെക്കുന്നത്) തെറ്റാകുമോ എന്ന ഭയത്തിലാണ് ഇക്കാര്യം അറിയിച്ചത്."

[സ്വഹീഹ്] [ബുഖാരിയും മുസ്ലിമും ഉദ്ധരിച്ചത്]

الشرح

മുആദ് -رَضِيَ اللَّهُ عَنْهُ- നബി -ﷺ- യുടെ വാഹനപ്പുറത്ത് അവിടുത്തെ പിറകിലിരുന്ന് യാത്ര ചെയ്യുന്ന വേളയിൽ നബി -ﷺ- അദ്ദേഹത്തെ മൂന്ന് തവണ വിളിച്ചു. ഇനി പറയാനിരിക്കുന്ന കാര്യത്തിൻ്റെ ഗൗരവം അദ്ദേഹത്തിൻ്റെ മനസ്സിൽ ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയായിരുന്നു ആവർത്തിച്ചുള്ള ഈ വിളികൾ. ഓരോ തവണയും നബി -ﷺ- തന്നെ വിളിച്ചപ്പോഴും മുആദ് -رَضِيَ اللَّهُ عَنْهُ- പറഞ്ഞു: "അല്ലാഹുവിൻ്റെ റസൂലേ! അങ്ങയുടെ വിളിക്ക് ഞാൻ ആവർത്തിച്ചു ഉത്തരം നൽകുന്നു. അങ്ങയുടെ വിളിക്ക് ഉത്തരം നൽകുന്നതിൽ ഞാൻ എല്ലാ സൗഭാഗ്യവും കാണുന്നു." അപ്പോൾ നബി -ﷺ- അദ്ദേഹത്തോട് പറഞ്ഞു: "ഏതൊരാൾ അല്ലാഹുവല്ലാതെ ആരാധനക്ക് അർഹനായി മറ്റാരുമില്ല എന്ന ആശയം പഠിപ്പിക്കുന്ന 'ലാ ഇലാഹ ഇല്ലല്ലാഹ്' എന്ന വാക്കിന് സാക്ഷ്യം വഹിക്കുകയും, മുഹമ്മദ് നബി -ﷺ- അല്ലാഹുവിൻ്റെ ദൂതനാണെന്ന് അംഗീകരിക്കുകയും സാക്ഷ്യപ്പെടുത്തുകയും ചെയ്താൽ; അവൻ്റെ ഹൃദയത്തിൽ നിന്ന് സത്യസന്ധമായി കൊണ്ടാണ് അവനത് പറയുന്നതെങ്കിൽ... ആ അവസ്ഥയിൽ അവൻ മരണപ്പെട്ടാൽ അല്ലാഹു അവൻ്റെ മേൽ നരകം നിഷിദ്ധമാക്കുന്നതാണ്." താൻ കേട്ട കാര്യം ജനങ്ങളെ അറിയിക്കുകയും അവർക്ക് സന്തോഷകരമായ ഈ വാർത്ത എത്തിച്ചു നൽകുകയും ചെയ്യട്ടയോ എന്ന് നബി -ﷺ- യോട് മുആദ് -رَضِيَ اللَّهُ عَنْهُ- അനുവാദം ചോദിച്ചു. എന്നാൽ ജനങ്ങൾ ഈ വിവരം അറിഞ്ഞാൽ അതിൻ്റെ മേൽ പ്രതീക്ഷ വെക്കുകയും, അവരുടെ പ്രവർത്തനങ്ങൾ കുറയാൻ അത് കാരണമാവുകയും ചെയ്തേക്കുമോ എന്ന് നബി -ﷺ- പേടിച്ചു. അതിനാൽ മരണത്തിൻ്റെ തൊട്ടുമുൻപുള്ള സന്ദർഭത്തിലാണ് മുആദ് -رَضِيَ اللَّهُ عَنْهُ- ഈ വിവരം മറ്റുള്ളവരോട് പറഞ്ഞത്. അറിവ് മറച്ചു വെച്ചതിനുള്ള തെറ്റ് തന്നെ ബാധിക്കുമോ എന്ന ഭയം കൊണ്ടായിരുന്നു അത്.

فوائد الحديث

നബി -ﷺ- യുടെ വിനയം നോക്കൂ; തൻ്റെ അനുചരനായ മുആദ് -رَضِيَ اللَّهُ عَنْهُ- വിനെ അവിടുന്ന് തൻ്റെ വാഹനപ്പുറത്ത്, പിറകിലിരുത്തി യാത്ര ചെയ്യുമായിരുന്നു.

നബി -ﷺ- യുടെ മനോഹരമായ അദ്ധ്യാപനരീതി. അവിടുന്ന് മുആദ് -رَضِيَ اللَّهُ عَنْهُ- വിൻ്റെ ശ്രദ്ധ പൂർണ്ണമായി ലഭിക്കുന്നതിന് വേണ്ടി അദ്ദേഹത്തെ ആവർത്തിച്ച് വിളിച്ചു.

ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദുൻ റസൂലുല്ലാഹ് എന്ന സാക്ഷ്യ വചനം അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടണമെങ്കിൽ അത് സത്യസന്ധമായ ഹൃദയത്തോടെ, അതിൻ്റെ ആശയം ഉറച്ചു വിശ്വസിക്കുന്ന നിലയിൽ പറയേണ്ടതുണ്ട്. കളവായി പറയുന്നവനും സംശയത്തോടെ പറയുന്നവനും അത് പ്രയോജനം ചെയ്യുകയില്ല.

തൗഹീദിൻ്റെ (അല്ലാഹുവിനെ മാത്രം ആരാധിച്ചവർ) വക്താക്കൾ നരകത്തിൽ ഒരിക്കലും ശാശ്വതരാക്കപ്പെടുകയില്ല. തങ്ങളുടെ തിന്മകൾ കാരണത്താൽ അവർ നരകത്തിൽ പ്രവേശിച്ചാൽ തന്നെയും ആ തിന്മകളിൽ നിന്ന് ശുദ്ധീകരിക്കപ്പെട്ടതിന് ശേഷം അവർ അതിൽ നിന്ന് പുറത്തു കടക്കുന്നതാണ്.

രണ്ട് സാക്ഷ്യവചനങ്ങൾ സത്യസന്ധമായി പറയുന്നതിൻ്റെ ശ്രേഷ്ഠത.

ചില സന്ദർഭങ്ങളിൽ ഒരു ഹദീഥ് പറയുന്നത് കൊണ്ട് പ്രയോജനത്തേക്കാൾ ഉപദ്രവം സംഭവിക്കുമെന്നാണെങ്കിൽ അത് പറയുന്നത് മാറ്റിവെക്കുന്നത് അനുവദനീയമാണ്.

التصنيفات

രക്ഷാകർതൃത്വത്തിലുള്ള ഏകത്വം (തൗഹീദുൽ റുബൂബിയ്യഃ), ഏകദൈവാരാധനയുടെ ശ്രേഷ്ഠത